Pages

Sunday, October 25, 2015

ഭാരതത്തിൻറെ മതേതര സ്വഭാവം തകരാൻ പാടില്ല

ഭാരതത്തിൻറെ മതേതര സ്വഭാവം  തകരാൻ പാടില്ല
John Kurakarനാനാത്വത്തിലെ ഏകത്വമെന്ന ഇന്ത്യയുടെ മതനിരപേക്ഷ നിലപാടിന് ഒരോ ദിവസവും ക്ഷതമേറ്റുകൊണ്ടിരിക്കുന്നു. ജനങ്ങൾക്കിടയിൽ മതവൈരവും ജാതിവെറിയും അസഹിഷ്ണുതയും വളർത്താൻ വർഗീയശക്തികൾ അനുദിനം ശ്രമിക്കുന്ന അപകടകരമായ അവസ്ഥയിലാണിന്ന് ഭാരതത്തിൽ  കാണുന്നത് . . ജനങ്ങളെ  തമ്മിലടിപ്പിക്കുന്ന  വർഗ്ഗീയ ശക്തികളെ  നിലയ്ക്കു നിർത്തേണ്ടത്  രാജ്യത്തെ ഭരണാധികാരികളാണ്.  ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഫരീദാബാദിൽ രണ്ട് ദളിത് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിൽ  നീചമായി പ്രതികരിക്കാൻ ഒരു കേന്ദ്രമന്ത്രി എന്തുകൊണ്ട് തയ്യാറായി? ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാൽ അതിന് കേന്ദ്രസർക്കാർ ഉത്തരവാദികളല്ല എന്ന ക്രൂരമായ പ്രതികരണം ഒരു കേന്ദ്രമന്ത്രി നടത്താൻ എങ്ങനെ ധൈര്യപ്പെട്ടു? ഇത് വി കെ സിങ് എന്ന വ്യക്തിയുടെ ജൽപനമല്ല. രാജ്യം ഭരിക്കുന്ന ഉത്തരവാദപ്പെട്ട കസേരയിലിരിക്കുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയാണ്. ദളിത് പിഞ്ചുകുഞ്ഞുങ്ങളെ പട്ടിയോട് ഉപമിക്കുന്ന അധമ സംസ്കാരം കേന്ദ്രമന്ത്രിക്ക് ഉണ്ടായിരിക്കുന്നു.
ലോകമെന്തന്നറിയാത്ത കുരുന്നുകളെ സവർണ ഫാസിസ്റ്റുകൾ പെട്രോളൊഴിച്ച് തീകൊളുത്തിയതിൽ ഒരിറ്റു നോവുപോലും തോന്നാത്തത്ര വർഗീയവിഷം പുരണ്ട ഒരാളുടെ രാജ്യനീതി എന്തായിരിക്കും? ഇക്കാര്യത്തിൽ  പ്രധാനമന്ത്രിയുടെ മൗനവും  പ്രതിഷേധാർഹമാണ് .അഭിപ്രായങ്ങൾ പറയുന്നവരെയും വ്യത്യസ്ത നിലപാടുകളുള്ളവരെയും കൊന്നൊടുക്കി  വർഗീവാദികൾ അഴിഞ്ഞാടാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ബീഫ് കഴിച്ചുവെന്ന വ്യാജ ആരോപണത്തിന്റെ പേരിൽ ഒരാളെ മർദ്ദിച്ചുകൊന്ന രാജ്യത്ത് ദളിത് പിഞ്ചുകുഞ്ഞുങ്ങളെയും പെട്രോളൊഴിച്ച് കത്തിച്ചു. എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും മുഖത്ത് കരിമഷി ഒഴിക്കുന്നു. ഇനിയും ഈ ഫാസിസം സഹിക്കാൻ വയ്യ എന്നു പറഞ്ഞ് ഇവരെല്ലാം തന്നെ പുരസ്കാരങ്ങളും പദവികളും മടക്കി നൽകുന്നു. രാജ്യം ലോകസമക്ഷം ഇത്രയധികം അപമാനിതയായി നിൽക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല..ഇപ്പോഴാത്തെ പോക്ക്  ഇന്ത്യയെ സർവനാശത്തിലേയ്ക്കാണ് നയിക്കുക. മനുഷ്യജീവന് വർഗീയ മാടമ്പികൾ വിലയിടുന്ന കിരാതകാലത്തിലേയ്ക്ക് ദർശന സമ്പന്നമായ,നൂറ്റാണ്ടുകളുടെ മതേതര പാരമ്പര്യമുള്ള ,  ഒരു രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്ന ഫാസിസ്റ്റുശക്തികളെ നിലയ്ക്കുനിർത്താനുള്ള മനുഷ്യശബ്ദം ഉയരേണ്ടതുണ്ട്.
മതേതര പൗരബോധത്തിന്റെ കവചമണിയാൻ പുരോഗമനശക്തികൾ മനുഷ്യരെ പ്രാപ്തരാക്കണം. അതിനുള്ള ധീരമായ ചുവടുവെയ്പ്പുകൾ ആരംഭിക്കാൻ ഒട്ടും അമാന്തിക്കരുത്.രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തിലേക്കും അവരുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പൊളളലേൽക്കുന്നതിലേയ്ക്കും നയിച്ച ഹരിയാനയിലെ സുൺപെഡ് ഗ്രാമത്തിലെ ജാതിവെറി ഇന്ത്യയുടെ മനഃസാക്ഷിയെ തന്നെ നടുക്കി..രണ്ടാഴ്ചകൾക്കുമുമ്പാണ് ഉത്തർപ്രദേശിലെ ഹമീർപൂരിൽ തൊണ്ണൂറു കഴിഞ്ഞ ദളിത് വയോധികനെ സവർണർ മഴുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. ക്ഷേത്രദർശനത്തിന് ശ്രമിച്ചുവെന്ന പാതകത്തിന്റെ പേരിലായിരുന്നു ആ ക്രൂരത. ഐഐടി പരീക്ഷയിൽ ഉന്നത വിജയം നേടിയ ദളിത് സഹോദരന്മാരുടെ യുപിയിലെ പ്രതാപ്ഗഡിലുളള വീടിനുനേരെ സവർണർ നടത്തിയ കല്ലേറാക്രമണം ജൂണിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ തലസ്ഥാന മേഖലയിൽപ്പെട്ട യുപിയിലെ നോയിഡയിൽ ഒക്ടോബർ എട്ടിന് സ്ത്രീകളും കുട്ടികളും അടക്കം ദളിത് കുടുംബത്തെ നഗ്നരാക്കി നടത്തിയത് നിയമപാലകരായ പൊലീസ് അധികാരികളാണ്. അടുത്തകാലത്ത് ദളിതർക്കുനേരെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നടന്ന കൂട്ട അതിക്രമങ്ങളും തീവയ്പും മറക്കാറായിട്ടില്ല.
ദളിതർക്കുനേരെ അതിക്രമം നടക്കാത്ത ഒരു ദിവസംപോലും ഇല്ലെന്നതായിരിക്കുന്നു രാജ്യത്തെ പൊതുസ്ഥിതി. ദളിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ ദുർബല ജനവിഭാഗങ്ങൾ ആകെ ദൈനംദിനം ആക്രമണത്തിന് ഇരകളാവുന്ന തികച്ചും പ്രതിലോമകരമായ രാഷ്ട്രീയാന്തരീക്ഷം രാജ്യത്താകെ വളർന്നുവന്നിരിക്കുന്നുവെന്നതാണ് അനിഷേധ്യമായ യാഥാർഥ്യം. ദളിതർക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങൾക്കൊപ്പം ഗോമാംസത്തിന്റെയും മറ്റും പേരിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ നടക്കുന്ന നരനായാട്ടും സംഘടിത കൊലപാതക പരമ്പരകളും കൂട്ടിവായിക്കുമ്പോഴേ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രതിലോമ രാഷ്ട്രീയവും അത് സൃഷ്ടിക്കുന്ന ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷവും തിരിച്ചറിയാനാവൂ. ദളിതർക്കും  മതന്യൂനപക്ഷങ്ങൾക്കും എതിരെ പെരുകിവരുന്ന അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഉത്തരവാദികളായവരെ അപലപിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും സർക്കാർ തയാറാവണം.


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: