Pages

Tuesday, October 6, 2015

കലാപം കൂരിരുളിലാക്കിയ യെമനിൽ വിദ്യയുടെ പ്രകാശവുമായി യുഎഇ

കലാപം കൂരിരുളിലാക്കിയ യെമനിൽ വിദ്യയുടെ പ്രകാശവുമായി യുഎഇ
കലാപം കൂരിരുളിലാക്കിയ യെമനിൽ വിദ്യയുടെ പ്രകാശവുമായി യുഎഇ മുന്നോട്ട്. ഹൂതികളിൽ നിന്നു സഖ്യസേന വീണ്ടെടുത്ത തുറമുഖ നഗരമായ ഏദനിൽ യുഎഇയുടെ നേതൃത്വത്തിൽ പുനർനിർമിച്ച സ്‌കൂളുകൾ പ്രവർത്തനം തുടങ്ങി. ഒട്ടേറെ സ്‌കൂളുകൾ ഇതിനോടകം തുറന്നു. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ കൂടുതൽ സ്‌കൂളുകളുടെ പുനർനിർമാണം പുരോഗമിക്കുകയാണ്. ബലിപെരുന്നാൾ അവധിക്കുശേഷം എല്ലാ കുട്ടികളെയും സ്‌കൂളുകളിൽ എത്തിക്കാനുള്ള ബൃഹദ് പദ്ധതിയാണ് തയാറാക്കുന്നതെന്ന് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ ഡോ.മുഹമ്മദ് അൽ ഫലാഹി പറഞ്ഞു.
ഞായറാഴ്‌ച 33 സ്‌കൂളുകൾ തുറന്നു. ഹൂതി ഷെല്ലാക്രമണത്തിൽ 154 ലേറെ സ്‌കൂളുകളാണ് തകർന്നത്. ഇവയുടെയെല്ലാം അറ്റകുറ്റപ്പണി പൂർത്തിയാക്കി അടിസ്‌ഥാനസൗകര്യങ്ങളൊരുക്കും. വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള കുടിവെള്ള സംഭരണികളും റോഡുകളുമെല്ലാം തകർന്നിട്ടുണ്ട്. യുഎഇ നേതൃത്വത്തിൽ മറ്റു നിർമാണപ്രവർത്തനങ്ങളും നടന്നുവരികയാണ്. ഏദൻ പുനർനിർമാണ സമിതിയും ഇതുമായി സഹകരിക്കുന്നു. യെമൻ പഴയ പ്രതാപത്തിലേക്കു തിരിച്ചുവരാൻ യുഎഇ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഖാലിദ് ബഹയുമായുള്ള കൂടിക്കാഴ്‌ചയിൽ ഡോ. അൽ ഫലാഹി ഉറപ്പുനൽകി.ഇതരമേഖലകളിലും പുനർനിർമാണ പ്രക്രിയ പൂർത്തിയാക്കും. ഏദനിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല യുഎഇയുടെ ദൗത്യമെന്നും ഹൂതികളെ പൂർണമായും തുരത്തിയശേഷം യെമന്റെ എല്ലാ പ്രവിശ്യകളിലും നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും പറഞ്ഞു. ഏദനിൽ നിന്നു ജൂലൈയിൽ ഹൂതികൾ പിൻവാങ്ങിയശേഷം പതിനൊന്നു പദ്ധതികളാണ് റെഡ് ക്രസന്റ് ഏറ്റെടുത്തത്. കൗദ് ബീച്ച് പൂർണമായും പുനർനിർമിച്ചു. ദുരിതബാധിതരുടെ വീടുകളിൽ മാംസവും മറ്റു ഭക്ഷണസാധനങ്ങളും വസ്‌ത്രങ്ങളും എത്തിച്ചു. ആരോഗ്യമേഖലയിലും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കാഴ്‌ചയ്‌ക്കു വൈകല്യം സംഭവിച്ചവർക്കായി ഏദനിൽ അൽ നൂർ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങി. കുട്ടികൾക്കും വനിതകൾക്കുമുള്ള പ്രത്യേക ചികിൽസാകേന്ദ്രങ്ങളും തുടങ്ങി.
പരുക്കേറ്റവരെ ചികിൽസിക്കാനും മറ്റുമായി വിവിധക്യാംപുകളിലും യുഎഇ സഹായമെത്തിക്കുന്നു. യെമനിലേക്ക്‌ ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാൻ ഫൗണ്ടേഷൻ കഴിഞ്ഞമാസം 4000 ടൺ ഭക്ഷ്യസാധനങ്ങൾ അയച്ചിരുന്നു. യെമന്‌ ഈ വർഷം ഏറ്റവും കൂടുതൽ സഹായം ലഭിച്ചത്‌ യുഎഇയിൽ നിന്നാണ്. 160 കോടിയിലേറെ ദിർഹത്തിന്റെ സഹായം ലഭിച്ചതായാണു കഴിഞ്ഞ മാസത്തെ കണക്ക്. അടിയന്തര സഹായമായി ഭക്ഷണവും മരുന്നുകളും വസ്‌ത്രങ്ങളും യുഎഇ എത്തിച്ചിരുന്നു. ആക്രമണങ്ങളിൽ താറുമാറായ വൈദ്യുതി വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി 17 കോടി ദിർഹം നൽകി. ഭക്ഷണം 13.1 കോടി, മരുന്നുകൾ 7.3 കോടി, മറ്റു സഹായങ്ങൾ 5.8 കോടി എന്നിങ്ങനെയും നൽകി.
കൊല്ലപ്പെട്ടത് നാനൂറിലേറെ കുട്ടികൾ; പരുക്കേറ്റവർ 600
യെമനിലെ സ്‌ഥിതിഗതികൾ ഏറ്റവും പരിതാപകരമാണെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ലൈലാ സെറോഗ്വി. കുട്ടികളുടെ സ്‌ഥിതിയാണ് ഏറെ ദയനീയം. ഭീകരമായ ഈ അവസ്‌ഥ ഒഴിവാക്കാൻ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെട്ടു രാഷ്‌ട്രീയപരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. കൊല്ലപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം ഈവർഷം വളരെ ഉയർന്നുവെന്നത് ഞെട്ടിക്കുന്നതാണ്. മാർച്ച് 26നും ഓഗസ്‌റ്റിനും ഇടയ്‌ക്ക് നാനൂറിലേറെ കുട്ടികൾ കൊല്ലപ്പെടുകയും അറുനൂറിലേറെ കുട്ടികൾക്കു പരുക്കേൽക്കുകയും ചെയ്‌തു.
രാജ്യത്തെ 80 ശതമാനത്തിലേറെ ജനങ്ങളും കാരുണ്യം അർഹിക്കുന്നവരാണ്. യെമനിൽ സായുധ ഗ്രൂപ്പുകൾ കുട്ടികളെ റിക്രൂട്ട് ചെയ്യുകയും അപകടകരമായ ദൗത്യം ഏൽപിക്കുകയും ചെയ്യുന്നു. ആയുധങ്ങൾ കൈമാറാനും കുഴിബോംബുകൾ പാകിയ മേഖലകളിൽ കൂടി പോകാനും ഇവർ നിർബന്ധിതരാകുന്നു. യുദ്ധമുഖങ്ങളിൽ പോലും കുട്ടികൾക്കു പോകേണ്ടിവരുന്നതായാണു റിപ്പോർട്ട്. ആശുപത്രികൾക്കു നേരെ പോലും ആക്രമണങ്ങൾ ഉണ്ടാകുന്നു. ഈ വർഷം രണ്ടാം പാദത്തിൽ ആദ്യപാദത്തേക്കാൾ ആറിരട്ടി ആക്രമണങ്ങളുണ്ടായി. ഇതു കൃത്യമായ ആരോഗ്യപരിചരണം കിട്ടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു.
Prof. John Kurakar


No comments: