Pages

Sunday, September 13, 2015

ഭീകരപ്രവർത്തനങ്ങളിൽ ഇരകളാകുന്നത് നിരപരാധികൾ

ഭീകരപ്രവർത്തനങ്ങളിൽ 
ഇരകളാകുന്നത് നിരപരാധികൾ

John Kurakar               നിരപരാധികളായ മനുഷ്യരുടെ ജീവന്‍ കൊണ്ടാണ് ഭീകരർ പന്താടുന്നത്.. സ്വന്തം ജീവിതപ്രശ്‌നങ്ങളുമായി ജീവിതം കെട്ടിപ്പടുക്കാന്‍ മല്ലിടുന്ന സാധാരണക്കാരുടെ സ്വാസ്ഥ്യവും സ്വാതന്ത്ര്യവും സ്വപ്നങ്ങളുമെല്ലാം ഒളിച്ചുവെച്ച ബോംബുകൊണ്ട് ഒരൊറ്റ നിമിഷത്തില്‍ ചിതറിത്തെറിപ്പിക്കുന്നു. സ്വയം അറിയാതെ അവര്‍, ആരോ തമ്മിലുള്ള ശത്രുതയുടെ ബലിയാടുകളും രക്തസാക്ഷികളുമായി മാറുന്നു. ''വരൂ, ഈ തെരുവിലെ രക്തം കാണൂ'' എന്ന് മഹാകവി പാബ്ലോ നെരൂദ ഉദ്‌ഘോഷിച്ചത്
                 തെരുവുകളില്‍ അടിഞ്ഞുകൂടുന്ന നിരപരാധികളുടെ രക്തംകണ്ട് സഹിക്കവയ്യാതെയാണ്. നമ്മുടെ രാജ്യത്തെയും പലവേഷത്തിലെത്തുന്ന അതേ ദുര്‍ഭൂതങ്ങള്‍ പന്താടുന്ന സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് രാജ്യം ഒരിക്കലും മറക്കാത്ത, മറക്കാന്‍ പാടില്ലാത്ത ഏഴ് മലയാളികളടക്കം 188 നിരപരാധികളായ രക്തസാക്ഷികളെ സൃഷ്ടിച്ച 2006ലെ മുംബൈ സ്‌ഫോടനപരമ്പര. ഒമ്പതുവര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ രാജ്യത്തിനും ജനതയ്ക്കുമെതിരെ മാപ്പര്‍ഹിക്കാത്ത ആ യുദ്ധക്കുറ്റം ചെയ്തുകൂട്ടിയ 12 കുറ്റവാളികളെ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുകയാണ്. നിരോധിക്കപ്പെട്ട ഭീകരവാദസംഘടനയായ 'സിമി'യിലെ 12 പേരെയാണ് കുറ്റവാളികളായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചുപേര്‍ക്കെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. ഒരാള്‍ മതിയായ തെളിവില്ലാത്തതിനാല്‍ വിട്ടയയ്ക്കപ്പെട്ടിട്ടുണ്ട്. 'സിമി'യെ ഉപയോഗിച്ച് അന്താരാഷ്ട്ര പാക് ഭീകരവാദസംഘടനയായ ലഷ്‌കറെ തൊയ്ബ ആസൂത്രണം ചെയ്തതാണ് മുംബൈ സ്‌ഫോടനപരമ്പര. പ്രതിപ്പട്ടികയിലുള്ള പാക് ഭീകരരടക്കമുള്ള 15 പേരെ ഇനിയും പിടികിട്ടിയിട്ടില്ല. ഇവരില്‍ ഒമ്പതുപേര്‍ പാകിസ്താനികളും ആറുപേര്‍ ഇന്ത്യക്കാരുമാണ്. 829 പേര്‍ക്കാണ് ഈ ഭീകരാക്രമണത്തില്‍ പരിക്കേറ്റത്. ഇന്നും ജീവിക്കുന്ന രക്തസാക്ഷികളാണിവര്‍. അവരനുഭവിച്ചുതീര്‍ത്ത തീരാദുരിതങ്ങള്‍ക്ക് കുറ്റവാളികള്‍ക്ക് പരമാവധിശിക്ഷ ഉറപ്പാക്കുക എന്നതാണ് നീതിന്യായവ്യവസ്ഥ നിര്‍വഹിക്കേണ്ട അടുത്ത ദൗത്യം. തിങ്കളാഴ്ച മുതല്‍ക്കാണ് ശിക്ഷയിന്മേലുള്ള വാദം തുടങ്ങുന്നത്.
                 1992ല്‍ ബാബറി മസ്ജിദിന്റെ തകര്‍ക്കലാണ് രാജ്യത്ത് മതവിദ്വേഷത്തിന്റെയും മതവൈരാഗ്യത്തിന്റെയും രാഷ്ട്രീയത്തിന് പുതിയമുഖം നല്‍കിയത്. അതേവര്‍ഷം ഡിസംബറിലും ജനവരിയിലുമായി മുംബൈയില്‍ 900 മനുഷ്യജീവനെടുത്ത കലാപത്തെ പിന്തുടര്‍ന്ന് 1993 മാര്‍ച്ചില്‍ 257 പേരുടെ ജീവനെടുത്ത മുംബൈ സ്‌ഫോടന പരമ്പര ഈ വൈര്യത്തെ ഒരു രാഷ്ട്രീയയുദ്ധത്തിന്റെ തലത്തിലേക്ക് വളര്‍ത്തുകയാണുണ്ടായത്. സ്‌ഫോടന പരമ്പരകളിന്മേല്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നത് താരതമ്യേന മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യയിലെ നീതിന്യായസംവിധാനം പക്ഷേ, മുംബൈ കലാപത്തില്‍ കൊല്ലപ്പെട്ട 900 മനുഷ്യജീവനുകളുടെ കാര്യത്തില്‍ നീതി ഉറപ്പുവരുത്തുന്നതില്‍ പരാജപ്പെട്ടു എന്നത് ദുഃഖകരമായ സത്യമാണ്. പില്‍ക്കാലത്ത് ഈ പരാജയം നിരപരാധികളെ കൊന്നെടുക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വളമായി മാറിയിട്ടുണ്ടെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. മരിച്ചവര്‍ക്ക് നീതി ഉറപ്പാക്കാന്‍ നീതിന്യായസംവിധാനങ്ങള്‍ക്ക് കഴിയണം. അതിനകത്തെ വിടവുകളാണ് രാജ്യത്തെ തുരങ്കംവെക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ആയുധമാകുന്നത്. പഴുതുകളില്ലാത്ത, കുറ്റമറ്റ ഒരു നീതിന്യായ സംവിധാനംകൊണ്ട് മാത്രമേ ഭീകരയുദ്ധങ്ങളെ ചെറുക്കാനാവൂ ഒരു  കുറ്റവാളിയും രക്ഷപെടുവാൻ  ഇടയാകരുത് .


                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: