A TIGER
FELL OFF A TRUCK ON DOHA EXPRESSWAY
ഖത്തറിലെ തിരക്കേറിയ റോഡില്‍ കടുവയിറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി

ഖത്തറിലെ തിരക്കേറിയ റോഡില്‍ കടുവയിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണ് തിരക്കേറിയ ദോഹ ഹൈവേയില്‍ കടുവയെ കണ്ടത്. വാഹനത്തില്‍ കൊണ്ടുപോകവെ പിറകുവശത്തെ വാതിലിലൂടെ കടുവ റോഡിലേക്ക് വീഴുകയായിരുന്നു.റോഡില്‍ വീഴുന്നതിന്റെയും വാഹനങ്ങള്‍ക്കിടയിലൂടെ കടുവ നടന്നുനീങ്ങുന്നതിന്റെയും ഓടുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലെല്ലാം ദൃശ്യങ്ങള്‍ പ്രചരിച്ചു. വളരെ പെട്ടെന്നുതന്നെ കടുവയെ ഉടമസ്ഥന്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. വാര്‍ത്ത പ്രാദേശികമാധ്യമങ്ങള്‍ക്കു പുറമെ രാജ്യാന്തരമാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദോഹയിലെ അല്‍ റയാനിനു സമീപം ഹൈവേയില്‍ കടുവ ഇറങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 22 സ്ട്രീറ്റിലെ തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ കടുവ പോകുന്ന ദൃശ്യങ്ങള്‍ പലരിലും പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചു. ഹൈവേയില്‍ ഗതാഗതക്കുരുക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ അടിയില്‍ കയറി ഒളിക്കുകയായിരുന്നു കടുവ.വീട്ടില്‍ വളര്‍ത്തുന്നതായതിനാല്‍ ആരെയും ആക്രമിച്ചില്ല. ഒടുവില്‍ ഉടമയെത്തി കടുവയെ പുറത്തേക്കിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹൈവേയില്‍ ചിലര്‍ കടുവയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ ഉടമയും ഏതാനും ചിലരും ചേര്‍ന്ന് കടുവയെ പിടികൂടി വാഹനത്തിലേക്ക് തിരിച്ചു കയറ്റിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കഴുത്തില്‍ കെട്ടിയിരുന്ന ചങ്ങലയില്‍ പിടിച്ച് കടുവയെ ഒരാള്‍ നിയന്ത്രണത്തിലാക്കിയതിന്റെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങള്‍ക്കിടയിലൂടെ കടുവ പോകുന്നത് കണ്ട് ഞെട്ടിപ്പോയെന്ന് ഒരു വാഹനയാത്രികന്‍ പറഞ്ഞു. കടുവയെ ഉടമ കണ്ടെത്തിയെന്നറിഞ്ഞതോടെ പലരും ആശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധമാണെങ്കിലും പലപ്പോഴും വാഹനങ്ങളിലും മറ്റും ഇത്തരം മൃഗങ്ങളെ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വന്യമൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളായി കൈവശം വയ്ക്കുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയം നേരത്തെ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളതാണ്.പല ഖത്തരികളും സിംഹം, പുലി ഉള്‍പ്പടെ വന്യമൃഗങ്ങളെ വളര്‍ത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവയെ അനധികൃതമായി സൂക്ഷിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിനു പുറമെ പല ജിസിസി രാജ്യങ്ങളിലും സ്വദേശികളുള്‍പ്പടെയുള്ളവര്‍ വന്യമൃഗങ്ങളെ വ്യാപകമായി കൈവശം വയ്ക്കുന്നുണ്ട്. പലരും സിംഹം, പുലി, ചീറ്റ ഉള്‍പ്പടെയുള്ളവയെ വളര്‍ത്തുന്നുണ്ട്.വന്യമൃഗങ്ങള്‍ക്കൊപ്പമിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ചില ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.
ഖത്തറില്‍ ആഡംബരം കാണിക്കുന്നതിനായി സ്വദേശികള്‍ കാറിന്റെ മുന്‍സീറ്റിലിരുത്തിയും മറ്റും ചീറ്റകളെയും പ്രദര്‍ശിപ്പിക്കുന്നതും ഇത്തരം ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും മറ്റും ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് ഖത്തറിലെ നിയമങ്ങള്‍ക്ക് എതിരാണ്. വന്യ മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് ലൈസന്‍സില്ലാതെ ആയുധം കൈവശം വെക്കുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ്.ഖത്തറിലെ നിയമപ്രകാരം വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ആറുമാസം തടവും 1000 ഖത്തര്‍ റിയാല്‍ മുതല്‍ 10000 ഖത്തര്‍ റിയാല്‍ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് കുവൈറ്റില്‍ സ്വദേശിയായ സ്‌പോണ്‍സര്‍ അനധികൃതമായി വളര്‍ത്തിയിരുന്ന സിംഹം കടിച്ച് വീട്ടുജോലിക്കാരിയായ ഫിലിപ്പിനോ യുവതി കൊല്ലപ്പെട്ടിരുന്നു.
Prof. John Kurakar
No comments:
Post a Comment