Pages

Tuesday, January 6, 2015

കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ ജീവനക്കാരുടെ കാമ്പെയിന്‍

കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ ജീവനക്കാരുടെ കാമ്പെയിന്‍

                    കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ആളെ വിളിച്ചു കയറ്റുന്നതു കണ്ട് കലൂര്‍ സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെയാണ് വിളിച്ചു കയറ്റുന്നവരുടെ കഴുത്തിലെ പ്ലക്കാര്‍ഡുകള്‍ ശ്രദ്ധിച്ചത് 'സേവ് കെ.എസ്.ആര്‍.ടി.സി.'. കോര്‍പ്പറേഷന്റെ നിലനില്പിന് വേറിട്ട സമരവുമായി രംഗത്തിറങ്ങിയതാണ് ജീവനക്കാര്‍. സംഭവം എന്തായാലും വിളിച്ചു കയറ്റിയതോടെ ആളുകള്‍ ഒന്നിന് പിറകേ ഒന്നായി ആനവണ്ടിയിലേക്ക് ചേക്കേറി; താത്പര്യത്തോടെ ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറായാല്‍ പൊതുജനം ഒപ്പമുണ്ടാകുമെന്ന ഉറപ്പുനല്‍കല്‍ പോലെ.
               കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി കാര്യക്ഷമത, വരുമാന വര്‍ധന എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കെഎസ്ആര്‍ടിഇഎ (സിഐടിയു) സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കാെമ്പയിന്‍ സംഘടനാ പ്രവര്‍ത്തനത്തിലെ വേറിട്ട മാതൃകയായി .ജീവനക്കാര്‍ക്ക് പിന്തുണയുമായി പൊതുജനങ്ങളും യാത്രക്കാരെ വിളിച്ചുകയറ്റിയതോടെ കാമ്പെയിന്‍ ആവേശത്തിലായി. ''കെ.എസ്.ആര്‍.ടി.സി. നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ജീവനക്കാര്‍ക്കൊപ്പം നാട്ടുകാരും ഈ സ്ഥാപനത്തെ സംരക്ഷിക്കാന്‍ മുന്നോട്ടുവരണം.

                സ്വകാര്യ ബസ്സുകളെ ഒഴിവാക്കി കെഎസ്ആര്‍ടിസി ബസ്സില്‍ തന്നെ യാത്ര ചെയ്യണം'' പള്ളിക്കര സ്വദേശി ഇന്നസെന്റിന്റെ വാക്കുകള്‍ സേവ് ജീവനക്കാര്‍ക്ക് ആവേശം പകര്‍ന്നു.കലൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ആലുവ, പറവൂര്‍, കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, അങ്കമാലി, കാക്കനാട്, തൃപ്പൂണിത്തുറ, വൈക്കം, കോട്ടയം, മൂന്നാര്‍, കുമളി എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളിലേക്ക് ആളുകളെ വിളിച്ചു കയറ്റാന്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് അണിനിരന്നത്. സ്ഥലം തിരക്കിയെത്തിയവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും അംഗങ്ങള്‍ ശ്രദ്ധിച്ചു. പരാതികളും ഉപദേശങ്ങളും പുതിയ നിര്‍ദേശങ്ങളും യാത്രക്കാരില്‍ നിന്ന് ലഭിച്ചു.രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയായിരുന്നു പ്രചാരണം. എറണാകുളം, പറവൂര്‍, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം യൂണിറ്റുകള്‍ക്ക് കീഴിലായി 18 സ്‌ക്വാഡുകളാണ് പ്രചാരണത്തിനിറങ്ങിയത്. എറണാകുളം ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എം. സലിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.കെ. വേണു, പി.ബി. അമീറുദ്ദീന്‍, കെ.പി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Prof. John Kurakar


No comments: