Pages

Friday, December 26, 2014

ഗർഭിണിയായ യുവതിയെ കടുവ കടിച്ചു കൊന്നു

ഗർഭിണിയായ യുവതിയെ
കടുവ കടിച്ചു കൊന്നു
ബേലാഗവി: മുഡഗൈ ഗ്രാമത്തിനടുത്തുള്ള ഖാനാപ്പൂർ താലൂക്കിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ യുവതി മരിച്ചു. അഞ്ജന അപ്പന്ന ഹൻബ(23)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വെള്ളം കൊണ്ടു വരാനായി പോയ അഞ്ജനയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു കിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം ഖാൻപൂർ താലൂക്കിലെ ഭിംഗാഡ് വൈൽഡ്ലൈഫ് സാങ്ച്യുറിയിൽ നിന്നും പുറത്തു വിട്ട കടുവയാണ് ഇതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. 

വ്യാഴാഴ്ച രാവിലെ മുഡഗൈയ്ക്ക് അടുത്തുള്ള ഡോർലി ഗ്രാമത്തിലെ ഒരു കുതിരയെയും കടുവ ഭക്ഷണമാക്കിയിരുന്നു. കടുവയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ചില സാങ്കേതിക തകാരാറുകളാൽ അത് ഏത് പ്രദേശത്താണെന്ന് കണ്ടെത്താനാകുന്നില്ലെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അന്പാടി മാധവ് പറഞ്ഞു. മരിച്ച യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മനുഷ്യനെ തിന്നുന്ന കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മാധവ്  വ്യക്തമാക്കി.

അതേ സമയം വനംവകുപ്പ് അധികൃതർ ഇതു വരെ കടുവയെ പിടിച്ചില്ലെന്ന് ആരോപിച്ച് എം.എൽ. അരവിന്ദ് പാട്ടീലും സമീപത്തുള്ള ഗ്രാമത്തിലുള്ളവരും പ്രതിഷേധിച്ചു. വനംവകുപ്പ് അധികൃതർ കടുവയെ പിടികൂടുകയോ കൊല്ലുകയോ ചെയ്യാതെ യുവതിയുടെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് അവർ വ്യക്തമാക്കിഇതേ തുടർന്ന് നാട്ടുകാരും പൊലീസുമായുണ്ടായ സംഘർഷത്തിൽ വനംവകുപ്പ് അധികൃതരും പൊലീസും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: