ഹീനമാർഗത്തിലൂടെയും അധികാരം കയ്യാളുമ്പോൾ ജനാധിപത്യം തകരുന്നു
ഇഷ്ടമില്ലാത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുക എന്ന കേന്ദ്രസർക്കാർ നയത്തിനു കിട്ടിയ രണ്ടാമത്തെ തിരിച്ചടിയാണ്അരുണാചൽപ്രദേശിൽ ലഭിച്ചത് .356-ാം അനുഛേദത്തിന്റെ ദുരുപയോഗത്തിനെതിരെ
രണ്ടുമാസത്തിനുളളിൽ നൽകിയ രണ്ടാമത്തെ വിധിപ്രസ്താവമാണിത്. അരുണാചൽപ്രദേശ് ഗവർണർ ജ്യോതി പ്രസാദ് രാജ്ഖോവ ഭരണഘടന നൽകുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ലംഘിച്ചാണ് നഗ്നമായ കക്ഷിരാഷ്ട്രീയ ഇടപെടലിന് മുതിർന്നതെന്ന് ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹറുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തി. 2016 ജനുവരി 14ന് ചേരേണ്ടിയിരുന്ന നിയമസഭാ സമ്മേളനം 2015 ഡിസംബർ 16 ലേക്ക് മാറ്റിക്കൊണ്ടും സമ്മേളന അജൻഡയിൽ സ്പീക്കർ നബാം റബിയയെ നീക്കം ചെയ്യാനുള്ള ഇനം ഒന്നാമതാക്കിക്കൊണ്ടും 2015 ഡിസംബർ ഒൻപതിനു ഗവർണർ ഇറക്കിയ ഉത്തരവുകൾ കോടതി റദ്ദുചെയ്തു. അതുവഴി ഡിസംബർ 15 ന്റെ തൽസ്ഥിതിയാണ് കോടതി പുനഃസ്ഥാപിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ശുപാർശകൂടാതെ അസംബ്ലി വിളിച്ചുകൂട്ടാനോ ഭരണഘടനാ സ്ഥാപനമായ സ്പീക്കർക്ക് സമ്മേളന അജൻഡ നിശ്ചയിക്കാനോ ഉള്ള അവകാശങ്ങളിൽ ഗവർണർക്ക് അധികാരമില്ലെന്ന്
ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി വ്യക്തമാക്കുന്നു.
ഭരണഘടനയെ അട്ടിമറിച്ച് ദാസ്യവൃത്തിക്കാരായ ഗവർണർമാരെ ഉപയോഗപ്പെടുത്തി തങ്ങളുടേതല്ലാത്ത
സർക്കാരുകളെ നീക്കം ചെയ്യാനും അതുവഴി ഫെഡറൽ ജനാധിപത്യത്തെ തകിടംമറിക്കാനുംകേന്ദ്ര സർക്കാർ നടത്തിയ കുത്സിത ശ്രമങ്ങൾക്ക് രാജ്യത്തെ പരമോന്നത നീതിപീഠം നൽകിയ മുഖമടച്ചുള്ള അടിയാണ് വിധിയെന്ന് മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നു.
കേന്ദ്ര അധികാരത്തിന്റെ പിൻബലത്തിൽ അരുണാചൽപ്രദേശിലെ കോൺഗ്രസ് നിയമസഭാകക്ഷിയിലുള്ള ഭിന്നിപ്പ് മുതലെടുക്കുകയായിരുന്നു .ഏത് ഹീനമാർഗത്തിലൂടെയും അധികാരം കയ്യാളുകയും നിലനിർത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി ഇതിനകം തെളിയിച്ചിട്ടുണ്ട്. ഈ സുപ്രിം കോടതി വിധിയോടെ ബിജെപി അവരുടെ ജനാധിപത്യ വിരുദ്ധ, രാഷ്ട്ര വിരുദ്ധ കളികൾക്ക് അറുതിവരുത്തുമെന്ന് കരുതുന്നു..അധികാരം ജനാധിപത്യം കാത്തുസൂക്ഷിക്കാൻ
കൂടി ഉപയോഗിക്കണം .
പ്രൊഫ. ജോൺ കുരാക്കാർ

No comments:
Post a Comment