KATTAPANA
CHURCH ROBBER SPIDER JAYARAJ ARRESTED
കട്ടപ്പന പള്ളിയില്‍ മോഷണം; ‘സ്പൈഡര്മാന്’ മണിക്കൂറുകള്ക്കകം പിടിയില്
കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവ് സ്‌പൈഡര്‍മാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. സ്‌പൈഡര്‍മാന്‍ എന്ന മാങ്കുളം ആറാട്ടുകടവില്‍ ജയരാജാ(26)ണ് പിടിയിലായത്. വെള്ളിയാഴ്‌ച അര്‍ധ രാത്രിയിലായിരുന്നു മോഷണം. അള്‍ത്താരയുടെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്‌ടാവ് നേര്‍ച്ചപ്പെട്ടി തകര്‍ത്ത് അയ്യായിരം രൂപയോളമാണ് കവര്‍ന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് ചെറുതോണി ബസ് സ്‌റ്റാന്‍ഡില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഈ തുക പ്രതിയില്‍ നിന്ന് പോലീസ് കണ്ടെത്തി. അല്‍ത്താരയുടെ പിന്‍ഭാഗത്തെ വാതില്‍ കമ്പിപ്പാരയും തൂമ്പയും ഉപയോഗിച്ചാണ് തകര്‍ത്തത്. ഇതിനുശേഷം പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന തടിയില്‍ തീര്‍ത്ത നേര്‍ച്ചപ്പെട്ടി പുറത്തുകൊണ്ടുവന്ന് കുത്തിത്തുറക്കുകയും പണം അപഹരിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ പള്ളിമണി മുഴക്കാന്‍ എത്തിയ കപ്യാരാണ് മോഷണ നടന്ന കാര്യം ആദ്യം കാണുന്നത്. ഉടന്‍തന്നെ വികാരി ഫാ. അഗസ്‌റ്റിന്‍ കാര്യപ്പുറത്തെ അറിയിച്ചു. വിവരമറിഞ്ഞ് പോലീസും സ്‌ഥലത്തെത്തി.
മോഷണ വിവരം അറിഞ്ഞ് നാട്ടുകാരും വിശ്വാസികളും അടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടേയ്‌ക്ക് എത്തിയത്. എന്നാല്‍ ഇടുക്കിയില്‍ നിന്നു വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി തെളിവെടുപ്പ് നടത്തിയശേഷമാണ് മറ്റുള്ളവരെ പള്ളിയിലേയ്‌ക്ക് പ്രവേശിപ്പിച്ചത്.
മോഷണത്തിലെ സമാനതയാണ് 'സ്‌പൈഡര്‍ ജയരാജി'നെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. ഏതു ഭിത്തിയിലൂടെയും അനായാസം കയറി മോഷണം നടത്തുന്നതിനാലാണ് സ്‌പൈഡര്‍ എന്ന ഇരട്ടപ്പേര് കിട്ടിയത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇയാള്‍ ജയിലില്‍ നിന്ന് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വെള്ളിയാഴ്‌ച രാത്രിയില്‍ കട്ടപ്പന പള്ളിയില്‍ നിന്ന് മോഷ്‌ടിച്ച പണവുമായി പുലര്‍ച്ചെയുള്ള ബസില്‍ കയറി ഇയാള്‍ ചെറുതോണിയില്‍ എത്തി.
ഇതിനോടകം മോഷണ വിവരം അറിഞ്ഞ പോലീസ് എല്ലാ സ്‌റ്റേഷനുകളിലേയ്‌ക്കും പ്രതിയെക്കുറിച്ചുള്ള സൂചന നല്‍കി. പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രീതിയായതിനാല്‍ ജയരാജും പ്രതിയെന്ന് സംശയിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. എല്ലാ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലും നിരീക്ഷണം ശക്‌തമാക്കിയിരിക്കെയാണ് ഇയാള്‍ ചെറുതോണിയില്‍ ബസിറങ്ങുന്നത്. സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടതോടെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം നടത്തിയത് ഇയാളാണെന്നു ബോധ്യപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്ന് അയ്യായിരം രൂപയും കണ്ടെത്തി.
ഏതാനും മാസം മുമ്പും ഇതേ പള്ളിയില്‍ മോഷണശ്രമം നടന്നിരുന്നു. മോഷണത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ പള്ളിയില്‍ നടക്കേണ്ടിയിരുന്ന കുര്‍ബാന മുടങ്ങി. വിശ്വാസികള്‍ ക്ലാരിസ്‌റ്റ് കോണ്‍വന്റ് ചാപ്പലില്‍ എത്തിയാണ് കുര്‍ബാന അര്‍പ്പിച്ചത്. പള്ളിയില്‍ നടന്നുവന്ന ധ്യാനം പാരിഷ് ഹാളിലേയ്‌ക്കും മാറ്റി. കഴിഞ്ഞ വര്‍ഷം കരിമ്പന്‍ പൊന്നിന്‍ പൂജാരി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. തടിയംപാട് ഫാത്തിമമാതാ പള്ളിയിലും മൈലാടുംപാറ, പെരുവന്താനം എന്നിവിടങ്ങളിലെ പള്ളികളിലും വിവിധ ക്ഷേത്രങ്ങളിലും അടക്കം അറുപതോളം ആരാധനാലയങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളത്
Prof. John Kurakar
No comments:
Post a Comment