കാക്കിയണിഞ്ഞ് വീണ്ടും
കെ.എസ്.ആര്‍.ടി.സി.യില്‍ ചെക്കര്‍മാര്‍
ഇരുവശത്തും രണ്ടുവീതം പോക്കറ്റുകളോടു കൂടിയ
നീളന്‍ കാക്കി ഷര്‍ട്ടും നടുവില്‍ ബെല്‍റ്റുമണിഞ്ഞ് പഴയ ശൈലിയില്‍ കെ.എസ്.ആര്‍.ടി.സി.യില്‍
വീണ്ടും ചെക്കര്‍മാര്‍. ബസ്സുകളിലെ ടിക്കറ്റ് പരിശോധനയ്ക്ക് പഴയ വേഷവും രീതിയും
നടപ്പാക്കാനുള്ള കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പഴയ
മുഖത്തില്‍ വീണ്ടും ടിക്കറ്റ് പരിശോധകരെത്തുന്നത്. പുതിയ ഉത്തരവ് കഴിഞ്ഞ ശനിയാഴ്ച
പ്രാബല്യത്തില്‍ വന്നെങ്കിലും യൂണിഫോമും മറ്റും തയ്യാറാക്കി തിങ്കളാഴ്ച മുതലാണ്
ടിക്കറ്റ് പരിശോധനാ സംഘങ്ങള്‍ സജീവമായത്. എല്ലാ ജില്ലകളിലും പരിശോധനയ്ക്ക്
നേതൃത്വം നല്‍കാന്‍ എട്ട് ഇന്‍സ്‌പെക്ടര്‍മാര്‍ വീതമുള്ള 21 സ്‌ക്വാഡ്
യൂണിറ്റുകളും രംഗത്തുണ്ട്. ഇതിന്റെ മേല്‍നോട്ടച്ചുമതല കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ്
ഓഫീസര്‍ക്കാണ്.
നേരത്തെ സാധാരണ വേഷത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഓരോ
ബസ്സിലും പരിശോധന നടത്തിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം കാക്കി യൂണിഫോമില്‍
പഴയ രീതിയില്‍ ഒരു ഇന്‍സ്‌പെക്ടര്‍ മാത്രമാണ് പരിശോധനയ്ക്ക് കയറുക. ദിവസവും 12
ബസ്സുകള്‍ വരെ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ രണ്ടുപേരടങ്ങുന്ന
ടീമിന് ചുരുങ്ങിയത് 13 ബസ്സുകള്‍ വരെ പരിശോധിച്ചാല്‍ മതിയായിരുന്നു. കെ.എസ്.ആര്‍.ടി.സി.
ലാഭത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ ബസ്സുകളില്‍ കാക്കി യൂണിഫോമിലെത്തിയിരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്
പിന്നീട് ഓഫീസ്, പോയിന്റ് ഡ്യൂട്ടികളില്‍ ചുമതല നല്‍കിയതോടെ പഴയ ചെക്കര്‍മാര്‍
അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് വിജിലന്‍സ് സ്‌ക്വാഡുകളാണ് ടിക്കറ്റ്
പരിശോധന നടത്തിവന്നിരുന്നത്. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും
രംഗത്തെത്തിയതോടെ ക്രമക്കേടുകള്‍ കണ്ടെത്തുന്ന ചുമതലയാകും ഇനി വിജിലന്‍സ് സ്‌ക്വാഡ്
സംഘങ്ങള്‍ക്കുണ്ടാകുക. തിരക്ക് കൂടുതലുള്ള തിങ്കളാഴ്ചകളില്‍ പതിവുള്ള മിന്നല്‍പരിശോധനയും
പുനരാരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നുള്ള സ്‌ക്വാഡുകളുടെ പരിശോധന
തിങ്കളാഴ്ച രാവിലെ വൈറ്റില ഹബ്ബില്‍ നിന്ന് ആരംഭിച്ചു. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍
ഇന്‍ ചാര്‍ജ് എം.വി. അംബുജാക്ഷന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment