മക്കള്‍ അന്ധര്‍;
ജീവിതം പ്രകാശഭരിതം
രമേഷ് പുതിയമഠം
പത്തു മക്കളില്‍ അഞ്ചുപേര്‍ക്കും കാഴ്‌ചയില്ലെന്നറിഞ്ഞപ്പോള്‍ അന്നമ്മ തളര്‍ന്നില്ല. ദാരിദ്ര്യത്തിനിടയിലും അവരെ പോറ്റിവളര്‍ത്തി. ദൂരേയ്‌ക്കുവിട്ട് പഠിപ്പിച്ചു.
അഞ്ചുപേരും ഉദ്യോഗസ്‌ഥരായി. ജീവിതത്തോട് പൊരുതി ജയിച്ച പാലാ കിഴപറയാറിലെ അന്നമ്മച്ചേട്ടത്തിയുടെ കഥ പുതിയ തലമുറയ്‌ക്കൊരു പാഠമാണ്.
അന്നമ്മച്ചേട്ടത്തിക്കിപ്പോള്‍ വയസ്സ് എണ്‍പത്. പ്രഷര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ രോഗമൊന്നുമില്ല. ദിവസവും ഇരുപതിലധികം ഈര്‍ക്കില്‍ ചൂലുകളുണ്ടാക്കി ഭരണങ്ങാനത്തെ സ്‌ഥാപനങ്ങളില്‍ വില്‍ക്കും.
ബാക്കി വരുന്നത് കവലയിലെ കടകളിലെത്തിക്കും. ആഴ്‌ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം അഞ്ചുകിലോമീറ്റര്‍ നടക്കും. വെറും നടത്തമല്ലത്. മേരിഗിരി പള്ളിയില്‍ പോയി പരമകാരുണികനായ തമ്പുരാനോട് നന്ദി പറയാനുള്ള പോക്കാണത്.
''പത്തുമക്കളെയാണ് ഞാന്‍ പ്രസവിച്ചത്. അതിലൊന്ന് അറുപത്തിയെട്ടാം ദിവസം മരിച്ചു. ബാക്കി ഒന്‍പതുപേരില്‍ അഞ്ചുപേരും കാഴ്‌ചശക്‌തിയില്ലാത്തവരാണ്. അവര്‍ക്കെല്ലാം മെച്ചപ്പെട്ട ജോലിയാണ്. മൂത്ത മകള്‍ ഏലമ്മ ഷിപ്പ്‌യാര്‍ഡില്‍ ഉദ്യോഗസ്‌ഥ.
മറിയാമ്മ കോട്ടയം സബ് ട്രഷറിയില്‍ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരി. ജോസ്‌മോന്‍ കോട്ടയം എസ്.ബി.ടിയില്‍. റോയ്‌മോന്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരന്‍. ജയ്‌സണ്‍ കാഞ്ഞിരപ്പള്ളി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍.
കാഴ്‌ചയുള്ള അച്ചാമ്മ (സിസ്‌റ്റര്‍ കാതറീന്‍) നേപ്പാളിലും റോസമ്മ(സിസ്‌റ്റര്‍ റോസിറ്റ) ഛത്തീസ്‌ഗഡിലും മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. തെയ്യാമ്മ ഭരണങ്ങാനം സ്‌കൂളില്‍ പ്യൂണ്‍, സെലിന്‍ വീട്ടമ്മയും. ഇവരെ തന്നതിന് തമ്പുരാനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.''
എട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു പോറലുമേറ്റിട്ടില്ല, അന്നമ്മച്ചേട്ടത്തിയുടെ ഓര്‍മ്മകള്‍ക്ക്. സ്വന്തം വിവാഹദിവസം മാത്രമല്ല, പത്തുമക്കളുടെയും പന്ത്രണ്ട് ചെറുമക്കളുടെയും ജനനത്തീയതി വരെ ഈ അമ്മൂമ്മയ്‌ക്ക് മനഃപ്പാഠം.
അന്ധരായ അഞ്ചുമക്കളെയും സ്വന്തം പ്രയത്നത്താല്‍ പഠിപ്പിച്ച് ഉയര്‍ന്ന നിലയില്‍ എത്തിച്ചതിനു പിന്നില്‍ വലിയൊരു ത്യാഗത്തിന്റെ കഥയുണ്ട്. അതെക്കുറിച്ച് പറയുകയാണ്, പാലാ കിഴപറയാറിലെ തോമയുടെ ഭാര്യ അന്നമ്മ.
1952 ജനുവരി ആറിനായിരുന്നു തോമാച്ചായന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയത്. അന്നു മുതല്‍ കുടുംബവീട്ടിലായി ഞങ്ങളുടെ താമസം. റബ്ബര്‍വെട്ടായിരുന്നു അച്ചായന് പണി. സഹായിക്കാന്‍ ഞാനും പോകും.
രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഞാനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവള്‍ക്ക് ഏലമ്മ എന്നു പേരിട്ടു. ഒരു വയസ്സ് കഴിഞ്ഞപ്പോള്‍ കുട്ടി നടക്കാന്‍ തുടങ്ങി.
നടത്തത്തിനിടയില്‍ പിടഞ്ഞുവീഴുന്നത് കണ്ടപ്പോഴാണ് കാഴ്‌ചശക്‌തിയില്ലെന്നറിഞ്ഞത്. എന്നിട്ടും തളര്‍ന്നില്ല. ഡോക്‌ടര്‍മാരുടെ അടുത്ത് പോയതുമില്ല. തമ്പുരാന്‍ ആദ്യമായി തന്ന കുഞ്ഞാണത്.
പണിക്കുപോലും പോകാതെ അവളെ വളര്‍ത്തി. ഏലമ്മയ്‌ക്ക് രണ്ടുവയസ്സായപ്പോഴാണ് അച്ചാമ്മ ജനിക്കുന്നത്. അവള്‍ക്ക് കാഴ്‌ചയ്‌ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഏലമ്മയ്‌ക്ക് അച്ചാമ്മ തുണയായി. മൂന്നാമത്തെ കുഞ്ഞായ ഔസേപ്പച്ചന് അറുപത്തിനാലാം ദിവസമാണ് പനി വന്നത്.
വീട്ടിനടുത്തുള്ള വൈദ്യന്മാരെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. നാലാം ദിവസം ഔസേപ്പച്ചന്‍ മരിച്ചു. നാലാമത് പിറന്നതും കാഴ്‌ചയില്ലാത്ത കുട്ടിയായിരുന്നു. മറിയാമ്മ. അച്ചാമ്മ സ്‌കൂളില്‍ പോയപ്പോള്‍ ഞാന്‍ പണിക്കുപോകുന്നത് നിര്‍ത്തി.
വൈകുന്നേരങ്ങളിലും രാവിലെയും വലിയ വീടുകളില്‍ നെല്ലുകുത്താനും വീട്ടുപണി ചെയ്യാനും പോയി. അഞ്ചാമത്തെ കുട്ടിയായ തെയ്യാമ്മയ്‌ക്കും ആറാമത് പിറന്ന റോസമ്മയ്‌ക്കും കണ്ണിനു കുഴപ്പമുണ്ടായില്ല. ഏഴാമനായ ജോസ്‌മോനായിരുന്നു കാഴ്‌ചയില്ലാത്തത്.
ആ സമയത്താണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ കണ്ണിന്റെ നല്ല ഡോക്‌ടറുണ്ടെന്നും ഓപ്പറേഷന്‍ ചെയ്‌താല്‍ ഏലമ്മയ്‌ക്ക് കാഴ്‌ച തിരിച്ചുകിട്ടുമെന്നും തൊട്ടടുത്തുതാമസിക്കുന്ന ഒരാള്‍ പറഞ്ഞത്. ഏലമ്മയ്‌ക്ക് അന്ന് പത്തുവയസ്സാണ്.
ഏലമ്മയുടെ കൈപിടിച്ച് മൂന്നുമാസം പ്രായമുള്ള ജോസ്‌മോനെ ഒക്കത്തിരുത്തി ഞാനൊറ്റയ്‌ക്ക് കോട്ടയത്തേക്കു പോയി. മറ്റു മക്കളെ നോക്കേണ്ടതിനാല്‍ തോമാച്ചന്‍ വീട്ടില്‍ത്തന്നെയിരുന്നു. 38 ദിവസമാണ് ആശുപത്രിയില്‍ താമസിച്ചത്.
രാവിലെ തോമാച്ചന്‍ ഭക്ഷണം കൊണ്ടുതന്ന് പെട്ടെന്നു തിരിച്ചുപോകും. അത്രയും നാള്‍ ജോസ്‌മോനെയും കൊണ്ട് വല്ലാതെ കഷ്‌ടപ്പെട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഏലമ്മയ്‌ക്ക് ഓപ്പറേഷന്‍ നടത്തി.
തൊട്ടടുത്ത ബെഡ്‌ഡില്‍ കിടക്കുന്ന രണ്ടു കുട്ടികള്‍ മരിച്ചതു കണ്ടപ്പോള്‍ ഞാനാകെ വല്ലാതായി. എനിക്കും പനിയും ചുമയും വന്നു. അപ്പോഴും രണ്ടു മക്കള്‍ക്കും വരരുതേയെന്നായിരുന്നു പ്രാര്‍ഥന.
ഓപ്പറേഷന്‍ ഉദ്ദേശിച്ച ഫലം ചെയ്‌തില്ല. ഏലമ്മയ്‌ക്ക് കാഴ്‌ച കിട്ടാന്‍ പ്രയാസമാണെന്ന് ഡോക്‌ടര്‍ വിധിയെഴുതി. അത്രയുംനാള്‍ കഷ്‌ടപ്പെട്ടത് വെറുതെയായി.
എട്ടാമത്തെ മകളാണ് സെലിന്‍. അവള്‍ക്കും കുഴപ്പമില്ല. പിന്നീടു ജനിച്ച രണ്ടാണ്‍മക്കള്‍ക്കും കാഴ്‌ചയില്ല. റോയ്‌മോനും ജയ്‌സണും. അങ്കമാലി കണ്ണാശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഭരണങ്ങാനത്ത് ക്യാമ്പ് നടത്തിയപ്പോള്‍ രണ്ടുപേരെയും കൊണ്ടുപോകാന്‍ പലരും നിര്‍ദ്ദേശിച്ചു.
പക്ഷേ എനിക്ക് താല്‍പ്പര്യമുണ്ടായില്ല. സിസ്‌റ്റര്‍മാരാണ് അവരെ കൊണ്ടുപോയത്. നിലവില്‍ നിഴല്‍പോലെ ചെറിയൊരു കാഴ്‌ചയുണ്ട്, രണ്ടുപേര്‍ക്കും. അത് നഷ്‌ടപ്പെടാതിരിക്കാന്‍ ഓപ്പറേഷന്‍ ചെയ്‌തേ പറ്റൂ എന്നു പറഞ്ഞപ്പോള്‍ സമ്മതിക്കേണ്ടിവന്നു.
കാഴ്‌ചയില്ലാത്ത അഞ്ചുമക്കളെയും പഠിപ്പിക്കാന്‍തന്നെ തീരുമാനിച്ചു. കുറച്ച് കഷ്‌ടപ്പെട്ടെങ്കിലും മൂന്നുപേരെ തലയോലപ്പറമ്പ് അന്ധ-ബധിര വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. ഏറ്റവും ഇളയ പിള്ളാരെ ആലുവ കീഴ്‌മാടിലെ സ്‌കൂളിലാക്കി.
ഹോസ്‌റ്റലിലായിരുന്നു അവരുടെ താമസം. ഒരു ദിവസം ചാച്ചന്‍ അവരെ കാണാന്‍ പോയി. വൃത്തിയില്ലാത്ത അടുക്കളയും മുറിയും കണ്ടപ്പോള്‍ അദ്ദേഹത്തിന് വിഷമം. വീട്ടില്‍ വന്ന് എന്നെ വഴക്കുപറഞ്ഞു.
''ഇനി മുതല്‍ അവര്‍ അവിടെ പഠിക്കേണ്ട. എല്ലാവരെയും ഞാന്‍ പോറ്റിക്കോളാം.'
പക്ഷേ ഞാന്‍ സമ്മതിച്ചില്ല.
പക്ഷേ ഞാന്‍ സമ്മതിച്ചില്ല.
''കഷ്‌ടപ്പെട്ടാലേ എന്തെങ്കിലും ജോലി കിട്ടുകയുള്ളൂ. നമ്മുടെ കാലശേഷം അഞ്ചുപേരും കാശിനുവേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടാന്‍ ഇടവരരുത്.'' ഞാന്‍ ചാച്ചനെ ഉപദേശിച്ചു. പിന്നീട് ചാച്ചനൊന്നും പറഞ്ഞില്ല. ഒന്‍പതു മക്കളെയും വളര്‍ത്തുന്ന കാര്യത്തില്‍ ചാച്ചനായിരുന്നു എന്റെ ശക്‌തി.
ചാച്ചന്‍ ഒരിക്കലും മദ്യപിച്ചിരുന്നില്ല. മക്കളെ ജീവനായിരുന്നു. ഇപ്പോഴത്തെ പിള്ളേരെപ്പോലെ ശാഠ്യങ്ങളൊന്നും ഒന്‍പതുമക്കള്‍ക്കുമില്ല. കപ്പയായിരുന്നു എന്നും രാവിലത്തെ ആഹാരം.
വൈകിട്ട് ചാച്ചന്‍ ആറ്റുമീന്‍ പിടിച്ചുകൊണ്ടുവരും. ഉച്ചയ്‌ക്ക് ചോറുണ്ടാവും. രാത്രി മിക്കപ്പോഴും കഞ്ഞി. ഒരു വലിയ പാത്രത്തില്‍ കഞ്ഞി ഒഴിച്ചുവച്ചാല്‍ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കും. പന, ഈന്തങ്ങ... തുടങ്ങി എന്റെ പിള്ളേര്‍ തിന്നാത്ത കായ്‌കനികളില്ല. പണ്ടൊക്കെ കുടപ്പനയായിരുന്നു.
അത് വെട്ടി ഇടിച്ചുകുറുക്കിയാല്‍ അടയുണ്ടാക്കാം. എന്തു കൊടുത്താലും കഴിക്കുന്ന സ്വഭാവമായിരുന്നു കുട്ടികള്‍ക്ക്. പശപ്പച്ചരി കൊണ്ടുള്ള ചോറാണ് സ്‌ഥിരമായി ഉപയോഗിക്കുന്നത്.
നല്ല അരിക്ക് 75 പൈസ കൊടുക്കണം. അത്രയും കാശ് ഞങ്ങള്‍ക്കില്ല. അന്ന് മൂന്നുരൂപയാണ് പണിക്കൂലി. അസ്സീസ്സിയിലെ അച്ചന്‍മാരുടെ സഹായം ഒരിക്കലും മറക്കാന്‍ കഴിയില്ല.
പുണ്യാളന്റെ തിരുനാള്‍ സമയത്ത് രണ്ടുപേര്‍ക്ക് വീടുവച്ചു കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. അതിലൊന്ന് ഞങ്ങള്‍ക്കായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഒരു വീടുണ്ടായത്. നാട്ടിലെ പണക്കാരായ പുത്തന്‍പുരക്കാരാണ് വീടിന് ഓടുവച്ചുതന്നത്.
തമ്പുരാന്റെ കൃപ കൊണ്ട് മക്കള്‍ക്ക് അസുഖമൊന്നും അധികമുണ്ടാവാറില്ല. വയറിളക്കം വന്നാല്‍ ജാതിക്ക കൊടുക്കും. തീരെ വയ്യാത്ത അവസ്‌ഥ വന്നാലാണ് ആശുപത്രിയിലേക്ക് പോകുന്നത്.
മക്കള്‍ എല്ലാവരും നന്നായി പഠിക്കുമായിരുന്നു. ഉഴപ്പുന്ന മനസായിരുന്നില്ല അവരുടേത്. മൂത്തമകന്‍ ജോസ്‌മോനോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു.
''ചാച്ചനെയും അമ്മച്ചിയെയും നോക്കാന്‍ നിങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ടു നന്നായി പഠിച്ച് മിടുക്കരാകണം.''
''ചാച്ചനെയും അമ്മച്ചിയെയും നോക്കാന്‍ നിങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ടു നന്നായി പഠിച്ച് മിടുക്കരാകണം.''
അവന്‍ ആ വാക്കുകള്‍ മറന്നില്ലെന്നു മാത്രമല്ല, കൂടപ്പിറപ്പുകളെ പറഞ്ഞ് മനസ്സിലാക്കിക്കുകയും ചെയ്‌തു. ചങ്ങനാശ്ശേരി എസ്.ബി.കോളജില്‍ പ്രീഡിഗ്രിക്ക് പഠിച്ച ജോസ്‌മോനെ കല്‍ക്കത്തയില്‍ ടീച്ചിംഗ് കോഴ്‌സിനു വിട്ടു.
അതു കഴിഞ്ഞപ്പോഴാണ് അറിയുന്നത് അധ്യാപകരേക്കാള്‍ ചാന്‍സുള്ളത് ടെലഫോണ്‍ ഓപ്പറേറ്റര്‍ക്കാണെന്ന കാര്യം. ആ കോഴ്‌സുള്ളത് തിരുവനന്തപുരത്താണ്. പക്ഷേ പോകാന്‍ 150 രൂപ വേണം.
പതിനഞ്ചു രൂപ തികച്ചെടുക്കാന്‍ കഴിയാത്ത ഞാനെങ്ങനെ ഇത്രയും പണമുണ്ടാക്കും? ഇന്നത്തെപ്പോലെ അന്ന് സഹായിക്കാനോ കടംതരാനോ ആരുമില്ല. കാരണം കടംവാങ്ങിച്ചാല്‍ കിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
നാലഞ്ചുപേരില്‍ നിന്നായി അത്രയും കാശ് കടമായി കിട്ടി. അതുകൊണ്ടാണ് അവനെ തിരുവനന്തപുരത്തേക്കയച്ചത്. കോഴ്‌സ് കഴിഞ്ഞപ്പോള്‍ അവന് സ്‌റ്റേറ്റ് ബാങ്കില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലി കിട്ടി. കോഴിക്കോട്ട്. ആറുവര്‍ഷം കഴിഞ്ഞ് കോട്ടയത്തേക്ക് മാറ്റംകിട്ടി. അതിനുശേഷം വിവാഹം കഴിച്ചു. രണ്ടു കുട്ടികളുമായി.
കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും പലപ്പോഴും രാത്രിയാവും. തൊണ്ട് ചവിട്ടി വള്ളം കടന്നുവേണം വരാന്‍. അത് വിഷമമായപ്പോള്‍ അവന്‍ ലോണെടുത്ത് മേരിഗിരിയില്‍ വീടുവച്ചു.
മൂത്തമകള്‍ ഏലമ്മയ്‌ക്ക് പിന്നീട് ഷിപ്പ്‌യാര്‍ഡില്‍ ജോലി കിട്ടി. ഇപ്പോള്‍ അവളും ഭര്‍ത്താവും കൊച്ചിയിലാണ് താമസം. തെയ്യാമ്മയ്‌ക്ക് പ്യൂണ്‍ പണിയുണ്ടായിരുന്നു. ശമ്പളത്തില്‍നിന്നും അവള്‍ ഒരു തുക സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റിവച്ചു.
അവള്‍ തരുന്ന പണത്തില്‍നിന്നും ബാക്കിവരുന്ന കാശുകൊണ്ട് ഞാനൊരു ചിട്ടി കൂടി. 25,000 രൂപ കിട്ടിയപ്പോള്‍ ഒന്‍പതു സെന്റ് സ്‌ഥലം വാങ്ങിച്ചു. അപ്പോഴേക്കും ചാച്ചന്‍ രോഗിയായി മാറിയിരുന്നു. അറ്റാക്ക് വന്നതോടെ അഞ്ചുവര്‍ഷം കിടപ്പിലായി. പിന്നീട് മരിച്ചു.
സ്വന്തം കുട്ടികളെ ആലോചിച്ച് ഞാനൊരിക്കലും വിഷമിച്ചിരുന്നില്ല. എന്നാല്‍ ചിലരുടെ വര്‍ത്തമാനം കേട്ടാല്‍ സങ്കടം വരും. എന്റെ ദോഷം കൊണ്ടാണ് അഞ്ചുമക്കളും അന്ധരായതെന്നായിരുന്നു ചിലര്‍ പറഞ്ഞുനടന്നിരുന്നത്.
നാലു കുഞ്ഞുങ്ങളെയും ഒറ്റക്കുടയില്‍ ചേര്‍ത്തുപിടിച്ച് ബസ് കാത്തുനിന്ന നാളുകള്‍ മറക്കാനാവില്ല. പിള്ളേര്‍ക്ക് സൗജന്യ പാസുള്ളതിനാല്‍ മിക്ക ട്രാന്‍സ്‌പോര്‍ട്ട് ബസ്സും നിര്‍ത്തില്ല.
നിര്‍ത്തുന്നതാവട്ടെ തിരക്കുള്ള ബസ്സും. അതിനിടയില്‍ ഞെങ്ങി ഞെരുങ്ങിയായിരിക്കും യാത്ര. ക്ഷീണിച്ച് സ്‌കൂള്‍ സ്‌റ്റോപ്പില്‍ ഇറങ്ങിയാല്‍ ഒരു നാരങ്ങാവെള്ളം പോലും വാങ്ങിച്ചുകൊടുക്കാനുള്ള കാശ് കൈയിലുണ്ടാവില്ല.
അതറിയുന്നതുകൊണ്ടാവും ഒരിക്കല്‍പോലും അവരത് ചോദിച്ചിട്ടുമില്ല. ചില സമയങ്ങളില്‍ തിരിച്ചുപോരാനുള്ള വണ്ടിക്കാശ് പോലും തരുന്നത് സ്‌കൂളിലെ സിസ്‌റ്റര്‍മാരാണ്. പത്തുപേരുടെയും സുഖപ്രസവമാണ്. ഒരു തുള്ളി രക്‌തം പോലും വേണ്ടിവന്നിട്ടില്ല.
ഒളശ്ശ അന്ധവിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ ജോസ്‌മോന്‍ എല്ലാ വെള്ളിയാഴ്‌ചയും വീട്ടിലേക്ക് വരും. ചില സമയങ്ങളില്‍ കൂടെ കണ്ണുകാണാത്ത രണ്ടോമൂന്നോ കൂട്ടുകാരുമുണ്ടാവും.
അവര്‍ വരുമ്പോള്‍ കൊടുക്കാന്‍ എന്തെങ്കിലും ഞാന്‍ മാറ്റിവയ്‌ക്കാറുണ്ട്. എന്നാല്‍ ഒരുതവണ വന്നപ്പോള്‍ വീട്ടില്‍ ഒന്നുമില്ല. കുട്ടികളെ കണ്ടപ്പോള്‍ എന്റെ ചങ്കിടിച്ചു.
''ഇന്നിവിടെ ഒന്നുമില്ലെടാ മക്കളേ''
ഞാന്‍ തുറന്നുപറഞ്ഞു.
''അമ്മച്ചിയുടെ കലത്തില്‍ കഞ്ഞിവെള്ളം കാണുമല്ലോ. ഞങ്ങള്‍ക്കതു മതി.''
ഞാന്‍ തുറന്നുപറഞ്ഞു.
''അമ്മച്ചിയുടെ കലത്തില്‍ കഞ്ഞിവെള്ളം കാണുമല്ലോ. ഞങ്ങള്‍ക്കതു മതി.''
ആ കുട്ടികളുടെ ബോധത്തെയോര്‍ത്ത് അദ്‌ഭുതപ്പെട്ടുപോയി. മുതിര്‍ന്നവര്‍ പോലും അത്രയും പക്വതയില്‍ സംസാരിക്കില്ല. ഞാന്‍ എവിടെപ്പോയാലും കണ്ണുകാണാത്ത അഞ്ചുപേരെയും കൂടെ കൊണ്ടുപോകും. അതിനൊരു നാണക്കേടും എനിക്കു തോന്നിയിട്ടില്ല.
എന്റെ ചോരയാണ് അവരുടെ ശരീരത്തിലോടുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കാര്‍ക്കും ഒരു കുറവുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനിപ്പോള്‍ സന്തോഷവതിയാണ്.
ഓണം, ക്രിസ്‌തുമസ്, ഈസ്‌റ്റര്‍ എന്നീ ആഘോഷങ്ങള്‍ വരുമ്പോള്‍ എല്ലാ മക്കളും എനിക്കൊപ്പമുണ്ടാവും. രണ്ടു കന്യാസ്‌ത്രീ മക്കളും കഴിഞ്ഞ അവധിക്ക് നാട്ടില്‍വന്ന് തിരിച്ചുപോയതേയുള്ളൂ.
ഓരോ ആഘോഷവും ഓരോ മക്കളുടെ വീട്ടിലാണ്. അവരുടെ സ്‌നേഹവും ഐക്യവും എന്നും നിലനില്‍ക്കണേ എന്നാണ് എന്റെ പ്രാര്‍ഥന.
Prof. John Kurakar
No comments:
Post a Comment