കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ ദുരിതം അനുഭവിക്കുന്നു
കേരളത്തിലെ
അന്യസംസ്ഥാന തൊഴിലാളികളില്‍ വലിയൊരു വിഭാഗം
പരിമിതമായ താമസസൗകര്യംപോലുമില്ലാതെ വിഷമിക്കുന്നവരാണ്. എറണാകുളം ജില്ലയില്‍
ഇവരുടെ ചില പാര്‍പ്പിടങ്ങളില്‍ ഈയിടെ പരിശോധന
നടത്തിയ അധികൃതര്‍ അതിശോചനീയമായ
സ്ഥിതിയാണ് കണ്ടത്. 200ഓളം പേരെ
പാര്‍പ്പിച്ചിരുന്ന
ഒരു ലേബര്‍
ക്യാമ്പ് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്
അടയ്ക്കാന്‍ അധികൃതര്‍
ഉത്തരവിട്ടു. അഞ്ചുപേര്‍ക്കുമാത്രം
താമസിക്കാന്‍ സൗകര്യമുള്ള മുറികളില്‍ 15 പേര്‍
വീതമാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞിരുന്നതത്രെ. പല ലേബര്‍ക്യാമ്പിലും
പ്രാഥമികാവശ്യങ്ങള്‍ക്കുള്ള
സൗകര്യംപോലുമില്ല. മലിനജലം ഒഴുകിപ്പോകാന്‍
മാര്‍ഗമില്ലാത്തതിനാല്‍ പരിസരവും വൃത്തിഹീനമാകുന്നു.
മാലിന്യവും ദുര്‍ഗന്ധവും നിറഞ്ഞ ഇത്തരം
പാര്‍പ്പിടങ്ങളിലാണ്
മറ്റുപല സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. മഴപെയ്താല്‍ പരിസരം
മുഴുവന്‍ വെള്ളം കെട്ടിനില്‍ക്കുന്ന
സ്ഥിതിയും പലേടത്തുമുണ്ട്. കണ്‍സ്ട്രക്ഷന്‍ കമ്പനികളും
പ്ലൈവുഡ് കമ്പനികളുമടക്കമുള്ള വിവിധ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിന്
അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ജോലിചെയ്യുന്നത്.
ചുരുക്കം ചില സ്ഥാപനങ്ങളേ
തൊഴിലാളികള്‍ക്ക്
നല്ലരീതിയില്‍ താമസസൗകര്യം ഏര്‌പ്പെടുത്തുന്നുള്ളൂ.
ഇക്കാര്യത്തില്‍ പൊതുവേ കാണുന്ന
അവഗണന പരിസര മലിനീകരണത്തിനും രോഗവ്യാപനത്തിനും
കാരണമാകുന്നു.
കേരളത്തിലേക്ക്
അന്യസംസ്ഥാന തൊഴിലാളികളുടെ പ്രവാഹം തുടങ്ങിയിട്ട് ഏറെക്കാലമായി.
അവരില്ലെങ്കില്‍ സംസ്ഥാനത്ത് നിര്‍മാണ
മേഖലയിലേതടക്കമുള്ള പല പ്രവര്‍ത്തനങ്ങളും
സ്തംഭിക്കുമെന്ന സ്ഥിതിയാണിപ്പോഴുള്ളത്. ജോലിക്കാര്‍ക്കായി
സ്ഥാപനങ്ങളും മറ്റും ഒരുക്കുന്ന പാര്‍പ്പിടങ്ങളില്‍ അത്യാവശ്യ സൗകര്യങ്ങളെങ്കിലുമുണ്ടെന്ന്
ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയണം. ഇടനിലക്കാര്‍ ഏര്‍പ്പെടുത്തുന്ന പാര്‍പ്പിടങ്ങളിലെ ദയനീയ സ്ഥിതിയെക്കുറിച്ചും മുമ്പ്
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതിഷേധിക്കാനോ
പരാതിപ്പെടാനോ തൊഴിലാളികള്‍ മടിക്കുന്നത്
ഈ രംഗത്ത് ചൂഷണം
വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഈ
സാഹചര്യത്തില്‍, ഇത്തരം ലേബര്‍ ക്യാമ്പുകളിലെല്ലാം പരിശോധന
അത്യാവശ്യമാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ മഴക്കാലത്ത് ഈ
പ്രദേശങ്ങളില് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനിടയുണ്ട്. മഴക്കാലത്തിനുമുമ്പുള്ള ശുചീകരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും
ഇത്തരം ക്യാന്പുകളിലും നടത്തണം. അന്യസംസ്ഥാനക്കാരാണെന്നതുകൊണ്ടുമാത്രം അവരുടെ പ്രശ്‌നങ്ങളും വിഷമതകളും അവഗണിക്കപ്പെട്ടുകൂടാ.
തൊഴിലാളികളെന്ന
ഭാവത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് മോഷ്ടാക്കളും തീവ്രവാദികളും
മറ്റും കേരളത്തില്‍ എത്തുന്നതായി
റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിനെതിരെ അധികൃതരും നാട്ടുകാരും ജാഗ്രത
പുലര്‍ത്തിയേ
മതിയാകൂ. കഴിഞ്ഞകൊല്ലം നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ
ഇതര സംസ്ഥാനക്കാരുടെ എണ്ണം
25 ലക്ഷമാണ്. നഗരങ്ങളില്‍ മാത്രമല്ല,
നാട്ടിന്‍പുറങ്ങളിലും
ഇതരസംസ്ഥാനക്കാര്‍ ഒട്ടേറെയുണ്ട്. തൊഴില്‍, വ്യവസായ വകുപ്പുകളിലോ
തൊഴിലാളിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന
ഇ.എസ്.ഐ.പോലുള്ള സംവിധാനങ്ങളിലോ ഇതര
സംസ്ഥാനക്കാരായ തൊഴിലാളികളുടെ സമഗ്രമായ വിവരങ്ങളില്ല. മറുനാടന്‍ തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് വ്യാപകമായി
നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മോഷ്ടാക്കളടക്കമുള്ള
കുറ്റവാളികള്‍ക്കും
തീവ്രവാദികള്‍ക്കും
സഹായകമായ ഈ സാഹചര്യം
ഒഴിവാക്കണമെങ്കില്‍ ഇതര സംസ്ഥാനക്കാരുടെ
സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കണം.
അന്യസംസ്ഥാനക്കാരെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം വേണമെന്ന്
പോലീസ് അധികൃതരും മുമ്പ് ആവശ്യപ്പെട്ടിരുന്നു.
കുഴപ്പക്കാരെ പെട്ടെന്ന് കണ്ടെത്താനും യഥാര്‍ഥ
തൊഴിലാളികള്‍ക്ക്
സുരക്ഷിതത്വബോധം ഉണ്ടാക്കാനും അവരുടെ അവകാശങ്ങള്‍
സംരക്ഷിക്കാനും ഇത്തരം നടപടികളിലൂടെയേ സാധിക്കൂ.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment