Pages

Tuesday, January 6, 2015

ഷിംഗ്നാപൂർ ഗ്രാമത്തിൽ വീടുകളിൽ മോഷണമില്ല ,വാതിലുകളുമില്ല

ഷിംഗ്നാപൂർ ഗ്രാമത്തിൽ  വീടുകളിൽ മോഷണമില്ല ,വാതിലുകളുമില്ല

മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂർ ഗ്രാമത്തിലുള്ളവർക്ക് തങ്ങളുടെ സുരക്ഷയെപ്പറ്റി ചിന്തിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. അതിനാൽത്തന്നെ ഇവിടെയുള്ള ഒറ്റ വീടുകൾക്കും മുൻവാതിലുകളില്ല. ശനി എന്ന ദേവൻ ഇവിടെ താമസിക്കുന്നവർക്ക് പ്രത്യേക സംരക്ഷണം നൽകി വരുന്നു എന്ന വിശ്വാസത്തെ തുടർന്നാണ് ഇവിടെയുള്ളവർ വീടുകൾക്കൊന്നും വാതിൽ വയ്ക്കാത്തത്.ഇതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. വർഷങ്ങൾക്ക് മുന്പ് ശനി തന്റെ ഭക്തന്മാരുടെ സ്വപ്നത്തിലെത്തി വീടുകൾക്കൊന്നും വാതിലു വയ്ക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചിരുന്നത്രേ.എല്ലാ പ്രശ്നങ്ങളിൽ നിന്നും താൻ രക്ഷിച്ചു കൊള്ളാമെന്നും വീടിന് വാതിൽ വേണ്ടെന്നുമാണ് അന്ന് ശനി പറഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. തുറന്നു കിടക്കുന്ന വീടുകളിൽ കയറാൻ ശ്രമിക്കുന്ന കള്ളന്മാർക്ക് ശിക്ഷ നൽകാതെ ശനി ദേവൻ വിടുകയില്ലെന്നാണ് ഇവിടുത്തുകാരുടെ അനുഭവം.

മുന്നൂറ് വർഷങ്ങൾക്ക് മുന്പ് പ്രളയ സമയത്ത് സമീപത്തുള്ള നദിയിലൂടെ ഇരുന്പിലും കല്ലിലുമുള്ള വലിയ സ്ലാബ് ഒഴുകി ഇവിടെയെത്തി. കന്നുകാലികളെ മേയ്ക്കാൻ വരുന്നവർ അതിൽ അമർത്തിയപ്പോൾ കല്ലിൽ നിന്നും രക്തമൊഴുകാൻ തുടങ്ങി. അന്ന് രാത്രിയിൽ ഗ്രാമവാസിയായ ഒരാൾക്ക് ആ കല്ല് ശനിയുടെ വിഗ്രഹമാണെന്ന് വെളിപാടുണ്ടായി. ഇന്ന് ആ കല്ല് പൂമാലകൾ ചാർത്തി ഗ്രാമവാസികൾ ആരാധിച്ചു വരികയാണ്. ശനി ഒരു ഗ്രഹമായതിനാൽ അദ്ദേഹത്തിന്റെ ശ്രീകോവിലിന് മുകളിൽ മുകൾഭാഗം കെട്ടിയിട്ടില്ല. അതേ പോലെ സ്ഥലത്തെ സംസ്ഥാന ബാങ്കായ യു.സി.ഒ ബാങ്കിനും പൂട്ടില്ല. പണം സ്രോംങ് റൂമിലാണ് സൂക്ഷിക്കുന്നതെങ്കിലും അതിന്റെ മുൻ വാതിലിൽ പൂട്ടില്ലാത്ത ഒരു ഗ്ലാസ് വാതിൽ മാത്രമാണുള്ളത്. തെരുവു നായകൾ അകത്ത് കയറാതിരിക്കാനാണ് ഇവിടെ ഗ്ലാസ് വാതിൽ വച്ചിരിക്കുന്നത്. തങ്ങൾക്ക് ഇത്തരം നടപടികൾ കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്കിലെത്തുന്ന ജനങ്ങളും സന്തുഷ്ടരാണെന്ന് അധികൃതർ വ്യക്തമാക്കി. വീടിനകത്തേക്ക് വന്യ ജീവികൾ കയറാതിരിക്കാനായി ചില ഗ്രാമവാസികളും രാത്രി കാലങ്ങളിൽ മാത്രം നേർത്ത പലകകൾ കൊണ്ട് വീടിന്റെ മുൻവശത്തെ കട്ടിളയിൽ ചാരി വയ്ക്കാറുണ്ട്.ഈ ഗ്രാമത്തിൽ മോഷണം മാത്രമല്ല മറ്റ് മോശം പ്രവർത്തികളൊന്നും നടക്കാറില്ലെന്ന് ശനി ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ലഘുലേഖയിൽ പറയുന്നു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇതൊരു മാതൃകാഗ്രാമമാണെന്നും ഇവിടെ കള്ളന്മാർക്കോ, കൊള്ളക്കാർക്കോ, മദ്യപാനികൾക്കോ, മാംസഭുക്കുകൾക്കോ ഒന്നും പ്രവേശനമില്ലെന്നും രേഖയിൽ പറയുന്നു. ഇനി അത്തരക്കാർ ആരെങ്കിലും ഇവിടെ വന്നാൽ അവർ നല്ല മനുഷ്യരെപോലെ പെരുമാറുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.2010ൽ വടക്ക് നിന്നെത്തിയ ഒരുസന്ദർശകൻ ഇവിടെ നിന്നും പണവും 35,000 രൂപ വിലവരുന്ന വസ്തുക്കളും മോഷ്ടിച്ചതൊഴിച്ചാൽ ഇത്തരത്തിലുള്ള മറ്റ് സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: