Pages

Sunday, January 11, 2015

ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപിക ഡോ. എം. മാധവിക്കുട്ടിയുടെ വീടിനും കാറിനും നേരേ ആക്രമണം

ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപിക ഡോ. എം. മാധവിക്കുട്ടിയുടെ വീടിനും കാറിനും നേരേ ആക്രമണം


ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപിക ഡോ. എം. മാധവിക്കുട്ടിയുടെ വീടിനും കാറിനും നേരേ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കാര്‍ കത്തിനശിച്ചു. കൊടല്‍ നടക്കാവിലുള്ള 'നന്ദനം' എന്ന വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ഷെഡ്ഡില്‍ നിറുത്തിയിട്ട കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. മറ്റൊരു കാറിന്റെ ചില്ലുകളും വീടിന്റെ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്.ആക്രമണത്തിന്റെ ശബ്ദം കേട്ട് ഉറക്കമുണര്‍ന്നപ്പോഴാണ് ജനലിലൂടെ പുറത്ത് തീ ആളിക്കുത്തുന്നത് കണ്ടത്. പോലീസിലും ഫയര്‍ഫോഴ്‌സിലും അടുത്ത വീടുകളിലും ഫോണിലൂടെ വിവരമറിയിക്കുകയായിരുന്നു.

ഇരുപത് മിനിറ്റിനകം സ്ഥലത്തെത്തിയ മീഞ്ചന്ത അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത്കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. പ്രമോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വീടിന്റെ മുന്‍വശത്തും വശങ്ങളിലുമുള്ള ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്ത നിലയിലാണ്. പോലീസും ഉടനെ സംഭവസ്ഥലത്തെത്തി. സംഭവം നടക്കുമ്പോള്‍ അധ്യാപികയും മകളും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് ചന്ദ്രന്‍ പി. നായര്‍ എസ്.ബി.ഐ. തിരുവനന്തപുരം ഹെഡ്ഓഫീസില്‍ മാനേജരാണ്. അക്രമികളെ കണ്ടിട്ടില്ലെന്ന് ഡോ. മാധവിക്കുട്ടി പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരമണിക്ക് അധ്യാപികയുടെ കാര്‍ തളി സാമൂതിരി സ്‌കൂളിന് സമീപം ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. കോളേജ് മാനേജ്‌മെന്റ് ഗവേണിങ് ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പല്‍ പി.സി. രതി തമ്പാട്ടിയെ സഹപ്രവര്‍ത്തക ഡോ. ജയശ്രീയോടൊപ്പം കൊണ്ടുപോകുമ്പോഴാണ് തടഞ്ഞത്. കാര്‍ തടഞ്ഞവര്‍ കാറിനു മുകളില്‍ എ.ബി.വി.പി. എന്ന വിദ്യാര്‍ഥി സംഘടനയുടെ പതാക വിരിക്കുകയും പ്രിന്‍സിപ്പലിന് നേരേ മോശമായ പദപ്രയോഗങ്ങള്‍ നടത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് എത്തിയാണ് സംഘത്തെ മാറ്റിയത്. മാസങ്ങള്‍ക്കുമുമ്പ് കോളേജില്‍ എസ്.എഫ്.ഐ.എ.ബി.വി.പി. സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇരുസംഘടനകളില്‍നിന്നുമായി ആറുപേരെ കോളേജില്‍നിന്ന് പുറത്താക്കിയിരുന്നു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. കോളേജിലുണ്ടാകുന്ന വിദ്യാര്‍ഥിസംഘടനാ സംഘര്‍ഷങ്ങളിലും തുടര്‍നടപടികളിലും പ്രിന്‍സിപ്പലിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നതിലുള്ള പ്രതിഷേധമാണോ സീനിയര്‍ അധ്യാപികയായ ഡോ. മാധവിക്കുട്ടിയുടെ വീടിന് നേരേയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് സംശയമുയരുന്നു.

അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാഫിക് (നോര്‍ത്ത്) അരവിന്ദാക്ഷന്‍, ചെറുവണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. ഷാജി, നല്ലളം സബ്ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഷെഡ്ഡില്‍നിന്ന് ഇരുമ്പുവടിയും വീടിന്റെ മതിലിന് പുറത്തുനിന്ന് ഒരു കുപ്പിയില്‍ എന്തെന്ന് തിരിച്ചറിയാത്ത ദ്രാവകവും കണ്ടെടുത്തിട്ടുണ്ട്. ഫൊറന്‍സിക് വിഭാഗം വിരലടയാള പരിശോധനയും നടത്തി. എം.കെ. രാഘവന്‍ എം.പി., പി.ടി.എ. റഹീം എം.എല്‍.എ. എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: