Pages

Friday, June 17, 2016

കേരള പോലീസ് അഭിനന്ദനം അർഹിക്കുന്നു .

കേരള പോലീസ് അഭിനന്ദനം
അർഹിക്കുന്നു .

കേരളത്തിലെ പല കേസുകൾക്കും തുമ്പുണ്ടാക്കാൻ കഴിയാതെ പോലീസ് എന്നും പഴികേൾക്കാൻ വിധിക്കപ്പെട്ടവരായിരുന്നു .നമ്മുടെ  സിനിമകളും  മാധ്യമങ്ങളും പോലീസിന് ചാർത്തിക്കൊടുത്തിട്ടുള്ളത്  ഒരു ഹാസ്യ കഥാപാത്രത്തിൻറയോ  വില്ലന്മാരുടേയോ  റോളാണ് . എന്നാൽ  ജിഷാ കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞതോടെ  പോലീസിന്റെ തൊപ്പിയിൽ എല്ലാവരും ഒരുപോലെ പൊൻതൂവൽ ചാർത്തിയിരിക്കുകയാണ് .  ജിഷ വധക്കേസിലെ.അന്വേഷണം. കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്കാകെത്തന്നെ വെല്ലുവിളി ഉയർത്തിയ ജിഷ വധക്കേസിലെ കുറ്റവാളിയെ കണ്ടെത്താനും പിടികൂടാനും സ്തുത്യർഹമായ വിധത്തിൽ സേവനമനുഷ്ഠിച്ച മുഴുവൻ പോലീസുദ്യോഗസ്ഥരെയും അതിന്റെ തലപ്പത്തുള്ള ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റയും അന്വേഷണത്തിന്‌ നേതൃത്വം കൊടുത്ത എ.ഡി.ജി.പി. ബി.സന്ധ്യയും അഭിനന്ദനം  അർഹിക്കുന്നു .

അത്യന്തം ദുഷ്കരമായ സാഹചര്യത്തിലാണ് പുതിയസർക്കാർ അധികാരത്തിൽവന്നശേഷം രൂപംകൊടുത്ത എ.ഡി.ജി.പി. സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുക്കുന്നത്. തുടക്കത്തിൽ കൊലപാതകം നടന്ന ജിഷയുടെ വീട് പോലീസ് മുദ്രവെക്കാതിരുന്നതും മൃതദേഹം ദഹിപ്പിച്ചതുമെല്ലാം തെളിവുകളെ ദുഷ്കരമാക്കിയിരുന്നു. എങ്കിലും ശാസ്ത്രീയമായ ഡി.എൻ.എ. പരിശോധനയടക്കമുള്ള മാർഗങ്ങളിലൂടെ പ്രതിയിലേക്കെത്തിച്ചേരാൻ കഴിഞ്ഞെന്നത് പോലീസിന്റെ കഴിവുതന്നെയാണ്.  അസാധ്യമായതിനെ സാധ്യമാക്കാനുള്ള കേരളാപോലീസിന്റെ..ഇച്ഛാശക്തിയുടെ കരുത്തിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഏപ്രിൽ 28-ന് ജിഷ കൊല്ലപ്പെട്ടത് രാഷ്ട്രീയകേരളം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലായിരുന്നു. സ്വാഭാവികമായും സ്ത്രീസുരക്ഷ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചയായി പരിണമിക്കുകയും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച നിർണായകശക്തിയായിമാറുകയും ചെയ്തു. 

കേസന്വേഷണം പലവഴിക്കും തിരിച്ചിരുന്നുവെങ്കിലും  ഒടുവിൽ ശരിയായ ദിശയിൽത്തന്നെ എത്തിച്ചേർന്നെന്നത്‌ മലയാളിസമൂഹത്തിനാകെ ആശ്വാസം പകരുന്നതാണ്. ബലാത്സംഗത്തിനോ കൊലപാതകത്തിനോ ജാതിയോ മതമോ ദേശമോ ഒന്നുമില്ല. അത് മനുഷ്യത്വത്തോടുള്ള കുറ്റകൃത്യമായി മാത്രംകണ്ട് കുറ്റവാളിയെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്..അല്ലാതെ അത് ഇതരസംസ്ഥാനത്തൊഴിലാളികൾക്കെതിരെയുള്ള രോഷമായി മാറാൻ ഇടയാകരുത് . അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയേണ്ടിവരുന്ന ഗതികെട്ട ജീവിതങ്ങൾ ഇന്നും നമുക്ക് ചുറ്റിനുമുണ്ടെന്ന വസ്തുത ജിഷസംഭവം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. പുറമ്പോക്കിലെ ഇത്തരം ദളിത്ജീവിതാവസ്ഥയ്ക്ക് അടിയന്തരപരിഹാരം കാണാൻ സർക്കാരിനും സമൂഹത്തിനും  ഉത്തരവാദിത്വമുണ്ട്.


പ്രൊഫ്‌.ജോൺ കുരാക്കാർ

No comments: