പച്ചക്കറി ഉത്പാദനത്തിൽ
കേരളം സ്വാശ്രയത്വം നേടണം
കേരളം സ്വാശ്രയത്വം നേടണം
ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ മാത്രമേ നൽകു എന്ന് സർക്കാരിനു പറയാൻ കഴിയണം . ജനങ്ങൾക്ക് അത് വിശ്വസിക്കാനും കഴിയണം. ഈ വർഷത്തെ ഓണത്തിനു പച്ചക്കറി ഉത്പാദനത്തിൽ സ്വാശ്രയത്വം നേടാനുള്ള വഴി വെട്ടിത്തുറന്ന് സംസ്ഥാനത്ത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സൗഹൃദ കൂട്ടായ്മകളുമൊക്കെ രംഗപ്രവേശം ചെയ്തത് ആഹ്ളാദകരമായ ഒരു കാര്യമാണ് .അതിനു ഫലംഉണ്ടായി . സാധാരണ ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണമേന്മയില്ലാത്ത പച്ചക്കറികൾകൊണ്ട് കമ്പോളം നിറയുമ്പോൾ ഈ വർഷം അതിൽ ഒരു മാറ്റംകാണാൻ കഴിഞ്ഞു .. നമ്മുടെ മണ്ണിൽത്തന്നെ വിളയിച്ച പച്ചക്കറികൾ വില്പനയ്ക്കായി നാടെങ്ങും അണിനിരന്നിട്ടുള്ളത് അങ്ങേയറ്റം സന്തോഷം പകരുന്ന കാഴ്ചയായിരുന്നു .. വിഷമുക്തമെന്നു മാത്രമല്ല, താരതമ്യേന വിലയും കുറവാണെന്ന പ്രത്യേകത കൂടിയുണ്ട്. ഓണക്കാലത്ത് കൊള്ള വില നൽകാൻ നിർബന്ധിതരാകുന്ന ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയൊരു അനുഭവം തന്നെയാണ്.മനസ് വച്ചാൽ നമുക്ക് വേണ്ട പച്ചക്കറി വിഷമില്ലാതെ നമുക്ക് ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് .
ഓരോ കുടുംബവും ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കണം .സാമ്പത്തിക ലാഭം ,ആരോഗ്യം കാത്തുസൂക്ഷിക്കാം . ശരീരം അനങ്ങാതെ ,കുറ്റം മാത്രം പറഞ്ഞ് വീട്ടിരുന്നാൽ , തമിൾ നാട്ടിൽ നിന്ന് വരട്ടെ എന്നു പറഞ്ഞിരുന്നാൽ ആര്ക്കും രക്ഷിക്കാൻ കഴിയില്ല.മലയാളി മനസുവച്ചാൽ നമുക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും ഇവിടെത്തന്നെ പൂർണമായും ഉത്പാദിപ്പിക്കാൻ കഴിയും . സി.പി.എമ്മും സി.പി.ഐയും ഈ മേഖലയിലേക്കു കടന്നുവന്നത് ജനങ്ങളിൽ പുതിയ പ്രതീക്ഷകൾ ഉണർത്തിയിരിക്കുകയാണ്. വിഷമില്ലാത്ത പച്ചക്കറി ഉത്പാദനത്തിൽ വലിയ നേട്ടമാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 1025 ഓണച്ചന്തകളാണ് സി.പി.എം തുറന്നിരിക്കുന്നത്. സി.പി.ഐയുടെയും അതിനു കീഴിലുള്ള കിസാൻ സഭയുടെയും ആഭിമുഖ്യത്തിലുള്ള കർഷക കൂട്ടായ്മകൾ വിഷരഹിത പച്ചക്കറി ഉത്പാദനത്തിൽ കൈവരിച്ച നേട്ടം മാതൃകാപരമാണ്. ഒട്ടേറെ തരിശു നിലങ്ങളും കരഭൂമിയും കൃഷിയിടങ്ങളായി മാറ്റാൻ അവർക്കു കഴിഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ജനശ്രീയുടെ പ്രവർത്തനങ്ങളും വളരെ ഗുണം ചെതിട്ടുണ്ട് .സംസ്ഥാനത്തെ പൊതുവിപണിയിൽ ഈ ഓണക്കാലത്ത് പച്ചക്കറികൾക്ക് അഭൂതപൂർവമായ വിലക്കയറ്റം ഇല്ലാതെ പോയതിനു കാരണം കാർഷിക രംഗത്തുണ്ടായ പുതിയ കൂട്ടായ്മകളാണെന്ന് നിസംശയം പറയാം. ഓണത്തിനു മാത്രമല്ല, സാധാരണ ദിവസങ്ങളിലും ആവശ്യമായത്ര പച്ചക്കറികൾ നമ്മുടെ മണ്ണിൽത്തന്നെ ഉത്പാദിപ്പിക്കാവുന്നതേയുള്ളൂ. കാർഷിക മേഖലയിൽ നാടൊട്ടുക്കും ഇപ്പോൾ പ്രകടമായ നവോന്മേഷം നിലനിറുത്താനും കൂടുതൽ വിപുലമാക്കാനും കഴിയണം. അതിനു കഴിഞ്ഞാൽ അന്യദേശക്കാർ വിഷം പുരട്ടിവച്ചു നീട്ടുന്ന പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിച്ച് നിത്യരോഗികളാകുന്ന സ്ഥിതിയിൽ നിന്നു മോചനം നേടാനാകും. വീടിനു ചുറ്റും അല്പമെങ്കിലും ഭൂമിയുള്ള എല്ലാവരും പകർത്തേണ്ട കൃഷിപാഠം കൂടിയാണിത്. കർഷക കൂട്ടായ്മകൾക്കൊപ്പം കുടുംബങ്ങളും കൂടി സജീവമായി ഇടപെട്ടാൽ ഈ രംഗത്ത് സ്വാശ്രയത്വം കൈവരിക്കാൻ മാസങ്ങളേ വേണ്ടൂ. ഈ വർഷത്തെ ഓണം മലയാളികളുടെ മുന്നിൽ കാർഷിക സമൃദ്ധിയെക്കുറിച്ചുള്ള വലിയ സന്ദേശമാണ് സമർപ്പിക്കുന്നത്. ഓരോ പ്രദേശത്തെയും റെസിഡൻസ് അസോസിയേഷൻ ,മഹിളാ സമാജങ്ങൾ മറ്റ് കലാകായിക സമിതികൾ വീടുകളിൽ പച്ചക്കറി തോട്ടങ്ങൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണം . നല്ല അടുക്കള പച്ചക്കറി തോട്ടങ്ങൾക്ക് അവാർഡുകൾ നൽകണം . ഓരോ സ്ഥലത്തും ചെറുവിപണികളും അസോസിയേഷൻ -ൻറെ നേതൃത്വത്തിൽ ഉണ്ടാകണം . ഏതാനം വർഷത്തിനുള്ളിൽ പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വാശ്രയത്വം നേടണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment