കുരുതിക്കളമായി പാരീസ്
ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു. ഐ.എസ്. ഫ്രാന്‍സിനുനേരെ നടത്തിയ യുദ്ധമാണിതെന്ന് പ്രഖ്യാപിച്ച ഒലാദ്, ഭീകര്‍ക്കെതിരെ 'നിര്‍ദയം' പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു.
പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി 9.20-തോടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 1.50) ആക്രമണം ആരംഭിച്ചത്. പാരീസില്‍ ജനം രാത്രി ആഘോഷിക്കാനെത്തുന്ന ഇടങ്ങളായിരുന്നു അക്രമികളുടെ ലക്ഷ്യം. അക്രമികളെല്ലാവരും കറുത്തവേഷമാണ് ധരിച്ചിരുന്നത്. ഇക്കൊല്ലം ആദ്യം ഭീകരാക്രമണമുണ്ടായ ഹാസ്യവാരികയായ 'ഷാര്‍ലെ എബ്ദോ'യുടെ ഓഫീസിനടുത്താണ് ആക്രമണം നടന്ന സ്ഥലങ്ങളെല്ലാം.
അലിബെര്‍ത്തിലെ ലേ ക്ലാരിയണ്‍ ബാറില്‍ 9.20-തോടെ ആദ്യ വെടിയൊച്ച മുഴങ്ങി. രാത്രിയാഘോഷങ്ങളുടെ ഭാഗമായ വെടിക്കെട്ടാണെന്നാണ് ജനം ആദ്യം കരുതിയത്. പിന്നീടാണ് മുഖംമൂടിധാരിയായ ഒരാള്‍ തുരുതുരെ വെടിവെക്കുകയാണെന്ന് മനസ്സിലായത്.
ഇതിനുശേഷം ഇയാള്‍ റോഡിനപ്പുറമുള്ള ലിറ്റില്‍ കംബോഡിയ എന്ന ലഘുഭക്ഷണശാലയിലെത്തി വെടിയുതിര്‍ത്തു. പന്ത്രണ്ടോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടു.ഒരുമിനിറ്റിനകം അടുത്തസ്ഥലങ്ങളിലും വെടിവെപ്പുനടക്കുന്ന വിവരമെത്തി. അലിബേര്‍ത്തിന് തെക്കുഭാഗത്തുള്ള ലാ കാസ നോസ്ട്ര എന്ന പിസ വില്പനശാലയുടെ മട്ടുപ്പാവിലെത്തിയ അക്രമി അഞ്ചുപേരെ വധിച്ചു.ഈ സമയം സ്റ്റേദെ ദെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കുകയായിരുന്നു. പ്രസിഡന്റ് ഒലാദ് ഉള്‍പ്പെടെ എണ്‍പതിനായിരത്തോളം കാണികള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരം തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് ആദ്യ സ്‌ഫോടനമുണ്ടായി. തുടര്‍ന്ന് രണ്ട് സ്‌ഫോടനങ്ങള്‍കൂടി നടന്നു. ആദ്യ സ്‌ഫോടനശബ്ദം കേട്ടയുടന്‍ പ്രസിഡന്റിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മത്സരം ഫ്രാന്‍സ് 2-0ത്തിന് ജയിച്ചു.
സ്റ്റേഡിയത്തിന് പുറത്തെ രണ്ട് ഫാസ്റ്റ് ഫുഡ് വില്പനകേന്ദ്രങ്ങളിലും ലഘുഭക്ഷണശാലയിലുമായിരുന്നു സ്‌ഫോടനം. ഇവിടങ്ങളിലെത്തിയ മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യമായാണ് ഫ്രാന്‍സില്‍ ചാവേര്‍ സ്‌ഫോടനം നടക്കുന്നത്.തൊട്ടുപിന്നാലെ ലാ ബെലെ എക്വിപ് ബാറില്‍ വെടിവെപ്പ് നടക്കുന്നതായി വാര്‍ത്തയെത്തി. രണ്ടുപേര്‍ ബാറിന്റെ മട്ടുപ്പാവിലെത്തി മൂന്നുമിനിറ്റ് വെടിയുതിര്‍ത്തശേഷം കാറില്‍ കയറിപ്പോയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബാറിന് വെളിയിലും തറയിലും മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. 19 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.ബൂളെവാഡ് വോള്‍ട്ടയറിലെ ബാറ്റക്ലാന്‍ ഹാളിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. കാലിഫോര്‍ണിയന്‍ റോക്ക് സംഗീതസംഘമായ ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റലിന്റെ സംഗീതപരിപാടിക്കെത്തിയ 1500 പേരുണ്ടായിരുന്ന ഹാളില്‍ നാല് അക്രമികള്‍ അതിക്രമിച്ചുകടന്ന് വെടിവെച്ചു. 82 പേര്‍ മരിച്ചു. 20 പേരെ ബന്ദികളാക്കി.
സിറിയയില്‍ ഇടപെട്ടതിന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനെ ഒരാള്‍ പുലഭ്യം പറഞ്ഞെന്ന് ദൃക്‌സാക്ഷി പറഞ്ഞു.ഇതിനിടെ, പ്രസിഡന്റ് ഒലാദ്, പ്രധാനമന്ത്രി മാനുവെല്‍ വാല്‍സ്, ആഭ്യന്ത്രരമന്ത്രി ബെര്‍ണാഡ് കാസെനുവെ എന്നിവര്‍ അടിയന്തരയോഗം ചേര്‍ന്നു. പിന്നാലെ ഒലാദ് ടി.വി.യിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. 1,500 പട്ടാളക്കാരെ പാരീസിലെങ്ങും വിന്യസിച്ചു. സ്‌കൂളുകളും ലൈബ്രറികളും ചന്തകളുമടക്കമുള്ള എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളും അടച്ചു. പാരീസിലെ എല്ലാ കായികവിനോദങ്ങളും റദ്ദാക്കി.ഇതിനുശേഷമാണ് ആക്രമണം നടന്ന ബാറ്റക്ലാന്‍ ഹാളില്‍ കടക്കാന്‍ സുരക്ഷാസേനയ്ക്ക് ഉത്തരവ് നല്‍കിയത്. സേനയെത്തിയതോടെ അക്രമികളില്‍ മൂന്നുപേര്‍ സ്വയം പൊട്ടിത്തെറിച്ച് ജീവനൊടുക്കി. നാലാമനെ സേന വെടിവെച്ചുകൊന്നു.അക്രമികളില്‍ എട്ടുപേരും മരിച്ചെന്ന് പോലീസ് അറിയിച്ചു. ബാറ്റക്ലാനില്‍ മരിച്ച നാലുപേരെ കൂടാതെ, ഈ ഹാളിന്റെ പുറത്ത് കുറച്ചകലെയായി മറ്റൊരക്രമി സ്വയം പൊട്ടിത്തെറിച്ചു. എന്നാല്‍, കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍ രാജ്യമെങ്ങും തിരച്ചില്‍ നടക്കുന്നുണ്ട്.2004-ലെ മാഡ്രിഡ് ബോംബാക്രമണ പരമ്പരയ്ക്കുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്‌പെയിനിലെ മാഡ്രിഡില്‍ തീവണ്ടികളില്‍ ഒരേസമയം നടന്ന സ്‌ഫോടനങ്ങളില്‍ 191 പേരാണ് മരിച്ചത്. ഇക്കൊല്ലം ജനവരി ഏഴിനാണ് 'ഷാര്‍ലി എബ്ദോ'യുടെ ഓഫീസ് ആക്രമിച്ച് 12 പേരെ വധിച്ചത്.
Prof. John Kurakar
No comments:
Post a Comment