Pages

Wednesday, July 6, 2016

മക്കള്‍ മാതാപിതാക്കളോടുള്ള കടമ നിറവേറ്റണം

മക്കള്മാതാപിതാക്കളോടുള്ള
കടമ നിറവേറ്റണം

വയോജനങ്ങൾ കൂടുതലുള്ള നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ് .അതേസമയം മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തില്‍ പെരുകികൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനം വര്‍ഷത്തിനിടെ 8568 കേസുകള്‍ മക്കള്‍ക്കെതിരെ മാതാപിതാക്കള്‍  നൽകിയതായി പഠനറിപ്പോർട്ടിൽ കാണുന്നു.മക്കൾ ഉപേക്ഷിച്ച നൂറുകണക്കിന് മാതാപിതാക്കളാണ് പത്തനാപുരം ഗാന്ധിഭവൻ , കലയപുരം സങ്കേതം , വിളക്കുടി സ്‌നേഹതീരം  തുടങ്ങിയ അനാഥ കേന്ദ്രങ്ങളിൽ  കഴിയുന്നത് ..മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ മാതാപിതാക്കള്‍ നല്‍കിയ കേസുകള്‍ അടക്കം ഭൂരിഭാഗം പരാതികളിലും ട്രിബ്യൂണലുകളില്‍നിന്ന് മുതിര്‍ന്ന പൌരന്മാര്‍ക്ക് അനുകൂലമായ വിധിയാണ് ഉണ്ടാകുന്നത്.  പക്ഷെ പല കാരണങ്ങളാൽ വിധികള്‍ പലതും നടപ്പാക്കാൻ കഴിയുന്നില്ല .കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം വയോജനസംരക്ഷണത്തെ സാരമായി ബാധിക്കുന്നു എന്നത് വസ്തുതയാണ്.
 രാജ്യത്ത് ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. വയോജനങ്ങളില്‍ പത്തില്‍ ഒരാളെങ്കിലും വൃദ്ധസദനങ്ങളെയോ സമാനസൌകര്യങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു.വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹത്തില്‍ സജീവ ചര്‍ച്ചയായി ഉയരേണ്ടതുണ്ട്.വയോജനങ്ങള്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് പദ്ധതി, ജീവന്‍രക്ഷാമരുന്നുകളുടെ വിതരണം,  തുടങ്ങിയ അനേകം ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. സാന്ത്വനപരിപാലനശൃംഖല സാര്‍വത്രികമാക്കും, വയോജനങ്ങള്‍ക്കായുള്ള പകല്‍വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും വിനോദത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ലഘുഭക്ഷണത്തിനുംവേണ്ടിയുള്ള സൌകര്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഉറപ്പുവരുത്തുകയും ചെയ്യണം വയോജനങ്ങളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം .
വയോജനങ്ങളുടെ സംരക്ഷണം  സമൂഹത്തിൻറെ കൂടി ഉത്തരവാദിത്വമാണ് .മാതാപിതാക്കള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. കടമ വിസ്മരിക്കുന്ന വ്യക്തികള്‍ക്ക് പൈതൃകസ്വത്തിന് അവകാശമുണ്ടാകില്ല എന്ന വ്യവസ്ഥയുള്‍ക്കൊള്ളുന്ന നിയമങ്ങള്‍ ലോകത്ത് പലയിടത്തും നിലനില്‍ക്കുന്നു. ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്തവരോ അവശതയുള്ളവരോ ആയ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശം നല്‍കാന്‍ നിയപരമായിത്തന്നെ ഇന്ത്യന്‍പൌരന് ബാധ്യതയുണ്ട്. അത് വയോജനങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷയാണ്. വാര്‍ധക്യത്തിന്റെ അവശതയിലായ മാതാപിതാക്കളെ ഒരു നിയമത്തിന്റെയും നിര്‍ബന്ധമില്ലാതെ സ്നേഹിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്നതിനെയാണ് മനുഷ്യത്വം എന്ന് വിളിക്കുന്നത്. കേരളം  മനുഷ്യത്വമുള്ള  ഒരു സംസ്ഥാനമായി വളരണം .

പ്രൊഫ. ജോൺ കുരാക്കാർ


No comments: