Pages

Sunday, January 4, 2015

കൂട്ടംതെറ്റിയ കുഞ്ഞ് ശബരിമലക്കാട്ടില് നാലുവയസ്സുകാരിയെ രക്ഷിച്ചത് പോലീസ് ഉദ്യോഗസ്ഥന്‍

കൂട്ടംതെറ്റിയ കുഞ്ഞ് ശബരിമലക്കാട്ടില്
നാലുവയസ്സുകാരിയെ രക്ഷിച്ചത് പോലീസ് ഉദ്യോഗസ്ഥന്
 അച്ഛന്റെ കൈവിട്ടുപോയ പെണ്‍കുഞ്ഞ് കാട്ടിനുള്ളില്‍ പേടിച്ചിരുന്നു കരഞ്ഞു. മകളെ നഷ്ടമായതറിയാതെ അച്ഛന്‍ മലയിറങ്ങി. ഒന്നു മിണ്ടാന്‍പോലുമാകാതെ ഭയന്നുപോയ നാലുവയസ്സുകാരിയെ രക്ഷിച്ചത് പോലീസ് ഉദ്യോഗസ്ഥന്‍. രണ്ടര മണിക്കൂറിനുശേഷം തിരിച്ചെത്തിയ അച്ഛന്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തപ്പോള്‍ ശബരിമല സന്നിധാനത്ത് കണ്ണീര്‍ക്കാഴ്ചകള്‍.തമിഴ്‌നാട് അരിയല്ലൂര്‍ നിന്നെത്തിയ ജയശ്രീക്കാണ് ശനിയാഴ്ച രാവിലെമുതല്‍ രണ്ടര മണിക്കൂര്‍ നേരത്തേക്കെങ്കിലും അച്ഛന്‍ നഷ്ടമായത്. ദര്‍ശനം കഴിഞ്ഞ് മടങ്ങവെ ചന്ദ്രാനന്ദന്‍ റോഡില്‍ പാറമടയ്ക്കടുത്തുവച്ചാണ് ജയപാലിന്റെ കൈകളില്‍നിന്ന് മകള്‍ വഴുതിപ്പോയത്. ഒപ്പമുള്ള 20 അംഗ തീര്‍ത്ഥാടകക്കൂട്ടത്തില്‍ മകളും ഉണ്ടെന്നു കരുതി ജയപാല്‍ പമ്പയ്ക്കു നടക്കുമ്പോള്‍ കരഞ്ഞുതളര്‍ന്നുപോയ ജയശ്രീ കാട്ടിലൊളിക്കുകയായിരുന്നു.
               പക്ഷേ, ജയശ്രീക്കു മുന്നിലേക്ക് രക്ഷയുടെ കരങ്ങളുമായി സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കോന്നി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സി.കെ. വേണു എത്തിയത് അപ്രതീക്ഷിതമായി.എന്തു ചോദിച്ചിട്ടും ഒന്നും മിണ്ടാതെ ഭയന്നിരുന്ന കുട്ടിക്ക് ബിസ്‌കറ്റും വെള്ളവും നല്‍കി ഗവ. ആസ്പത്രിയിലേക്ക് വേണു കൂട്ടിക്കൊണ്ടുവന്നു. പോലീസുകാരന്‍ സുധീഷ് കുഞ്ഞിനെ കൈയിലേറ്റി. പോലീസ് വയര്‍ലസ് വഴി വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. ആസ്പത്രിയിലെത്തിയിട്ടും കുട്ടി ഒന്നും മിണ്ടാതിരുന്നതോടെ ആശങ്കയായി. മകള്‍ നഷ്ടമായതറിഞ്ഞ് ജയപാല്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് കുട്ടി അവളുടെയും അച്ഛെന്റയും പേരുപറഞ്ഞതും പോലീസിന് ആശ്വാസമായതും. കുട്ടി മൂകയാണോയെന്ന സംശയത്തിലായിരുന്നു വേണുവും കൂട്ടരും.ജയപാല്‍ എത്തിയതോടെ ജയശ്രീയുടെ സങ്കടക്കണ്ണീര്‍ ആഹ്ലാദപ്പുഴയായി വഴിമാറി. സന്നിധാനം പോലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം മകളെയെടുത്ത് ജയപാല്‍ വീണ്ടും മലയിറങ്ങി.


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: