മനസാക്ഷി മരവിച്ച മലയാളി
റോഡപകടങ്ങള്‍ കേരളത്തില്‍
പലേടത്തും വര്‍ധിച്ചുവരികയാണ്. റോഡുകളുടെ തകരാറുകള്‍,
വാഹനപ്പെരുപ്പം, ഗതാഗതനിയമ ലംഘനങ്ങള്‍,
മത്സരയോട്ടം തുടങ്ങിയവ ഇതിന് കാരണങ്ങളാണ്.
അപകടങ്ങളില്‍പ്പെടുന്നവരെ
ആസ്പത്രിയിലെത്തിക്കാന്‍ അധികൃതരും സന്നദ്ധസംഘടനകളും
പല സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും
അവയുടെ പ്രയോജനം എല്ലായിടത്തും എപ്പോഴും
ലഭിച്ചെന്നുവരില്ല. ഈ പോരായ്മകളും
തിരുവനന്തപുരത്ത് കണ്ടതുപോലുള്ള നിസ്സംഗതയും ഒത്തുചേര്‍ന്നാലുള്ള
സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.തിരുവനന്തപുരത്തേത് ഒറ്റപ്പെട്ട സംഭവമല്ല. അപകടത്തില്‍പ്പെട്ട് മൃതപ്രായരായി കിടക്കുന്നവര്‍ക്ക്
ഇത്തരം അനുഭവം ഉണ്ടാകുന്നത് സാധാരണമായിരിക്കുന്നു.
ഇങ്ങനെ എത്രയോ ജീവന്‍
നഷ്ടപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ
സഹായിക്കാന്‍ സന്നദ്ധരാകാതെ ദൃശ്യങ്ങള്‍ മൊബൈല്‍
ഫോണില്‍ പകര്‍ത്തുന്നവരെയും എവിടെയും കാണാം. കൊച്ചിയില്‍ തോപ്പുംപടിക്കടുത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചുകിടക്കുന്ന
ദൃശ്യം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍
പകര്‍ത്താന്‍ യുവാക്കള്‍
തിരക്കുകൂട്ടുന്നത് നടുക്കുന്ന കാഴ്ചയായിരുന്നു. ഏതാനും
വര്‍ഷംമുമ്പ്
കോട്ടയം താഴത്തങ്ങാടിയിലുണ്ടായ വന്‍
ബസ്സപകടം കാണാനും ദൃശ്യങ്ങള്‍
മൊബൈല്‍ ഫോണില്‍
പകര്‍ത്താനും
തിക്കുംതിരക്കും കൂട്ടിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപോലും
തടസ്സമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പുരോഗതിക്കിടയില്‍, കേരളത്തില്‍
സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സാമൂഹികാപചയങ്ങളിലേക്കാണ്
ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്.
ദുരന്തങ്ങളെ ആഘോഷമായി കാണാന്‍
മടിക്കാത്തവര്‍പോലും
സമൂഹത്തിലുണ്ടാകുന്നു. അപലപനീയവും ആപത്കരവുമാണ് ഈ
സ്ഥിതിവിശേഷം. ഭൗതികരംഗത്ത് നാം കൈവരിച്ചുകൊണ്ടിരിക്കുന്ന
നേട്ടങ്ങളെ അത് നിഷ്പ്രഭമാക്കും.
അവശനിലയില്‍ ആസ്പത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ചികിത്സ നിഷേധിക്കുകയോ
വൈകിക്കുകയോ ചെയ്യുന്നതുമൂലം ജീവന്‍ നഷ്ടപ്പെടുന്നതും
കേരളത്തില്‍ കുറവല്ല. നിസ്സംഗതയുടെയും
അവഗണനയുടെയും ഭിന്നമുഖങ്ങള്‍ ഇങ്ങനെ സര്‍വമേഖലകളിലും
കാണാം. സാധാരണക്കാരും പാവപ്പെട്ടവരുമാണ് അതിന് ഇരകളാകേണ്ടിവരുന്നവരിലധികവും. മനുഷ്യത്വത്തിന് നിദാനമായ
നന്മകള്‍ ക്ഷയിക്കുന്നത് വലിയ
സാമൂഹിക ദുരന്തത്തിനുതന്നെ കാരണമാകും. അന്യന്റെ വിഷമതകളില്‍ പങ്കുചേരാനും ആപത്തില്‍പ്പെട്ടവരെ
കഴിയുംവിധം സഹായിക്കാനും സന്നദ്ധതയുള്ള ഒരു വിഭാഗവും
സമൂഹത്തിലുണ്ടെന്നതാണ്, ഈ സംസ്‌കാരച്യുതിക്കിടയില്‍ കുറച്ചെങ്കിലും ആശ്വാസവും
പ്രതീക്ഷയും നല്‍കുന്നത്. അപകടങ്ങളിലും അക്രമങ്ങളിലും
പരിക്കേറ്റവരെ സഹായിക്കണമെന്ന് ആഗ്രഹമുള്ളവര്‍പോലും
ചിലപ്പോള്‍ അതിന് തയ്യാറാകാത്തത്
പോലീസ് നടപടിക്രമങ്ങളെയും മറ്റും ഭയന്നിട്ടാവാം. രക്ഷകര്‍ക്ക്
പ്രശ്‌നങ്ങളുണ്ടാവില്ലെന്ന്
പോലീസും മറ്റ് അധികൃതരും പറയുന്നുണ്ടെങ്കിലുംഇക്കാര്യത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ മുഴുവനായി അകന്നിട്ടില്ല.
അവയകറ്റാനും ആപത്തില്‍പ്പെട്ടവരെ
രക്ഷിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാനും
അധികൃതര്‍ക്ക്
കഴിയണം. (മാതൃഭൂമി )
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment