Pages

Saturday, June 11, 2016

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രാഷ്ട്രീയം കലർത്തരുത്

സ്പോര്ട്സ് കൗണ്സിലില്
രാഷ്ട്രീയം കലർത്തരുത്

എല്ലാ രാജ്യങ്ങളും കായിക താരങ്ങളും ഒളിമ്പിക്സിൽ   പങ്കെടുക്കാനുള്ള  ഒരുക്കത്തിൻറെ അവസാന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കേരളത്തിൽ  തമ്മില്‍ത്തല്ലുന്നു. ഒളിംപിക്‌സിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള പല കായിക താരങ്ങളും യൂറോപ്പിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി പരിശീലനത്തിലാണ്. പക്ഷേ അത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നില്ല, താരങ്ങളുടെ ഒരുക്കത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നില്ല. വനിതകളുടെ 800 മീറ്ററില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയ ടിന്റു ലൂക്ക പോയ വാരത്തില്‍ സീസണിലെ മികച്ച സമയം യൂറോപ്പില്‍ കണ്ടെത്തിയതും ജിസ്‌ന മാത്യു വിയറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണം നേടിയതും കേവലം ചെറിയ വാര്‍ത്തകളായി ഒതുങ്ങിയപ്പോള്‍  നമ്മൾ വിവാദങ്ങള്‍ വളർത്തുകയാണ് . സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ സ്വതന്ത്ര സ്ഥാപനമാണ്. നാട്ടിലെ കായിക വികസനമെന്ന ലക്ഷ്യത്തില്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കായിക സംഘടന. സര്‍ക്കാര്‍ മാറിയാലും മന്ത്രിമാര്‍ മാറിയാലും മാറാത്ത ഈ ഘടകത്തെ രാഷ്ട്രീയത്തിനൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ അബദ്ധമാണ്. നമ്മളെല്ലാം സ്‌പോര്‍ട്‌സിനെ ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല. ഇവിടെ ടീം സെലക്ഷനുകളും പരിശീലകരെ നിയമിക്കുന്നതുമെല്ലാം കായിക മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്ന കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ വിവാദങ്ങളില്ലാത്ത തട്ടകമായിരുന്നു. കേണല്‍ ഗോദവര്‍മരാജ തുടക്കമിട്ട ഈ പ്രസ്ഥാനത്തിലേക്ക് രാഷ്ട്രീയം കടന്നു വന്നപ്പോള്‍ തൊട്ടാണ് എല്ലാത്തിലും ഇടപെടലുകളും അത്‌വഴി വിവാദങ്ങളും നുരഞ്ഞ് പൊന്തിയത്.

സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് രാഷ്ട്രീയക്കാര്‍ വന്നപ്പോള്‍ കാര്യങ്ങള്‍ മാറി. പിന്നെ നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം കായിക യോഗ്യതയെക്കാള്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരിലായി.അഞ്ജുവും പി.ടി.ഉഷയും ശ്രീജേഷും പ്രീജാ ശ്രീധരനുമൊന്നും രാഷ്ട്രീയമില്ലാത്തവരാണ്. അവര്‍ രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരാണ്. ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും അവര്‍ പങ്കെടുക്കുന്നത് ഭരിക്കുന്ന സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെയല്ല-അവരുടെ യോഗ്യതയില്‍ മാത്രമാണ്.  ഉഷയും മേഴ്‌സിക്കുട്ടനും അഞ്ജുവുമെല്ലാം സ്‌പോര്‍ട്‌സ് അക്കാദമികള്‍ നടത്തുന്നത് സ്വന്തം അനുഭവങ്ങള്‍ പുതിയ തലമുറക്ക് പകരാനാണ്.  സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെയും താരങ്ങളെയും രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രമായി വിടുന്നതാണ്  രാജ്യത്തിന് നല്ലത് .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: