സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടു തികയുമ്പോഴും ജാതിവിവേചനം ഭാരതത്തിൽ കൊടികുത്തി വാഴുന്നു
സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടു തികയുമ്പോഴും ജാതിവിവേചനം ഭാരതത്തിൽ കൊടികുത്തി വാഴുന്നു . കഴിഞ്ഞയാഴ്ച് ഉത്തര്പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയില്‍ ഐ.ഐ.ടി. പ്രവേശനം നേടിയ ദളിത് സഹോദരന്മാര്ക്കെതിരേ ഉണ്ടായ ആക്രമണം. ഒരു ഫാക്ടറിയിലെ ദിവസവേതനക്കാരനായ ധര്‍മരാജ് സരോജിന്റെ മക്കളായ രാജു സരോജിന്റെയും ബ്രിജേഷ് സരോജിന്റെയും വീടിനുനേരേയാണ് ആക്രമണമുണ്ടായത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളായ ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി എന്നതായിരുന്നു അവരുടെ "കുറ്റം". ജാതിവിവേചനം ഇന്നും ഇന്ത്യയില്‍ കൊടികുത്തി വാഴുന്നു എന്നു തെളിയിക്കുന്ന സംഭവമായി ഇത്.
റെഹുവ ലാല്‍ഗഞ്ച് ഗ്രാമത്തില്‍ ഈ സഹോദരന്മാരുടെ നേട്ടത്തില്‍ അസ്വസ്ഥരായ അനേകം പേരുണ്ടായിരുന്നു. എല്ലാവരും ഉയര്ന്ന ജാതിക്കാര്‍. വളരെ കഷ്ടപ്പെട്ട് കുട്ടികളെ പഠിക്കാന്‍ വിടുന്നതിന് അവര്‍ ധര്‍മരാജിനെ എന്നും കുറ്റപ്പെടുത്തുമായിരുന്നു. അയാളോടൊപ്പം തൊഴിലെടുക്കാന്‍ മക്കളെ കൊണ്ടുപോയിക്കൂടേ എന്ന് അവര്‍ മിക്കപ്പോഴും ധര്മരാജിനോടു ചോദിക്കുമായിരുന്നു. ധര്‍മരാജ് അതെല്ലാം പുച്ഛിച്ചു തള്ളി. മക്കള്‍ ഉന്നത വിജയം നേടിയപ്പോള്‍ ധര്‍മരാജ് ആഹ്ലാദിച്ചെങ്കിലും ഉന്നതജാതിക്കാര്‍ അതിനെ അസഹിഷ്ണുതയോടെയാണു കണ്ടതെന്നതാണ് ഈ ആക്രമണത്തില്നിന്നു വ്യക്തമാകുന്നത്.സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടു തികയുമ്പോഴും ദളിത് വിഭാഗങ്ങള്‍ സാമൂഹികവ്യവസ്ഥിതിയുടെ ഓരത്തു കഴിയേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ദളിത് വിഭാഗങ്ങളില്‍നിന്ന് രാഷ്ട്രപതിയും സുപ്രിം കോടതി ചീഫ് ജസ്റ്റിസും വരെ ഉണ്ടായെങ്കിലും ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉയര്ച്ച ഇനിയും യാഥാര്ഥ്യമായിട്ടില്ല. അതിനിടയിലാണു രാജുവിനെയും ബ്രിജേഷിനെയും പോലെയുള്ളവര്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍ മേഖലയിലും ഉന്നതവിജയം കൊയ്യുന്നത്. വ്യവസ്ഥിതിയോടും എതിര്പ്പിനോടും പ്രതികൂലാവസ്ഥകളോടുമെല്ലാം പടവെട്ടിയുള്ള ഇത്തരം ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ക്ക് രാജ്യത്തിന്റെ മൊത്തം പിന്തുണയാണ് ആവശ്യം. പ്രത്യേകിച്ചും പതിനായിരങ്ങള്‍ ശ്രമം നടത്തുന്ന ഐ.ഐ.ടി. പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടുമ്പോള്‍. രാജു 167-ഉം ബ്രിജേഷ് 410- ഉം റാങ്കാണു കരസ്ഥമാക്കിയത്.
ദളിത് വിഭാഗക്കാര്‍ ഇത്തരം വിജയം നേടുമ്പോള്‍ ജാതിപരമായ വിവേചനം നേടുന്ന അനേകം സംഭവങ്ങള്‍ ഇതിനുമുമ്പും ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപാദിക്കുന്ന ഡെത്ത് ഓഫ് മെരിറ്റ് എന്ന ഡോക്യുമെന്ററി ഇന്ത്യയുടെ മനഃസാക്ഷിയെ ഞെട്ടിച്ചിട്ട് അധികനാളായിട്ടില്ല. 2011-ല്‍ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി, അതിനു മുമ്പുള്ള നാലുവര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ 18 വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയെന്ന ഞെട്ടിക്കുന്ന വിവരമാണു പുറത്തുവിട്ടത്. വലിയ കഴിവില്ലാത്തവരായിരുന്നു ഇവരെന്നും ഉന്നത നിലവാരത്തിലുള്ള പഠനം നടക്കാതെ വന്നപ്പോള്‍ അതിന്റെ സമ്മര്ദ്ദം സഹിക്കവയ്യാതെ അവര്‍ ജീവനൊടുക്കുകയായിരുന്നെന്നുമാണ് വിദ്യാലയ അധികൃതര്‍ പറഞ്ഞത്. എന്നാല്‍, സത്യമതല്ലെന്നും ദളിത് യുവാക്കള്‍ തങ്ങള്‍ക്കൊപ്പം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നതില്‍ അസഹിഷ്ണുത പൂണ്ടവര്‍ ചെലുത്തിയ മാനസികസമ്മര്ദ്ദത്തിന്റെ ഫലമായി അവര്‍ ജീവനൊടുക്കുകയായിരുന്നെന്നും ഈ ഡോക്യുമെന്ററി നമുക്കു കാണിച്ചു തന്നു.
ന്യൂഡല്ഹിയിലെ എയിംസ്, റൂര്ക്കി ഐ.ഐ.ഐ.ടി, ചണ്ഡിഗഡ് മെഡിക്കല്‍ കോളജ്, കാണ്പൂര് ഐ.ഐ.ടി, ഐ.ഐ.ടി. ഡല്ഹി, ഐ.ഐ.ടി. ബോംബേ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ബംഗളുരു, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി എന്നിവയൊക്കെയാണ് ഇത്തരം വിവേചനത്തിന്റെ വേദികളായത്.ഐ.ടി. വിപ്ലവത്തിന്റെ വേദിയാകുമ്പോഴും പ്രാചീന മാനസികാവസ്ഥ വിടാന്‍ തയാറാകാത്തവര് ഉണ്ടെന്നതാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മൊത്ത ആഭ്യന്തരഉല്പാദനം ഉയര്ന്നതുകൊണ്ടോ ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും വരുമാനം ഉയര്ന്നതുകൊണ്ടോ മാത്രം ഒരു ജനത സംസ്കാരസമ്പന്നമാകില്ല. വരുമാനം വളരുന്നതിനൊപ്പം മനസും വളരണം. എല്ലാ മനുഷ്യരെയും തുല്യരായി കണക്കാക്കുന്നിടത്തേ സമത്വം നടപ്പാകൂ. എങ്കില്‍ മാത്രമേ രാജ്യത്തിനു പുരോഗതി ഉണ്ടായെന്നു പറയാനാവൂ. അല്ലാതെ ഉണ്ടാകുന്ന നേട്ടങ്ങളും കൈവരിച്ചെന്ന് അവകാശപ്പെടുന്ന നാഴികക്കല്ലുകളും നമ്മെത്തന്നെ പരിഹസിക്കുകയേയുള്ളൂ. പ്രതിസന്ധികളോട് പടവെട്ടി വിജയം വരിക്കുന്ന രാജുമാരും ബ്രിജേഷുമാരും ഇനിയും അനേകം ഉണ്ടാകാം, ഉണ്ടായേ പറ്റൂ. എന്നാല്‍, അവരെ ആക്രമിക്കുന്നവരല്ല, ആദരിക്കുന്നവരും അതിനൊപ്പമുണ്ടാകണം.
Prof, John kurakar
No comments:
Post a Comment