ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രിബ്യൂണല് റദ്ദാക്കി
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്‌ഥിതികാനുമതി ദേശീയ ഹരിത ട്രിബ്യൂണല് റദ്ദാക്കി. വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ആറന്മുളയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. വിമാനത്തവളത്തിനായി പാരിസ്‌ഥിതിതികാഘാത പഠനം നടത്തിയ 'എന്‍വിറോ കെയറി'ന് ഇതിനുള്ള യോഗ്യതയില്ലെന്നത് ഉള്‍പ്പെടെ നാലു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.വിമാനത്താവളം സര്‍ക്കാര്‍ നയമാണെന്നും ട്രിബ്യൂണലിന് ഇടപെടാന്‍ അനുമതിയില്ലെന്നും സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും മുന്നോട്ടു വെച്ച വാദങ്ങളെല്ലാം ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് തള്ളി. പദ്ധതി പ്രദേശത്ത് നെല്‍വയല്‍ ഉണ്ടെന്ന് സമ്മതിക്കാന്‍ പോലും സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും തയ്യാറായില്ലെന്നും കോടതി വിമര്‍ശിച്ചു.
വിമാനത്താവളം വരുമ്പോള്‍ ആവശ്യമായ കൃത്യമായ പഠനം കെജിഎസ് ഗ്രൂപ്പ് നടത്തിയിട്ടില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. ഇതിനായി പൊതുജനാഭിപ്രായം തേടിയിട്ടില്ലെന്നും ട്രിബ്യൂണല്‍ കണ്ടെത്തി. പദ്ധതി പരിസ്‌ഥിതിയ്‌ക്ക് ദോഷം ചെയ്യുന്നതാണെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. പരിസ്‌ഥിതി സംഘടനകളുടെയും ആറന്മുള സമര സമിതിയുടെയും വാദങ്ങള്‍ ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു.
വിധിയെ തുടര്‍ന്ന് അനിശ്‌ചിത കാല നിരാഹാര സത്യാഗ്രഹം നടത്തുന്ന ആറന്മുള സമര സമിതിയുടെ പന്തലില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഇത് ജനങ്ങളുടെ വിജയമാണെന്നും പ്രകൃതി സംരക്ഷത്തിന്റെ ആവശ്യകതയാണ് വിധി കാണിക്കുന്നതെന്നും സമര നേതാവായ സുഗതകുമാരി വ്യക്‌തമാക്കി.
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വന്‍ വ്യവസായിയുമായ റോബര്‍ട്ട് വാധ്രയും റിലയന്‍സ് ഗ്രൂപ്പുമാണ് കെജിഎസ് ഗ്രൂപ്പിനു പിന്നിലുള്ളതെന്ന ആരോപണം നേരത്തേ ഉണ്ടായിരുന്നു. ഇതാണ് കോണ്‍ഗ്രസ് നയിക്കുന്ന സംസ്‌ഥാന സര്‍ക്കാരിന് വിമാനത്താവളം വരുന്നതിലുള്ള താല്‍പര്യമെന്നും പരിസ്‌ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment