Pages

Monday, May 12, 2014

KABANI RIVER-(കബനീജലം കേരളത്തിനു വേണ്ട: നിസംഗത മുതലാക്കി തമിഴ്‌നാട്‌ നീക്കം)


കബനീജലം കേരളത്തിനു വേണ്ട: നിസംഗത മുതലാക്കി തമിഴ്നാട് നീക്കം
ബിനു ജോര്ജ്
_____________________________________________________
The Kabani  is a river of southern India. It originates in the Wayanad District of Kerala state from the confluence of the Panamaram River and the Mananthavady River, and flows eastward to join the Kaveri River at Tirumakudalu Narasipura in Karnataka, which empties into the Bay of Bengal.
___________________________________________________________________________________
                          പൂര്‍ണമായും വയനാട്ടില്‍ നിന്നുത്ഭവിച്ചു കര്‍ണാടകയിലേക്ക്‌ ഒഴുകുന്ന കബനി നദീജലത്തിനായി തമിഴ്‌നാട്‌ സുപ്രീംകോടതിയിലെത്തിയത്‌ കേരളത്തിന്റെ അനാസ്‌ഥ മുതലെടുത്ത്‌. കേരളവും കൂടി ഉപയോഗിക്കേണ്ട കബനിയിലെ ജലസമ്പത്ത്‌ പരിധിയില്ലാതെ കര്‍ണാടക ഉപയോഗിക്കുന്നതിനെതിരേയാണ്‌ ഏറ്റവുമൊടുവില്‍ തമിഴ്‌നാട്‌ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌.കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച്‌ 21 ടി.എം.സി കബനി ജലമുപയോഗിക്കാനാണ്‌ കേരളത്തിന്‌ അനുമതിയുള്ളത്‌. ഇതില്‍ പകുതി പോലും കേരളം ഉപയോഗിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാല്‍ കര്‍ണാടകയില്‍ നിന്നു ലഭിക്കേണ്ട ജലവിഹിതത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ്‌ തമിഴ്‌നാടിന്റെ പ്രതീക്ഷ. പ്രതിവര്‍ഷം 147 ടി.എം.സി ജലം കബനിയിലൂടെ കര്‍ണാടകയിലേക്ക്‌ എത്തുന്നുവെന്നാണ്‌ കേരള ജലസേചന വകുപ്പിന്റെ ഔദ്യോഗിക കണക്ക്‌.
                   ഇത്‌ തമിഴ്‌നാടും കര്‍ണാടകയും കാവേരി ട്രിബ്യൂണലും അംഗീകരിച്ചിട്ടില്ല. മൂന്നു സംസ്‌ഥാനങ്ങളുടെ വാദവും തങ്ങളുടേതായ കണക്കുകൂട്ടലുകളും പരിഗണിച്ചാണ്‌ 21 ടി.എം.സി കബനി ജലമുപയോഗിക്കാന്‍ ട്രിബ്യൂണല്‍ കേരളത്തിന്‌ അനുമതി നല്‍കിയത്‌.അഞ്ചിലൊന്നു ജലവിഹിതം പോലും ട്രിബ്യൂണല്‍ അനുവദിക്കാത്തത്‌ ചോദ്യം ചെയ്ായന്‍ കേരളം കാര്യമായ ശ്രമം നടത്തിയില്ലെന്നു മാത്രമല്ല, അനുവദിച്ച നാമമാത്രമായ അളവ്‌ ജലം വിനിയോഗിക്കുന്നുമില്ല.കബനി ജലമുപയോഗിച്ച്‌ നാമാത്രമായ കുടിവെളള, ജലസേചന പദ്ധതികള്‍ മാത്രമാണ്‌ കേരള സര്‍ക്കാര്‍ വയനാട്ടില്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ബാക്കി ജലം മുഴുവന്‍ ഒഴുകിയെത്തുന്നതു കര്‍ണാടകയിലേക്കാണ്‌.കേരളത്തിന്റെ യാതൊരുവിധ എതിര്‍പ്പുകളുമില്ലാതെ ഈ ജലം കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്കായാണ്‌ കര്‍ണാടക സര്‍ക്കാര്‍ വിനിയോഗിക്കുന്നത്‌. കര്‍ണാടകയിലെ കാവേരി നദിയിലെ പ്രധാന ജലസ്രോതസ്‌ കബനി നദിയാണ്‌. കാവേരി നദിയിലെ ബീച്ചനഹള്ളി അണക്കെട്ടിന്റെ സമൃദ്ധിയും ഫലത്തില്‍ കബനി തന്നെ. ഇതുവരെ കാവേരി ജലത്തിനു വേണ്ടി കര്‍ണാടക സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്ന തമിഴ്‌നാട്‌ സര്‍ക്കാരിപ്പോള്‍ ജലവിനിയോഗത്തില്‍ കേരളത്തിന്റെ പിടിപ്പുകേടും ചൂണ്ടിക്കാട്ടിയിരിക്കുകയാണ്‌.
                     വയനാട്ടിലെ പനമരം, മാനന്തവാടി, കന്നാരംപുഴ, ബാവലി, പാപനാശിനി, കടമാന്‍തോട്‌ തുടങ്ങിയ പോഷകനദികള്‍ സംഗമിച്ചാണ്‌ കബനി രൂപപ്പെടുന്നത്‌. വയനാട്ടില്‍ പെയ്യുന്ന മഴവെള്ളം രണ്ടുമണിക്കൂറിനുള്ളില്‍ കബനിയിലൂടെ പൂര്‍ണമായും കര്‍ണാടകയിലെത്തും. ഈ ജലം ഉപയോഗിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെറുതും വലുതുമായ ജലസേചന, വൈദ്യുതി പദ്ധതികള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. അനുവദനീയമായ അളവ്‌ കബനീജലം വിനിയോഗിക്കാന്‍ പോലും കേരളത്തിനു കാര്യമായ പദ്ധതികളില്ലാത്തതാണു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിരവധി ജല പദ്ധതികള്‍ സ്‌ഥാപിക്കാന്‍ കര്‍ണാടകയെ പ്രേരിപ്പിച്ചത്‌.ഇതിലൂടെ കേരളത്തിനുള്ള വിഹിതവും ഫലത്തില്‍ ഉപയോഗിക്കുന്നത്‌ കര്‍ണാടകയാണെന്നാണ്‌ തമിഴ്‌നാടിന്റെ വാദം. കബനി ജലമുപയോഗിക്കാന്‍ കേരള സര്‍ക്കാര്‍ സ്‌ഥാപിച്ചിരിക്കുന്നതില്‍ പ്രധാനം ദാസനക്കര, കൊളവള്ളി ചെറുകിട ലിഫ്‌റ്റ്‌ ഇറിഗേഷന്‍ പദ്ധതികളും പുല്‍പ്പള്ളി മേഖലയിലുള്ള വളരെ ചെറിയ ഏതാനും കുടിവെള്ള പദ്ധതികളുമാണ്‌. 14 വര്‍ഷം മുമ്പ്‌ ആയിരക്കണക്കിന്‌ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന വാളാട്‌ പദ്ധതിയും രണ്ട്‌ വര്‍ഷം മുമ്പ്‌ കടമാന്‍തോട്‌ പദ്ധതിയുമാണ്‌ വയനാട്ടില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍ ജനരോക്ഷത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു.
                      അധികം ജനങ്ങളെ കുടിയൊഴിപ്പിക്കാതെ ചെറുകിട പദ്ധതികള്‍ കൂടുതലായി നടപ്പാക്കണമെന്ന പൊതുജനാവശ്യം ഗൗരവമായി പരിഗണിക്കാത്തതാണ്‌ കേരളത്തിന്‌ ഇപ്പോള്‍ വിനയായിരിക്കുന്നത്‌. അന്തര്‍ സംസ്‌ഥാന ബന്ധമുള്ള നദിയായതിനാലും കബനി ജലത്തിന്റെ പേരില്‍ അന്യ സംസ്‌ഥാനങ്ങള്‍ കോടതിയെ സമീപിച്ചതിനാലും ഇനി എളുപ്പത്തില്‍ കബനി നദീയില്‍ കേരളത്തിന്‌ ഒരു ചെറുകിട ജലപദ്ധതി പോലും നടപ്പാക്കാനാവില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.2013 ലെ വേനലില്‍ വയനാട്‌ കൊടിയ വരള്‍ച്ചയുടെ വക്കിലെത്തിയപ്പോള്‍ താല്‍ക്കാലികാടിസ്‌ഥാനത്തില്‍ കബനിനദിയില്‍ തടയണ നിര്‍മിച്ച്‌ കുടിവെള്ളം വിതരണം ചെയ്യാന്‍ വയനാട്‌ ജില്ലാ ഭരണകൂടം ശ്രമിച്ചിരുന്നു. ഇതിനു വേണ്ടി കര്‍ണാടക സര്‍ക്കാരിന്‌ വയനാട്‌ കലക്‌ടര്‍ കത്തെഴുതിയെങ്കിലും അനുമതി നിഷേധിച്ചുള്ള മറുപടിയാണ്‌ ലഭിച്ചത്‌.തടയണ നിര്‍മാണം ഇരുസംസ്‌ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നായിരുന്നു കര്‍ണാടകയുടെ മുന്നറിയിപ്പ്‌. പിന്നീട്‌ കര്‍ണാടകയുടെ എതിര്‍പ്പ്‌ മറികടന്ന്‌ വയനാട്ടിലെ കര്‍ഷകര്‍ ജനകീയാടിസ്‌ഥാനത്തില്‍ നിര്‍മിച്ച തടയണയാകട്ടെ അധികം വൈകാതെ കര്‍ണാടക കര്‍ഷകര്‍ തകര്‍ക്കുകയും ചെയ്‌തിരുന്നു.

                    കബനിയുടെ പോഷക നദികളിലൊന്നില്‍ സ്‌ഥാപിച്ചിരിക്കുന്ന വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിച്ച്‌ കൂടുതല്‍ ജലം തടഞ്ഞുനിറുത്താന്‍ കേരളം ശ്രമിക്കുകയാണെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടും കബനിയുടെ കൈവഴിയിലാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. ഈ അണക്കെട്ടുകളില്‍ ജലം തടഞ്ഞുനിറുത്തുന്നതല്ലാതെ കൃഷി ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.മഴക്കാലത്ത്‌ ഡാം തുറക്കും. വെള്ളം നേരെ കര്‍ണാടകയിലെത്തും. ഫലത്തില്‍ ഇതു ഗുണം ചെയ്യുന്നതും കര്‍ണാടകയ്‌ക്ക്‌. പൂര്‍ണമായും ജലസേചനം ഉദ്ദേശിച്ചു കോടികള്‍ ചെലവാക്കിയ രണ്ടു പദ്ധതികളും ഉദ്യോഗസ്‌ഥരുടെയും കരാറുകാരുടെയും കറവപ്പശുവായിരുന്നു. ഇനി കോടികള്‍ ഒഴുക്കിയാലും ഉദേശലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ രണ്ട്‌ അണക്കെട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: