Pages

Tuesday, July 7, 2015

REV.FR.DR.K.M GEORGE-(ആഗോളവും ഈ-ഗോളവും)

ആഗോളവും -ഗോളവും

ഫാ. ഡോ. കെ. എം. ജോര്ജ്


 ആഗോളം എന്ന വിശേഷണപദം മലയാളത്തില്‍ സാധാരണ ഉപയോഗത്തിലായിട്ട്‌ എത്ര നാളായിക്കാണും? അഖില ലോകം, ലോകമാസകലം എന്നൊക്കെ പറഞ്ഞു വിശേഷിപ്പിച്ചിരുന്നത്‌ വലിയ കാര്യങ്ങളായിരുന്നു. ഇപ്പോളിതാ നമ്മുടെ കൊച്ചുകൊച്ചു കാര്യങ്ങളും സ്വകാര്യങ്ങളും 'ആഗോളതല'ത്തിലാണ്‌ അറിയപ്പെടുന്നത്‌.ഒരുള്‍നാടന്‍ ഗ്രാമത്തില്‍, എന്റെ സ്വന്തം വീടിന്റെ തിണ്ണയിലിരുന്ന്‌ ഞാന്‍ വിസ്‌തരിച്ച്‌ ഒന്നു തുമ്മിയെന്ന്‌ വിചാരിക്കുക. എന്റെ മുന്‍പിലിരിക്കുന്ന ഒരു വിരുതന്‍ തന്റെ ഫോണിലെ ക്യാമറക്കണ്ണിലൂടെ തല്‍ക്ഷണം ആ തുമ്മല്‍ പകര്‍ത്തി 'നെറ്റില്‍ അപ്‌ലോഡ്‌' ചെയ്യുന്നു. മുഖം നോക്കാതെയും മൂക്കു തെറിക്കാതെയും ഞാന്‍ അവതരിപ്പിച്ച നാടന്‍ തുമ്മല്‍ അതിന്റെ എല്ലാ ശബ്‌ദഘോഷങ്ങളോടും ധൂളി പടലങ്ങളോടുംകൂടി ആഗോളതലത്തില്‍ തല്‍ക്ഷണം സംപ്രേഷണം ചെയ്യപ്പെടുന്നു. ലോകത്തില്‍ ആര്‍ക്കും എവിടെയും സ്വന്തം മുഖത്ത്‌ തുപ്പല്‍ തെറിക്കാതെ, ആ തുമ്മല്‍ അതേനിമിഷം കണ്ട്‌ ആസ്വദിക്കാം. ബേപ്പൂര്‍ സുല്‍ത്താന്റെ മൂക്ക്‌ മാത്രമല്ല എളിയ ആരാധകനായ എന്റെ സ്വകാര്യ തുമ്മലും 'വിശ്വവിഖ്യാത'മായിത്തീരുന്നു. (ഇന്നായിരുന്നെങ്കില്‍ 'ആഗോള പ്രശസ്‌തമായ മൂക്ക്‌' എന്നായിരുന്നേനെ ബഷീര്‍ എഴുതുക)
mangalam malayalam online newspaperഈ ആഗോളത്തിനെല്ലാം കാരണം വാസ്‌തവത്തില്‍ (ഇ) ഇ-ഗോളമാണ്‌. നമ്മുടെ ഭൂഗോളത്തിനു മുകളില്‍ ഇലക്‌ട്രോണിക്‌സ് വിരിച്ച മാന്ത്രികവലയാണ്‌, തുഞ്ചത്താചാര്യന്‍ തൊട്ട്‌ തക്കിടിമുണ്ടന്‍ താറാവുവരെ സകലരെയും സകലത്തെയും ആഗോളമാക്കുന്നത്‌. ഒരിക്കല്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങിയിരുന്ന ചെറുകിട രാഷ്‌ട്രീയക്കാരും മതപ്രസംഗകരുമൊക്കെ ഇന്ന്‌ വേദിയില്‍ വരുമ്പോള്‍, അവരെ ആഗോള പ്രശസ്‌തരെന്നാണ്‌ സ്വാഗതസംഘ പ്രസംഗകര്‍ വിശേഷിപ്പിക്കുന്നത്‌. സംഗതി ശരിയല്ലെന്ന്‌ പറയാനാവുമോ?
          ഭൂമി ഒരു ഗോളമാണെന്ന്‌ പണ്ടേയ്‌ക്കു പണ്ടേ അറിവുള്ളവര്‍ക്ക്‌ അറിയാമായിരുന്നു. ഗ്രീസില്‍ പിഥഗോറസും ഇന്ത്യയില്‍ ആര്യഭടനും പിന്നെ മറ്റു പലരും അങ്ങനെ പറഞ്ഞിരുന്നെങ്കിലും, സൂര്യനും ചന്ദ്രനുമൊന്നും പോലും അന്ന്‌ ആഗോള പ്രശസ്‌തരായിരുന്നു എന്നു തോന്നുന്നില്ല. കാരണം, വെയിലാണെങ്കിലും നിലാവാണെങ്കിലും ഒരേ സമയം ഭൂഗോളത്തിന്റെ ഒരു വശത്തെ മാത്രമേ പ്രകാശിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നുള്ളൂ. മറുവശം ഇരുണ്ടിരിക്കും.
ഇപ്പോള്‍ നമ്മുടെ ഇ-ഗോളത്തില്‍ ഇരവുപകലുകളില്ല, കരയും കടലുമില്ല, കറുമ്പനും വെളുമ്പനുമില്ല. 'വേര്‍പാടിന്റെ നടുച്ചുവരു'കളെല്ലാം ഇ-ഗോളത്തില്‍ തകര്‍ന്നു വീണു. ഇ-മെയിലും ഇ-പേപ്പറും ഇ-കൊമേഴ്‌സും ഇ-ഡിപ്ലോമസിയും തുടങ്ങി സര്‍വവും ഇ-മയമായി മാറി. ഇ കാരമാണ്‌ നമ്മുടെ പുതിയ ഓങ്കാരം എന്ന നിലയിലായിട്ടുണ്ട്‌ കാര്യങ്ങള്‍.1960ല്‍ കാനഡാക്കാരന്‍ മാര്‍ഷല്‍ മക്ലുഹാന്‍ എന്ന മാധ്യമ പ്രവാചകന്റെ പേരിലാണ്‌ 'ഗ്ലോബല്‍ വില്ലേജ്‌' എന്ന ആഗോള ഗ്രാമ പ്രയോഗം പ്രചരിച്ചു തുടങ്ങിയത്‌. അന്ന്‌ മക്ലുഹാന്‍ വെറും സാദാ ടെലിവിഷന്‍ കണ്ടതേയുള്ളൂ. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇന്ന്‌ നമ്മുടെ ഇ-ഗോളത്തില്‍ കാണുന്ന തല്‍ക്ഷണ സംപ്രേഷണ സന്നാഹങ്ങളുമൊന്നും അവതരിച്ചിട്ടില്ല. എങ്കിലും ക്രാന്തദര്‍ശിയായ മക്ലുഹാന്‍ അന്നേ പ്രവചിച്ചു: 'അക്ഷരത്തിന്റെ അക്കര കണ്ട മനുഷ്യന്റെ ഇലക്‌ട്രോണിക്‌ മാധ്യമം ലോകത്തെ ഒരു ഗ്രാമമോ ഗോത്രമോ ആക്കി മാറ്റിയിരിക്കുന്നു. അവിടെ എല്ലാം എല്ലാവര്‍ക്കും ഒരേ സമയം സംഭവിക്കുന്നു. ഒരു സംഭവം നടന്നാല്‍ ആ നിമിഷംതന്നെ അതെല്ലാവരും അറിയുന്നു. എല്ലാവരും അതില്‍ ഭാഗഭാക്കുകളാകുന്നു. ആഗോളഗ്രാമത്തില്‍ നടക്കുന്ന എന്തിനും ഈയൊരു തല്‍ക്ഷണത നല്‍കുന്നത്‌ ടെലിവിഷനാണ്‌''.
       മക്‌്ലുഹാന്റെ ടെലിവിഷന്‍ മാധ്യമത്തില്‍നിന്ന്‌ എത്രയോ ബഹുദൂരം നാം സഞ്ചരിച്ചിരിക്കുന്നു. കൂടെക്കൊണ്ടു നടക്കാന്‍ കഴിയാത്ത ഭാരമേറിയ വലിയൊരു (വിഡ്‌ഢി)പെട്ടിയും അതിന്റെ ഇലക്‌ട്രിക്‌ പാശബന്ധനങ്ങളുമില്ലാതെ, സ്വന്തം കൈവെള്ളയില്‍ ലോകത്തെ മുഴുവന്‍ അനുനിമിഷം അനുധാവനം ചെയ്യാവുന്ന അവസ്‌ഥയിലേക്ക്‌ നാം വന്നിരിക്കുന്നു. ആ കരതലാ മൊബൈലിനെയും മറികടന്ന്‌ മനുഷ്യന്‍ ഇനിയും പോകും. ഇതൊക്കെ എങ്ങനെയാവും നമ്മുടെ മനുഷ്യസ്വഭാവത്തെയും ബന്ധങ്ങളെയും ലോകത്തിന്റെ ഭാവിയെയും ബാധിക്കുക എന്ന്‌ ഗൗരവമായി പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്‌.ഒരുവശത്ത്‌, എല്ലാ വ്യത്യാസങ്ങളും വൈവിധ്യങ്ങളും വേര്‍പാടുകളും മനുഷ്യസംസ്‌കാരത്തില്‍നിന്ന്‌ തുടച്ചുനീക്കുന്ന ഇ-ഗോള വ്യവസ്‌ഥ വിജയക്കൊടി നാട്ടുമ്പോള്‍തന്നെ, വേര്‍തിരിവുകളുടെ വിരുദ്ധ ധ്രുവങ്ങള്‍ എല്ലാ രംഗത്തും തിരനോട്ടം തുടങ്ങിക്കഴിഞ്ഞു. ലോകം ഒരു ഗ്രാമവും ഒരു ഗോത്രവുമാകുമെന്ന്‌ സ്വപ്‌നം കാണുന്നവര്‍ക്ക്‌ ഭയാനകമായ പേടിസ്വപ്‌നമാണ്‌ പുതിയ ആഗോളവിരുദ്ധത.
ഓരോ ഗ്രാമവും ഓരോ സംസ്‌കാരവും ഓരോ ഭാഷയും ജാതിയും ആചാരവും അതാതിന്റെ തനിമ നേടുന്ന തിരക്കിലാണിപ്പോള്‍. ആഗോളത്തില്‍നിന്ന്‌ അനാഗോളത്തിലേക്കുള്ള പിന്‍മടക്കം ഒട്ടും സമാധാനപൂര്‍ണമല്ല. അക്രമാസക്‌തവും രക്‌തരൂക്ഷിതവുമാണത്‌ പല സ്‌ഥലങ്ങളിലും. പക്ഷേ, രണ്ടു കൂട്ടരും ഒരേ സാങ്കേതികവിദ്യയാണ്‌ ഉപയോഗിക്കുന്നത്‌. ഒരേ മാധ്യമ സങ്കേതങ്ങളും ഒരേ യാത്രാ സൗകര്യങ്ങളും ഇരുകൂട്ടരും ഉപയോഗിക്കും. ഉദാഹരണത്തിനു ഇപ്പോള്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും വേനലാണ്‌.
          ഇവിടങ്ങളിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളില്‍ കാണുന്ന കാഴ്‌ച നമ്മെ ഇരുത്തി ചിന്തിപ്പിക്കും. വിവസ്‌ത്രതയാണ്‌ ആധുനിക സംസ്‌കാരത്തിന്റെ കൊടിയടയാളം എന്നു വിചാരിക്കുന്ന പാശ്‌ചാത്യര്‍, പ്രത്യേകിച്ചും സ്‌ത്രീകള്‍, പേരിനു മാത്രം ഒരു തുണ്ടു തുണി ശരീരത്തിലിട്ടുകൊണ്ട്‌ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ പരതിയും സംസാരിച്ചും നടക്കുന്നു. അവരോടു തോളുരുമ്മി, ശരീരമാസകലം മൂടി, കണ്ണുകള്‍ക്കു മുന്‍പില്‍ മാത്രം ചെറിയ വിടവിട്ടുകൊണ്ട്‌ നടക്കുന്ന യാത്രികരായ സ്‌ത്രീകള്‍. അവരും മൊബൈല്‍ ഫോണില്‍ സര്‍ഫ്‌ ചെയ്‌തും സംസാരിച്ചും നടക്കുന്നു. ശ്രദ്ധിച്ചാല്‍ മനസിലാകും, പലപ്പോഴും അവരുടെ കൈയിലിരിക്കുന്ന ഫോണുകള്‍ കൂടുതല്‍ വിലയേറിയതും സൗകര്യങ്ങളേറിയതുമാണ്‌. ഒരേ റസ്‌റ്റോറന്റുകളില്‍ അവര്‍ ഇരുകൂട്ടരും കയറുന്നു. ഒരേ വിമാനങ്ങളില്‍ സഞ്ചരിക്കുന്നു. പക്ഷേ, ഇരുകൂട്ടരുടെയും സംസ്‌കാരത്തിന്റെയും വിശ്വാസാചാരങ്ങളുടെയും അളവുകോലുകള്‍ വിരുദ്ധ ധ്രുവങ്ങളിലാണ്‌. അവിടെ സംഘര്‍ഷം എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം.
          ഭാവിയില്‍ സാമ്പത്തിക-രാഷ്‌ട്രീയ സംഘര്‍ഷങ്ങളല്ല, മതാധിഷ്‌ഠിതമായ 'സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടല്‍' ആണ്‌ ലോകത്തെ കാത്തിരിക്കുന്നത്‌ എന്ന്‌ പ്രവചിച്ച ഹാര്‍വഡ്‌ പ്രഫസര്‍ സാമുവല്‍ ഹണ്ടിങ്‌ടന്‌ തെറ്റുപറ്റാനിടയില്ലെന്ന്‌ ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്‌. പശ്‌ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങളും ഉരുത്തിരിയുന്ന ആശയ സംഘര്‍ഷങ്ങളും ഇത്തരുണത്തില്‍ നല്‍കുന്ന അടയാളങ്ങള്‍ ശ്രദ്ധേയമാണ്‌. അപ്പോള്‍ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക്‌ ഇപ്പോഴത്തെ ആഗോള വ്യവസ്‌ഥ അന്തിമ പരിഹാരം നല്‍കുന്നില്ല. ന്യായമായ തനതുകളെയും തനിമകളെയും നിഹനിക്കുന്ന ഒരു മാരകഭാവം അതിനുണ്ട്‌. അതിനുള്ള തിരിച്ചടികളും അതേ മാരകശേഷിയുള്ളതാണ്‌. സാങ്കേതികവിദ്യയുടെ വന്‍ നേട്ടങ്ങള്‍ രണ്ടുകൂട്ടരും ഒരുപോലെ ഉപയോഗിക്കും. ഇതാണ്‌ നമ്മുടെ ലോകത്തിന്റെ ധാര്‍മിക പ്രതിസന്ധി.

സമൂഹങ്ങള്‍ തമ്മില്‍ പരസ്‌പര ബഹുമാനവും ആതിഥ്യവും പുലര്‍ത്തുകയും ബഹുസ്വരതയെയും വൈവിധ്യങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാഗോള മാനുഷിക മൂല്യ വ്യവസ്‌ഥയാണ്‌ നാമന്വേഷിക്കേണ്ടത്‌. നമ്മുടെ രാഷ്‌ട്രീയ-സാമ്പത്തിക- മത സംവിധാനങ്ങള്‍ ഇത്തരമൊരു ആഗോളതയ്‌ക്ക് വിധേയപ്പെട്ടില്ലെങ്കില്‍ നമ്മുടെ ഇ-ഗോളം ഏതു നിമിഷത്തിലും തീഗോളമായി കത്തി നശിക്കാം.

Prof. John Kurakar

No comments: