Pages

Tuesday, May 31, 2016

മാറിയ കാലഘട്ടവുംമാറാത്ത പ്രകൃതിയും

മാറിയ കാലഘട്ടവുംമാറാത്ത
പ്രകൃതിയും

ഭരണാധികാരികൾ ഒരിക്കലും രാഷ്ട്രീയവും വികസനവും തമ്മിൽ കൂട്ടി കുഴയ്ക്കരുത്‌ .കേരളത്തിൻറെ  പരിസ്ഥിതിയെ ബാധിക്കാത്ത ഏത് വികസന പ്രവര്‍ത്തനങ്ങളെയും ജനങ്ങൾ സ്വാഗതം ചെയ്യും പക്ഷേ വികസന പദ്ധതി  പ്രകൃതിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലാവരുതെന്ന് മാത്രം. അധികാരം ഇല്ലാത്തപ്പോൾ  അതിരപ്പിള്ളി പദ്ധതിക്കും ചീമേനി പദ്ധതിക്കുമെല്ലാം എതിരായി സംസാരിക്കുകയും അധികാരം ലഭിച്ചപ്പോള്‍ വികസനത്തിന്റെ വഴികളില്‍ പരിസ്ഥിതിയിൽ വിട്ടുവീഴ്ചയാകാമെന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ല . നമ്മുടെ ആവാസ വ്യവസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒന്നും ചെയ്യരുത് .
നമ്മുടെ വനങ്ങൾ പ്രകൃതിയുടെ പരീക്ഷണ ശാലകളാണ്.  അതിരപ്പിള്ളിയില്‍ ഉള്‍പ്പെടെ നമ്മള്‍ വനം കയ്യേറുമ്പോള്‍ അത് പ്രകൃതിയുടെ നിലനില്‍പ്പിനെയാണ് ബാധിക്കുന്നത്. അസംഖ്യം സസ്യ വര്‍ഗങ്ങളും ജന്തുവര്‍ഗങ്ങളും ഈ വനാന്തരങ്ങളില്‍ അനാദികാലം മുതലുണ്ട്. ഇത്തരം വനാന്തരങ്ങളെ നമ്മള്‍ വികസനപദ്ധതികള്‍ക്കായി പരീക്ഷിക്കുമ്പോള്‍ അത് ജീവവൈവിധ്യ വിധ്വംസനമായി മാറുന്നു. 1979 ലാണ് അതിരപ്പിള്ളിയില്‍ ജലവൈദ്യുതപദ്ധതിക്കുള്ള ആലോചന നടക്കുന്നത്. 1500 കോടി രൂപ മുതല്‍മുടക്കില്‍ പ്രതിവര്‍ഷം 21.2 കോടി മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു പദ്ധതി വഴി ലക്ഷ്യമിട്ടത്. 1989 ല്‍ പദ്ധതിക്ക് അനുമതി ലഭിച്ചു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ വന്നു.
98 ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി വന്നപ്പോള്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യം ചര്‍ച്ചകള്‍ക്ക് വന്നു. 2007 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കി. പക്ഷേ 2010 ല്‍ അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് എതിര്‍പ്പുമായി രംഗത്ത് വന്നതോടെ വീണ്ടും പ്രശ്‌നങ്ങള്‍ വന്നു. 2015 ല്‍ പാരിസ്ഥിതികാനുമതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. അതിരപ്പിളളി പദ്ധതി നടപ്പിലാക്കിയാല്‍ അത് പരിസ്ഥിതിയെ അതീവ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളില്ല. 200 ഹെക്ടറിലെ വനം നശിക്കുക മാത്രമല്ല നിരവധി അപൂര്‍വ്വയിനം സസ്യങ്ങളും ജന്തു-ജീവ ജാലങ്ങളും ഇല്ലാതാവും. നിരവധി ആദിവാസി കോളനികള്‍ കുടിയൊഴിപ്പിക്കേണ്ടതായും വരുമെന്നിരിക്കെ കാര്യങ്ങള്‍ കാണാതെ ഭരണകൂടം സംസാരിക്കരുത്.ലോകം വികസനത്തിന്റെ പുതിയ വഴികള്‍ തേടുകയാണ്. അത് കാടുകള്‍ നശിപ്പിച്ചല്ല, ആവാസ വ്യവസ്ഥയെ അട്ടിമറിച്ചല്ല. പകരം ശാസ്ത്രീയമായ സഞ്ചാരമാണ് എല്ലാവരും മാതൃകയാക്കുന്നത്. നമ്മുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വലിയ അണക്കെട്ടുകള്‍ സ്ഥാപിക്കുകയാണെന്ന ചിന്ത പഴഞ്ചനാണ്. ബദല്‍ ഊര്‍ജ്ജ വഴികള്‍ ലോകം തേടുമ്പോള്‍  കേരളവും  ആ വഴിയ്ക്കാണ്  ചിന്തിക്കേണ്ടത് . സൗരോര്‍ജം, കാറ്റ്‌, തിരമാല എന്നീ പാരമ്പര്യേതര സ്രോതസുകളില്‍ നിന്ന്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ് .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: