ഭയാനകമായ ആകാശദുരന്തങ്ങള്
അടിക്കടിയുണ്ടാകുന്ന ആകാശദുരന്തങ്ങള്‍ ലോകത്തെ ഭയത്തിന്റെ നിഴലിൽ ആക്കിയിരിക്കുകയാണ് . ലോകത്തെ പിടിച്ചുലച്ച ഏഴു വിമാനാപകടങ്ങളുടെ ചരിത്രവുമായാണ് 2014 കടന്നുപോകുന്നത്. രണ്ടു യാത്രാവിമാനങ്ങള്‍ നിമിഷാര്‍ധംകൊണ്ട് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഇതിലൊന്നിന്റെ ദുരൂഹത മാസങ്ങള്ക്കിപ്പുറവും തുടരുന്നു. ഡിസംബർ 27 നു ഞായറാഴ്ച 162 യാത്രക്കാരുമായി കാണാതായ മലേഷ്യയുടെ എയര്‍ ഏഷ്യ വിമാനമാണ് ഈ ദുരന്തപരമ്പരയില്‍ ഏറ്റവും പുതിയത്. ഈ വര്ഷം മലേഷ്യയ്ക്കാണു വിമാനദുരന്തങ്ങളില്‍ കനത്ത പ്രഹരമുണ്ടായത്. മാര്‍ച്ച് എട്ടിന് 239 പേരുമായി കുലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കു പോകുംവഴി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്-370 വിമാനം ഇന്നും ദുരൂഹമായ സമസ്യയാണ്. എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദീര്ഘമായ തെരച്ചില്‍ നടത്തിയിട്ടും വിമാനത്തെപ്പറ്റി ഒരു സൂചന പോലും കിട്ടിയിട്ടില്ല. കഴിഞ്ഞ ജൂലൈ പതിനേഴിന് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്-17 വിമാനം യുക്രൈനു മുകളില്‍ വെടിയേറ്റു വീണു. റഷ്യയാണു വെടിവച്ചതെന്ന് യുക്രൈനും മറിച്ചാണെന്നു റഷ്യയും ആരോപിക്കുന്നതല്ലാതെ സത്യം പുറത്തായിട്ടില്ല. 298 പേര്ക്ക് ഈ ദുരന്തത്തില്‍ ജീവഹാനി നേരിട്ടു.
ഇത്രയധികം അപകടങ്ങള്‍ എങ്ങനെ സംഭവിച്ചു എന്നതാണ് പ്രസക്തവും ഗൗരവതരവുമായ വിഷയം. ഒരു ചെറുപിഴവു പോലും വലിയ ദുരന്തത്തില്‍ കലാശിക്കുന്നതാണ് വിമാനയാത്രകള്‍. ഗതാഗത സംവിധാനങ്ങളില്‍ എറ്റവും പിഴവു കുറഞ്ഞതും പൊതുവേ അപകടരഹിതവുമെന്നാണ് വിമാനയാത്രയെ വിശേഷിപ്പിക്കുന്നത്. ആ വിശ്വാസത്തിനു മങ്ങലേല്ക്കുന്നുവോ!ശാസ്ത്രം ഇത്രയധികം പുരോഗതി നേടിയിട്ടും വിമാനദുരന്തങ്ങള്‍ പെരുകുന്നതാണ് ഭീതി ജനിപ്പിക്കുന്നത്. ഗോളാന്തരസഞ്ചാരപഥങ്ങള് താണ്ടി വാല്നക്ഷത്രത്തില്പ്പോലും പരീക്ഷണപേടകങ്ങള്‍ കൃത്യമായി ഇറക്കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിരിക്കേ നൂറുകണക്കിനാളുകളുമായി സഞ്ചരിക്കുന്ന വിമാനങ്ങള്‍ എങ്ങനെ ഇങ്ങനെ കൂപ്പുകുത്തുന്നു? ഓരോ രാഷ്ട്രത്തിന്റെയും പുരോഗതിയുടെ നിര്ണായകമായ അടയാളങ്ങളാണ് മികവുറ്റ വ്യോമഗതാഗത സംവിധാനം. ടൂറിസവും ബിസിനസവും കുടിയേറ്റവും കൂടിയതോടെ ആകാശസഞ്ചാരികളുടെ എണ്ണം പെരുകി. വിമാനക്കമ്പനികള്‍ വന്‍ ലാഭത്തിലുമായി. ശക്തമായ മത്സരം ഈ മേഖലയുടെ നിലവാരം കൂട്ടാനിടയാക്കിയിട്ടുണ്ട്. വിമാനയാത്രയുടെ ചെലവും കുറഞ്ഞതോടെ സാധാരണക്കാര്ക്കും വ്യോമയാത്ര സാധ്യമാണെന്നു വന്നു. മുന്‍കൂര്‍ ബുക്ക് ചെയ്താല്‍ നിസാരചെലവില്‍ വിമാനയാത്ര നടത്താന്‍ ആഭ്യന്തര, രാജ്യാന്തര എയര്‍ലൈന്‍സുകള്‍ സൗകര്യമൊരുക്കുന്നുണ്ട്. കൂടുതല്‍ പേരെ ആകര്ഷിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ഇതിനിടയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ വിമാനയാത്രയുടെ വിശ്വാസ്യതയെത്തന്നെയാണു മുള്മുനയിലാക്കുന്നത്. വിമാനം എങ്ങനെ കാണാതായെന്നുപോലും അറിയാന്‍ കഴിയാത്ത സംഭവങ്ങളുമുണ്ടാകുന്നു. ദുരന്തത്തിനു കാരണം വിമാനത്തിന്റെ കേടുപാടുകളാണോ കാലാവസ്ഥയാണോ പൈലറ്റുമാരുടെ പിഴവുകളാണോ അതുമല്ലെങ്കില്‍ അട്ടിമറി മൂലമാണോ എന്നെല്ലാം ചോദ്യമുയരുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ ഉത്തരമാണ് ലഭിക്കേണ്ടത്. അതിനു കഴിയാതിരിക്കുകയും ദുരന്തങ്ങള്‍ മുറയ്ക്കു സംഭവിക്കുകയും ചെയ്ുന്നു. തീവ്രയവാദ പ്രവര്ത്തനങ്ങളും വിമാനയാത്രയ്ക്കു ഭീഷണിയാണ്.
വ്യോമഗതാഗതം കുറ്റമറ്റതാക്കുകയാണ് ഇതിനുള്ള ഏക പോംവഴി. അതിനു വേണ്ട മാര്‍ഗങ്ങള്‍ അടിയന്തരമായി തേടുകയാണു വിമാനക്കമ്പനികളും സര്ക്കാരുകളും ചെയ്യേണ്ടത്. ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണു വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നിരുന്നാലും അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സാങ്കേതികത്തികവും സംശയമുനയിലാകുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment