Pages

Tuesday, October 21, 2014

കൊട്ടാരക്കര ശ്രീധരന്‍ നായരെ നാട്ടുകാരും സ്‌നേഹിതരുംഅനുസ്മരിച്ചു

കൊട്ടാരക്കര ശ്രീധരന് നായരെ  നാട്ടുകാരും
സ്നേഹിതരുംഅനുസ്മരിച്ചു

 അരങ്ങൊഴിഞ്ഞ മഹാനടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരെ സ്‌നേഹിതരും ആരാധകരും അനുസ്മരിച്ചു. ഇരുപത്തിയെട്ടാമാണ്ടിലും മങ്ങാത്ത വെളിച്ചമായി ഓര്‍മ്മകളില്‍ താരം നിറഞ്ഞു. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.തന്റെ ആദ്യചിത്രത്തില്‍ നായകനായ ശ്രീരാമനായി വേഷമിട്ട കൊട്ടാരക്കരയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫോണിലൂടെയാണ് കവിയൂര്‍ പൊന്നമ്മ സദസ്സിനോട് പങ്കുവച്ചത്. ശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തില്‍ ശ്രീധരന്‍ നായര്‍ രാമനും താന്‍ മണ്ഡോദരിയുമായിരുന്നു. രാമനിലെ രൗദ്രഭാവം പലപ്പോഴും തന്നെ ഭയപ്പെടുത്തിയിരുന്നതായി അവര്‍ പറഞ്ഞു. ഭാവാഭിനയംപോലെ ശബ്ദാഭിനയത്തിലും ശ്രീധരന്‍ നായര്‍ ഔന്നത്യം പുലര്‍ത്തിയിരുന്നതായി സമ്മേളനത്തില്‍ കലാകാരന്മാരെ ആദരിച്ച സംവിധായകന്‍ രാജസേനന്‍ പറഞ്ഞു. മഹാനടന് ഉചിതമായ സ്മാരകവും അഭിനയ പാഠശാലയും സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അയിഷാപോറ്റി എം.എല്‍.എ. പറഞ്ഞു. സംഗീതത്തില്‍ സ്വാതിതിരുനാളിന്റേതെന്നപോലെ മലയാള സിനിമയില്‍ സുവര്‍ണകാലമായിരുന്നു ശ്രീധരന്‍ നായരുടെ കാലഘട്ടമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഓര്‍മ്മിച്ചു. യാഥാര്‍ഥ്യബോധത്തിന്റെ സഞ്ചാരപഥം പ്രേക്ഷകമനസ്സിലെത്തിച്ച മികച്ച സിനിമകളായിരുന്നു ശ്രീധരന്‍ നായരുടേതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കഥകളിനടന്‍ തലവടി അരവിന്ദന്‍, നാടകനടന്‍ കൈനകരി തങ്കരാജ് എന്നിവരെ ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി.എന്‍.ഗംഗാധരന്‍ നായരുടെ അധ്യക്ഷതയില്‍ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത്, പാത്തല രാഘവന്‍, എസ്.ആര്‍.രമേശ്, കെ.ഉണ്ണിക്കൃഷ്ണമേനോന്‍, കലയപുരം ജോസ്, എന്നിവര്‍ പ്രസംഗിച്ചു. ജി.കലാധരന്‍ ആമുഖപ്രഭാഷണം നടത്തി. അഡ്വ. ആര്‍.കൃഷ്ണകുമാര്‍ സ്വാഗതവും സൈനുലാബ്ദീന്‍ നന്ദിയും പറഞ്ഞു. ഗാനാഞ്ജലി, കവിതാലാപനം, ശ്രീധരന്‍ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടന്നു. കൊട്ടാരക്കര  ശ്രീധരൻ നായർക്ക്  WINDOW OF KNOWLEDGE  ന്റെ  സ്മരണാഞ്ജലി

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: