Pages

Tuesday, January 6, 2015

തൊണ്ണൂറ് ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം ഡ്രൈവറുടെ അശ്രദ്ധ-കമ്മീഷന്‍

തൊണ്ണൂറ് ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം ഡ്രൈവറുടെ അശ്രദ്ധ-കമ്മീഷന്‍


                 സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണെന്ന് ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്‍. പത്ത് ശതമാനം മാത്രമാണ് റോഡിന്റെ അപാകംമൂലം സംഭവിക്കുന്നത്. റോഡിനനുസരിച്ചല്ല വാഹനത്തിനനുസരിച്ചാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത്. റോഡിന് വീതി കൂട്ടുകയാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം കളക്ടറേറ്റില്‍ സിറ്റിങ്ങിനെത്തിയതായിരുന്നു സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്‍.
                      ചരക്കുവാഹനങ്ങളെ ദേശീയപാതയില്‍നിന്ന് ഒഴിവാക്കിയാല്‍ തിരക്കും അപകടങ്ങളും വലിയൊരളവ് കുറയ്ക്കാനാവും. ഇതിനായി റോള്‍ ഓണ്‍ ആന്‍ഡ് റോള്‍ ഓഫ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകളെപ്പറ്റി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ജസ്റ്റിസ് ചന്ദ്രശേഖരദാസ് പറഞ്ഞു. തീവണ്ടിമാര്‍ഗം ചരക്കുവാഹനങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി. മൂവായിരത്തോളം വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വന്നുപോകുന്നെന്നാണ് കണക്ക്.
നിശ്ചിത റെയില്‍വേ സ്റ്റേഷനുകളില്‍ ചരക്കുകയറ്റി എത്തുന്ന വാഹനങ്ങള്‍ ഡ്രൈവറടക്കം തീവണ്ടിയില്‍ കയറ്റി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് റോള്‍ ഓണ്‍ ആന്‍ഡ് റോള്‍ ഓഫ് സമ്പ്രദായം. നിശ്ചിത സ്ഥലങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ തീവണ്ടിയില്‍നിന്ന് ഇറക്കി ലക്ഷ്യസ്ഥാനത്ത് പോയി ചരക്കിറക്കിയശേഷം വീണ്ടും തീവണ്ടിമാര്‍ഗ്ഗം തിരികെ കൊണ്ടുപോകും.
                      കൊങ്കണ്‍ റെയില്‍വേയില്‍ മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള ഭാഗത്ത് ഇത് നടപ്പാക്കുന്നുണ്ട്. റെയില്‍വേ ജനറല്‍ മാനേജരുമായും ലോറി ഓണേഴ്‌സ് അസോസിയേഷനുമായും ഇതുസംബന്ധിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. സംവിധാനം നടപ്പാക്കാന്‍ റെയില്‍വേയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്. ഇത് നടപ്പായാല്‍ ദേശീയപാതയിലെ തിരക്ക് 30 ശതമാനം കുറയ്ക്കാനാവും. വാളയാറും മഞ്ചേശ്വരവുമടക്കമുള്ള ചെക്ക് പോസ്റ്റുകളിലെ കാത്തുകിടപ്പും ഒഴിവാക്കാനാവും. നികുതിവെട്ടിപ്പ് തടയാനാകുമെന്നതാണ് മറ്റൊരു നേട്ടം.
കമ്മീഷന്റെ ഫൈനല്‍ റിപ്പോര്‍ട്ട് മെയ് മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് ചന്ദ്രശേഖരദാസ് പറഞ്ഞു.

Prof. John Kurakar 


No comments: