ആഫ്രിക്കയില്‍ ഇനിയും വെളിച്ചമെത്താന്‍ ബാക്കിയുണ്ട്
- മുഹമ്മദ് അസ്ലം
- മുഹമ്മദ് അസ്ലം
ഭക്ഷണവും വെള്ളവും കിട്ടാതെ തോലില്‍ പൊതിഞ്ഞ അസ്ഥിപഞ്ജരമായി നൈജീരിയയിലെ തെരുവിലൂടെ മേരി അലഞ്ഞു. മൂന്നു വയസു മാത്രം പ്രായമുള്ള അവളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല.
രാത്രിയില്‍ അവള്‍ ഭയന്ന് നിലവിളിച്ചു. കടത്തിണ്ണകളിലും മരച്ചുവട്ടിലും
കിടന്നുറങ്ങി. തെരുവില്‍ വലിച്ചെറിഞ്ഞ എച്ചിലുകള്‍ തിന്ന് വിശപ്പടക്കി. പിശാചെന്ന് മുദ്രകുത്തി മാതാപിതാക്കള്‍
തെരുവില്‍ തള്ളിയതായിരുന്നു അവളെ. വീട്ടിലെ ദുരന്തങ്ങള്‍ക്കെല്ലാം കാരണം പാവം മേരിയാണെന്നായിരുന്നു അവരുടെ വിശ്വാസം. ആഴ്ചകള്‍ക്കുശേഷം ഒരു ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ അവളെ അക്‌വ ഇബോം പ്രവിശ്യയിലെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു.
2008ല്‍ വിശാല മനസ്‌കനായ ആ നല്ല മനുഷ്യന്‍ പുറത്തുവിട്ട കഥകേട്ട് ലോകം ഞെട്ടി. ആഫ്രിക്കയില്‍നിന്ന് ഇരുട്ടുനീങ്ങിയില്ലേ എന്ന് സംശയിച്ചു. അക്‌വ ഇബോം പുനരധിവാസ കേന്ദ്രത്തില്‍
മേരിയെപ്പോലെ 150ഓളം കുട്ടികളുണ്ടായിരുന്നു. എല്ലാവരും കുട്ടിച്ചാത്തന്മാരെന്ന് അധിക്ഷേപിച്ച് രക്ഷിതാക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടവര്‍.
സുരക്ഷിതത്വവും ലാളനയും ലഭിക്കേണ്ട കൈകളില്‍നിന്ന് ക്രൂരമായ മര്‍ദനമാണ് അവര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്.
ഭാഗ്യത്തിന് മരണത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന് മാത്രം. പീഡനങ്ങളേറ്റ്
മരണത്തിന് കീഴടങ്ങിയ കുരുന്നുകളുടെ
എണ്ണം രക്ഷപ്പെട്ടവരുടെ ഇരട്ടി. ഇന്നും ആഫ്രിക്കയില്‍ ദുരാചാരത്തിനും
അന്ധവിശ്വാസങ്ങള്‍ക്കും മാറ്റമുണ്ടായിട്ടില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പിശാചെന്ന് ആരോപിച്ച് ഉപേക്ഷിക്കപ്പെടുകയും കൊല്ലപ്പെടുകയും
ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
അഞ്ജ റിങ്ഗ്രന്‍ ലോവന്‍ എന്ന ഡച്ചു സന്നദ്ധ പ്രവര്‍ത്തകയുടെ കൈയില്‍നിന്ന് വെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന രണ്ടുവയസുകാരന്‍ ഹോപ്പിന്റെ ദൈന്യത നിറഞ്ഞ ഫോട്ടോ ലോകം മറക്കാന്‍ സമയമായിട്ടില്ല.
വിശന്ന് എല്ലും തോലുമായി തെരുവില്‍ അലഞ്ഞുനടന്ന അവനെ 10 ലക്ഷം ഡോളര്‍ ചെലവിട്ടാണ് ലോവന്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ക്ഷീണിച്ചുണങ്ങിയ അവന്റെ ശരീരം പച്ചപിടിച്ചുകിട്ടാന്‍ ആഴ്ചകള്‍ വേണ്ടിവന്നു. ലോവന്റെ കാരുണ്യപ്രവര്‍ത്തനവും ഹോപ്പിന്റെ ദുരിത ജീവിതവുമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അതിനപ്പുറം കറുത്തിരുണ്ട, അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ ഒരു ലോകത്തിന്റെ ഉല്‍പന്നമായിരുന്നു
ആ കൊച്ചുകുട്ടിയെന്ന സത്യത്തെക്കുറിച്ച്
അധികം ആരും ആലോചിച്ചില്ല. പിശാചാണെന്ന് പറഞ്ഞ് അവനെയും നൈജീരിയയിലെ മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.
വീട്ടില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം കാരണം കുടുംബത്തില്‍ അപ്പോള്‍ ജനിച്ച കുഞ്ഞാണെന്ന് മുതിര്‍ന്നവര്‍ വിശ്വസിക്കുന്നതോടെയാണ് 'കുട്ടിച്ചാത്തന്മാര്‍' പിറവിയെടുക്കുന്നത്. തുടര്‍ന്നങ്ങോട്ട് കുട്ടിയുടെ ശരീരത്തില്‍നിന്ന് പിശാചിനെ ഒഴിപ്പിക്കാനെന്ന
പേരില്‍ പീഡനമുറകളാണ്. പട്ടിണിക്കിട്ടും
കത്തികൊണ്ട് ശരീരത്തില്‍ മാരകമായ മുറിവുണ്ടാക്കിയും വിഷം നല്‍കിയും വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചും ജീവനോടെ കുഴിച്ചുമൂടിയും
കുട്ടിയെ മരണത്തിലേക്കോ തീരാദുരിതത്തിലേക്കോ തള്ളിവിടുന്നു. പലപ്പോഴും നാട്ടിലെ മതമേലധ്യക്ഷന്മാര്‍
തന്നെയാണ് കുട്ടിയുടെ ശരീരത്തില്‍ പിശാചു ബാധയുണ്ടോ എന്ന് തീരുമാനിക്കുന്നത്.
പാവങ്ങളെ പിഴിഞ്ഞ് ധാരാളം കാശ് കീശയില്‍ എത്തിക്കാനുള്ള അവസരമായതുകൊണ്ട്
അത്തരം കേസുകള്‍ ഏറ്റെടുക്കാന്‍
അവര്‍ക്ക് പ്രത്യേക ഉത്സാഹമാണ്. ആളുകളുടെ മനസില്‍ കുട്ടിച്ചാത്തന്മാരെക്കുറിച്ചുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പുരോഹിതര്‍ പ്രത്യേകം ഉത്സാഹിക്കുന്നു. പിശാചു ബാധയുള്ള കുട്ടികളുള്ള കുടുംബത്തെ തകര്‍ച്ചയും രോഗവും മരണവും വേട്ടയാടുമെന്ന് അവര്‍ പറഞ്ഞുപരത്തുന്നു.
അത്തരം കുട്ടികളെ കണ്ടെത്താനുള്ള
ലക്ഷണങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു ആഫ്രിക്കന്‍ സന്യാസിനി പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.
രാത്രി ഉറങ്ങുമ്പോള്‍ പേടിച്ച് നിലവിളിക്കുക, കടുത്ത പനി എന്നിവയാണ് പുസ്തകത്തില്‍ വിവരിക്കുന്ന പ്രധാന ലക്ഷണങ്ങള്‍. ദാരിദ്ര്യവും പോഷകാഹാരക്കുറവും
കാരണം നിത്യരോഗികളായ ആഫ്രിക്കന്‍ കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പതിവാണ്.
കുട്ടിയുടെ ശരീരത്തില്‍നിന്ന് പിശാചുബാധ ഒഴിപ്പിക്കാന്‍ പുരോഹിതര്‍ കുടുംബത്തില്‍നിന്ന് വന്‍ തുകയാണ് ഈടാക്കാറുള്ളത്. മാസങ്ങളോളം പുരോഹിതന്മാരെ
തീറ്റിപ്പോറ്റുന്ന കുടുംബങ്ങള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. കുട്ടിയെ മുറിയില്‍ അടച്ചിട്ട് ശക്തമായി കുലുക്കുക, തറയിലൂടെ വലിച്ചിഴക്കുക, അടിക്കുക, തീവ്രമായ എരിച്ചിലുണ്ടാക്കുന്ന ദ്രാവകം കണ്ണില്‍ ഒഴിക്കുക എന്നിങ്ങനെ പോകുന്നു ബാധയൊഴിപ്പിക്കല്‍ മുറകള്‍.
കഠിനമായ പീഡനങ്ങള്‍ക്കൊടുവില്‍ ബോധരഹിതനായി വീഴുന്നതോടെ ഒരു ദിവസത്തെ ചടങ്ങ് അവസാനിക്കുന്നു. രാത്രി ഉറങ്ങാന്‍ പോലും അനുവദിക്കാതെ ആഴ്ചകള്‍ നീണ്ട ചടങ്ങ് പൂര്‍ത്തിയാകുന്നതിനുമുമ്പു തന്നെ മിക്ക കുട്ടികളും മരിക്കുകയാണ് പതിവ്. ജീവനോടെ അവശേഷിക്കുന്നവരെ
കൊന്നുകളയാനോ തെരുവില്‍ ഉപേക്ഷിക്കാനോ
ആയിരിക്കും പുരോഹിതന്മാര്‍ ഉപദേശിക്കുക. അപ്പോഴേക്ക് കുടുംബത്തിന്റെ സമ്പത്ത് ഏറെക്കുറെ മുടിഞ്ഞിരിക്കും. പുരോഹിതര്‍ സമ്പന്നരുമാകും. ബാധയൊഴിപ്പിക്കല്‍ കര്‍മങ്ങള്‍ക്കുവേണ്ടി ബന്ധനസ്ഥനാക്കിയ
കുട്ടിയെ പറഞ്ഞുറപ്പിച്ച തുക മുഴുവന്‍ നല്‍കിയാല്‍ മാത്രമേ പല പുരോഹിതന്മാരും
വിട്ടുകൊടുക്കാറുള്ളൂ. ഇങ്ങനെ വലിയ വീടുകളും കാറും മറ്റ് ആഡംബരങ്ങളുമായി വിലസി നടക്കുന്ന പുരോഹിതര്‍ ആഫ്രിക്കയില്‍ ധാരാളമുണ്ട്.
അന്ധവിശ്വാസങ്ങളുടെ
മറവില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും നടക്കുന്ന ഭീകരതകള്‍ ഏറെ വൈകിയാണ് ലോകം അറിയുന്നത്. ത്വക്കിന് നിറംനല്‍കുന്ന മെലാനിന്‍ എന്ന രാസവസ്തുവിന്റെ ഏറ്റക്കുറച്ചില്‍ കാരണം ആല്‍ബിനിസം അല്ലെങ്കില്‍ വെള്ളപ്പാണ്ട് ബാധിച്ച രോഗികളെക്കുറിച്ച്
ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന വസ്തുകള്‍ അടങ്ങിയതാണ്. ആല്‍ബിനിസം ബാധിച്ചവരെ രോഗികളായി പരിഗണിക്കാതെ അന്ധവിശ്വാസത്തിന്റെ മറവില്‍ വ്യാപകമായി കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്നതായി ആംനസ്റ്റി പറയുന്നു. ടാന്‍സാനിയ, കെനിയ, ബുറുണ്ടി തുടങ്ങിയ രാജ്യങ്ങളില്‍ മന്ത്രവാദത്തിനുവേണ്ടി ആല്‍ബിനോകളെ വ്യാപകമായി കൊല്ലുകയാണ്.
ആല്‍ബിനോകളുടെ ശരീരത്തിന് മാന്ത്രിക ശക്തിയുണ്ടെന്നും അവരുടെ അവയവങ്ങള്‍ ഉപയോഗിച്ച് മന്ത്രവാദം നടത്തിയാല്‍ അമാനുഷിക ശക്തി ലഭിക്കുമെന്നുമാണ്
ആഫ്രിക്കയില്‍ പൊതുവെയുള്ള വിശ്വാസം. അവരുടെ ശരീരത്തില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട്. എല്ലുകള്‍ക്ക് ഔഷധഗുണമുണ്ട്, ആല്‍ബിനോ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ എയ്ഡ്‌സ് രോഗം ഭേദമാകും എന്നിങ്ങനെ പോകുന്നു അന്ധവിശ്വാസങ്ങള്‍.
ഇത്തരം രോഗികളെ തട്ടിക്കൊണ്ടുപോയും
പ്രണയം നടിച്ച് വലയിലാക്കിയും
കൊല്ലുകയും ശരീര ഭാഗങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ആല്‍ബിനോയുടെ ശരീരത്തിന് 75,000 ഡോളര്‍ വരെയാണ് വിപണി വില.
ഏതാനും മാസം മുമ്പ് പ്രണയം നടിച്ച് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ അധ്യാപകന്‍ അറസ്റ്റിലായി. രണ്ടു വര്‍ഷമായി മലാവിയില്‍ ആല്‍ബിനോകള്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. 2014നുശേഷം 18 പേര്‍ കൊല്ലപ്പെട്ടു. 69 പേര്‍ ആക്രമണത്തിനിരയായി.
മലാവിയില്‍ പതിനായിരത്തോളം ആല്‍ബിനോകളുണ്ട്. മന്ത്രവാദത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകപ്പെടുന്നവരില്‍ അധികം പേരും കൊല്ലപ്പെടുകയാണ്. രക്ഷപെടുന്നവരില്‍ പലരെയും ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരിക്കും
കണ്ടെത്തുക. കുട്ടികളാണ് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത്.
ആല്‍ബിനോകളെ സംരക്ഷിക്കുകയും അവരെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലാവി ഭരണകൂടം വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആംനസ്റ്റിയുടെ
പരാതി. അതില്‍ അല്‍പമൊക്കെ കഴമ്പുമുണ്ട്. കാരണം അന്ധവിശ്വാസങ്ങളെ ഗൗരവമായി കണക്കിലെടുത്ത്
കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആഫ്രിക്കന്‍ ഭരണകൂടങ്ങളെല്ലാം പരാജയമാണ്. പലപ്പോഴും ജനങ്ങളുടെ തെറ്റായ വിശ്വാസങ്ങള്‍ക്ക് വളംവെക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളുടെ
ഭാഗത്തുനിന്ന് കണ്ടുവരുന്നത്. എങ്ങനെയും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ജനങ്ങളുടെ ഏത് അന്ധവിശ്വാസങ്ങളുടെയും കൂടെ നിന്നുകൊടുക്കാനാണ് അവരുടെ ശ്രമം.
ഇരുണ്ട ഭൂഖണ്ഡമെന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചിരുന്ന ആഫ്രിക്കയില്‍ മാത്രം ഒതുങ്ങുന്നതല്ല അന്ധവിശ്വാസങ്ങള്‍. ആധുനികതയുടെയും
പുരോഗമനത്തിന്റെയും ഉന്നതിയില്‍ അഹങ്കരിച്ച് ഇരിക്കുമ്പോഴും പല തെറ്റായ വിശ്വാസങ്ങളും മനുഷ്യനെ ഇപ്പോഴും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവയെല്ലാം ഡിജിറ്റലൈസ് ചെയ്തുവെന്ന് മാത്രം. ചില നമ്പറുകളെ പേടിയോടെ തന്നെയാണ് ആളുകള്‍ ഇപ്പോഴും നോക്കുന്നത്. കൈനോട്ടവും ദുശ്ശകുനവുമെല്ലാം
പരിഷ്‌കരിച്ച് പുത്തന്‍ സാങ്കേതിക വിദ്യയുടെ തിണ്ണബലത്തില്‍
മനുഷ്യന്റെ അകത്തളത്തില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment