ഗൾഫ് നാടുകളില്‍ മാതൃഭാഷ അറിയാത്ത
കുട്ടികളുടെ എണ്ണം വര്ധിക്കുന്നു
കുട്ടികളുടെ എണ്ണം വര്ധിക്കുന്നു
ഗള്ഫ് നാടുകളില്‍ മാതൃഭാഷ അറിയാത്ത കുട്ടികളുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് കുട്ടികളാണ് മാതൃഭാഷയുടെ അക്ഷരങ്ങള്‍ നോക്കി ഒന്നുമറിയാതെ നട്ടംതിരിയുന്നത്. സി.ബി.എസ്.സി സിലബസില്‍ പഠിക്കുന്ന കുട്ടികളാണ് തങ്ങളുടെ സ്വന്തം ഭാഷ അറിയാതെ വളരുന്നത്. ഇതിന്റെ ഭവിഷ്യത്തി നെക്കുറിച്ച് പല രക്ഷിതാക്കളും ആകുലരാണെങ്കിലും പലരും ലാഘവത്തോടെയാണ് നോക്കിക്കാണുന്നത്.
ഗള്ഫ് നാടുകളിലെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ഭൂരിഭാഗവും സി.ബി.എസ്.സി സിലബസ് ആണ് പിന്തുടര്ന്നുപോരുന്നത്. ഇംഗ്ലീഷ്,അറബി ഭാഷകള്ക്കുപുറമെഹിന്ദിയാണ് ഇന്ത്യന്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്ത്ഥികള്ക്ക് അതാത് ഭാഷകള്‍ പഠിപ്പിക്കുകയെന്നത് പ്രായോഗികമല്ല. എന്നാല്‍ ഓരോ കുട്ടിക്കും മാതൃഭാഷ പരമപ്രധാനമാണ്. ഇവരെ മലയാളം പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തന്നെ മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയല്ലാതെ മറ്റു നിര്വ്വാഹമൊന്നുമില്ല. എന്നാല്‍ രക്ഷിതാക്കള്‍ പലരും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.
കേരള സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലെ കുട്ടികള്ക്കുപോലും മലയാള പദങ്ങള്‍ പലതും അറിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ പരസ്പരം ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ട് മലയാളം വേണ്ടത്ര പ്രചരിക്കുന്നില്ല. അതുകൊണ്ടുതന്നെ മലയാള സാഹിത്യവും മനോഹരമായ വരികളും കുട്ടികള്ക്ക് അന്യമായിപോകുകയാണ്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ പോലും പത്രപാരായണം ഇല്ലാതെ പോകുന്നതും മലയാളത്തിന്റെ അക്ഷരക്കൂട്ടുകള്‍ നമ്മുടെ കുട്ടികളുടെ മനസ്സില്‍ നിന്നും ഇല്ലാതാക്കുന്നു. മലയാളം അറിയാത്ത കുട്ടികള്‍ നാട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്ക്കുപുറമെ നാടിനും വന്നഷ്ടമാണ് ഉണ്ടാക്കുകയെന്നതില്‍ സംശയമില്ല. വിദ്യാഭ്യാസ രംഗത്ത് ഗള്ഫ് നാടുകളില്നിന്നും ലഭിക്കുന്ന ഉയര്ച്ച അഭിമാനകരമാണെങ്കിലും മാതൃഭാഷ അന്യമായിപ്പോകുന്നത് ഖേദകരമാണെന്ന് രക്ഷിതാക്കളും സമ്മതിക്കുന്നു.
മലയാള ഭാഷ പഠിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ അന്യം നിന്നുപോകുന്ന മാതൃഭാഷയുടെ മധുരവും മാഹാത്മ്യവും ഇത്തരം കുട്ടികള്ക്ക് പകര്ന്നു നല്കാനാകും. ഗള്ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്ക്ക് മലയാള ഭാഷാ പ്രചരണത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
Prof. John Kurakar
No comments:
Post a Comment