Pages

Tuesday, October 27, 2015

VAYALAR RAMAVARMMA

വിശ്വകവി വയലാര്രാമവര്മ്മ.
പി.സി.രേണുക
Vayalar Rama Varma is one of the most favorite lyricists of Malayalees. October 27 is the 40th death anniversary
              മലയാള ചലച്ചിത്ര ഗാനങ്ങളിലെ സുവര്‍ണ്ണ രേഖയാണ് വയലാര്‍ രാമവര്‍മ്മ. നിലാവിന്റെ രസഭേദങ്ങളും മഴയുടെ പകര്‍ന്നാട്ടങ്ങളും, കാറ്റിന്റെ അലസ ഗമനങ്ങളും പൂവുകളുടെ വര്‍ണ്ണ വൈവിധ്യവുമെല്ലാം മലയാളി കേട്ടറിഞ്ഞതും കണ്ടാസ്വദിച്ചതും വയലാര്‍ ഗാനങ്ങളിലൂടെയായിരുന്നു. അദ്വിതീയമായ കാവ്യ ചൈതന്യം കൊണ്ട് ആസ്വാദകരുടെ മനസ്സില്‍ കുളിരു പകര്‍ന്ന കവി എന്നതിലുപരി ജീവിതത്തെ ആഴത്തില്‍ നോക്കിക്കണ്ട തത്ത്വചിന്തകന്‍ ആയിരുന്നു വയലാര്‍. 40 വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നമ്മെ തേടി വരുന്നു... സ്വര്‍ഗകുമാരികളായി, ചിത്രശലഭങ്ങളായി... വയലാറിന്റെ ഓരോ ഗാനവും ലക്ഷണമൊത്ത ഓരോ കുഞ്ഞു കവിത തന്നെയായിരുന്നു. മോഹങ്ങളും സ്വപ്നങ്ങളും ആശകളും നിരാശകളും സന്തോഷവും സങ്കടവും എല്ലാം പൂര്‍ണ്ണ നിറവോടെ അദ്ദേഹം തന്റെ ഗാനങ്ങളിലാവാഹിച്ചു. സിനിമ അങ്ങിനെ ദൃശ്യവിസ്മയം മാത്രമല്ല, ആലോചനാമ്യതങ്ങളായ ഗാനങ്ങളുടെ കലവറ കൂടിയായി. ശരാശരി നിലവാരം പുലര്‍ത്തുന്ന സിനിമകള്‍ പോലും വയലാറെഴുതിയ സുഭഗവും, ശ്രുതിമാധുര്യമൂറുന്നതും, അര്‍ത്ഥ ഗാംഭീര്യവുമുളള ഗാനങ്ങളാല്‍ വിജയിച്ചു.  കറുപ്പിലും വെളുപ്പിലും കഥ പറഞ്ഞിരുന്ന സിനിമകളുടെ തിരശ്ശീലയില്‍ 'ഗാനരചന: വയലാര്‍' എന്നു ടൈറ്റില്‍ കാണുമ്പോഴേ മനസു നിറഞ്ഞിരുന്ന ഒരു കാലം!
യാന്ത്രികമായ ജീവിതത്തിന്റെ ആവര്‍ത്തന വിരസമായ ഇടവേളകളിലെല്ലാം വയലാറെഴുതിയ ഈരടികള്‍ നമ്മള്‍ അറിയാതെ മൂളിയിരുന്നു. സുഖവും ദു:ഖവും പ്രതീക്ഷയും സ്വപ്നങ്ങളുമെല്ലാം അദ്ദേഹം പാടിത്തന്ന വരികളുടെ അക്ഷരക്കൂടുകളില്‍ നാം സൂക്ഷിച്ചു വെച്ചു. സിനിമാകൊട്ടകകളില്‍ നിന്നും വാങ്ങിയ കൊച്ചു പാട്ടുപുസ്തകങ്ങള്‍ പ്രാര്‍ത്ഥന പോലെ മന:പാഠമാക്കി. പ്രണയം വിതുമ്പുന്ന മോഹന സമാഗമ വേളകളില്‍ പ്രണയികള്‍ 'പാരിജാതം തിരുമിഴി തുറന്നു' എന്നും, 'കായാമ്പൂ കണ്ണില്‍ വിടരും...' എന്നും മൂളി.. ദു:ഖം ചിറകടിക്കുന്ന വിട പറച്ചിലുകളില്‍ 'സുമംഗലീ നീയോര്‍മ്മിക്കുമോ' എന്നും 'സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍' എന്നും ചങ്കു പൊട്ടി പാടി..

വയലാര്‍ ഗാനങ്ങള്‍ വെറും പാട്ടുകളായിരുന്നില്ല. സമ്പുഷ്ടമായ കാവ്യബിംബങ്ങളുടെ അക്ഷയഖനിയായിരുന്നു. നിലാവില്‍ ജ്വലിക്കുന്ന ചന്ദ്രകാന്തം പോലെ അവ നമ്മുടെ മനസുകളെ പ്രകാശപൂരിതമാക്കി. 'മനസ്സൊരു മയില്‍പേട, മണിച്ചിറകുള്ള മയില്‍പേട, മാരിപ്പൂ കണ്ടും മാനപ്പൂ കണ്ടും മദിക്കും മയില്‍പ്പേട'' എന്ന ഗാനം മതി വയലാര്‍ ഗാനങ്ങളിലെ കാവ്യബിംബങ്ങളുടെ ആഴം അറിയാന്‍. അസ്ഥികള്‍ അഴിയിട്ട ഉടല്‍ക്കൂട്ടിലെ പാവം തടവുകാരിയായി മനസ്സിനെ സങ്കല്‍പ്പിച്ച മറ്റാരുണ്ട്! സ്വപനങ്ങളതിനെ വലവീശിപ്പിടിച്ച് സ്വര്‍ഗ്ഗ നര്‍ത്തകിയാക്കുന്നു പോലും..! അസാമാന്യമായ കല്‍പ്പനയായലും കാവ്യബിംബങ്ങളാലും സമ്പന്നമായ ആ ഗാനം വയലാറിലെ യഥാര്‍ഥ കവിയെ വരച്ചു കാണിക്കുന്നു.
പ്രണയം പോലെ പ്രണയഭംഗങ്ങളെയും വളരെ വാചാലമായാണ് വയലാര്‍ ആവിഷ്‌ക്കരിച്ചത്. നെഞ്ചു പൊട്ടി കരയുന്ന എത്രയോ കാമുക ഹൃദയങ്ങളെ വയലാര്‍ നമുക്ക് കാണിച്ചു തന്നിരിക്കുന്നു. 'സുമംഗലീ നീയോര്‍മ്മിക്കുമോ, സ്വപ്നത്തിലെങ്കിലും ഈ ഗാനം.. ' എന്നും, 'സന്യാസിനീ..' എന്നും, ' ആശ്ചര്യ ചൂഡാമണീ..' എന്നും, ''കണ്ണൂനീര്‍ മുത്തുമായ് കാണാനെത്തിയ..' എന്നും, ' പ്രേമഭിക്ഷുകീ..' എന്നും, 'മാനസ മൈനേ വരു..' എന്നുമെഴുതപ്പെട്ട വയലാര്‍ ഭാവന ഇന്നും നമ്മുടെ മനസ്സില്‍ വികാരത്തിന്റെ ഓളക്കുത്തുകള്‍ തീര്‍ക്കുന്നു.
സ്ത്രീ എന്ന പ്രതിഭാസത്തെയാണ് വയലാര്‍ ഗാനങ്ങളിലൂടെ ഏറ്റവും സുന്ദരമായി ആവിഷ്‌കരിച്ചത്. സ്ത്രീയെ ആരാധിക്കുവാനായിരുന്നു പ്രണയിക്കുന്നതിനേക്കാള്‍ വയലാറിന് ഇഷ്ടം. ''ചക്രവര്‍ത്തിനീ.. നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു, പുഷ്പ പാദുകം പുറത്തു വെക്കു നീ, നഗ്‌നപാദയായ് അകത്തു വരൂ..'' എത്ര ആരാധന കലര്‍ന്ന ക്ഷണം! അത് നിരസിക്കുവാന്‍ ഏത് പെണ്ണിനാണ് കഴിയുക? അതുപോലെ 'മൂകമായ് നിന്റെ ജ്വലിക്കുന്ന സൗന്ദര്യം മോഹിച്ചിരുന്നൂ ഞാന്‍...' എന്നും 'പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവ സ്ത്രീയാക്കും...' എന്നും, 'നിത്യകാമുകീ ഞാന്‍ നിന്‍ മടിയിലെ ചിത്ര വിപഞ്ചികയാവാന്‍ കൊതിച്ചു; ആ മൃണാള മൃദുലാംഗുലിയിലെ പ്രേമപല്ലവിയാകാന്‍ കൊതിച്ചു...' എന്നും, 'വിരഹിണീ.. പ്രേമവിരഹിണീ.. ഈറന്‍ കണ്ണുമായ് നിന്നെയും തേടി ഞാന്‍ ഈ അരക്കില്ലത്തില്‍ വന്നൂ..' എന്നും, 'നിങ്ങള്‍ പൂ വിടര്‍ത്തിയ സരോവരത്തിലെന്‍ ദേവിയുണ്ടോ ദേവീ..' എന്നും, 'നാദ സിരകളില്‍ പ്രിയദര്‍ശിനീ നിന്‍ മോതിരക്കൈ വിരല്‍ ഒഴുകുമ്പോള്‍ താനേ പാടാത്ത തന്തികളുണ്ടോ താളം പിടിക്കാത്ത ഹൃദയമുണ്ടോ..?' എന്നും, ' കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.. അഭിനന്ദനം നിനക്കഭിനന്ദനം..' എന്നും 'കര്‍പ്പുര കുന്നുംചെരിവില്‍ കളനൂപുര ശിഞ്ജിതമോടെ വരുമിവളെ സ്വീകരിക്കാന്‍ വഴി നീളെ പട്ടു വിരിക്കൂ കാറ്റേ വിരിക്കൂ വിരിക്കൂ പട്ടു വിരിക്കൂ' എന്നും, 'മുകളിലള്‍ത്താരയില്‍ മരതകക്കുമ്പിളില്‍ മെഴുകുതിരികള്‍ പൂവിടുമ്പോള്‍ ചിരി കൊണ്ടു നിലാവിന് നിറം കൂട്ടുമിവളെ ഞാന്‍ ചിറകുള്ള പൂന്തേരില്‍ കൊണ്ടുപോണു ' എന്നും എത്രയോ ആരാധനാ മന്ത്രങ്ങള്‍ നാം കേട്ടു..
സ്ത്രീയെ എന്നും ആദരവോടു കൂടിയേ വയലാര്‍ കണ്ടിട്ടുള്ളൂ. 'കുപ്പിച്ചില്ലുകളും റോസാദളങ്ങളും' എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ ഇതേ പറ്റി വയലാര്‍ പറയുന്നുണ്ട്. 'പുരുഷന്‍ സഞ്ചാരിയാണ്. സ്ത്രീ പ്രസവിക്കുന്നവളായതിനാല്‍ അവള്‍ക്ക് ഏകാന്തതയും വിശ്രമവും ആവശ്യമായിരുന്നു. അങ്ങനെ ഇലകളും കമ്പുകളും കൊണ്ട് പുരുഷന്‍ അവള്‍ക്കായി വിശ്രമ സങ്കേതങ്ങളൊരുക്കി. അവള്‍ പ്രസവിച്ചു. പിറന്നു വീണ കുഞ്ഞിനെ പാലൂട്ടി സ്‌നേഹമൂട്ടി വളര്‍ത്തി. അവന്റെ കൊഞ്ചലിനൊത്ത് കൊഞ്ചി, ഭാഷയുടെ പ്രകാശ രേണുക്കള്‍ അവന്റെ മനസില്‍ വിതറി. അധ്വാനിച്ചു തളര്‍ന്നു വരുന്ന പുരുഷന്‍ ഓരോ വരവിലും ജീവിതത്തിന്റെ ഓരോ പാഠങ്ങള്‍ അവളില്‍ നിന്നും പഠിച്ചു തുടങ്ങി. കിട്ടുന്നതില്‍ ഒരംശം അവള്‍ നാളേക്കായി മിച്ചം വെച്ചു. അങ്ങനെ കുടുംബം എന്ന ശക്തമായ ഒരു ബന്ധം നിലവില്‍ വന്നു. അറിവിന്റേയും കലയുടേയും ഐശ്വര്യത്തിന്റേയും അധിദേവതയായി സ്ത്രീ മാറി. പക്ഷേ, പരശുരാമനെന്ന ഉഗ്രമായ പുരുഷ പ്രതീകം അതിനെ കീഴ്‌മേല്‍ മറിച്ചു. മാതാവായ രേണുകയുടെ ഗളഛേദം പിതാവിന്റെ കല്പനക്കൊത്ത് നിര്‍വഹിച്ചതോടെ മാതൃ സങ്കല്പം പുലര്‍ന്നിരുന്ന സമൂഹം പുരുഷാധിപത്യത്തിന് വഴിമാറി. സ്‌നേഹത്തിന്റേയും മാതൃത്വത്തിന്റേയും അപാരമായ ശക്തിയുടെ മേലാണ് പരശുരാമന്റെ മഴു പതിച്ചത് '. എത്ര ലളിതമായാണ് ഒരു സമൂഹത്തിന്റെ ചുവടുമാറ്റം വയലാര്‍ വരച്ചിട്ടത്. അല്ലേ? വയലാര്‍ എഴുതിയ ഈ പാട്ടാണ് ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നത്. ' പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതല്ല തിരകള്‍ വന്ന് തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല, മയിലാടും മലകളും പെരിയാറും സഖികളും മാവേലിപ്പാട്ടു പാടും ഈ മലയാളം സ്ത്രീയുടെ മനസ് ഒരു പക്ഷേ സ്ത്രീയേക്കാള്‍ മനസ്സിലാക്കിയ കവിയാണ് വയലാര്‍. അമ്മയായും കാമുകിയായും ദേവതയായും ആ കവിതകളില്‍ സ്ത്രീ നിറയുന്നു. അമ്മയോടുള്ള തന്റെ ഗാഢമായ ആത്മബന്ധം കുറിച്ചിട്ട 'അമ്മേ, അമ്മേ. അവിടുത്തെ മുമ്പില്‍ ഞാനാര്? ദൈവമാര്..?' എന്ന ഒറ്റ ഗാനം കൊണ്ട് സ്ത്രീയെ ദൈവത്തേക്കാള്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നു വയലാര്‍. അതെ ഈശ്വരനെ പോലും പെറ്റു വളര്‍ത്തിയതൊരു അമ്മയാണല്ലോ? അവരുടെ പാദങ്ങളിലാണ് മക്കളുടെ ജീവസ്വപ്നങ്ങള്‍ പൂത്തു തളിര്‍ക്കുന്നത്. അപ്പോള്‍ പിന്നെ ഭൂമിയിലെ കണ്‍കണ്ട ദൈവവും അമ്മ തന്നെ!
'പെണ്ണായി പിറന്നാല്‍ കണ്ണീരു കുടിക്കണ'മെന്നത് വിധിയുടെ കല്ലിനെ പോലും പിളര്‍ക്കുന്ന നീതിസാരം. 'തീരാത്ത ദു:ഖത്തിന്‍ തീരത്തൊരു നാള്‍ സ്ത്രീയായ് ദൈവം ജനിക്കേണം, ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ മേയും നാട്ടിന്‍ പുറത്ത് വളരേണം..' എന്നു വയലാറെഴുതിയത് അതിനോടുള്ള അമര്‍ഷം കൊണ്ടാവണം. 'പ്രാണസര്‍വസ്വമായ് സ്‌നേഹിച്ചൊരാളിനെ പ്രണയ വിവാഹം കഴിക്കേണം, അവള്‍ അവന് വിളക്കായ് എരിയേണം, പെണ്ണിന്റെ കണ്ണീരിന്‍ ആഴവും താപവും അന്നേ മനസിലാവൂ, ദൈവത്തിനന്നേ മനസിലാവൂ'... എന്നും അദ്ദേഹം എഴുതി. എത്ര ശക്തമായ വരികള്‍! പുരുഷന്‍ ജീവിതത്തെ ദൗതികവും ബൗദ്ധികവുമായി സമീപിക്കുമ്പോള്‍ സ്ത്രീ ആദ്യന്തം വൈകാരികമായാണ് അതിനെ നേരിടുന്നത്. സ്‌നേഹവും കരുതലും അവള്‍ക്കല്പം കൂടുതലായതാവാം കാരണം. അതിനെ കുറിച്ചും വയലാര്‍ എഴുതിയിട്ടുണ്ട്. തന്റെ 'പ്രേമവതിയായ കാമുകി താമസിക്കുന്ന ഗ്രാമം കാമുകന് സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായി തോന്നുന്ന'തിന് മറ്റെന്താവാം കാരണം?
 ദൈവം എന്ന ശക്തിയെ കല്ലിലോ വിഗ്രഹത്തിലോ ഒതുക്കി നിര്‍ത്താന്‍ വയലാര്‍ ഇഷ്ടപ്പെടുന്നില്ല. ദൈവം അനാദിയും അരൂപിയുമായ ഒരു ചൈതന്യമാണ് എന്നാണ് വയലാര്‍ പറയാതെ പറഞ്ഞത്. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍ മനസില്‍ ദൈവം ജനിക്കും. അല്ലാത്ത അവസ്ഥയില്‍ ദൈവം മരിക്കും. ജീവിക്കുമ്പോള്‍ നല്‍കാന്‍ മടിക്കുന്ന സ്‌നേഹവും ആര്‍ദ്രതയും മരിച്ചു കഴിഞ്ഞ് നല്‍കിയിട്ടെന്തു കാര്യം? 'മരിച്ചു ചെന്നാല്‍ സ്വര്‍ഗ്ഗകവാടം തുറക്കുമത്രേ ദൈവം. പക്ഷേ, പിറന്ന മണ്ണില്‍ മനുഷ്യപുത്രന് നിറഞ്ഞ ദു:ഖം മാത്രം..' എന്ന് കണ്ടറിയുന്ന വയലാര്‍ പണക്കാരന്റെ പൂജാമുറിയില്‍ പാല്‍പായസം കുടിച്ച് ആനന്ദിക്കുന്ന ദൈവത്തെ മാത്രമേ നിന്ദിക്കുന്നുള്ളൂ. ഈശ്വരന്‍ ഹിന്ദുവോ ഇസ്ലാമോ, ക്രിസ്ത്യാനി യോ, ഇന്ദ്രനോ, ചന്ദ്രനോ അല്ല അദ്ദേഹത്തിന്. അങ്ങനെ ഏതെങ്കിലും ചട്ടക്കൂടിനകത്ത് തളച്ചിടപ്പെടേണ്ട ഒന്നല്ല ഈശ്വരന്‍. സത്യം പറഞ്ഞ ക്രിസ്തുവിനെയും നബിയെയും സോക്രട്ടീസിനേയും ചതിച്ച മനുഷ്യനെയാണ് വയലാര്‍ വിമര്‍ശിച്ചതും പരിഹസിച്ചതും.
പ്രണയത്തെ ഇത്രയും മനോഹരമായി ചിത്രീകരിച്ച മറ്റൊരു ഗാനരചയിതാവില്ല. 'വസുമതീ ഋതുമതീ'' എന്ന ഗാനം നോക്കൂ. ഭാഷയുടെ ഏറ്റവും മനോഹരമായ സമ്മേളനം കൊണ്ട് ഉദാത്തമായൊരു കൊച്ചു കവിത തന്നെയാണത്. അതു പോലെ എത്രയെത്ര ഗാനങ്ങള്‍! 'സ്വര്‍ഗ്ഗപുത്രീ നവരാത്രീ;, 'ഉത്തരായണക്കിളി പാടീ', 'വെണ്‍ചന്ദ്രലേഖയൊരപ്‌സര സ്ത്രീ', 'വെണ്ണ തോല്‍ക്കുമുടലോടെ.. ഇളം വെണ്ണിലാവിന്‍ തളിര്‍ പോലെ ', ' കാറ്റിന് കുളിര് കോരീ ', ' ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു '', ' ഹിമവാഹിനീ ഹൃദയഹാരിണീ'', 'സീമന്തിനി നിന്റെ ചൊടികളിലാരുടെ ', 'സഹ്യാദ്രി സാനുക്കള്‍ എനിക്കു നല്‍കിയ സൗന്ദര്യ ദേവത നീ', ' ജനുവരിയുടെ മുടി നിറയെ ജമന്തി പൂക്കള്‍ ', 'മംഗലംകുന്നിലെ മാന്‍പേടയോ ', 'മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍', ' തളിര്‍ വലയോ താമര വലയോ ', 'തൊട്ടേനേ ഞാന്‍ മനസുകൊണ്ട് കെട്ടിപ്പിടിച്ചേനേ '', 'ഉറങ്ങിക്കിടന്ന ഹൃദയം നീ ഉമ്മ വെച്ചുമ്മവെച്ചുണര്‍ത്തീ', ' പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്', ' തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന '...... അതെ, പറഞ്ഞു തുടങ്ങിയാല്‍ അവസാനമില്ല... വയലാറിന്റെ പ്രണയഭാവന കൈവെക്കാത്ത തലങ്ങളില്ല. ഭാരതപ്പുഴയിലെ ഓളങ്ങളും ആലുവാ പുഴയുടെ തീരങ്ങളും പാടിയ എത്രയെത്ര പ്രണയകവിതകള്‍! പ്രേമം എന്ന ദിവ്യമായ അനുഭൂതിയെപ്പറ്റി വയലാര്‍ എഴുതിയ ഈ ഗാനം പോലെ അനശ്വരമായ വരികള്‍ മറ്റേതുണ്ട്? : ' ഇതിഹാസങ്ങള്‍ ജനിക്കും മുമ്പേ ഈശ്വരന്‍ ജനിക്കും മുമ്പേ പ്രകൃതിയും കാലവും ഒരുമിച്ചു പാടീ പ്രേമം.. ദിവ്യമാമൊരനുഭൂതി... '
ഒരിക്കല്‍, ഒരാള്‍ വയലാറിനോട് ചോദിച്ചു: 'കവി എന്ന നിലയില്‍ അറിയപ്പെടുന്ന താങ്കള്‍ കേവലം സിനിമാ ഗാനങ്ങള്‍ക്കു വേണ്ടി ഭാവന അടിയറവു വെക്കുന്നത് ശരിയാണോ'? അതിന് വയലാര്‍ നല്‍കിയ മറുപടി ഇതായിരുന്നു.. 'ചലച്ചിത്രഗാനങ്ങളെ സാഹിത്യ രൂപമായി കാണാന്‍ .കഴിയാത്തവരോട് എനിക്ക് മറുപടിയില്ല. ഒറ്റ ശ്ലോകങ്ങളെയും ഭാവഗീതങ്ങളെയും സാഹിത്യ രൂപമായി ഗണിക്കാമെങ്കില്‍ ഇതും അത്തരത്തില്‍ പെട്ടതാണ്.' ആരാണ് ഏറ്റവും നല്ല പാട്ടെഴുത്തുകാരന്‍ എന്നു ചോദിച്ച വ്യക്തിയോട് സംശയലേശമില്ലാതെ 'വയലാര്‍ രാമവര്‍മ്മ ' എന്നു മറുപടി പറഞ്ഞതും രസകരമായ സംഭവമാണ്. പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത് വയലാര്‍ നമുക്ക് പകര്‍ന്നു നല്‍കിയ അമൃതകുംഭം കാലമെത്ര കഴിഞ്ഞാലും ഇവിടെ ബാക്കിയാവും.

 1928 മാര്‍ച്ച് 25നാണ് ആലപ്പുഴ ജില്ലയിലെ വയലാറില്‍ വെള്ളാരപ്പിള്ളി ശ്രീ.കേരളവര്‍മ്മയുടേയും വയലാര്‍ രാഘവ പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടേയും മകനായി വയലാര്‍ ജനിച്ചത്. ഇടത് പക്ഷ രാഷ്ട്രീയത്തോട് വ്യക്തമായ ചായ്‌വ് വയലാര്‍ പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ കവിതകളിലും നാടകഗാനങ്ങളിലും ചലച്ചിത്ര ഗാനങ്ങളിലും അതിന്റെ സാന്നിധ്യം കാണാം. നൂറു കണക്കിന് കവിതകളും ആയിരത്തില്‍പ്പരം നാടക ചലച്ചിത്രഗാനങ്ങളും കൈരളിക്കു സമ്മാനിച്ച വയലാര്‍ എന്ന നിത്യകാമുക കവി 1975 ഒക്ടോബര്‍ 27 നാണ് നമ്മെ വിട്ടുപിരിഞ്ഞത്. മതിയാകും വരെ, കൊതി തീരും വരെ ഈ നിത്യഹരിതഭൂമിയില്‍ വാഴാന്‍ കൊതിച്ച മനുഷ്യ സ്‌നേഹിയായിരുന്നു ആ വിശ്വകവി.

Prof. John Kurakar

No comments: