Pages

Sunday, August 16, 2015

വധശിക്ഷ പരിഷ്കൃത സമൂഹത്തിനു ചേർന്നതാണോ ?

വധശിക്ഷ പരിഷ്കൃത സമൂഹത്തിനു  ചേർന്നതാണോ ?
അഡ്വ. പി.എ. മുഹമ്മദ് റിയാസ്
                ആയിരം വധശിക്ഷ നല്കിയാലും മതിയാവില്ലെന്ന് ചിലര്‍ക്ക് തോന്നിയേക്കാം. പക്ഷേ, മനുഷ്യത്വം എന്നൊന്നുണ്ടെങ്കില്‍ വധശിക്ഷയെ എങ്ങനെ അനുകൂലിക്കും?' ചരിത്രത്തില്‍നിന്ന് വര്‍ത്തമാന കാലത്തേക്ക് എത്തിപ്പെടുമ്പോള്‍ മനുഷ്യസമൂഹം ആക്രമണത്തില്‍നിന്ന് സമാധാനത്തിന്റെ പതാകാവാഹകരായി മാറുന്ന, എകാധിപത്യം ജനാധിപത്യത്തിന് വഴിമാറുന്ന ഈ കാലഘട്ടത്തിലും ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ വധശിക്ഷ പിന്തുടരുന്നു എന്നത് ഒരു പരിഷ്‌കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം നാണക്കേടുളവാക്കുന്നതാണ്.ഇപ്പോഴും ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഈ രീതി പിന്തുടരുന്നു. വധശിക്ഷ പണ്ടുകാലം മുതല്‍ക്കേ മിക്ക സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു. നിലവില്‍ 58 രാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നുണ്ട്. 97 രാജ്യങ്ങളില്‍ നിയമംവഴി നിര്‍ത്തലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല.
                     ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2007, 2008, 2010 വര്‍ഷങ്ങളില്‍ വധശിക്ഷയ്‌ക്കെതിരേ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും ലോകജനസംഖ്യയുടെ 60 ശതമാനം ജനങ്ങളും വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് താമസിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്‍ഡൊനീഷ്യ എന്നീ വധശിക്ഷ നിലവിലുള്ള രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ വധശിക്ഷയ്‌ക്കെതിരെയുള്ള പ്രമേയത്തിനെതിരെ വോട്ടും ചെയ്തിട്ടുണ്ട്.വധശിക്ഷയ്ക്ക് വിധേയരാകുന്ന കുറ്റവാളികളില്‍ ഏറിയകൂറും സമൂഹത്തിലെ ദരിദ്രപക്ഷപ്രതിനിധികളാണ് എന്നുകാണാം. എന്തുകൊണ്ടാണ് സമ്പന്നവിഭാഗങ്ങളില്‍ നിന്നുള്ള കൊടുംകുറ്റവാളികള്‍ പോലും പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നത്? ഇറാന്‍360, സൗദി അറേബ്യ82, ഇറാഖ്68, അമേരിക്ക 43, യെമന്‍41 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ 2012ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം. ഇപ്പോഴും വധശിക്ഷയുള്ള രാജ്യങ്ങളില്‍ കുറവായേ ഇത് നടപ്പാക്കുന്നുള്ളൂ (തയ്‌വാന്‍, സിംഗപ്പൂര്‍ എന്നിവ ഉദാഹരണം). 2008നു ശേഷം 2010 വരെ ഇന്‍ഡൊനീഷ്യയില്‍ വധശിക്ഷകളൊന്നും നടന്നിട്ടില്ല. സിംഗപ്പൂര്‍, ജപ്പാന്‍, തയ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവയാണ് ഇപ്പോഴും വധശിക്ഷയുള്ള വികസിതരാജ്യങ്ങള്‍. ദരിദ്രവും അവികസിതവും ഏകാധിപത്യ ഭരണവുമുള്ള രാജ്യങ്ങളാണ് പൊതുവില്‍ വധശിക്ഷ കൂടുതല്‍ ഉപയോഗിക്കുന്നത്. 1980കളില്‍ ലാറ്റിനമേരിക്കയില്‍ ജനാധിപത്യം വളര്‍ന്നതോടൊപ്പം വധശിക്ഷ കുറയുകയും ചെയ്തു.പ്രാചീന ഇന്ത്യയില്‍, ശിക്ഷ നിശ്ചയിക്കുന്ന കാര്യത്തില്‍ ഭരണാധിപന് ഉണ്ടായിരുന്ന അധികാരം അനിയന്ത്രിതവും അഭേദ്യവുമായിരുന്നു. കൊലപാതകിയുടെ ജീവന്‍ നശിപ്പിക്കുന്നതിനുള്ള ആജ്ഞ നല്‍കല്‍ മാത്രമല്ല, ഏതുപ്രകാരത്തില്‍ ആയിരിക്കണം ജീവന്‍ നശിപ്പിക്കേണ്ടതെന്നു കൂടി തീരുമാനിക്കാനുള്ള അധികാരവും രാജാവില്‍ നിക്ഷിപ്തമായിരുന്നു. അംഗവിച്ഛേദമാണ് നല്‍കപ്പെടുന്ന ശിക്ഷയെങ്കില്‍ ഏതവയവമാണ് ഛേദിക്കേണ്ടതെന്നും രാജാവുതന്നെ തീരുമാനിക്കും. വധശിക്ഷ നടപ്പില്‍ വരുത്തിയിരുന്നത്, ജ്വലിക്കുന്ന തീയിലേക്ക് വലിച്ചെറിഞ്ഞും കഴുത്തുവെട്ടിയും തൂക്കിലിട്ടും വലിച്ചിഴച്ച് അവയവങ്ങള്‍ വേര്‍പ്പെടുത്തിയും വണ്ടിച്ചക്രത്തില്‍ ശിരസ്സു കയറ്റിവെച്ച് ഞെരുക്കിയും വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചും കല്ലെറിഞ്ഞും ജീവനോടെ തൊലിയുരിച്ചും കൈവാള്‍കൊണ്ട് അറത്തുമുറിച്ചും ആനയെക്കൊണ്ട് ചവിട്ടിച്ചും നിര്‍ബന്ധിത ദ്വന്ദ്വയുദ്ധത്തില്‍ പെടുത്തിയും ക്രൂരമൃഗങ്ങളുടെ മുമ്പിലേക്കെറിഞ്ഞും തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കിയും ചുറ്റുപാടും കുറ്റിയടിച്ച് കെട്ടിനിര്‍ത്തി ശൂലമോ കുന്തമോകൊണ്ട് കുത്തിയും കുരിശില്‍ തറച്ചും കഴുത്തു ഞെക്കിയും അമ്പെയ്തും പട്ടിണികിടത്തിയും വിഷംകൊടുത്തും ഒക്കെ ആയിരുന്നു. ശിക്ഷ നല്‍കുന്ന ഭരണാധികാരിയുടെ മനോധര്‍മം പോലെ നൂതന സമ്പ്രദായങ്ങള്‍ അപ്പപ്പോള്‍ കണ്ടുപിടിച്ച് നടപ്പില്‍ വരുത്തിയിരുന്നു.
ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പാക്കുന്നത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ 1949ല്‍ തൂക്കിലേറ്റി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷയായിരുന്നു അത്. ഇന്ത്യയുടെ സുപ്രീംകോടതി വധശിക്ഷ, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ നടപ്പാക്കാവൂ എന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തകാലത്തായി ഇന്ത്യയില്‍ നടപ്പാക്കിയ വധശിക്ഷകള്‍ 2004ല്‍ ധനന്‍ജോയ് ചാറ്റര്‍ജി, 2012 നവംബര്‍ 21ന് അജ്മല്‍ കസബ്, 2013 ഫിബ്രവരി 9ന് അഫ്‌സല്‍ ഗുരു, 2015 ജൂലായ് 30ന് യാക്കൂബ് മേമന്‍ തുടങ്ങിയവരുടേതാണ്. 2013ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 476 പേര്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്. വധശിക്ഷയ്ക്ക് ഇരയാക്കപ്പെട്ടവരില്‍ 75 ശതമാനം പേരും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരും ന്യൂനപക്ഷങ്ങളുമാണെന്ന കണ്ടെത്തല്‍ ഗൗരവമായി കാണേണ്ടതുതന്നെയാണ്.

വധശിക്ഷകൊണ്ട് പ്രയോജനമില്ലെന്ന് ലോകവ്യാപകമായി അംഗീകരിച്ചിട്ടുണ്ട്. ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിക്കുക വഴി അയാള്‍ ചെയ്ത കുറ്റവും അതുണ്ടാക്കിയ നഷ്ടവും ഇല്ലാതാവുന്നില്ല. ഒരാള്‍ ചെയ്തുപോയ കുറ്റത്തെ അതേ കുറ്റം ചെയ്തുകൊണ്ടുതന്നെ തിരുത്താന്‍ ശ്രമിക്കുന്നത് ഇരയാക്കപ്പെട്ടയാളിന്റെ ബന്ധുക്കള്‍ക്കും കുറ്റവാളിയുടെ ബന്ധുക്കള്‍ക്കും ഒരുപോലെ നഷ്ടം വരുത്തു1മെന്നല്ലാതെ ആര്‍ക്കും പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കുന്നില്ല. മരണശിക്ഷ നടപ്പാക്കുന്നതിലൂടെ കുറ്റങ്ങളുടെ എണ്ണം കുറയുമെന്നത് ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല. കുറ്റാരോപിതരുടെയും വാദികളുടെയും സ്വാധീനവും സാമ്പത്തികസ്ഥിതിയും രാഷ്ട്രീയബന്ധങ്ങളും ഒക്കെ നീതിന്യായ സംവിധാനത്തെ സ്വാധീനിക്കുന്ന കാലത്ത് കുറ്റവാളിയെ നിരപരാധിയും നിരപരാധിയെ കുറ്റവാളിയും ആക്കി മാറ്റാന്‍ സാധ്യതയുള്ളതുകൊണ്ട് വധശിക്ഷ നിര്‍ത്തലാക്കുന്നതാണ് ഉചിതം. 'കണ്ണിനുപകരം കണ്ണ് എന്ന രീതി ലോകത്തെയാകെ ഇരുട്ടിലേക്ക് നയിക്കുമെന്ന' നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകള്‍ക്ക് ഇവിടെ പ്രസക്തി വര്‍ധിച്ചിരിക്കയാണ്.

Prof. John Kurakar


No comments: