മാര്ത്തോമ്മാശ്ലീഹാ
ഭാരതത്തിൽ
പരിശുദ്ധ തോമ ശ്ലീഹ
കേരളത്തില് വന്നിട്ടില്ലെന്നു ചില ചരിത്രകാരന്മാര്
ആവര്ത്തിച്ചു വാദിക്കുന്നു. വന്നിട്ടില്ലെന്നതിനു തെളിവുകളുണ്ടെന്നല്ല, മറിച്ച് വന്നിട്ടുണ്ടെന്നതിനു തെളിവുകളില്ല
എന്നാണവരുടെ വാദം. ചരിത്രം രേഖപ്പെടുത്തി
വയ്ക്കുന്ന സ്വഭാവമില്ലാതിരുന്ന ഒരു ജനത
അവരുടെ ജീവിതം എങ്ങനെയാണു ഭാവിതലമുറയ്ക്കുവേണ്ടി
അടയാളപ്പെടുത്തുക? ഇന്നത്തേതുപോലെ വര്ഷമാസദിവസങ്ങള് അനുക്രമം കുറിച്ചിടുന്ന വ്യവസ്ഥാപിതരീതിയിലല്ല,
ആളുകളില്നിന്ന് ആളുകളിലേക്കും ദേശങ്ങളില്നിന്ന് ദേശങ്ങളിലേക്കും വാമൊഴിയായി പകര്ന്നുപോകുന്ന ഐതിഹ്യങ്ങളിലും
കഥകളിലുമാണവ ഇടംകണ്ടെത്തുന്നത്.
തോമ്മാശ്ളീഹായുടെ
വരവും പ്രവര്ത്തനങ്ങളുമെല്ലാം അങ്ങനെയാണു നൂറ്റാണ്ടുകള് പിന്നിട്ടു
നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നത്. ചരിത്രം നമുക്കു തരുന്ന
അറിവിന്റെ ശകലങ്ങള് കൂട്ടിയിണക്കി നമ്മള്
ഒരു ചിത്രം മെനഞ്ഞെടുക്കുക
മാത്രമാണു ചെയ്യുക.നമ്മുടെ നാടിനു
പൌരസ്ത്യദേശങ്ങളുമായി സോളമന് ചക്രവര്ത്തിയുടെ കാലം
മുതലേ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. വ്യാപാരികള് യഹൂദരായിരുന്നു. അവര്ക്കുവേണ്ടതു മലബാര് തീരത്ത് സമൃദ്ധമായുണ്ടായിരുന്ന
സുഗന്ധവിളകളായിരുന്നു. ഏലം, കുരുമുളക്, കറുവ,
ചന്ദനം, തുടങ്ങിയവ. എ.ഡി.
നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാസാമ്രാജ്യം ദുര്ബലമായി. രണ്ടു നൂറ്റാണ്ടുകള് കൂടി
കഴിഞ്ഞപ്പോള് പേര്ഷ്യന് സാമ്രാജ്യവും തകര്ന്നു.
ഇതിനിടയില് യഹൂദരുടെ വാണിജ്യമേല്ക്കോയ്മ തകരുകയും
അറബികള് അതു കൈവശപ്പെടുത്തുകയും
ചെയ്യുന്നു. അതില്പിന്നെ പതിനഞ്ചാം ശതകത്തിന്റെ അന്ത്യവര്ഷങ്ങളില്
പോര്ട്ടുഗീസുകാര് ഇവിടെയെത്തുന്നതുവരെ അറബികളുടെ വ്യാപാരക്കുത്തക നിര്ബാധം
നിലനിന്നു.
ഈ ചരിത്രപശ്ചാത്തലം പരാമര്ശിച്ചത് ക്രിസ്തുവര്ഷം ഒന്നാംനൂറ്റാണ്ടില് ഒരു യഹൂദനായ
തോമ്മാശ്ളീഹായ്ക്ക് പലസ്തീനില് നിന്ന് ഇവിടെയെത്തുവാന്
അനുകൂലമായ യാത്രാസാഹചര്യമുണ്ടായിരുന്നു എന്നു സൂചിപ്പിക്കാനാണ്. പായ്ക്കപ്പലുകളിലും
പത്തേമാരികളിലും കാലവര്ഷക്കാറ്റിന്റെ അനുകൂലകാലഘട്ടം പ്രയോജനപ്പെടുത്തിയാണു യഹൂദവ്യാപാരിക ഇവിടെയെത്തിയിരുന്നത്.
അത്തരമൊരു ജലവാഹനത്തില് സെന്റ് തോമസ് ഇവിടെയെത്തിച്ചേരാനുള്ള
സാധ്യത ആര്ക്കും നിഷേധിക്കാവുന്നതല്ല. വി.
മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തില്
യേശു തന്റെ ശിഷ്യന്മാര്ക്ക്,
സ്വര്ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന സദ്വാര്ത്ത അറിയിക്കുവാന്
പറഞ്ഞയയ്ക്കുമ്പോള്, ഒരു പ്രത്യേകനിര്ദ്ദേശം
നല്കുന്നുണ്ട്: "ഇസ്രായേല്വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്.''
സമരിയാക്കാരിയോടു സംസാരിക്കുമ്പോള് യേശു അവളോടു പറയുന്ന
ഒരു കാര്യം കൂടി
ഇതോടു ചേര്ത്തു വായിക്കേണ്ടതാണ്: "രക്ഷ
യഹൂദരില്നിന്നാണ്.'' ആയിരത്താണ്ടുകളായി രക്ഷകനെ പ്രതീക്ഷിച്ചു കഴിയുന്ന
ഒരു ജനതയാണ് യഹൂദര്
അഥവാ ഇസ്രായേല്ക്കാര്. രക്ഷകന്
എന്ന
സങ്കല്പം അവര്ക്കു സ്വന്തമാണ്. അതു
മറ്റാര്ക്കും മനസ്സിലാവില്ല. അതുകൊണ്ടാണ് വിജാതീയരുടെ അടുത്തേക്കു നിങ്ങള് പോകേണ്ട എന്നു
യേശു ശിഷ്യരെ വിലക്കുകയും
കൂടി ചെയ്തത്. ഇവിടെയാണു
നമ്മള് ഒരു കാര്യം
പ്രത്യേകം ശ്രദ്ധിക്കേണ്ടത്.അപ്പസ്തോലന്മാര് സുവിശേഷം പ്രസംഗിക്കാന് പോയത്
പൌരസ്ത്യദേശങ്ങളിലുണ്ടായിരുന്ന
യഹൂദജനതയുടെ സമീപത്തേയ്ക്കാണ്. പല ഘട്ടങ്ങളിലുണ്ടായ
വിദേശാക്രമണങ്ങളുടെ ഫലമായി ചിതറിക്കപ്പെട്ടുപോയ ജനസമൂഹമായിരുന്നു
അന്നത്തെ ഇസ്രായേല്ക്കാര്. ദാവീദുരാജാവിന്റെയും പുത്രന് സോളമന്റെയും കാലത്ത്
സൈനികശക്തി കൊണ്ടും സമ്പദ്സമൃദ്ധികൊണ്ടും പ്രതാപപൂര്ണ്ണമായിരുന്ന
ഇസ്രായേലിന്റെ അനന്തരകാലം തകര്ച്ചയുടെയും പീഡനങ്ങളുടേതുമായിരുന്നു.
ബി.സി. 587 ല്
ബാബിലോണ് രാജാവ് നെബുക്കദ്നാസറും ബി.സി. 168 ല് സിറിയന്
രാജാവ് അന്തിയോക്കസ് എലിഫാനസും രാജ്യം ആക്രമിച്ചു
കീഴടക്കുകയും യഹൂദരെ അടിമകളാക്കി പിടിച്ചുകൊണ്ടു
പോകുകയും ചെയ്തു. അന്യദേശങ്ങളിലേക്ക് ഓടി
രക്ഷപ്പെട്ടവര് ധാരാളം. എ.ഡി.
70-ല് റോമന് ചക്രവര്ത്തി വെസ്പാസ്യന്റെ
പുത്രന് ടൈറ്റസിന്റെ നേതൃത്വത്തിലെത്തിയ സൈന്യം ജറൂസലേം ദൈവാലയം
കല്ലിന്മേല് കല്ലുശേഷിക്കാതെ ഇടിച്ചു നിരത്തുകയും നഗരം
തകര്ത്തുകളയുകയും ചെയ്തു. ഇത്തരം ആക്രമണങ്ങള്
നടക്കുന്ന ഓരോ ഘട്ടത്തിലും
ഇസ്രായേല്ക്കാര് കൂട്ടംകൂട്ടമായി പലായനം ചെയ്യുക പതിവായിരുന്നു.
അങ്ങനെയാണു ലോകത്തിന്റെ പല ഭാഗങ്ങളില്
യഹൂദകോളനികള് രൂപംകൊണ്ടത്.
വ്യാപാരബന്ധമുണ്ടായിരുന്നതുകൊണ്ട്
ഇസ്രായേല്ജനതയ്ക്ക് ഒട്ടൊക്കെ പരിചയമുള്ള ഭൂഭാഗമായിരുന്നു
മലബാര്. ഓരോ തവണ
വിദേശാധിനിവേശം ഉണ്ടാകുമ്പോഴും മറ്റു സ്ഥലങ്ങളിലേക്കെന്നതുപോലെ മലബാറിലേക്കും ഒരു
വിഭാഗം യഹൂദര് രക്ഷപ്പെട്ടുപോരുമായിരുന്നു. അങ്ങനെയാണു സെന്റ്
തോമസിന്റെ കാലമാകുമ്പോഴേക്കും കോഴിക്കോടു മുതല് കൊല്ലം
വരെയുള്ള തീരപ്രദേശങ്ങളില് നിരവധി യഹൂദകോളനികള് സ്ഥാപിതമായത്.
ഇസ്രായേലില് നിന്നും കൂട്ടം തെറ്റിപ്പോയ
ഈ ആടുകളുടെ അടുത്തേക്കാണ്
തോമസ് അപ്പസ്തോലന് രക്ഷയുടെ സന്ദേശവുമായി കടന്നുവന്നത്.
അത്തരമൊരു സമൂഹം ഇവിടെയുണ്ടായിരുന്നില്ലെങ്കില് അപ്പോസ്തലന് ഇവിടേക്കു
വരുമായിരുന്നില്ല.ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും കെട്ടുപിണഞ്ഞു രൂപംകൊള്ളുന്ന കഥകള് സാധാരണ ജനങ്ങളുടെ
വിശ്വാസസ്ഥിരതയ്ക്കു പ്രയോജനപ്പെടുത്താവുന്ന ഗുണപാഠങ്ങള് മാത്രമാണ്. അവയ്ക്കു നമ്മള്
ഏറെ പ്രാധാന്യം കൊടുക്കാന്
പാടില്ല. അതുപോലെ തന്നെ, തള്ളിക്കളയേണ്ട
ചരിത്രപരമായ അബദ്ധമാണു ശ്ളീഹാ ബ്രാഹ്മണരെ
ജ്ഞാനസ്നാനം ചെയ്യിച്ചു എന്ന കഥ
എന്ന് ഞാന് വിശ്വസിക്കുന്നു.കേരളക്രൈസ്തവര്ക്കു
പൊതുവെ ഈ ബ്രാഹ്മണപൂര്വ്വികതയോടാഭിമുഖ്യമുണ്െടന്നു
തോന്നുന്നു. അതിന്റെ പിന്നിലുള്ളതു ജാതിപരമായ
അപകര്ഷഭീതി മാത്രമാണ്. തങ്ങള് ഉയര്ന്ന
ജാതിയില്പെട്ടവരാണെന്നു വരുന്നത് അഭിമാനകരമായ ഒരു
കാര്യമാണല്ലൊ പലര്ക്കും. പക്ഷേ, ചരിത്രം
ഇതു സമ്മതിച്ചു തരുന്നില്ല.
സെന്റ് തോമസ് വരുന്ന കാലത്ത്
ഇന്നു കേരളമെന്നറിയപ്പെടുന്ന ഭൂഭാഗത്തേക്കു ബ്രാഹ്മണര് എത്തിയിരുന്നില്ല. ദക്ഷിണേന്ത്യയിലേക്കു
വ്യാപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണാധിനിനിവേശം അക്കാലത്തു പശ്ചിമഘട്ടത്തിനപ്പുറം വരെയേ
എത്തിയിരുന്നുള്ളൂ. പിന്നെയും മൂന്നു നൂറ്റാണ്ടുകള്ക്കു
ശേഷമാണു കേരളത്തിലേക്കു ബ്രാഹ്മണര് കൂട്ടത്തോടെ കടന്നുവരുന്നത്.മതസഹിഷ്ണുത ബ്രാഹ്മണര്ക്കു തീരെയില്ലെന്നു
കൂടി ഓര്ക്കുക.
കേരളത്തിലെ
യഹൂദകേന്ദ്രങ്ങളിലെത്തിയ സെന്റ് തോമസിനെ തദ്ദേശവാസികള്
അവരുടെ അയല്ക്കാരുടെ അതിഥിയായിട്ടാണു പരിഗണിച്ചത്. അദ്ദേഹം പറയുന്ന കാര്യങ്ങള്
നാട്ടുകാര്ക്കു മനസ്സിലാകുന്നവയായിരുന്നുമില്ല. ദൈവം മനുഷ്യനായി പിറക്കുക,
മനുഷ്യസമൂഹത്തെ പാപത്തിന്റെയും മരണത്തിന്റെയും പിടിയില് നിന്നു മോചിപ്പിക്കുക
എന്നൊക്കെ പറഞ്ഞാല് നാട്ടുകാര്ക്കൊന്നും എളുപ്പത്തില്
കാര്യം മനസ്സിലാവില്ല. പക്ഷേ, യഹൂദര് അങ്ങനെയല്ലല്ലൊ.
അവരുടെ ചിരപ്രതീക്ഷിതനായ രക്ഷകന് ജറൂസലേമില് അവതരിച്ചു
എന്ന അറിവു സസന്തോഷം
അംഗീകരിക്കാന് അവര്ക്കു കഴിയുമായിരുന്നു. പ്രത്യേകിച്ചു
മതവിശ്വാസമോ ആരാധനാരീതിയോ ഏകദൈവവിശ്വാസമോ ഇല്ലാതിരുന്ന തദ്ദേശവാസികള്ക്ക് ഒരു പുതിയ
മതം ഇവിടേക്കു കടന്നുവരുന്നതില്
ഉത്കണ്ഠയോ ആകുലതയോ ഉണ്ടാവേണ്ട കാര്യവും
ഇല്ലായിരുന്നു. അതുകൊണ്ട് അപ്പോസ്തലന്റെ കേരളത്തിലെപ്രവര്ത്തനങ്ങള്സുരക്ഷിതമായിരുന്നു.പക്ഷേ, ബ്രാഹ്മണര് ഉണ്ടായിരുന്ന
തമിഴകത്തേക്കു കടന്നപ്പോള് അനുഭവം വ്യത്യസ്തമായി. ലോകത്തിലെ
ഏറ്റവും ഉയര്ന്ന ജാതിക്കാരും വിശ്വാസികളും
തങ്ങളാണെന്ന് അഭിമാനം കൊണ്ടിരുന്ന ബ്രാഹ്മണര്ക്ക്
ദൈവപുത്രന്, മനുഷ്യരക്ഷകന്, മനുഷ്യാവതാരം, യേശുവിന്റെ ഉയിര്ത്തെഴുന്നേല്പ്, ജ്ഞാനസ്നാനം
തുടങ്ങിയ നൂതനാശയങ്ങള് സ്വീകാര്യമായിരുന്നില്ല. മാത്രവുമല്ല, ബ്രാഹ്മണരെക്കാള് ഉയര്ന്നവരായി മറ്റാരുമില്ലെന്നു വിശ്വസിച്ചിരുന്ന അവര്ക്കു അപ്പേസ്തലന്റെ സുവിശേഷപ്രഘോഷണം
അരോചകമായി. അങ്ങനെ ശ്ളീഹായ്ക്കു രക്തസാക്ഷിത്വം
വരിക്കേണ്ടി വരികയും ചെയ്തു. കേരളത്തില്
ബ്രാഹ്മണരുണ്ടായിരുന്നെങ്കില്
അതു കേരളത്തില്ത്തന്നെ സംഭവിച്ചേക്കാമായിരുന്നുതാനും.പാലയൂരിലെ യൂദാക്കുളത്തില് അപ്പോസ്തലന്
പ്രവര്ത്തിച്ചു എന്നു പറയുന്ന അത്ഭുതത്തിന്റെ
കഥയും യുക്തിസഹമല്ല. കുളത്തില് കുളിച്ചുകൊണ്ടിരുന്ന ബ്രാഹ്മണര്
ആകാശത്തിലേക്കു വെള്ളം ഉയര്ത്തിയെറിഞ്ഞു സൂര്യനമസ്കാരം
ചെയ്തിരുന്നതിനെ ശ്ളീഹാ പരിഹസിച്ചുവെന്നും വെള്ളത്തുള്ളികള്
അന്തരീക്ഷത്തില് നില്ക്കാതെ താഴേക്കു പോരുന്നത്
അവരുടെ ദേവന് ദൈവമല്ലെന്നതിനു തെളിവാണെന്നു
വാദിച്ചുവെന്നുമാണല്ലൊ ഐതിഹ്യം. ശ്ളീഹാ കൈക്കുടന്നയില്
വെള്ളമെടുത്ത് അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള് അവ താഴെ
വീഴാതെ തങ്ങി നിന്നത്രെ. അതുകണ്ട്
അവരില് പലരും യേശുവില് വിശ്വാസിക്കുകയും
ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തെന്നു കഥാന്ത്യം. മറ്റൊന്നുകൂടിയുണ്ട്.
ബ്രാഹ്മണര് സൂര്യനമസ്കാരം ചെയ്യുന്നതു വെള്ളം മുകളിലേക്കെറിഞ്ഞില്ല. കൈക്കുടന്നയില്
നിന്നു സാവകാശം താഴേക്കൊഴുക്കിയിട്ടാണ്. ( പാലയൂര് പള്ളി
തന്നെ ആണോ അതോ
കുന്നം കുളം ആര്ത്താറ്റ് പള്ളിയാണോ
മാര് തോമാ ശ്ലീഹ
സ്ഥാപിച്ചതെന്നു ഇപ്പൊഴും ഒരു സംശയ
നിവാരണത്തിനായി അവശേഷിക്കുന്നു.)പാലയൂര് - കുന്നംകുളം എന്നിവ
ഒരു യഹൂദജനവാസകേന്ദ്രമായിരുന്നു.
കുളത്തിനു
യൂദാക്കുളമെന്നു പേര്. സമീപപ്രദേശത്തെ കുന്നിന്
ഇന്നും യൂദക്കുന്നെന്നാണു പേര്. ജലസ്നാനം യഹൂദര്ക്കും
പതിവുള്ളതു തന്നെ. ജറൂസലേം ദേവാലയം
കിഴക്കായതുകൊണ്ട് ലോകത്തിലെവിടെയും യഹൂദര് കിഴക്കോട്ടു തിരിഞ്ഞു
നിന്നാണ് യാമപ്രാര്ത്ഥനകള് നടത്തിയിരുന്നത്. പാപത്തെക്കുറിച്ചു പശ്ചാത്തപിക്കുന്നവര് ജലം കൊണ്ടാണല്ലൊ
മാമ്മോദീസാ സ്വീകരിച്ചിരുന്നത്. ധാരാളം ജലമുള്ളിടത്താണ് ഇത്തരത്തില്
ജ്ഞാനസ്നാനം നല്കിയിരുന്നത്. 'സാലിമിനടുത്തുള്ള ഏനോനില് വെള്ളം ധാരാളമുണ്ടായിരുന്നതുകൊണ്ട്
അവിടെ യോഹന്നാനും സ്നാനം നല്കിയിരുന്നു'
എന്നു യോഹന്നാന് സുവിശേഷകന് (3/23) രേഖപ്പെടുത്തുന്നു.
അങ്ങനെ സദ്വാര്ത്ത കേട്ടു പശ്ചാത്താപ
വിവശരായ പാലയൂരിലെ / കുന്നംകുളത്തെ യഹൂദര് തന്നെയല്ലേ കുളത്തിലിറങ്ങി
ജലത്താലും പരിശുദ്ധാത്മാവിനാലും പുതിയ ജ്ഞാനസ്നാനം ശ്ളീഹായില്
നിന്നു സ്വീകരിച്ചത്?
യഹൂദര് പൊതുവെ രണ്ടു വിഭാഗമുണ്ട്.
വെളുത്തവരും കറുത്തവരും. വെളുത്തവര്ക്ക് ഉന്നതജാതി ചിന്തയും ഉത്കര്ഷബോധവും
അധികമായിരുന്നതുകൊണ്ട് അവര് തദ്ദേശവാസികളുമായി ഇടകലരാതെ
വംശശുദ്ധി നിലനിര്ത്തിയതിന്റെ ഫലമായി കാലക്രമത്തില് ന്യൂനപക്ഷമായിത്തീര്ന്നു.
കറുത്തവിഭാഗമാകട്ടെ നാട്ടുകാരുമായി ഇടകലര്ന്നു പുതിയൊരു ജനവിഭാഗമായി.
അവരില് നല്ലൊരു ഭാഗം പേര്
ക്രിസ്തുമതാനുയായികളുമായി. അങ്ങനെയാണു സെന്റ് തോമസിന്റെ
പ്രേഷിതദൌത്യം കേരളത്തില് പുതിയ ഒരു
ക്രൈസ്തവ ജനത രൂപമെടുക്കാന്
ഇടയായത്. അങ്ങനെ A.D.52 മുതല് മലങ്കര സഭ
എന്ന ക്രിസ്തീയ സഭ
ഇവിടെ നില നില്ക്കുന്നു.
സെന്റ് തോമസിനെ സ്വന്തം ആളെന്ന
നിലയില് സ്വാഗതം ചെയ്യാന് ഇവിടത്തെ
യഹൂദസമൂഹത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഭാഷയും സംസ്കാരവും ഒന്നുതന്നെ.
രണ്ടുകൂട്ടര്ക്കും പരസ്പരം മനസ്സിലാക്കുക എളുപ്പം.
അവരില് നിന്നു കിട്ടിയ സഹായികളോടൊപ്പം
തദ്ദേശജനതയുമായും വിശുദ്ധന് സംവദിച്ചു. ഏകസഞ്ചാരമാര്ഗ്ഗം
ജലവാഹനങ്ങളായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്നാനം നല്കിയ
പുതിയ സമൂഹങ്ങളെല്ലാം കടല്ത്തീരങ്ങളിലും നദീതീരങ്ങളിലുമായിരുന്നത്. കാടുനിറഞ്ഞ ഉള്പ്രദേശങ്ങളിലേക്കു കടക്കുക
എളുപ്പമായിരുന്നില്ല. പുതിയ അറിവിന്റെയും വിശ്വാസത്തിന്റയും
രക്ഷാകരമായ പ്രതീക്ഷയുടെയും വിത്തുകളാണദ്ദേഹം വിതച്ചത്. ഇവിടത്തെ പ്രാദേശിക
സംസ്കൃതിയുടെ കൂട്ടായ്മയില്തന്നെയാണവ മുളച്ചു വളര്ന്നതും. അതുകൊണ്ടാണ്
ഐതിഹ്യങ്ങള്ക്കപ്പുറത്തു ചരിത്രപരമായ അടയാളങ്ങള് അവശേഷിപ്പിക്കാന് അതിനു
കഴിയാതെ പോയത്.അത് കൊണ്ട്
തന്നെ ഭാരതത്തിലെ ഏറ്റവു പുരാതന
ക്രൈസ്തവരായ ഭാരത മണ്ണിന്റെ മണമുള്ള
മലങ്കര സഭാ ( മലങ്കര ഓര്ത്തഡോക്സ്
സഭ ) മക്കള് ഈ
പാരമ്പര്യം കുടഞ്ഞുകളയാന് ഇഷ്ടപ്പെടുന്നില്ല. 'സംശയിക്കുന്ന തോമ്മാ' എന്നൊരു പര്യായം
ചരിത്രം പതിച്ചുകൊടുത്തിട്ടുണ്െടങ്കിലും, നമുക്കും ഗുരുവിനോടൊപ്പം പോയി
മരിക്കാം എന്നു പറയാനുള്ള ധീരത
ആ പര്യായദൌര്ബല്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ടു
നിലനില്ക്കുന്നുണ്ടല്ലൊ. അതേ ധീരത,
വാച്യാര്ത്ഥത്തിലല്ലെങ്കിലും,
ഇന്നു കേരളക്രൈസ്തവസമൂഹത്തോടു വര്ത്തമാനകാല സാഹചര്യ ആവശ്യപ്പെടുന്നുണ്േടാ എന്നു
മാത്രമേ നമ്മള് കാതോര്ക്കേണ്ടതുള്ളൂ.ഇതിനെല്ലാമപ്പുറം
സാംസ്കാരികമായ പരിപ്രേക്ഷ്യത്തില് വിലയിരുത്തുമ്പോള് സെന്റ് തോമസിന്റെ ആഗമനത്തിനു
മറ്റൊരു മാനം കൂടിയുണ്ട്. മൂന്നു
സംസ്കാരങ്ങളുടെ മഹാസംഗമം കൂടിയാണ് ആ
സംഭവം. ഭാരതീയ സംസ്കൃതിയിലേക്കു യഹൂദക്രൈസ്തവസംസ്കൃതികളുടെ
ഒഴുകിച്ചേരല്. പാലില് പഞ്ചസാര പോലെയും
മാവില് പുളിമാവു പോലെയും അതു
ഭാരതീയ ജനജീവിതത്തെ കൂടുതല് ഉന്മിഷത്തും ചൈതന്യവത്തുമാക്കി
മാറ്റി. അതിന്റെ ദൂരവ്യാപകമായ ഫലസമൃദ്ധി
വിലയിരുത്തുക അത്രയെളുപ്പമല്ല താനും.
No comments:
Post a Comment