Pages

Friday, December 26, 2014

2013-1678-ാമത്തെ ക്രിസ്‌മസ്‌

2013-1678-ാമത്തെ ക്രിസ്മസ്
ജിംഗിള്ബെല്സ്‌......ജിംഗിള്ബെല്സ്

1678-ാമത്തെ ക്രിസ്‌മസ്‌
ബി.സി. ആറിലാണ്‌ ക്രിസ്‌തു ജനിച്ചതെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. കന്യകാമറിയം യേശുവിന്റെ മാതാവാകുമെന്ന സന്ദേശം ഗബ്രിയേല്‍ മാലാഖവഴി ദൈവം കൈമാറിയത്‌ മാര്‍ച്ച്‌ 25നാണെന്നും അതിനുശേഷം ഒമ്പതുമാസം കഴിഞ്ഞ്‌ ഡിസംബര്‍ 25ന്‌ യേശു ബെത്‌ലഹേമില്‍ ജനിച്ചു എന്നുമാണ്‌ വിശ്വാസം. റോമിലെ സഭ എ.ഡി. 336-ല്‍ ക്രിസ്‌മസ്‌ ആഘോഷിച്ചിരുന്നുവെന്ന്‌ പഴയൊരു റോമന്‍ കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അങ്ങനെയെങ്കില്‍ 2013 -ല്‍ 1678 ാമത്തെ ക്രിസ്‌മസ്‌ ആഘോഷമാണ്‌ നമ്മള്‍ കൊണ്ടാടുന്നത്‌. അതായത്‌ 1677 വര്‍ഷങ്ങളോളമായിരിക്കുന്നു ഈ ആഘോഷം തുടങ്ങിയിട്ട്‌. നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്‌മസ്‌ ട്രീയും എല്ലാം ഒരുക്കി ലോകം ക്രിസ്‌മസ്‌ കാലം ഇന്നും ഉത്സവമാക്കുന്നു. ഇത്രയുംകാലം പഴക്കമുള്ള ഒരാഘോഷം ലോകത്ത്‌ മറ്റൊന്നുമുണ്ടാവില്ല.
പുല്‍ത്തൊഴുത്തില്‍ പിറന്ന ശാന്തിദൂതന്‍
റോമാ ചക്രവര്‍ത്തിയായ സീസര്‍ അഗസ്‌റ്റസ്‌ തന്റെ സാമ്രാജ്യത്തിലെ പ്രജകളുടെ എണ്ണം അറിയാനാഗ്രഹിച്ചു. അതിലേക്ക്‌ എല്ലാവരും താന്താങ്ങളുടെ വീടുകളില്‍ പോയിരിക്കാന്‍ അദ്ദേഹം ആജ്‌ഞാപിച്ചു. അങ്ങനെ ബെത്‌ലഹേമിലേക്ക്‌ മടങ്ങുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ മറിയവും ജോസഫും ഉണ്ടായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരുന്നു മറിയം. അന്നു രാത്രിയില്‍ തങ്ങാന്‍ അവര്‍ക്ക്‌ എങ്ങും സ്‌ഥലംകിട്ടിയില്ല. ഒരു സത്രം സൂക്ഷിപ്പുകാരന്‌ അവരില്‍ കനിവു തോന്നിയതിനാല്‍ തന്റെ പുല്‍ത്തൊഴുത്തില്‍ രാത്രി വിശ്രമിക്കാന്‍ അവരെ അനുവദിച്ചു.
അന്നു രാത്രി ആ പുല്‍ത്തൊഴുത്തിലാണ്‌ ലോകത്തിന്റെ ശാന്തിദൂതന്‍ പിറന്നുവീണത്‌. ഈ സമയം ആകാശത്ത്‌ മാലാഖമാര്‍ പ്രത്യക്ഷപ്പെട്ടു. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തുതി! ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം എന്ന സ്‌തോത്രഗീതം ആലപിച്ചു. കഴുതകളും കന്നുകാലികളും യേശുദേവനെ സ്വാഗതം ചെയ്‌ത് അവന്‌ വൈക്കോല്‍ത്തൊട്ടില്‍ നല്‌കി. ആട്ടിടയന്മാരായിരുന്നു ഉണ്ണിയേശുവിനെ ആദ്യം കാണാനെത്തിയത്‌. ആ പ്രദേശത്തെ വയലുകളില്‍ രാത്രി ഉറങ്ങാതെ ആടുകള്‍ക്ക്‌ കാവലിരിക്കുകയായിരുന്നു അവര്‍. പെട്ടെന്ന്‌ ആകാശത്ത്‌ ആയിരം വിളക്കുകള്‍ ഒന്നിച്ചു തെളിഞ്ഞതുപോലെ തോന്നി. അപ്പോഴാണ്‌ മാലാഖ പ്രത്യക്ഷപ്പെട്ട്‌ യേശുവിന്റെ ജനന വാര്‍ത്ത അവരെ അറിയിച്ചത്‌. ഞാന്‍ നിങ്ങള്‍ക്ക്‌ വിശേഷപ്പെട്ട ഒരു വര്‍ത്തമാനം കൊണ്ടുവന്നിട്ടുണ്ട്‌. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ സമാധാന ദൂതന്‍ പിറന്നിരിക്കുന്നു. അവന്റെ പേര്‌ യേശു എന്നാണ്‌. മേരിയുടെയും ജോസഫിന്റെയും കൂടെ ഒരു തൊഴുത്തില്‍ അവനെ നിങ്ങള്‍ക്കു കാണാം.
ഇടയന്മാര്‍ അത്ഭുതപ്പെട്ടു. വഴികാട്ടിയായി വന്ന നക്ഷത്രം കാലിത്തൊഴുത്തിനു മുകളില്‍ നിശ്‌ചലമായി നിന്നു. ഇടയന്മാര്‍ കുഞ്ഞാടുകളെ തോളിലേറ്റി ബെത്‌ലഹേമിലേക്ക്‌ കുതിച്ചു. യേശു ജനിച്ച ബെത്‌ലഹേമില്‍ (പാലസ്‌തീന്‍) ക്രിസ്‌മസ്‌ ഇന്നും ഗംഭീരമായാണ്‌ ആഘോഷിക്കപ്പെടുന്നത്‌.
ക്രിസ്‌മസ്‌ അപ്പൂപ്പന്‍
ക്രിസ്‌മസ്‌ എന്നു കേള്‍ക്കുമ്പോഴേ കുഞ്ഞുങ്ങളുടെ മനസില്‍ ഓടിയെത്തുന്ന ഒരു രൂപമുണ്ട്‌. നീളന്‍ കുപ്പായവും ധരിച്ച്‌ വെളുത്തുനീണ്ട താടിയും കുടവയറും നിറഞ്ഞ ചിരിയുമായി സമ്മാനപ്പൊതിയുമായി വീടു സന്ദര്‍ശിക്കാനെത്തുന്ന അപ്പൂപ്പന്റെ രൂപം. സാന്താക്ലോസ്‌ നിക്കോളാസ്‌ എന്ന പുണ്യവാളന്റെ രൂപാന്തരമാണ്‌ ഈ കഥാപാത്രം. ഇന്നത്തെ ഏഷ്യാമൈനറിലുള്ള ഡെമര്‍ ഗ്രാമത്തിലെ ഒരു സമ്പന്ന കുടുംബത്തില്‍ ഏകദേശം എ.ഡി. 270-ല്‍ നിക്കോളാസ്‌ ജനിച്ചു. പിന്നീട്‌ മിറായിലെ ബിഷപ്പായി അദ്ദേഹം സ്‌ഥാനമേറ്റു. എ.ഡി. 326 ഡിസംബര്‍ ആറിനു മരിച്ച നിക്കോളാസിനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്‌.
പട്ടിണികൊണ്ടു വലഞ്ഞ ഒരു കുടുംബത്തെ സഹായിക്കാന്‍ ഇദ്ദേഹം അവരുടെ വീടിന്റെ ജാലകത്തിലൂടെ രഹസ്യമായി സ്വര്‍ണക്കട്ടികള്‍ ഇട്ടുകൊടുത്തു സഹായിച്ചു. ക്രിസ്‌മസിന്റെ തലേ രാത്രിയില്‍ കുട്ടികളുടെ കിടക്കയില്‍ സമ്മാനം വിതറുകയും പ്രഭാതത്തില്‍ ആശ്‌ചര്യപരതന്ത്രരാകുകയും ചെയ്യുന്ന സമ്പ്രദായത്തിന്റെ തുടക്കം ഇതില്‍നിന്നാണ്‌.
ഡച്ചു ഭാഷയില്‍ വിശുദ്ധ നിക്കോളാസിന്‌ സിന്റര്‍ ക്ലാസ്‌ അഥവാ സാന്‍ക്ലാസ്‌ എന്നാണ്‌ പറയുക. ഈ പേര്‌ അമേരിക്കയിലെത്തിയപ്പോള്‍ സാന്താക്ലോസായി മാറി.
സാന്താക്ലോസിനെക്കുറിച്ച്‌ രസകരമായ ഒരു വിശ്വാസമുണ്ട്‌. ഉത്തര ധ്രുവത്തില്‍ ജീവിക്കുന്ന സാന്തായുടെ പ്രധാനജോലി കളിപ്പാട്ട നിര്‍മാണമാണ്‌. ക്രിസ്‌മസ്‌ കാലത്ത്‌ സമ്മാനങ്ങള്‍ ആവശ്യപ്പെട്ട്‌ കത്തുകളയയ്‌ക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനവുമായി ക്രിസ്‌മസ്‌ തലേന്ന്‌ സന്ധ്യയ്‌ക്ക് സാന്താ അപ്പൂപ്പന്‍ എത്തുന്നു. റെയിന്‍ ഡിയര്‍ (മഞ്ഞുമാന്‍) വലിക്കുന്ന സ്ലഡ്‌ജ് എന്ന മഞ്ഞുവണ്ടിയിലാണ്‌ അപ്പൂപ്പന്റെ വരവ്‌. കത്തെഴുതിയ ഓരോ കുട്ടിയുടെ വീട്ടിലും സമ്മാനപ്പൊതികള്‍ വച്ച്‌ അവര്‍ തനിക്കായി കരുതിവച്ചിട്ടുള്ള പാലും ബിസ്‌ക്കറ്റും കഴിച്ച്‌ ക്ഷീണംമാറ്റി സാന്താ യാത്രയാവുന്നു.
ക്രിസ്‌മസ്‌ അപ്പൂപ്പന്‍ തോമസ്‌ നാസ്‌റ്റിന്റെ സൃഷ്‌ടി
സാന്താക്ലോസിന്‌ ഇന്നു കാണുന്ന രൂപം കൊടുത്തത്‌ പ്രസിദ്ധനായ ഒരു കാര്‍ട്ടൂണിസ്‌റ്റാണ്‌. തോമസ്‌ നാസ്‌റ്റ്. 1863-ല്‍ തോമസ്‌ നാസ്‌റ്റ് വരച്ച്‌ ഹാര്‍ലേഴ്‌സ് വീക്കിലിയില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ്‌ സാന്താക്ലോസായി ലോകം മുഴുവന്‍ പ്രചാരം നേടിയത്‌.
ആദ്യത്തെ പുല്‍ക്കൂട്‌
ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണല്ലോ പുല്‍ക്കൂടുകള്‍. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌ 1224-ലാണ്‌ ഈ ചടങ്ങിനു തുടക്കമിട്ടത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഒരു ക്രിസ്‌മസ്‌ രാത്രിയില്‍ അദ്ദേഹം ഇറ്റലിയിലെ ഒരു ഗ്രാമത്തില്‍ ഒരു കാലിത്തൊഴുത്ത്‌ കെട്ടിയുണ്ടാക്കി. യഥാര്‍ത്ഥ മനുഷ്യരെയും കന്നുകാലികളെയും തന്നെയാണ്‌ തിരുപ്പിറവി പുനഃസൃഷ്‌ടിക്കാനായി തൊഴുത്തില്‍ നിര്‍ത്തിയിരുന്നത്‌. മറിയം, ഉണ്ണിയേശു, ആട്ടിടയന്മാര്‍, കന്നുകാലികള്‍, മൂന്നു ജ്‌ഞാനികള്‍, ജ്‌ഞാനികള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ എന്നിവയെല്ലാം ഇങ്ങനെ അദ്ദേഹം പുനഃസൃഷ്‌ടിച്ചു. ഇതില്‍നിന്നാണ്‌ ക്രിസ്‌മസ്‌ പുല്‍ക്കൂട്‌ ആഘോഷത്തിന്റെ ഭാഗമായി ലോകമെങ്ങും നിര്‍മിക്കാന്‍ തുടങ്ങിയത്‌.
ക്രിസ്‌മസ്‌ ട്രീ
ജര്‍മ്മന്‍കാരാണ്‌ ക്രിസ്‌മസ്‌ ട്രീ ഉണ്ടാക്കി അലങ്കരിക്കുന്ന ഏര്‍പ്പാടിനു തുടക്കമിട്ടത്‌. ഇതിന്റെ പിന്നിലും രസകരമായ ഒരു കഥയുണ്ട്‌.പണ്ട്‌ വില്‍ഫ്രഡ്‌ എന്ന പേരുള്ള ഒരിംഗ്ലീഷുകാരന്‍ ജര്‍മനിയിലെ വനത്തിനുള്ളിലൂടെ പോകുകയായിരുന്നു. പെട്ടെന്ന്‌ അദ്ദേഹം ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. അല്‍സുഫ്‌ എന്നു പേരുള്ള ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു അത്‌. അവളുടെ കൈകാലുകള്‍ കൂട്ടിക്കെട്ടി ഒരു ഓക്കുമരത്തില്‍ ബന്ധിച്ചിരുന്നു. കാട്ടുവാസികളായ ഒരുകൂട്ടര്‍ ബലി നല്‍കാനായി കെട്ടിയിട്ടതായിരുന്നു അല്‍സൂഫിനെ. വില്‍ഫ്രഡ്‌ അവളെ രക്ഷിച്ചു. ഇതുകണ്ട കാട്ടുവാസികള്‍ വില്‍ഫ്രഡിനെ ആക്രമിക്കാന്‍ വന്നു. പെട്ടെന്ന്‌ അവിടെ ഒരത്ഭുതം സംഭവിച്ചു. അവരുടെ കണ്‍മുമ്പില്‍ ഒരു ദേവതാരു വൃക്ഷം മുളച്ചുപൊന്തി. ഉണ്ണിയേശുവിന്റെ പ്രതിരൂപമായ ജീവിതവൃക്ഷമാണ്‌ അതെന്ന്‌ വില്‍ഫ്രഡിന്‌ വെളിപ്പാടുണ്ടായി. തന്നെ ആക്രമിക്കാന്‍ വന്നവരെ വില്‍ഫ്രഡ്‌ അത്‌ ബോധ്യപ്പെടുത്തി. ഈ ദേവതാരു വൃക്ഷത്തെ അവര്‍ അലങ്കരിച്ചാദരിച്ചു. ഇതിന്റെ ഓര്‍മയ്‌ക്കായാണ്‌ ക്രിസ്‌മസ്‌ ട്രീ അലങ്കരിക്കുന്ന ചടങ്ങ്‌ ഉണ്ടായത്‌. 19 - 20 നൂറ്റാണ്ടുകളില്‍ ഇന്ത്യയിലെത്തിയ പാശ്‌ചാത്യ മിഷണറിമാര്‍ ഇത്‌ ഇന്ത്യയിലും പ്രചരിപ്പിച്ചു.
ആദ്യത്തെ ക്രിസ്‌മസ്‌ കാര്‍ഡ്
ആദ്യത്തെ ക്രിസ്‌മസ്‌ കാര്‍ഡ്‌ ഉണ്ടാക്കിയത്‌ ഇംഗ്ലീഷുകാരനായ ജോണ്‍ ഡി. ഹോഴ്‌സിലിയാണ്‌. ഹോഴ്‌സിലി ഇത്‌ തന്റെ സുഹൃത്തായ ഹെന്റികോളിന്‌ അയച്ചുകൊടുത്തു. ഒരു വീട്ടില്‍ നടക്കുന്ന വിരുന്നിന്റെ ചിത്രം ഹോഴ്‌സിലി മനോഹരമായി ഇതില്‍ വരച്ചുചേര്‍ത്തിരുന്നു. ആഹ്ലാദപൂര്‍ണമായ ഒരു ക്രിസ്‌മസ്‌ പുതുവത്സരവും താങ്കള്‍ക്ക്‌ നേരുന്നു എന്ന്‌ ഈ ചിത്രത്തിനു ചുവട്ടിലായി അദ്ദേഹം മനോഹരമായി എഴുതിച്ചേര്‍ത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്‌ ക്രിസ്‌മസ്‌ കാര്‍ഡ്‌ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയയ്‌ക്കുന്ന സമ്പ്രദായം പിന്നീട്‌ വിപുലീകൃതമായത്‌.
ക്രിസ്‌മസ്‌ കാരള്‍

ക്രിസ്‌മസ്‌ വിഷയമാക്കിയുള്ള സാഹിത്യകൃതികളില്‍ ഏറ്റവും പ്രശസ്‌തമാണ്‌ ചാള്‍സ്‌ ഡിക്കന്‍സിന്റെ എ ക്രിസ്‌മസ്‌ കാരള്‍. 1843-ലാണ്‌ ഇത്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഈ കഥയിലെ നായകനാണ്‌ പിശുക്കനായ എബനേസര്‍ സ്‌ക്രൂജ്‌. ഇംഗ്ലീഷില്‍ പിശുക്കന്‍ എന്നര്‍ത്ഥമുള്ള സ്‌ക്രൂജ്‌ എന്ന വാക്കുണ്ടായത്‌ ഈ പേരില്‍നിന്നാണ്‌.

No comments: