Pages

Monday, January 5, 2015

പലസ്‌തീന്റെ ചിരകാല സ്വപ്നം സഫലമാകണം

പലസ്തീന്റെ ചിരകാല  സ്വപ്നം സഫലമാകണം
John Kurakarപൂര്‍ണ രാഷ്‌ട്രപദവിയിലേക്കുള്ള പലസ്‌തീന്റെ സ്വപ്‌നം സഫലമാകണം . ഗാസയിൽ  സമാധാനം  പുലരണം . പതിനഞ്ചംഗ ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഒരു വോട്ടിനാണ്‌ ഇതു സംബന്ധിച്ച പ്രമേയം പരാജയപ്പെട്ടത്‌. സ്‌ഥിരാംഗമായ അമേരിക്ക പ്രമേയത്തെ എതിര്‍ത്തുകൊണ്ട്‌ അവരുടെ ഇസ്രയേല്‍ ആഭിമുഖ്യം പ്രകടമാക്കി. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു സ്‌ഥിരാംഗമായ ബ്രിട്ടന്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്ന്‌ നിരാലംബരായ പലസ്‌തീന്‍ ജനതയോടു മുഖംതിരിക്കുകയും ചെയ്‌തു. സ്‌ഥിരാംഗങ്ങളായ ഫ്രാന്‍സ്‌, റഷ്യ, ചൈന എന്നിവ പ്രമേയത്തെ അനുകൂലിച്ചിരുന്നു. പലസ്‌തീനുവേണ്ടി ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയത്തിന്റെ അന്തഃസത്ത പലസ്‌തീന്റെ വികാരം അതേപടി ഉള്‍ക്കൊണ്ടിരുന്നില്ലെന്നും ആക്ഷേപിക്കപ്പെടുന്നു. എന്നിരുന്നാലും പരമാധികാര രാഷ്‌ട്രമായി പലസ്‌തീന്‍ മാറുന്നതിലേക്കുള്ള ചുവടുവയ്‌പാണ്‌ ഇടറിപ്പോയത്‌. സ്വതന്ത്ര രാഷ്‌ട്രമെന്ന അവരുടെ ആഗ്രഹം വിദൂരസ്വപ്‌നമാക്കി നിര്‍ത്തുന്നത്‌ പരിഷ്‌കൃത സമൂഹത്തിന്‌ ഒട്ടും യോജിക്കുന്നതുമല്ല. അതിന്‌ ഏറ്റവും പരിഷ്‌കൃതമെന്ന്‌ ഊറ്റംകൊള്ളുന്ന അമേരിക്കയാണ്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഇസ്രയേലിന്റെ അമേരിക്കന്‍ ബന്ധവും ആയുധ ഇടപാടുകളും മറ്റുസ്‌ഥാപിത താല്‍പര്യങ്ങളുമൊക്കെത്തന്നെയാണ്‌ പലസ്‌തീന്‍ ജനതയുടെ ആശകള്‍ തല്ലിക്കെടുത്തുന്നത്‌.
രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ ഇസ്രയേലും പലസ്‌തീനും രണ്ടു സ്വതന്ത്ര രാജ്യങ്ങളായി വരികയെന്നതായിരുന്നു പ്രമേയത്തിന്റെ കാതല്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ വെസ്‌റ്റ്‌ ബാങ്കിലേയും കിഴക്കന്‍ ജറുസലമിലെയും അധിനിവേശ മേഖലയില്‍നിന്ന്‌ ഇസ്രയേല്‍ സേന പിന്‍മാറണമെന്നതും ജറുസലം ഇരുരാജ്യങ്ങളുടെയും തലസ്‌ഥാനമായി അംഗീകരിക്കണമെന്നതും പ്രമേയത്തിന്റെ സത്തയായിരുന്നു. ഇസ്രയേല്‍-പലസ്‌തീന്‍ തര്‍ക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ പ്രമേയം ഉതകില്ലെന്ന  ന്യായമുന്നയിച്ചാണ്‌ അമേരിക്ക പ്രമേയത്തെ എതിര്‍ത്തത്‌. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താത്തതുകൊണ്ടാണ്‌ വോട്ടെടുപ്പില്‍നിന്ന്‌ വിട്ടുനിന്നതെന്ന  സമീപനമായിരുന്നു ബ്രിട്ടന്‍ കൈക്കൊണ്ടത്‌.
പലസ്‌തീന്റെ ന്യായമായ ആവശ്യങ്ങള്‍പോലും പരിഹരിക്കപ്പെടാതെ പോകുകയാണെന്നത്‌ അങ്ങേയറ്റം ഖേദകരമാണ്‌. യുദ്ധങ്ങളും അതിന്റെ കെടുതികളും പേറി ഒരു ജനസമൂഹം ജീവിക്കാന്‍ വിധിക്കപ്പെടുക എന്നതു തന്നെ പരമദയനീയമാണ്‌.  പലപ്പോഴും ഭാരതം  ഉൾപെടെയുള്ള ലോക രാജ്യങ്ങൾ പറയേണ്ടത് പറയാതെ , ചെയ്യേണ്ടത്  ചെയ്യാതെ  നോക്കി നിൽക്കുക മാത്രം  ചെയ്യുന്നു .


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: