Pages

Friday, May 13, 2016

V.SAMBASIVAN- THE FAMOUS KATHAPRASANGAM ARTIST OF KERALA(കഥാപ്രസംഗ കലയിലെ രാജശിൽപി യശശരീരനായ വി സാംബശിവൻ.)

കഥാപ്രസംഗ കലയിലെ
 രാജശിൽപി യശശരീരനായ
വി സാംബശിവൻ.
                                     ഡോ. തേവന്നൂർ മണിരാജ്
‘പരിശ്രമശാലി കൊടുമുടി കയറുന്നു അലസൻ സമതലത്തിൽ ഇഴയുന്നു’നെഹ്‌റുവിന്റെ ശ്രദ്ധേയമായ വാക്യം അന്വർഥമാക്കിയ കലാകാരനായിരുന്നു യശശരീരനായ വി സാംബശിവൻ. കഥാപ്രസംഗ വിഹായസിൽ മുമ്പേ പറന്ന പക്ഷി. അരനൂറ്റാണ്ടിലധികം നിറഞ്ഞുനിന്ന ആ കലാസപര്യ ആ രംഗത്ത്‌ നവോത്ഥാനത്തിന്റെ വസന്തം വിരിയിച്ചു.
കലയുടെ ഋതുഭേദങ്ങൾക്ക്‌ കനകകാന്തി പകർന്ന ആ അനശ്വര കലാകാരൻ പതിനായിരക്കണക്കിന്‌ അനുവാചകരുടെയും ആസ്വാദകരുടെയും ഹൃദയങ്ങളെ പ്രദീപ്തമാക്കിയിട്ടുണ്ട്‌. ശൂന്യതയിൽ തളിരിട്ട ആ ജീവിതം വെല്ലുവിളികളെ സദയം സ്വീകരിച്ചു. പത്താംക്ലാസ്‌ കഴിഞ്ഞപ്പോൾ ഉപരിപഠനത്തിന്‌ അദമ്യമായ ആഗ്രഹം തലപൊക്കി നിവൃത്തിയില്ല. പഠിച്ചേ അടങ്ങൂ.
അടങ്ങാത്ത തൃഷ്ണ ആ ചെറുപ്പക്കാരനെ കാഥികനാക്കി. ചെറുപ്പത്തിലേ വായനാശീലമുള്ള പയ്യൻ. കവിത ആലപിക്കുന്ന ഗായകൻ.പ്രിയ സ്നേഹിതൻ ലൂയിസിൽ നിന്നും ലഭിച്ച ചങ്ങമ്പുഴയുടെ ‘ദേവത’ വായിച്ചാസ്വദിച്ചു. ഇത്തിരിപ്പോന്ന കഥയ്ക്കു മജ്ജയും മാംസവും നൽകി ഈരടികൾ രചിച്ചു.
വായനാ സംസ്കാരത്തിന്റെ നിറവിൽ ആ കഥ കമനീയമായ കഥാശിൽപമാക്കി. കാഥികൻ തന്നെ ബോർഡെഴുത്തും ചുവരെഴുത്തും നടത്തി. വീടിനു സമീപമുള്ള പ്രസിദ്ധമായ ക്ഷേത്രാങ്കണത്തിലാണ്‌ അരങ്ങേറ്റം.
അന്നു ഗുരുജയന്തി ദിനമായിരുന്നു. മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പ്‌ ആ സംഭവം ഓർക്കുന്നു. ഒരു ഗ്രാമത്തിന്റെ മുഴുവൻ ആകാംക്ഷയും പ്രതീക്ഷയും അനുഗ്രഹവും ആ ചടങ്ങിൽ ഓളം തല്ലുകയായിരുന്നു. ചങ്ങമ്പുഴയുടെ ദേവതയായിരുന്നു കഥ. സമകാലിക പ്രസക്തിയുള്ള നിരവധി ഉപകഥകൾ ശാഖോപശാഖകളായി പടർന്നുകയറി. കഥാപ്രസംഗ കലയുടെ അനന്തസാധ്യതകളെക്കുറിച്ച്‌ സുവ്യക്തമായ ധാരണകളുള്ള ഒരു കാഥികന്റെ അവതാരം….
ഉദ്ഘാടനത്തിനു പ്രതീക്ഷിച്ചിരുന്ന ആളിനെ കിട്ടിയില്ല. കവിയും പണ്ഡിതനുമായ ഒ നാണു ഉപാധ്യായനാണ്‌ ആ ചരിത്രദൗത്യം നിർവഹിച്ചത്‌. മഹാകവികളുടെ ഖണ്ഡകാവ്യങ്ങളെ അധികരിച്ചുള്ള കഥ കേട്ടുശീലമുള്ള സഹൃദയർക്ക്‌ പടിഞ്ഞാറൻ സാഹിത്യകൃതികളിലെ കനപ്പെട്ട മുത്തുമണികളെ തിരഞ്ഞെടുത്തു നിത്യനൂതന ചാരുതയോടെ അവതരിപ്പിച്ചതാണ്‌ സാംബശിവന്റെ സവിശേഷതയാർന്ന വൈഭവം.
‘പുഷ്പിത ജീവിതവാടിയിലൊ-
രപ്സര സുന്ദരിയാണനീസ്യ-
ആരാധകരില്ലാത്തോരാവനിതൻ
ആരോമൽനായികയാണനീസ്യ’
കാഥികൻ ഏറ്റവും കൂടുതൽ വേദികളിൽ പറഞ്ഞ ‘അനീസ്യ’യിലെ വരികൾ മൂളാത്ത സഹൃദയരുണ്ടാകില്ല.
ഇമ്പമാർന്ന ഈരടികൾ… ശ്രുതിമധുരമായ ആലാപനം
നർമ്മഭാസുരമായ ആഖ്യാനം
രംഗവാസികളുടെ മനോവിചാരം അറിഞ്ഞുള്ള അവതരണം. ഇപ്രകാരമുള്ള ഘടകങ്ങളുടെ അകമ്പടി കഥയുടെ ആത്മാവിനെ ജനഹൃദയങ്ങളിലെത്തിക്കാൻ കാഥികനു കഴിഞ്ഞു. ഏതു കഥയും സാധാരണക്കാരുടെ ഭാഷയിൽ സരളവും സമ്മോഹനവുമായി അവതരിപ്പിച്ചു ഫലിപ്പിക്കാൻ മലയാളത്തിന്റെ പ്രിയ കലാകാരനു കഴിഞ്ഞു.
ദേവതയ്ക്കുശേഷം വത്സല, വാഴക്കുല, ആയിഷ, പ്രേമശിൽപി, പുള്ളിമാൻ, ചന്ദനക്കട്ടിൽ, ദുരവസ്ഥ, ഹേമ, അന്ന കരിനീന, ഒഥല്ലോ, അനീസ്യ, വിലയ്ക്കുവാങ്ങാം, നെല്ലിന്റെ ഗീതം, കുറ്റവും ശിക്ഷയും തുടങ്ങി അമ്പതിലധികം കഥകൾ അവതരിപ്പിച്ചു. പ്രൊഫ. എം കെ സാനു ഇപ്രകാരം അനുസ്മരിക്കുന്നു. കേരളത്തിൽ മാത്രമല്ല മലയാളികൾ ലോകത്തിൽ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സാംബശിവൻ തന്റെ കഥാപ്രസംഗങ്ങൾ കാഴ്ചവച്ചിട്ടുണ്ട്‌. ശ്രോതാക്കളെ രസിപ്പിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ ലക്ഷ്യം, കാവ്യസൗന്ദര്യമാധുര്യത്തിലേയ്ക്ക്‌ ആസ്വാദകരെ നയിക്കാൻകൂടി അദ്ദേഹം ബോധപൂർവം ശ്രമിച്ചിരുന്നു. അതോടൊപ്പം മർദ്ദിതരുടെ മോചനത്തിന്റെ പക്ഷത്തുനിന്നു, അവിടെ നിലകൊള്ളാൻ ശ്രോതാക്കളെ പ്രേരിപ്പിക്കുന്ന വീക്ഷണവും ആ പ്രസംഗകലയിൽ തുളുമ്പിനിന്നു.
1929 ൽ ചവറ തെക്കുംഭാഗത്ത്‌ മേലൂട്ട്‌ വീട്ടിൽ വേലായുധൻ ജ്യോത്സ്യരുടെയും ശാരദയുടെയും മകനായി ജനിച്ച സാംബശിവൻ കഥാപ്രസംഗ കലയെ വിദേശങ്ങളിലുമെത്തിച്ചു. കേരളീയ മനസുകളിൽ കൂടുകൂട്ടിയ ആ പൂങ്കുയിൽ 1996 ഏപ്രിൽ 23 ന്‌ അനന്തതയിലേയ്ക്ക്‌ പറന്നകന്നു.
പിതാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന്‌ സീമന്ത പുത്രൻ വസന്തകുമാർ സാംബശിവൻ പുത്തൻ പ്രതീക്ഷയും ഊർജ്ജവും കാഴ്ചവച്ചുകൊണ്ട്‌ വേദികൾ പിന്നിടുന്നു.

Prof. John Kurakar

No comments: