Pages

Thursday, December 25, 2014

ക്രിസ്മസിന്റെ പൊരുൾ അറിയണം

ക്രിസ്മസിന്റെ
പൊരുൾ അറിയണം
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്ത
സർവജനത്തിനുമായി മഹാ സന്തോഷ വാർത്ത അറിയിക്കുന്നു - ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തിൽ പിറന്നിരിക്കുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവ സ്നേഹമുള്ളവർക്ക് സമാധാനം" എന്നായിരുന്നു ക്രിസ്തുവിന്റെ പിറവിയുടെ ദൂത്. ദൈവം മനുഷ്യനായി മനുഷ്യരുടെ ഇടയിൽ പിറന്നിരിക്കുന്നു. ഇനി മനുഷ്യർ ഭയപ്പെടേണ്ടതില്ല എന്നതാണ് ഇതിന്റെ സത്ത.എന്നാൽ, ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ലോകം തന്നെ ഭയപ്പാടിന്റേതാണ്. വായു മനുഷ്യനെ നശിപ്പിക്കാനുളളതായി മാറിയിരിക്കുന്നു. വെള്ളം വിഷമായി മാറിയിരിക്കുന്നു. അയൽവാസി ശത്രുവാകുന്നു. ഭവനം അതിൽ വസിക്കുന്നവരുടെ കൊലക്കളമാകുന്നു. മാതാപിതാക്കളും മക്കളും പരസ്പരം കലഹിക്കുന്നു. ഒരാൾ മറ്റൊരാളെ ചൂഷണം ചെയ്യുന്നുവെന്ന് ഇ‌രുകൂട്ടർക്കും തോന്നുന്നു. മാതാപിതാക്കൾ തങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നതായി മക്കൾ വിചാരിക്കുന്നു. മനുഷ്യനു സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നില്ല. അവൻ ഭയപ്പെടുകയാണ്.
ഭയപ്പെടരുത്  എന്ന ക്രിസ്മസ് ദൂത് നേരെ വിപരീത ദിശയിലേക്കു സഞ്ചരിക്കുന്നു. ദൈവദാനങ്ങളെ വിപരീത കാര്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിക്കുന്നു. പ്രത്യാശയും സമാധാനവും അവനു ലഭിക്കുന്നില്ല. ജീവിതയാത്രയിൽ നമ്മെ കൈവിടാതെ നമ്മുടെ മധ്യത്തിൽ തന്നെ ദൈവം രക്ഷകനായി ജീവിക്കുന്നു എന്ന സത്യം വിസ്മരിക്കപ്പെടുന്നു. ചരിത്രത്തിലേക്കുള്ള ദൈവത്തിന്റെ പ്രവേശനമാണ് ക്രിസ്മസ്. ചരിത്രം പൂർണമായി മനുഷ്യനെ ഏൽപ്പിച്ചിട്ടില്ല. ദൈവം ചരിത്രത്തെ രൂപാന്തരപ്പെടുത്തി. മനുഷ്യന്റെ സമാധാനത്തിലൂടെയാണ് ദൈവത്തിനു മഹത്വമുണ്ടാകുന്നത്. മനുഷ്യനിൽ നിന്ന് അന്യമായ മഹത്വം ദൈവത്തിനില്ല. സമൂഹത്തിന്റെ അംശം തന്നെയാണ് ദൈവം. അതുകൊണ്ട് പരസ്പരം നാം സ്നേഹിച്ചു ജീവിക്കണം.
ഇൗ ആശയങ്ങളൊക്കെ ഇന്ന് ക്രിസ്മസിന്റെ തിരക്കിനിടയിൽ വിസ്മരിക്കപ്പെടുന്നു. വസ്ത്രം, ഭക്ഷണം, ഒരുക്കം ഇതിനാണ് പ്രാധാന്യം. ദൈവം സമൂഹത്തിന്റെ കേന്ദ്രത്തിലില്ല. പകരം അതിർവരമ്പിലാണ്. ജനിച്ചപ്പോഴെന്നപോലെ നിസഹായനായി അവിടെ നിൽക്കുകയാണ്. ആഡംബരത്തിനും പണത്തിനും ക്രിസ്മസുമായി എന്താണ് ബന്ധമാണുള്ളത് ? 'പശുത്തൊഴുത്തിൽ പഴയ ശീലയിൽ പൊതിഞ്ഞ ശിശു". ഇതാണ് ക്രിസ്മസ്. പശുത്തൊഴുത്ത് പുറന്തള്ളലിന്റെയും ശീല ദാരിദ്ര്യത്തിന്റെയും ശിശു നിസഹായാവസ്ഥയുടെയും പ്രതീകമാണ്. നാം ക്രിസ്മസ് ദിനത്തിൽ പോലും നിസഹായാവസ്ഥയെ ഒാർമ്മിക്കുന്നില്ല. ദരിദ്രരുടെ കാര്യം അന്നും നാം വിസ്മരിക്കുന്നു. നാം ക്രിസ്മസ് കാർഡ് അയയ്ക്കുന്നത് ആർക്കാണ്?നമ്മുടെ അതേ നിലയിൽ കഴിയുന്ന അതേ അന്തസ്സുള്ള ചിലർക്കു മാത്രം. അതും നമുക്ക് കാർഡ് കിട്ടിയാൽ മറുപടി എന്ന നിലയ്ക്കാണ് പലപ്പോഴും കാർഡ് അയയ്ക്കുന്നത്. ഞാൻ ഒരിക്കൽ എന്റെ നാട്ടിലെ പോസ്റ്റുമാന് ഒരു ക്രിസ്മസ് കാർഡയച്ചു. രണ്ടു ദിവസത്തിനു ശേഷം ആ മനുഷ്യൻ എന്നെ വന്നു കണ്ടു പറഞ്ഞു: 'ഞാൻ പത്തു വർഷമായി എത്രയോ ആളുകൾക്ക് ക്രിസ്മസ് കാർഡ് നൽകുന്നു. എന്നാൽ, എനിക്ക് ഒരു കാർഡ് കിട്ടുന്നത് ഇതാദ്യമായാണ്". ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി. ഞാൻ മറുപടി അയയ്ക്കുമെന്നു കരുതിയാകണം, എല്ലാ വർഷവും എനിക്കു നിരവധി ക്രിസ്മസ് കാർഡുകൾ ലഭിക്കുന്നുണ്ട്. കാർഡ് അയയ്ക്കുന്നവർ നിരാശരായി ഇൗ ഏർപ്പാട് നിർത്തണമെന്നാണ് ഞാൻ കരുതുന്നത്.
നാം ക്രിസ്മസ് പാട്ടുകൾ പാടുന്നു, ആർക്കുവേണ്ടി ?, പള്ളിയിലെത്തുന്നവർക്കു വേണ്ടി മാത്രം. പള്ളിയിൽ എത്താൻ കഴിയാത്ത എത്രയോ അശരണരുണ്ട്. അനാഥാലയത്തിൽ, ജയിലുകളിൽ  കഴിയുന്ന എത്ര പേർ. ഇവർക്കായി ക്രിസ്മസ് ദിനത്തിൽ നാം എന്തു ചെയ്യുന്നു ?ജയിലുകളിലും അനാഥാലയങ്ങളിലും ക്രിസ്മസ് സർവ്വീസ് നടത്താൻ ഞാൻ മുൻകൈയെടുത്തിട്ടുണ്ട്.പണ്ട് ഗായകസംഘങ്ങൾ വീടുതോറും കയറിയിങ്ങി ജാതിമത ഭേദമില്ലാതെ എല്ലാവർക്കും വേണ്ടി പാട്ടുപാടുമായിരുന്നു. വീട്ടുകാർ സന്തോഷസൂചകമായി ഇവർക്ക് ആഹാരവും മറ്റും നൽകിയിരുന്നു. കപ്പ പുഴുങ്ങി വീട്ടുകാരും പാട്ടുകാരും ചേർന്ന് കഴിക്കുമായിരുന്നു ഗ്രാമങ്ങളിൽ. പിന്നീട് ഭക്ഷണം നൽകാനുള്ള അസൗകര്യം നിമിത്തം പണം നൽകാൻ തുടങ്ങി. അതോടെ കരോൾ സർവ്വീസ് നടത്തുന്നവർക്ക് പാട്ടിനേക്കാൾ മുഖ്യം പണമായി!.റാന്നിയിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള ലക്ഷംവീട് കോളനിയിലാണ് ക്രിസ്മസ് ആഘോഷിക്കാറ്. ഞങ്ങൾ മാർത്തോമ യുവജന സഖ്യം പ്രവർത്തകരും മറ്റും ചേർന്ന് പാട്ടു പാടും, കാപ്പി കുടിക്കും. ഇതോടെ ക്രിസ്മസ് തീരുന്നില്ല. കോളനി വാസികളുടെ പുനരുദ്ധാരണത്തിനു പദ്ധതി തയ്യാറാക്കും. ചെറിയ പരിപാടികളിലൂടെയാണ് ഇതു നടപ്പാക്കുന്നത്. പിന്നാക്കം നിൽക്കുന്നവരുടെ കാര്യം ശ്രദ്ധിക്കാൻ ചിലരുണ്ടാകുന്നുവെന്ന ധാരണ അവർക്കു സന്തോഷം പകരും. ക്രിസ്മസ് അതിനുവേണ്ടിയുള്ളതാണ്. ക്രിസ്മസ് ഒരു ദിവസത്തെ ആഘോഷമോ അനുഷ്ഠാനമോ അല്ല. അതു നല്ല കാര്യങ്ങൾക്കു തുടക്കം കുറിക്കാനുള്ള ദിവസമാണ്.
ഏറ്റവുമടുത്തു താമസിക്കുന്ന പത്തോ ഇരുപതോ വീട്ടുകാർക്ക് കേക്ക് സമ്മാനിക്കലാണ് എന്റെ ക്രിസ്മസ് ആഘോഷത്തിന്റെ മറ്റൊരു പരിപാടി. ഇക്കാര്യത്തിലും ജാതിമത പരിഗണനയില്ല.

ക്രിസ്മസ് പലർക്കും ഒരു മേള മാത്രം. കള്ളുകുടിച്ചും ബഹളമുണ്ടാക്കിയും പണം ഒഴുക്കിയുമുള്ള  ക്രിസ്മസ് ആഘോഷങ്ങൾ നിരുത്സാഹപ്പെടുത്താൻ സഭകൾക്ക് കഴിയണം. ക്രിസ്മസിന്റെ പൊരുൾ മനസിലാക്കാനും അതനുസരിച്ച് ദിനവും അതേ തുടർന്നുള്ള വർഷവുമെല്ലാം അർത്ഥവത്താക്കാനും സാധിച്ചാലേ ക്രിസ്മസ് ക്രിസ്മസായി മാറൂ.( Ref: Kerala Kaumudi)

പ്രൊഫ്‌.ജോണ്‍ കുരാക്കാർ   



No comments: