Pages

Monday, July 11, 2016

കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

കേരകര്ഷകര്

പ്രതിസന്ധിയില്

തേങ്ങയ്ക്ക് വില കുറഞ്ഞതും സംഭരണം അവതാളത്തിലായതും കേരളത്തിലെ കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കി. കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ പലത് ആവിഷ്‌ക്കരിച്ചിട്ടും കേരകര്‍ഷകരുടെ ദുരിതം ഇനിയും ഒഴിയുന്നില്ല. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ തെങ്ങ് കൃഷി ചെയ്യാന്‍ പലരും മടിക്കുന്ന മട്ടാണ്. ലാഭമില്ലാത്ത കൃഷി ചെയ്യാന്‍ ആളുണ്ടാകില്ല എന്ന് അര്‍ത്ഥം. ആറുമാസത്തിലധികമായി സംഭരണം നിലച്ചിട്ട്. ഈ അവസ്ഥയില്‍ മാറ്റമുണ്ടായിിിറി്വങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. കിലോക്ക് 25 രൂപ നല്‍കിയായിരുന്നു സംഭരണം.  ഓരോ പഞ്ചായത്തിലെയും കൃഷിഭവന്‍ ഗോഡൗണുകളിലാണ് കര്‍ഷകരുടെ നാളികേരം കേരഫെഡ് ശേഖരിക്കുന്നത്. എന്നാല്‍, ഈ ഗോഡൗണുകളില്‍ ടണ്‍ കണക്കിന് നാളികേരമാണ് കെട്ടിക്കിടക്കുന്നത്. ഇത് തന്നെയാണ് സംഭരണം നിര്‍ത്താനും കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സംഭരണം നിര്‍ത്തിയതിനെ തുടര്‍ന്ന് സമാന തോതില്‍ നാളികേരം കര്‍ഷകരുടെ വീടുകളിലും കെട്ടിക്കിടക്കുകയാണ്. കേരഫെഡിനെ ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം, കേരഫെഡ് ഒരുകിലോ തേങ്ങക്ക് 25രൂപ നല്‍കുമ്പോള്‍ ഓപണ്‍ മാര്‍ക്കറ്റില്‍ 14രൂപ മാത്രമാണ് ലഭിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഒരു ഇളനീരിന് 30 രൂപയും അതിലധികവും വില ലഭിക്കുമ്പോള്‍ ഒരു നാളികേരത്തിന് കേര കര്‍ഷകന് കിട്ടുന്നതാകട്ടെ അഞ്ച് രൂപയില്‍ താഴെ മാത്രമാണ്. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ കേരകൃഷി കര്‍ഷകന് സമ്മാനിക്കുന്നത് തീരാദുരിതം മാത്രമാണ്. ഇതിനെതിരെ കാലോചിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതും മാറി മാറി വരുന്ന സര്‍ക്കാരുകളാണ്.
ഇനി ഇളനീരായി തേങ്ങ വില്‍ക്കാമെന്ന് കരുതിയാല്‍ കേരളത്തിലെ ഇളനീരിന് ഡിമാന്‍ഡുമില്ല. ഒരു തെങ്ങ് കയറാന്‍ തൊഴിലാളിക്ക് കുറഞ്ഞത് 30 രൂപയാണ് നല്‍കേണ്ടി വരിക. നാളികേരം പൊളിക്കാനാകട്ടെ ഒരു രൂപയും. തെങ്ങ് ശരിയാംവണ്ണം സംരക്ഷിക്കാനുള്ള കൂലിച്ചെലവ് കഴിച്ചാല്‍ നഷ്ടക്കണക്ക് ഏറും. കൂടാതെ രോഗംമൂലം വിളവ് കുറയുന്നതും കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നാളികേരത്തിന് 25 രൂപ സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൊതുവിപണിയില്‍ ലഭിക്കുന്നത് 12 രൂപയില്‍ താഴെ മാത്രം. ഇതിനിടെയാണ് നേരത്തേ സംഭരിച്ച നാളികേരത്തിന്റെ വില പല കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ലാത്തതും.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാകുമ്പോഴാണ് സംഭരണം നിലച്ചത് ഉദ്യോഗസ്ഥരും വന്‍കിട ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണമുയരുന്നത്. സാധാരണ കര്‍ഷകരില്‍നിന്ന് മാസങ്ങളോളം ബുക്കിങ് അനുവദിക്കുകയും ഏജന്റുമാരില്‍നിന്ന് തല്‍സമയം തേങ്ങ സംഭരിക്കുകയും ചെയ്യുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. സംഭരണം നിലച്ചതോടെ പറമ്പുകളില്‍ കൂട്ടിയിട്ടിരുന്ന നാളികേരം കനത്തമഴയില്‍ മുളയെടുക്കാനും നശിക്കാനും തുടങ്ങിയിട്ടുണ്ട്. കര്‍ഷകരുടെ കണ്ണീരിന് പ്രതിവിധി കാണുകയും നിലച്ച സംഭരണം പുനരുജ്ജീവിപ്പിക്കുകയും വേണം
Prof. John Kurakar

No comments: