Pages

Saturday, April 16, 2016

കുറ്റകൃത്യങ്ങള്‍ പെരുകുന്ന സമൂഹവും സത്യസന്ധതയില്ലാത്ത വ്യക്തികളും

കുറ്റകൃത്യങ്ങള്പെരുകുന്ന സമൂഹവും
സത്യസന്ധതയില്ലാത്ത വ്യക്തികളും

മാനുഷിക ബന്ധങ്ങളില്‍ തിന്മ വേരോടുന്നത് വ്യക്തികളെ മാത്രമല്ല, സമൂഹത്തെ ആകമാനമാണ് ബാധിക്കുന്നത്.. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ യുവതിക്കും കാമുകനുമുള്ള ശിക്ഷ കോടതി ഉടനെ വിധിക്കാനിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്താന്‍ കാമുകനെ പ്രേരിപ്പിച്ച യുവതിക്കും പൈശാചിക ക്രൂരകൃത്യത്തിന് മുതിര്‍ന്ന യുവാവിനും പരമാവധി ശിക്ഷ ലഭിക്കണം . നമ്മുടെ സമൂഹത്തിലും കുടുംബ ബന്ധങ്ങളിലും  മറ്റും  തിന്മകള്‍ പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ആറ്റിങ്ങൽ കൊലകേസ് . വിജ്ഞാനം, ശാസ്ത്ര സാങ്കേതിക പുരോഗതി, അടിസ്ഥാന സൗകര്യങ്ങളിലെ വികസനം ഇവയെല്ലാം ജീവിതം കൂടുതല്‍ സുഗമമാക്കിയെങ്കിലും ഭൗതിക രംഗത്തെ അഭിവൃദ്ധി തെറ്റായ ദിശയിലേക്ക് മനുഷ്യരെ നയിക്കാന്‍ കാരണമാകുന്നുണ്ട്. പണവും സുഖാഢംബരങ്ങളും സൗകര്യങ്ങളും വര്‍ധിക്കുന്നതിനനുസരിച്ച് മൂല്യങ്ങള്‍ക്കും സംസ്‌കാരങ്ങളും ക്ഷതം സംഭവിക്കുന്നു.
 ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും കാലഘട്ടത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രശ്‌നങ്ങളും കുഴപ്പങ്ങളുമാണ്  ഇന്ന് സാര്‍വത്രികമായി നാം കാണുന്നത് .സ്നേഹത്തിൽ അധിഷ്ടിതമായ പഴയ കുടുംബാന്തരീക്ഷം  ഇന്ന് നമുക്കില്ല ..ബന്ധങ്ങൾക്കുള്ള കെട്ടുറപ്പ് ഇന്നില്ല .വിശ്വാസ വഞ്ചനയും പെട്ടന്നുള്ള  വഴിപിരിയലും  ഇന്നത്തെ  രീതിയായി മാറി ..മനുഷ്യൻറെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന  ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളായ കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ വ്യക്തികളെ അടിമയാക്കുകയും സ്വകാര്യതയുടെ സാധ്യതകള്‍ കൂടുതല്‍ വിപുലമാക്കുകയും ചെയ്യുന്നു . പലരും ഏകാന്തരായിതീരുന്നു .അക്ഷമയും വിഷാദവും മനുഷ്യരില്‍ കുത്തിവെക്കുന്നതില്‍ ഈ സാങ്കേതിക വിദ്യക്ക്  ചെറുതല്ലാത്ത പങ്കുണ്ട്. .സ്‌നേഹവും പരിഗണനയും പങ്കുവെപ്പും ശീലമായുള്ള കുടുംബാന്തരീക്ഷം തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ സമൂഹ നിര്‍മിതി സാധ്യമാവുകയുള്ളൂ. നമ്മുടെ കുട്ടികൾക്കും യുവതിയുവാക്കൾക്കും സാന്മാർഗ്ഗിക വിദ്യാഭ്യാസവും അനിവാര്യമാണ് . കുറ്റകൃത്യങ്ങൾക്ക് മാതൃകപരമായ ശിക്ഷ നൽകുകയും വേണം .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: