Pages

Wednesday, June 8, 2016

അവയവദാനത്തിലൂടെ മാതൃകയായ ലേഖ നടക്കാനാവാത്ത അവസ്ഥയിൽ

അവയവദാനത്തിലൂടെ മാതൃകയായ ലേഖ നടക്കാനാവാത്ത അവസ്ഥയിൽ

മാവേലിക്കര: അവയദാനത്തിലൂടെ ലോകജനതയ്ക്ക്‌ മാതൃകയായ ലേഖ എം നമ്പൂതിരി(31) പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയിലേക്ക്‌. നട്ടെല്ലു സംബന്ധമായ അസുഖത്തെ തുടർന്നാണ്‌ ലേഖ തളർച്ചയുടെ വക്കിൽ എത്തിനിൽക്കുന്നത്‌. സാമ്പത്തിക അടിത്തറ ശക്തമല്ലാത്ത ഈ കുടുംബത്തിന്‌ ഈ അസുഖത്തിനുള്ള ശാശ്വത ചികിത്സ എന്നത്‌ താങ്ങാൻ പറ്റാത്ത ഒന്നാണ്‌. സിനിമയിൽ നിന്ന്‌ ഉൾക്കൊണ്ട നന്മയുടെ പ്രകാശത്തെ തന്റെ ജീവിതത്തിലൂടെ പ്രകാശിപ്പിച്ച ലേഖയുടെ ജീവിതത്തിലാണ്‌ നട്ടെല്ലു സംബന്ധമായ രോഗം കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്‌.
15 ദിവസമായി കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ബില്ലടക്കാൻ പണമില്ലാത്തതിനെ തുടർന്ന്‌ നിർബന്ധിത ഡിസ്ചാർജ്ജ്‌ വാങ്ങി വീട്ടിലെത്തിയിരിക്കുകയാണ്‌. കഴിഞ്ഞ 2012 നവംബറിൽ പാലക്കാട്‌ പട്ടാമ്പി സ്വദേശി ഷാഫിയെന്ന വൃക്കരോഗിയും നിർധനനുമായ യുവാവിന്‌ സൗജന്യമായി ലേഖ തന്റെ വൃക്ക ദാനം ചെയ്തു. ജാതി-മത വ്യത്യാസമോ വർണ്ണ വ്യത്യാസമോ കാണിക്കാതെ ലേഖ എന്ന നമ്പൂതിരി സ്ത്രീ ഷാഫിയെന്ന മുസ്ലീം യുവാവിന്‌ വൃക്കദാനമായി നൽകിയത്‌ വലിയ ചർച്ചയായിരുന്നു. വൃക്കയ്ക്കായി വലിയ പ്രതിഫലങ്ങൾ ഇതിനിടയ്ക്ക്‌ നിർദ്ധനയായ ലേഖയ്ക്ക്‌ പലരും വാഗ്ദാനം നൽകിയിരുന്നെങ്കിലും അതെല്ലാം നിരസിച്ച്‌ അവർ സഹജീവികളെ എങ്ങനെ സ്നേഹിക്കാമെന്ന്‌ കാണിച്ച്‌ തരികയായിരുന്നു.
മാവേലിക്കരയിൽ ബ്യൂട്ടീഷ്യൻ സ്ഥാപനം നടത്തുകയായിരുന്നു ലേഖ . പ്ലസ്‌ ടുവിന്‌ പഠിയ്ക്കുന്ന മിധുൽ(16), 10-ാ‍ംക്ലാസ്‌ വിദ്യാർഥിയായ മധു(15)എന്നിവർ ചേർന്നതാണ്‌ ലേഖയുടെ കുടുംബം. നട്ടെല്ലിന്റെ കശേരുക്കൾ പുറത്തേക്ക്‌ തള്ളി തലച്ചോറിൽ നിന്നും കാലിലേക്ക്‌ വരുന്ന രക്തകുഴലുകൾക്ക്‌ അടവ്‌ സംഭവിച്ച നിലയിലാണ്‌ ലേഖ. കായംകുളത്ത്‌ വച്ച്‌ സംഭവിച്ച ഒരു അപകടമാണ്‌ ഇതിനു കാരണമായതെന്ന്‌ ലേഖ പറയുന്നു. അസുഖത്തിന്‌ ചെലവേറിയ ശസ്ത്രക്രീയ തന്നെ വേണ്ടിവരുമെന്നാണ്‌ ഡോക്ടർമാർ പറയുന്നത്‌. ഈ കുടുംബത്തിന്‌ 3 സെന്റിലുള്ള കിടപ്പാടമല്ലാതെ മറ്റൊന്നും ഇല്ല. അതുതന്നെ നിരവധി സന്നദ്ധസംഘടനകളുടെയും ഇവരുടേയും കഠിന ശ്രമത്തിന്റെ ഫലമായി ഉണ്ടായതാണ്‌.ചികിത്സ തേടിയില്ലെങ്കിൽ ശരീരം തളർന്നു പോകുമെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്‌. നന്മയുടെ പ്രകാശത്തെ ലോകത്തിന്‌ കാട്ടികൊടുത്ത ലേഖയുടെ ജീവിതം ഇന്ന്‌ രോഗത്താൽ ഇരുൾ മൂടിയനിലയിലാണ്‌.
Prof. John Kurakar

No comments: