Pages

Thursday, June 12, 2014

കേന്ദ്രം ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുമോ അതോ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോർട്ട്‌ സ്വീകരിക്കുമോ

കേന്ദ്രം ഗാഡ്ഗില്  റിപ്പോര്ട്ട് നടപ്പിലാക്കുമോ അതോ  കസ്തൂരിരംഗന് കമ്മിറ്റി റിപ്പോർട്ട്  സ്വീകരിക്കുമോ
mangalam malayalam online newspaper                   കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ പല ആശങ്കകളിലൊന്നു ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കുമോ എന്നതായിരുന്നു. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തപ്പെട്ടെങ്കിലും ഇനിയും കൃത്യമായ ഒരു തീരുമാനം ഉരുത്തിരിഞ്ഞിട്ടില്ല. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കേരളത്തിലുണ്ടായ നിരവധി സമരങ്ങളും ഹര്‍ത്താലുകളും ചര്‍ച്ചകളും വാഗ്വാദങ്ങളും പഴയ കാഴ്‌ചകളായി മാറുന്ന ഈ സമയത്ത്‌ എന്തായിരുന്നു ഗാഡ്‌ഗില്‍ കമ്മിറ്റി വിഭാവനം ചെയ്‌തതെന്നും അതിന്റെ സാധ്യതകളെന്തെന്നും ഇനിയെങ്കിലും തിരിച്ചറിയപ്പെടേണ്ടതായിട്ടുണ്ട്‌.
                 എന്തിനു വേണ്ടിയായിരുന്നു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌? എന്താണ്‌ അതു പറയാന്‍ ശ്രമിച്ചത്‌? ഏതേതു നുണകളാണ്‌ അതിനെതിരേ ഉയര്‍ന്നു വന്നത്‌? ഈ റിപ്പോര്‍ട്ടിനെ എയ്‌തു വീഴ്‌ത്തുവാന്‍ ശ്രമിച്ചവര്‍ ആരൊക്കെയാണ്‌? ഈ റിപ്പോര്‍ട്ടിനു ശേഷം വന്ന കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ എങ്ങനെയാണു ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്നു വ്യത്യസ്‌തമാകുന്നത്‌? ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ യാത്രയില്‍ ദിശാസൂചകമായി മാറുന്നത്‌ ഏതു റിപ്പോര്‍ട്ടാകും? പശ്‌ചിമഘട്ട മലനിരകളിലെ പാരിസ്‌ഥിതിക ധ്വംസനം സകല സീമകളും ഭേദിക്കുന്ന അവസ്‌ഥയിലെത്തിയപ്പോഴാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി രൂപീകൃതമായത്‌. ഗോവയിലും കര്‍ണാടകയിലും വലിയ തോതിലുള്ള ഖനനം മൂലം ഇനിയൊരിക്കലും പഴയ ആവാസവ്യവസ്‌ഥയിലേക്കു തിരിച്ചുവരാത്തവണ്ണം പശ്‌ചിമഘട്ടം നാമാവശേഷമായി. കേരളത്തിലാകട്ടെ നിരവധി അധികൃതവും അനധികൃതവുമായ ക്വാറികള്‍ പശ്‌ചിമഘട്ടത്തേയും ഇടനാടന്‍ കുന്നുകളേയും ഇല്ലാതാക്കിത്തുടങ്ങി.                                      കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്തത്ര ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ക്വാറികള്‍ക്കെതിരേ ജനങ്ങള്‍ തുടങ്ങുകയും ചെയ്‌തു. ഇത്തരുണത്തിലാണ്‌ ഏറ്റവും സുതാര്യമായ ശൈലിയിലൂടെ ഗാഡ്‌ഗില്‍ കമ്മിറ്റി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്‌. പഠനരീതി വ്യക്‌തമാക്കുന്ന, കറന്റ്‌ സയന്‍സ്‌ എന്ന ശാസ്‌ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്നു തുടങ്ങി എല്ലാ യോഗങ്ങളുടെയും ജനകീയ തെളിവെടുപ്പിന്റേയും വിവരങ്ങളും മിനിറ്റ്‌സും അപ്പപ്പോള്‍ കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ വായിക്കാന്‍ കഴിഞ്ഞിരുന്നു. ഇത്രമാത്രം സുതാര്യമായി തയാറാക്കപ്പെട്ട റിപ്പോര്‍ട്ട്‌ പക്ഷേ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഏകദേശം ആറു മാസത്തോളം ആരുമറിയാതെ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം രഹസ്യമായി വയ്‌ക്കുകയും ചെയ്‌തു.
വിവരാവകാശ നിയമം വഴിയുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കോടതിയുടെ ഇടപെടലിലൂടെയാണു ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വെളിച്ചം കണ്ടത്‌. പശ്‌ചിമഘട്ടത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിവുകളും ഉള്‍ക്കാഴ്‌ചകളും സ്വാംശീകരിച്ചുകൊണ്ടുള്ള ശാസ്‌ത്രീയവും ആധികാരികവുമായ റിപ്പോര്‍ട്ടായിട്ടാണു ശാസ്‌ത്ര സമൂഹം ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കണ്ടത്‌. മൂന്നു പ്രധാന കാര്യങ്ങളാണു റിപ്പോര്‍ട്ടിനു പറയാനുണ്ടായിരുന്നത്‌. ആദ്യത്തേത്‌, നിലനില്‍ക്കുന്ന സാമ്പത്തിക ഭരണരീതിയില്‍നിന്ന്‌ പാരിസ്‌ഥിതിക ഭരണ രീതിയിലേക്കുള്ള മാറ്റമാണ്‌. എന്താണ്‌ ഇവ തമ്മിലുള്ള വ്യത്യാസം? ഒരു വീടു വയ്‌ക്കുമ്പോള്‍ അതിന്റെ മുറ്റമത്രയും ഓടു പാകേണ്ടതുണ്ടോ എന്ന്‌ തീരുമാനിക്കേണ്ടി വരുമ്പോള്‍ പണമുണ്ടെങ്കില്‍ ചെയ്യാം ഇല്ലെങ്കില്‍ വേണ്ട എന്നു തീരുമാനിക്കുന്നതാണ്‌ സാമ്പത്തിക ഭരണരീതി. അതില്‍നിന്നു വ്യത്യസ്‌തമായി മുറ്റമത്രയും ഓടു പാകിയാല്‍, അതിനടിയിലുള്ള മണ്ണിനു ശ്വസിക്കാനാവില്ലെന്നും മഴയത്തു കുടിക്കാനാവില്ലെന്നും അതുകൊണ്ടു തൊട്ടപ്പുറത്തെ കിണറ്റില്‍ വെള്ളമില്ലാതാകും എന്ന തിരിച്ചറിവുണ്ടായാല്‍ ഓടു പാകേണ്ടതില്ലെന്നു തീരുമാനിക്കുന്നതാണു പാരിസ്‌ഥിതിക ഭരണരീതി. ഒരു പഞ്ചായത്തോ ജില്ലയോ സംസ്‌ഥാനമോ രാജ്യം തന്നെയോ ഭരിക്കുമ്പോള്‍ ഏതേതു പ്രോജക്‌റ്റുകള്‍ നടപ്പിലാക്കണം എന്നു തീരുമാനിക്കുമ്പോള്‍ പണമുണ്ടോ എന്നതിനേക്കാള്‍ അതെത്രമാത്രം പരിസ്‌ഥിതിക്ക്‌ അനുകൂലമാണ്‌ എന്നതു വേണം നിര്‍ണായകമാകേണ്ടത്‌ എന്നാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി പറയാന്‍ ശ്രമിച്ചത്‌.
കമ്മിറ്റി ഉന്നയിച്ച രണ്ടാമത്തെ കാര്യം നിലനില്‍ക്കുന്ന ജനാധിപത്യത്തെക്കുറിച്ചാണ്‌. ഇന്നുള്ളത്‌ ഇടവിട്ടുള്ള ജനാധിപത്യമാണ്‌. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ വോട്ട്‌ ചെയ്യുകയും പിന്നീടങ്ങോട്ടു ജനങ്ങള്‍ക്കു ഭരണത്തില്‍ ഒരു ഇടപെടലിനും അവസരമില്ലാത്ത ഇടവിട്ടുള്ള ജനാധിപത്യത്തെ തുടര്‍ച്ചയായ ജനാധിപത്യമാക്കി മാറ്റുക എന്നതാണു ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശം. ഇതു സാധ്യമാക്കുന്നതു ജനങ്ങളുടെ അടിസ്‌ഥാന കൂട്ടായ്‌മയായ ഗ്രാമസഭകളെ ശക്‌തിപ്പെടുത്തിയും ഉത്തരവാദിത്വപ്പെടുത്തിയുമാണ്‌. ഒരു പ്രദേശത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയാനും ഇടപെടാനും സാധാരണക്കാരനും അവസരമുണ്ടാകണം എന്നതാണു നിര്‍ദേശം. കേരളത്തില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ എത്ര വലുതാകാമെന്നോ എത്ര ആഴത്തില്‍ പാറ പൊട്ടിക്കാമെന്നോ ഉള്ള കാര്യത്തിലൊന്നും തദ്ദേശീയരുടെ അഭിപ്രായം പരിഗണിക്കാറില്ല. അത്‌ അവരുടെ ജീവിതത്തെ എത്രമാത്രം ദുരിതത്തിലാക്കുന്നതായാലും ശരി. ഈ അവസ്‌ഥ മാറണമെന്നും സാധാരണ ജനങ്ങളെ അധികാരപ്പെടുത്തിക്കൊണ്ടു മാത്രമേ ജനാധിപത്യത്തിന്‌ ആഴവും പരപ്പും നല്‍കാനാവൂ എന്നും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ വിഭാവനം ചെയ്യുന്നു. മൂന്നാമതായി സര്‍ക്കാര്‍ വകുപ്പുകളെക്കുറിച്ചാണു റിപ്പോര്‍ട്ട്‌ പറയുന്നത്‌. ഇന്ന്‌ ഓരോ സര്‍ക്കാര്‍ വകുപ്പുകളും ഓരോ രാവണന്‍ കോട്ടകളായി മാറിക്കഴിഞ്ഞതായി റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു. സുതാര്യതയില്ല, മറ്റു വകുപ്പുകളുമായി സംസാരമോ കൂട്ടുത്തരവാദിത്വമോ ഇല്ല. ഓരോ സര്‍ക്കാര്‍ വകുപ്പുകളുടേയും പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജപങ്കാളിത്തത്തോടു കൂടിയതുമാകണമെന്നു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നിരീക്ഷിക്കുന്നു.
                   ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ ആത്മാംശങ്ങളായ ഈ മൂന്നു കാര്യങ്ങളാണു കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളേയും ക്വാറികളുടെ പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളേയും കത്തോലിക്കാ സഭയേയും ചൊടിപ്പിച്ചത്‌. പശ്‌ചിമഘട്ടത്തിന്റെ അതീവ ലോലമായ പരിസ്‌ഥിതി സന്തുലിതാവസ്‌ഥ മണ്ണെടുത്തും പാറ പൊട്ടിച്ചും വലിയ കെട്ടിടങ്ങളുണ്ടാക്കിയും തകര്‍ക്കുന്നു. അതില്‍നിന്നുള്ള ലാഭം കൊണ്ട്‌ ജീവിക്കുന്ന പ്രസ്‌ഥാനങ്ങളും ഒരിക്കലും സുതാര്യമാകാന്‍ ഉദ്ദേശിക്കാത്ത സര്‍ക്കാര്‍ വകുപ്പുകളും പക്ഷേ, കര്‍ഷകരുടെ പേരിലാണു നിലവിളി ഉയര്‍ത്തിയത്‌. കര്‍ഷകനെ സര്‍വാത്മനാ സഹായിക്കുന്ന, കൃഷി സാധ്യമാകുന്ന നിലയില്‍ പരിസ്‌ഥിതിയെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടിനെ ജനവിരുദ്ധമായി അവതരിപ്പിച്ചതിന്റെ കാരണം മറ്റൊന്നല്ല.തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാകുന്നതു ജനങ്ങളെ പേടിക്കുന്നവരാണു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്‌ എന്നാണ്‌. ജനങ്ങള്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ മുന്നോട്ടു പോകാന്‍ കഴിയാതാവുന്ന ചൂഷകരാണു റിപ്പോര്‍ട്ടിനെ എതിര്‍ത്തിരുന്നത്‌. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള വിമര്‍ശനമായും തിരുത്തലുകളുമായാണു കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്നത്‌. നിലനില്‍ക്കുന്ന വ്യവസ്‌ഥ പരിസ്‌ഥിതിക്കും മനുഷ്യവാസത്തിനും ഭീഷണിയായി മാറിയ സാഹചര്യത്തില്‍ ജനങ്ങളെ അധികാരപ്പെടുത്തിക്കൊണ്ടു മാത്രമേ പരിസ്‌ഥിതി സംരക്ഷണം സാധ്യമാകൂ എന്നു വാദിച്ച ഗാഡ്‌ഗില്‍ നിര്‍ദേശങ്ങളോട്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി പ്രതികരിക്കുന്നത്‌ ഇങ്ങിനെയാണ്‌: ഇത്രമാത്രം പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട ഉത്തരവാദിത്വം എങ്ങനെയാണ്‌ സാധാരണക്കാരായ നാട്ടുകാര്‍ക്കും അക്ഷരാഭ്യാസമില്ലാത്ത ആദിവാസികള്‍ക്കും കൊടുക്കുക?ബ്രിട്ടീഷുകാരില്‍നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്ത്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ ചോദിച്ച അതേ ചോദ്യം. ഇത്രയധികം നാട്ടുരാജ്യങ്ങളുള്ള, എല്ലായിടത്തും ഒരേ ഭാഷ പോലുമില്ലാത്ത,നിരവധി സംസ്‌കാരങ്ങള്‍ക്കു സ്വാതന്ത്രം കൊടുത്താല്‍ എന്താകും സ്‌ഥിതി? തീര്‍ച്ചയായും ചരിത്രം ഒരോര്‍മപ്പെടുത്തലായി നമുക്കൊപ്പം വേണം.ജനപക്ഷത്തു നില്‍ക്കുന്ന ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ ജനവിരുദ്ധമായി അവതരിപ്പിച്ചവരെ നമുക്കു തിരിച്ചറിയാനാവണം. കാരണം ഒരു റിപ്പോര്‍ട്ട്‌ കൊണ്ട്‌ സംരക്ഷിക്കാവുന്നതല്ല നമ്മുടെ പരിസ്‌ഥിതിയും വനവും പശ്‌ചിമഘട്ടവും. ജനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുമ്പോള്‍ ഞങ്ങള്‍ക്കതു വേണ്ട എന്നു പറയാന്‍ പ്രേരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ്‌ അധികാരം പിടിച്ചെടുക്കാതെ അതിജീവനം സാധ്യമല്ല. അതിനുള്ള വലിയൊരവസരമാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തരുന്നത്‌.
അല്ലെങ്കില്‍ തന്നെ എന്തുകൊണ്ടാണു നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളത്രയും ഇല്ലെങ്കില്‍ നമുക്കും ജീവിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിലൂടെ വരാന്‍ പോകുന്ന പ്രളയത്തെ മുന്‍നിര്‍ത്തി തന്റെ കപ്പലില്‍ എല്ലാ ജീവജാലങ്ങളുടേയും ആണിനേയും പെണ്ണിനേയും നോഹ കയറ്റിയത്‌? കേരളത്തിലെ സി.എസ്‌.ഐ. സഭയ്‌ക്ക്‌ മനസിലായ ഈ ലളിത സത്യം എന്തേ കത്തോലിക്കാ സഭയ്‌ക്കു മനസിലാവാതെപോകുന്നത്‌? കാര്യം പറയാനല്ലെങ്കില്‍ പിന്നെ കഥ പറയുന്നതെന്തിനാണ്‌? 


                                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                        


No comments: