Pages

Saturday, June 11, 2016

യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയെ നീക്കിയ നടപടിക്ക്‌ പാത്രിയാർക്കീസിന്റെ സ്റ്റേ

യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയെ നീക്കിയ നടപടിക്ക്പാത്രിയാർക്കീസിന്റെ സ്റ്റേ

യാക്കോബായ സഭ കോട്ടയം ഭദ്രാസനത്തിന്റെ ചുമതലയിൽനിന്നും തോമസ്‌ മാർ തീമോത്തിയോസ്‌ മെത്രാപ്പോലീത്തയെ നീക്കി ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ ഭദ്രാസനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നടപടി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ്‌ മാർ അപ്രേം പാത്രിയാർക്കീസ്‌ ബാവ സ്റ്റേ ചെയ്തു. ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക്‌ എതിരേയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്താൻ അഞ്ചംഗം സമിതിയെ നിയമിക്കുമെന്നും സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പാത്രിയാർക്കീസ്‌ വ്യക്തമാക്കി.
വ്യാഴാഴ്ച സഭാ ആസ്ഥാനമായ പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ നടന്ന അടിയന്തര സുന്നഹദോസിലാണ്‌ ഡോ. തോമസ്‌ മാർ തിമോത്തിയോസിനെ ചുമതലകളിൽ നിന്നും നീക്കി ഉത്തരവിട്ടത്‌. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തക്കെതിരെ വൈദികർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സഭയുടെ സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റിന്റെ പരിധിയിൽ സൂക്ഷിക്കുന്നുവെന്നായിരുന്നു മെത്രാപ്പൊലീത്തക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ ഇതുമായി ബന്ധപ്പെട്ട്‌ ജനുവരി രണ്ടിന്‌ വൈദിക കമ്മിറ്റിനൽകിയ പരാതി അവർ ഉപാധികളില്ലാതെ പിൻവലിച്ചതായി മെത്രാപ്പോലീത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ വൈദികർ പിൻവലിച്ച പരാതി അവർ പിന്നീട്‌ കാതോലിക്കാ ബാവയ്ക്കും പാത്രിയാർക്കീസിനും നൽകിയതായും ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചുവെന്നും മാർ തീമോത്തിയോസ്‌ പറഞ്ഞു.
കോട്ടയം ഭദ്രാസനത്തിന്റെ ചുമതലകളിൽ നിന്നും നീക്കിയ സുന്നഹദോസ്‌ തീരുമാനത്തിനെതിരെ താനുൾപ്പെടെ പാത്രിയർക്കീസ്‌ ബാവയ്ക്ക്‌ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ബാവയുടെ കൽപനയെന്ന്‌ ഡോ. തോമസ്‌ മാർ തീമോത്തിയോസ്‌ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന സുന്നഹദോസിന്റെ തീരുമാനങ്ങൾ ചട്ടപ്രകാരമല്ലെന്നും മെത്രാപ്പോലീത്ത ചുണ്ടിക്കാട്ടി. 21 ദിവസങ്ങൾക്കുമുമ്പ്‌ സുന്നഹദോസിന്റെ ചേരുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകണമെന്നാണ്‌ വ്യവസ്ഥ എന്നാൽ ഇത്തവണ ഇ മെയിലിലൂടെ ഏതാനും ദിവസം മുമ്പുമാത്രമാണ്‌ നൽകിയത്‌. 33 സിനഡ്‌ അംഗങ്ങളിൽ 13 പേർ മാത്രമാണ്‌ കഴിഞ്ഞ സിനഡിൽ പങ്കെടുത്തത്‌. സഭയിലെ ഒരു മെത്രാപ്പോലീത്തക്കെതിരെ നടപടി വേണമെങ്കിൽ സിനഡിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം വേണമെന്നാണ്‌ ചട്ടം. ഇവിടെ അതുണ്ടായില്ല. തനിക്കെതിരെ മാർ തിയോഫിലോസ്‌ അധ്യക്ഷനായുള്ള കമ്മിഷൻ നടത്തിയ അന്വേഷണവും യാതൊരു തരത്തിലുമുള്ള ആക്ഷേപങ്ങൾ ചുണ്ടിക്കാട്ടിയുമില്ല.
കോട്ടയം ഭദ്രാസനത്തിനു കീഴിൽ എഴുപതോളം വൈദികരുണ്ടെന്നിരിക്കെ, വെറും ഏഴുപേർ മാത്രമാണ്‌ തനിക്കെതിരായ പരാതിയിൽ ഒപ്പിട്ടത്‌. സുന്നഹദോസിന്റെ തീരുമാനം തന്നിൽ ഒരു പോറൽ പോലും ഏൽപ്പിച്ചില്ല.
ഇല്ലിക്കൽ പള്ളിയുടെ സ്വത്തുക്കൾ കൈയടക്കാൻ ശ്രമിച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. എഴുപത്‌ വർഷം മുൻപ്‌ സഭയ്ക്ക്‌ ലഭിച്ച പള്ളി വക സ്ഥലത്തിന്റെ പോക്കുവരവ്‌ നടത്തിയിരുന്നില്ല. 1999 മുതൽ താനാണ്‌ ആ പള്ളിയിൽ വൈദികരെ നിയമിക്കുന്നത്‌. കോട്ടയം ഭദ്രാസനത്തിന്റെ പേരിൽ പോക്കുവരവ്‌ നടത്താനാണ്‌ താൻ ശ്രമിച്ചിട്ടുള്ളത്‌. മറ്റു ചില പള്ളികളും ഇത്തരത്തിൽ പോക്കുവരവ്‌ നടത്തിയിട്ടുണ്ട്‌.
സഭയിലെ ചില വൈദികർ ഒരു അൽമായനെതിരെ നൽകിയ പരാതിയെ തുടർന്നുള്ള സംഭവങ്ങളാണ്‌ ഇന്നത്തെ പ്രശ്നങ്ങൾക്ക്‌ കാരണം. എന്നാൽ, വൈദികരുടെ ആവശ്യത്തിന്‌ സാധൂകരണമില്ലാത്തതിനാൽ താൻ അൽമായനെതിരെ നടപടി എടുത്തിരുന്നില്ല. ഇതിനു ശേഷമാണ്‌ വൈദിക കമ്മിറ്റിയുടെ പേരിൽ കോട്ടയം ഭദ്രാസനത്തിലെ ധനവിനിയേഗത്തിൽ അഴിമതി ആരോപിച്ച്‌ പരാതി ലഭിച്ചത്‌. ഇതിന്‌ ആധാരമായ തെളിവുകളില്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞ്‌ പരാതി നിരുപാധികം അവർ പിൻവലിക്കുകയും ചെയ്തു. പിന്നീട്‌ ഇതേ പരാതി തന്നെ അവർ പാത്രിയർക്കീസ്‌ ബാവയ്ക്ക്‌ അയച്ചു. ഇതോടെയാണ്‌ ഭദ്രാസനത്തിന്റെ ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയുമെല്ലാം സ്വത്തുക്കൾ സഭയിൽ ലയിപ്പിക്കണമെന്ന കൽപന പാത്രിയർക്കീസ്‌ ബാവ പുറപ്പെടുവിച്ചത്‌. ഇതിനിടെ ചില മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമവുമുണ്ടായി. പരാതി സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി പാത്രിയർക്കീസ്‌ ബാവയെ താൻ ബോധ്യപ്പെടുത്തിയിരുന്നു.
കോട്ടയം ഭദ്രാസനത്തിലെ വൈദികരുടെ മേൽ നടപടി എടുക്കുന്നതിനുള്ള പൂർണ്ണ അധികാരം പാത്രിയർക്കീസ്‌ ബാവ തന്നിൽ നിക്ഷിപ്തമാക്കിയിരുന്നുവെന്ന്‌ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
എന്നാൽ കാതോലീക്ക സ്ഥാനവുമായി ബന്ധപ്പെട്ട്‌ വിവാദങ്ങളാണോ ആരോപണങ്ങൾക്കു പിന്നിലെന്ന ചോദ്യത്തിന്‌ മറുപടി പറയാൻ അദ്ദേഹം വിസമ്മതിച്ചു.
Prof. John Kurakar

No comments: