Pages

Sunday, January 11, 2015

ആരോഗ്യസൗഖ്യത്തിന്റെ ആചാര്യനാണ് ഡോ. കെ.രാജഗോപാലൻ

ആരോഗ്യസൗഖ്യത്തിന്റെ ആചാര്യനാണ് ഡോ. കെ.രാജഗോപാലൻ

ആതുരര്‍ക്ക് ആരോഗ്യസൗഖ്യം പകരാനുള്ള അക്ഷീണമായ യാത്രയായിരുന്നു ആയുര്‍വേദരംഗത്തെ ആചാര്യന്മാരിലൊരാളായ ഡോ. കെ.രാജഗോപാലന്റെ ജീവിതം. ചരകനെ ആരാധിച്ച അദ്ദേഹം ചരകനെപ്പോലെ നിത്യസഞ്ചാരിയായിരുന്നു. 2011 വരെ അദ്ദേഹം ചികിത്സയ്ക്കും ഗവേഷണത്തിനുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിമാസം മൂവായിരത്തിലേറെ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരുന്നു. മുന കൂര്‍പ്പിച്ച ധിഷണാവൈഭവത്താല്‍ കാലത്തിനുമുമ്പേ നടന്ന സഞ്ചാരി. അലോപ്പതി മെഡിസിന്റെ ആകര്‍ഷണീയതയും തിളക്കവും വേണ്ടെന്നുവച്ച് ആയുര്‍വേദത്തെ നെഞ്ചേറ്റി പോഷിപ്പിച്ച മഹാ വൈദ്യന്‍. ആയുര്‍വേദത്തിനെതിരായ അലോപ്പതിക്കാരുടെ ആക്രമണത്തെ നെഞ്ചുവിരിച്ചു നേരിട്ട പോരാളി. വിശേഷണങ്ങള്‍ക്കപ്പുറമായിരുന്നു രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഈ പ്രതിഭാധനന്റെ ജീവിതസഞ്ചാരം.
1955ല്‍ ഡി.എ.എം. പാസായ ശേഷമാണ് അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിന്റെ പൊരുളറിയാന്‍ എം.ബി.ബി.എസിനു ചേര്‍ന്നത്.
തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഡി.എ.എം. കോഴ്‌സിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്നു. ഒന്നാം റാങ്കോടെയായിരുന്നു വിജയം. ഇതിനിടെ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചെങ്കിലും പോയില്ല. 1961ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. വിജയിച്ച രാജഗോപാലന് കോഴിക്കോട് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ആസ്​പത്രിയില്‍ അസി. സര്‍ജനായി നിയമനം ലഭിച്ചു. സമാന തസ്തികയില്‍ ആയുര്‍വേദവകുപ്പില്‍ ജോലിതന്നാല്‍ സ്വീകരിക്കാമെന്ന് സര്‍ക്കാരിലേക്കെഴുതി. അന്നത്തെ സാമൂഹിക ചുറ്റുപാടില്‍ അത് അസാധ്യമായിരുന്നെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. തുടര്‍ന്ന് കൊല്ലത്തെ കുടുംബസ്ഥാപനമായ എം.പി.കൃഷ്ണന്‍ വൈദ്യന്‍ സ്മാരക ആയുര്‍വേദാസ്​പത്രിയില്‍ ചീഫ് ഫിസിഷ്യനായി ചുമതലയേറ്റു. ആയുര്‍വേദ പ്രചാരണത്തിനായി കേരള ആയുര്‍വേദമണ്ഡലത്തെയാണ് അദ്ദേഹം പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തത്.
പച്ചമരുന്നുകളുടെ ഗന്ധം ശ്വസിച്ചുകൊണ്ടാണ് താന്‍ പിറന്നതും വളര്‍ന്നതുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1932 നവംബര്‍ 17നായിരുന്നു ജനനം. കിളികൊല്ലൂര്‍ തോട്ടക്കാരന്‍ വൈദ്യന്മാരുടെ പരമ്പരയില്‍പ്പെട്ട പദ്മനാഭന്‍ വൈദ്യര്‍ മുത്തച്ഛനായിരുന്നു. അച്ഛന്‍ എം.പി.കൃഷ്ണന്‍ വൈദ്യന്‍ മധ്യ തിരുവിതാംകൂറിലെ പേരുകേട്ട വൈദ്യനായിരുന്നു. കൊട്ടാരം വൈദ്യന്‍ കൂടിയായിരുന്നു. അമ്മ കല്യാണിക്കുട്ടി അമ്മയ്ക്ക് ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും പ്രാവീണ്യം. ഇവരുടെ ഏഴു മക്കളില്‍ രണ്ടാമനാണ് രാജഗോപാല്‍. കുട്ടിക്കാലത്തേ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും വ്യുത്പത്തി നേടി. പതിന്നാലാം വയസ്സിനുള്ളില്‍ അഷ്ടാംഗഹൃദയവും സഹസ്രയോഗവും അഭ്യസിച്ചു.
പഠനവേളയിലോ പാസായശേഷമോ തനിക്ക് സംശയമോ ആശങ്കയോ ഇല്ലായിരുന്നുവെന്ന് പില്‍ക്കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'ഈ രണ്ട് ശാസ്ത്ര രീതികളും പരസ്​പര വിരുദ്ധമാണെന്നും തോന്നിയിട്ടില്ല. ആയുര്‍വേദത്തിന്റെ സിദ്ധാന്തപരമായ അടിത്തറ കേമമാണ്. അലോപ്പതിക്കാകട്ടെ പ്രയോഗപരമായി മേന്മകള്‍ ഏറെയുണ്ട്. ആയുര്‍വേദ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന എനിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ആധുനിക വൈദ്യശാസ്ത്ര സങ്കേതങ്ങള്‍ ഗുണമായിട്ടേ തോന്നിയിട്ടുള്ളൂ'-അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇരു വൈദ്യശാസ്ത്രങ്ങളുടെയും പ്രസക്തിയെപ്പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. സി.ഒ.കരുണാകരനുമായി ലേഖനങ്ങളിലൂടെ അദ്ദേഹം ഏറ്റുമുട്ടിയിട്ടുണ്ട്.
1971ല്‍ ചെറുതുരുത്തി ആയുര്‍വേദ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസറായി ചേര്‍ന്നു. പിന്നീട് തിരുവനന്തപുരം റീജണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സേവനമനുഷ്ഠിച്ചു. മൂന്നുവര്‍ഷം തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഓണററി പ്രൊഫസര്‍, പത്തുവര്‍ഷം കോയമ്പത്തൂര്‍ ആയുര്‍വേദ കോളേജില്‍ വിസിറ്റിങ് പ്രൊഫസര്‍, ഷൊറണൂരിലെ കേരളീയ ആയുര്‍വേദസമാജം ആസ്​പത്രിയുടെ ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചു. 1997 മുതല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ക്ലിനിക്കല്‍ ആന്‍ഡ് ലിറ്റററി കണ്‍സള്‍ട്ടന്റാണ്. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ആയുര്‍വേദ -ഹോമിയോപ്പതി ടാക്‌സ് ഫോഴ്‌സ് ചെയര്‍മാന്‍, കേരള, എം.ജി., കാലിക്കറ്റ്, മദ്രാസ്, ഭാരതിയാര്‍ സര്‍വകലാശാലകളില്‍ പരീക്ഷകന്‍, ശ്രീശങ്കരാചാര്യ സര്‍വകലാശാലയുടെ ഡീന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അംഗം, തൃശ്ശൂര്‍ അമല കാന്‍സര്‍ സെന്ററിന്റെ ഡയറക്ടര്‍, കേരള ആയുര്‍വേദ ഫാര്‍മസിയുടെ രക്ഷാധികാരി തുടങ്ങി നിരവധി പദവികള്‍ വഹിച്ചു.
25 വര്‍ഷം കേരള ആയുര്‍വേദ മണ്ഡലത്തിന്റെ പ്രസിഡന്റായിരുന്നു. കാന്‍സര്‍, രക്തജന്യരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ആയുര്‍വേദരീതികള്‍ വികസിപ്പിച്ചു. എയ്ഡ്‌സിന് മേധാക്ഷയ ചികിത്സ ഉതകുമെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. കരിംജീരകം ചേര്‍ന്ന കാന്‍സര്‍ മരുന്ന് പരീക്ഷിച്ച അദ്ദേഹം സ്‌പോണ്ടിലൈറ്റിസിനും ഡിസ്‌ക് തകരാറുകള്‍ക്കും പുതിയ ഔഷധക്കൂട്ടുകള്‍ വികസിപ്പിച്ചു.
കഴിഞ്ഞ ഡിസംബര്‍ അഞ്ചുവരെ വീട്ടില്‍ രോഗികളെ നോക്കിയിരുന്നു.

പഞ്ചകര്‍മ ചികിത്സാസാര സംഗ്രഹം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: