Pages

Tuesday, March 15, 2016

കൊടുംചൂടിനു കാരണം 'എല്‍നിനോ'

കൊടുംചൂടിനു കാരണം

'എല്‍നിനോ'

മഞ്ജു കുട്ടികൃഷ്ണന്
കേരളത്തിലെ അതികഠിനമായ ചൂടിന് പ്രധാന കാരണം പസഫിക് സമുദ്രത്തിലെ 'എല്‍നിനോ' പ്രതിഭാസമാണെന്ന് കാലാവസ്ഥാ പഠനവിദഗ്ധര്‍. നാലുവര്‍ഷം കൂടുമ്പോള്‍ അതിശക്തമാകുന്ന ഈ പ്രതിഭാസംമൂലം ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില മുമ്പത്തേതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടിയതാണ് കേരളത്തില്‍ വേനല്‍ക്കാലത്തെ ചൂട് കൂട്ടുന്നത്.പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കടുത്ത് ഉപരിതല താപമാനം വര്‍ധിക്കുന്ന പ്രതിഭാസമാണിത്. ഇത് അന്തരീക്ഷതാപമാനം വര്‍ധിപ്പിക്കും. 2015ല്‍ ആരംഭിച്ച 'എല്‍നിനോ' പ്രതിഭാസം ഈ വര്‍ഷം ഏപ്രില്‍വരെ അതിശക്തമായി അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാപഠനങ്ങള്‍ കാണിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠനവിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി വി ജോസഫ് പറഞ്ഞു.
എല്‍നിനോ ശക്തമായതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും താപനില ഉയര്‍ന്നു. ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിനോടുചേര്‍ന്നുള്ള അറബിക്കടലിന്റെ തീരം പങ്കിടുന്ന കേരളത്തില്‍ ഓരോ മാസവും മുന്‍വര്‍ഷത്തേതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതലായാണ് അനുഭവപ്പെടുന്നത്. കൊച്ചിയില്‍ ശനിയാഴ്ച 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.ചൂട് കൂടിയതും സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകളും റിപ്പോര്‍ട്ട്ചെയ്തതതോടെ പുറത്തുള്ള ജോലിസമയം പുനഃക്രമീകരിച്ച് തൊഴില്‍വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. സൂര്യാഘാതമേല്‍ക്കുന്നത് തടയുന്നതിനായി ജോലിസമയത്തില്‍ പുനഃക്രമീകരണം വരുത്താന്‍ എല്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ സമയക്രമം 27 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് പകല്‍ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്കുശേഷം മൂന്നുമുതല്‍ രാത്രി  ഏഴുവരെയുമായിരിക്കും ജോലിസമയം. പകല്‍ 12  മുതല്‍ 3 വരെ വിശ്രമസമയം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം, സമുദ്രനിരപ്പില്‍നിന്ന് 3,000 അടിയില്‍ക്കൂടുതല്‍ ഉയരമുള്ള, സൂര്യാഘാതസാധ്യതയില്ലാത്ത പ്രദേശങ്ങളില്‍ ജോലിസമയം പഴയതുപോലെ നിലനിര്‍ത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.ജോലിസമയം പുനഃക്രമീകരിക്കുന്നുണ്ടെങ്കിലും രാവിലെ 10 മുതല്‍ പുറത്തു ജോലിചെയ്യുന്നവര്‍ ശരീരത്തില്‍ നേരിട്ട് സൂര്യതാപമേല്‍ക്കാത്തതരത്തില്‍ ശരീരം മറച്ചുകൊണ്ട് വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഇടവിട്ട് കുടിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Prof. John Kurakar

No comments: