കേരളം കൊടുംചൂടില്‍ വെന്തുരുകുകയാണ്
കേരളം കൊടുംചൂടില്‍ വെന്തുരുകുകയാണ്. മാറിയ ജീവിതചര്യകളും ഭക്ഷണ ക്രമങ്ങളും വേനലില്‍ മലയാളിയെ രോഗികളാക്കുന്നു.ഓരോ വര്‍ഷവും ചൂട് കൂടി വരികയാണ്. അതുകൊണ്ടു തന്നെ പകല്‍ സമയത്ത് യാത്ര ചെയ്യുന്നവരും വെയിലത്ത് ജോലി ചെയ്യുന്നവരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മരണത്തിന് വരെ കാരണമാകുന്ന സൂര്യാഘാതം മൂലമുണ്ടാകുന്ന പൊള്ളലുകള്‍ കേരളത്തില്‍ പലര്‍ക്കും അനുഭവപ്പെട്ടു കഴിഞ്ഞു.ശുദ്ധജല ദൗര്‍ലഭ്യമാണ് കേരളം നേരിടുന്ന മറ്റൊരു പ്രശ്‌നം.ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാം.
ധാരാളം വെള്ളം കുടിക്കണം
വേനല്‍ച്ചൂടിനെ ചെറുക്കാന്‍ വേണ്ടത്ര ശുദ്ധജലം കുടിക്കണം. സാധാരണ നിലയില്‍ ഒരാള്‍ക്ക് രണ്ടര ലിറ്റര്‍ വെള്ളം വരെ ആവശ്യമായി വരാം. വേനലില്‍ ഓരോ വ്യക്‌തിയുടേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ അളവില്‍ വ്യത്യാസം വരാം.ഫ്രഷ് ജ്യൂസുകള്‍ ഒരു പരിധിവരെ നിര്‍ജലീകരണം തടയുമെങ്കിലും ശുദ്ധജലം തന്നെയാണ് ഏറ്റവും ഉത്തമം. ഒരോരുത്തരും അവരവരുടെ ജീവിതശൈലിക്കനുസൃതമായ (ജോലി, ഭക്ഷണക്രമം, രോഗാവസ്‌ഥ) അളവില്‍ വെള്ളം കുടിക്കണം.
കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണം.പൊരിവെയിലത്തു ജോലി ചെയ്യുന്നവര്‍ ഉപ്പുചേര്‍ത്ത വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.എന്നാല്‍ ഓഫീസ് ജോലിയോ അധ്വാനം കുറഞ്ഞ ജോലികള്‍ ചെയ്യുന്നവരോ കുടിക്കുന്ന വെള്ളത്തില്‍ അധികം ഉപ്പുചേര്‍ക്കേണ്ട ആവശ്യമില്ല. കാരണം ആഹാരത്തില്‍ നിന്നും ശരീരത്തിനാവശ്യമായ ഉപ്പ് അവര്‍ക്ക് ലഭിക്കുന്നുണ്ട്.
പകല്‍ യാത്രക്കാരും ധാരാളം വെള്ളം കുടിക്കണം. ശരീരം കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ ലവണാംശം നഷ്‌ടപ്പെടും. യാത്രയില്‍ കുടിക്കാനുള്ള വെള്ളം കരുതാന്‍ മറക്കരുത്.
തിളപ്പിച്ചാറിയ വെള്ളമോ ഫില്‍റ്റര്‍ വെള്ളമോ മതി. അങ്ങാടിക്കടയില്‍ കിട്ടുന്ന നറുനീണ്ടിയോ രാമച്ചമോ ഇട്ടു തിളപ്പിച്ച വെള്ളം, ശതാവരിക്കിഴങ്ങു ചതച്ചിട്ട വെള്ളം, ശുദ്ധമായ ചന്ദനം ചേര്‍ത്ത വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നത് വേനല്‍ക്കാലത്ത് ശരീരത്തിലെ ലവണാംശം നഷ്‌ടപ്പെടുന്നത് കുറയ്‌ക്കുന്നു.
പുറം ഭക്ഷണം ഒഴിവാക്കുക
വേനല്‍ക്കാലത്ത് ദാഹശമനത്തിനായി തട്ടുകടകളിലും വഴിയോരങ്ങളിലും കിട്ടുന്ന ശീ തളപാനീയങ്ങളെ ആശ്രയിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇവ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും.
കഴിവതും പുറംഭക്ഷണം ഒഴിവാക്കുക. കുപ്പിയിലടച്ച കോളകളും മറ്റും ശരീരത്തില്‍ ഉള്ള ജലാംശംകൂടി വലിച്ചെടുക്കും. അതുകൊണ്ട് വീട്ടില്‍ തയ്യാറാക്കുന്നതും വൃത്തിയുള്ളതുമായ പാനീയങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഫാസ്‌റ്റ് ഫുഡ് ഒഴിവാക്കുക
വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍, കൊഴുപ്പും ഹോര്‍മോണുമടങ്ങിയ മത്സ്യ, മാംസ വിഭവങ്ങള്‍, ഉപ്പു കൂടിയ ചെറുകടികള്‍, ഫാസ്‌റ്റ് ഫുഡ് തുടങ്ങിയവ ശരീരത്തിന് ദോഷം ചെയ്യും.
മത്സ്യ, മാംസ വിഭവങ്ങള്‍ പോഷകസംപുഷ്‌ടമെങ്കിലും അതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന ഊര്‍ജ്‌ജത്തിന്റെ അളവ് ശരീരഭാരം കൂട്ടും, ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കും.
എരി ,പുളി, മസാല എന്നിവയുടെ അമിത ഉപയോഗവും ദഹനക്കേടിന് കാരണമാകും. ജീരകം, മല്ലി, പുതിന എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം എളുപ്പമാക്കും.
ജലാംശമുള്ള ഭക്ഷണം കഴിക്കാം
വേനല്‍ക്കാല ഭക്ഷണം ജലാംശം കൂടുതലുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നവയുമാകണം. നാരുകളുള്ള ഭക്ഷണം,തവിടുള്ള അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.ജലാംശമുള്ള പച്ചക്കറികളും പഴങ്ങളും ധാരളമായി ഉപയോഗിക്കുക. ചെറുനാരങ്ങ, ഓറഞ്ച്, മുസംബി, മുന്തിരി,തണ്ണിമത്തന്‍,പപ്പായ,മാമ്പഴം,വാഴപ്പഴം,സ്‌ട്രോബറി മാങ്ങ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും പഴച്ചാറുകള്‍ കുടിക്കുന്നതും വളരെ നല്ലതാണ്‌്.
ചക്ക മാമ്പഴം മുതലായവ ധാരാളമായി ലഭിക്കുന്ന സമയമാണെങ്കിലും അമിതമായി ഉപയോഗിക്കരുത്‌്.കാരറ്റ്, തക്കാളി, സവാള, കാബേജ്, ഇലവര്‍ഗങ്ങള്‍ മുതലായവ ധാരാളമായി ഉപയോഗിക്കുക. വൈറ്റമിന്‍ എ ധാരാളമുള്ള ഇത്തരം പച്ചക്കറികളുടെ ഉപയോഗം വേനല്‍ക്കാലത്തുണ്ടാകുന്ന ചര്‍മ്മരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.
കരിക്ക്,കരിക്കിന്‍വെള്ളം മോരുംവെള്ളം എന്നിവ ശരീരത്തില്‍ നിന്നും ലവണാംശം നഷ്‌ടപ്പെടുന്നത് കുറയ്‌ക്കുന്നു വേനല്‍ക്കാലത്ത് നിര്‍ബന്ധമായും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
വൈറ്റമിനുകളാല്‍ സംപുഷ്‌ടമായ തൈര് ഒന്നാന്തരമൊരു പ്രീ ഡൈജസ്‌റ്റഡ്‌് ഫുഡാണ്. ഇഞ്ചി,കറിവേപ്പില,പച്ചമുളക് എന്നിവചേര്‍ത്തുണ്ടാക്കുന്ന സംഭാരം ശരീരത്തിലെ കൊഴുപ്പിനെയും ദുര്‍മേദസിനെയും കുറയ്‌ക്കും.കൂവ ഒരു നല്ല വേനല്‍ക്കാല ഭക്ഷണമാണ്. ഇത് തിളപ്പിച്ചാറ്റിയ വെള്ളം ദാഹശമനിയായി ഉപയോഗിക്കാം.കൂടാതെ ജീരകം,ചുക്ക്,മല്ലി,മുത്തങ്ങ എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നത് ശരീരോഷ്‌മാവ് നിയന്തിക്കും.
Prof. John Kurakar
No comments:
Post a Comment