
താജ്മഹല്‍ നിര്മിച്ച രാജശില്പ്പി
ബേബി ജോര്ജ് രാജാക്കാട്
ഉഗ്രസേന മഹാരാജാവ് സ്ഥാപിച്ച അഗ്രബന് നഗരം കാലാന്തരത്തില് പരിണമിച്ചുണ്ടായതാണ് ആഗ്ര. മുഗള്വംശജനായ ബാബര് തന്റെ പടയോട്ടത്തില് ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി പിടിച്ചെടുത്ത പട്ടണം.എന്നും ചരിത്രത്തിന്റെ താളുകളില് മായാത്ത സ്മരണകള് ഉണര്ത്തുന്ന, തങ്ക ലിപികളാല് ആലേഖനം ചെയ്യപ്പെട്ട ഒരു കാലഘട്ടം. മുഗള് ചക്രവര്ത്തിമാര് ഇന്ത്യ ഭരിച്ചിരുന്ന കാലം.കലാസാഹിത്യരംഗത്തും കാവ്യസദസുകളിലും വാസ്തുവിദ്യയിലും വ്യക്തിമുദ്രപതിപ്പിച്ച, പുരോഗതിയുടെ, നവീന സംസ്കാരത്തിന്റെ ഒരു സുവര്ണഘട്ടം. മുഗള് ഭരണകാലം.ആദ്യ മുഗള് ചക്രവര്ത്തി ബാബര് മുതല് ബഹദൂര്ഷാ സഫര്വരെ നീണ്ട മുഗള്വംശം 332 വര്ഷം ഭാരതം ഭരിച്ചു. 1526 മുതല് 1858 വരെയാണ് മുഗള് രാജാക്കന്മാര് ഇന്ത്യാ രാജ്യം ഭരിച്ചിരുന്നത്. ഡല്ഹി ഭരിച്ചിരുന്ന സുല്ത്താന് ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി മുഗള് സാമ്രാജ്യത്തിന് ആരംഭം കുറിച്ചത് ബാബറാണ്. അന്ന് ആഗ്രയായിരുന്നു തലസ്ഥാനം. 1638 ല് ഷാജഹാന് ചക്രവര്ത്തിയാണ് ഡല്ഹിയില് പുതിയ തലസ്ഥാനം നിര്മിച്ചത്.
വാസ്തുവിദ്യാരംഗത്ത് വന്കുതിച്ചുകയറ്റം സംഭവിച്ച മുഗള് രാജവംശ ഭരണത്തില് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലയുടെ ഉത്തുംഗഭാവങ്ങള് പ്രകടമാക്കിയ മഹാചിത്രസൗധങ്ങള് രാജശില്പ്പികള് പടുത്തുയര്ത്തി.ഇന്നും ലോകാത്ഭുതങ്ങളിലൊന്നായി നിലകൊള്ളുന്ന താജ്മഹലും ചെങ്കോട്ടയും രംഗ്മഹലും ദിവാന് ഇഖാസും ജുമാമസ്ജിദും ബുലന്ത്ദര്വാസയും അക്ബറുടെ ശവകുടീരവും ഹുമയൂണിന്റെ ശവകുടീരവും പുരാണകിലയും കുത്തബ്മിനാറും ആഗ്രാകോട്ടയും ചാര്മിനാറും ഫത്തേപ്പൂര് സിക്രിയും ബിബീകാമക്ബാരയും ഷാലിമാര് പൂന്തോട്ടവും ജഹാംഗീറിന്റെ ശവകുടീരവും (ലാഹോറിലെ മുസോളിയം), ലാഹോര് കോട്ടയിലെ മുത്തുപള്ളി, പാക്കിസ്ഥാനിലെ ലാഹോര്കോട്ടയ്ക്ക് എതിര്വശത്തുള്ള ബാദ്ഷാഹിമസ്ജിദ് തുടങ്ങിയ ഇന്നലെയുടെ തിരുശേഷിപ്പുകളായി, ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നു. ലോക പൈതൃകപ്പട്ടികയില് ഇടംനേടിയവയാണധികവും.പ്രഗത്ഭന്മാര് മുഗള് സാമ്രാജ്യത്തില് ചരിത്രം കുറിച്ചു. ചക്രവര്ത്തി പദത്തില് പലരും എത്തിയിട്ടുണ്ടെങ്കിലും സാമ്രാജ്യത്തെ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്തവര് ചുരുക്കം.പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതല് പത്തൊന്പതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നതും പേര്ഷ്യന് ഭാഷ സംസാരിച്ചിരുന്നതുമായ ഇസ്ലാമിക ഭരണവര്ഗമായിരുന്നു മുഗള് രാജവംശം.അക്ബര് എന്നറിയപ്പെട്ട ജലാലുദ്ദീന് മുഹമ്മദിന്റെ കാലത്തോടെ 1556 ല് ആരംഭിച്ച് 1707 ല് ഔറംഗസീബിന്റെ മരണത്തോടെ അവസാനിച്ച കാലഘട്ടമാണ് മുഗള് സാമ്രാജ്യത്തിലെ സുവര്ണകാലം എന്നറിയപ്പെടുന്നത്. മത അസഹിഷ്ണുത, സ്വത്തുക്കളെക്കുറിച്ചും മറ്റുമുള്ള അവകാശതര്ക്കങ്ങള്, കാര്ഷികകലാപങ്ങള്, ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശം തുടങ്ങി പലകാരണങ്ങളാല് 1725 ആയതോടെ മുഗള് സാമ്രാജ്യം ക്ഷയിക്കാന് തുടങ്ങി. ഡല്ഹി ഭരണത്തില് മാത്രം ഒതുങ്ങിയ അവസാനത്തെ ചക്രവര്ത്തിയായ ബഹദൂര്ഷാ രണ്ടാമനെ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം ബ്രിട്ടീഷുകാര് തടവിലാക്കുകയും നാടുകടത്തുകയും ചെയ്തു. അതോടെ 1526 ഏപ്രില് 21ന് തുടക്കം കുറിച്ച മുഗള് രാജഭരണത്തിന് 1857 സെപ്റ്റംബര് 21 ന് അന്ത്യം കുറിച്ചു.ബാബര്, ഹുമയൂണ്, അക്ബര്, ജഹാംഗീര്, ഷാജഹാന്, ഔറംഗസീബ്, ബഹദൂര്ഷാ ഒന്നാമന്, ജനന്ദര്ഷാ, ഫറൂഖ്സിയര്, റഫി ഉള്ദര്ജാത്, റഫി ഉദ്ദൗലത്, നികുസിയര്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ്ഷാ, അഹമ്മദ് ഷാ ബഹദൂര്, ആലംഗീര് രണ്ടാമന്, ഷാജഹാന് മൂന്നാമന്, ഷാ ആലം രണ്ടാമന്, അക്ബര്ഷാ രണ്ടാമന്, ബഹദൂര്ഷാ രണ്ടാമന് എന്നിവരാണ് മുഗള് ചക്രവര്ത്തിമാര്.
സഹിറുദ്ദീന് മുഹമ്മദ് ബാബര് എന്നാണ് ബാബറുടെ പൂര്ണമായ പേര്. മധ്യേഷ്യയിലെ ഒരു രാജകുടുംബത്തിലാണ് ബാബര് ജനിച്ചത്. ഇന്ത്യയില് മുഗള് സാമ്രാജ്യത്തിന് അടിത്തറപാകിയത് ബാബറാണ്. 1526 ലെ ഒന്നാം പാനിപ്പട്ട് യുദ്ധത്തില് ഡല്ഹി സുല്ത്താനായ ഇബ്രാഹിം ലോദിയെ ബാബര് പരാജയപ്പെടുത്തി. പാനിപ്പട്ട് യുദ്ധത്തോടെ ഡല്ഹിയും ആഗ്രയും സ്വന്തമാക്കി. 1526 ഏപ്രില് 27ന് ചക്രവര്ത്തിയായി. ബാബറുടെ ജീവചരിത്രമാണ് തുസുക്-ഇ-ബാബരി. പീരങ്കിപ്പട ഇന്ത്യയില് ആദ്യമായി ഉപയോഗിച്ചത് ബാബറാണ്.ഡല്ഹി സുല്ത്താനായ ഇബ്രാഹിം ലോദിയുടെ പരാജയം ആഘോഷിക്കുന്നതിനു പാനിപ്പത്തില് ബാബര് ആദ്യമായി ഒരു പള്ളി നിര്മിച്ചു. മുഗള് ഭരണകാലത്തെ ശില്പ്പചാരുതാവൈദഗ്ധ്യം പ്രകടമാകാന് തുടങ്ങിയത് അതോടെയാണ്. തുടര്ന്ന് ശില്പ്പുഭംഗി തുടിക്കുന്ന അനേകം ചരിത്രസ്മാരകങ്ങള് നിര്മിച്ചു.
തുര്ക്കി, ഇസ്ലാമിക്, പേര്ഷ്യന്, ഇന്ത്യന് ശില്പ്പകലയുടെ സമ്മിശ്രമായ ഒരുരീതി വികസിപ്പിച്ചെടുത്തതാണ് മുഗള് ശില്പ്പകല. മിനാരങ്ങളും, താഴികക്കുടങ്ങളും ജാളികളും ബാല്ക്കണികളുമുള്ള, ഇഷ്ടികയിലും മാര്ബിളിലും ചിത്രപ്പണികളോടെ തീര്ത്ത ഒട്ടേറെ മഹാസൗധങ്ങള് ഇന്നും ലോകശ്രദ്ധയാകര്ഷിച്ച് നിലനില്ക്കുന്നു. മുഗള് വാസ്തുവിദ്യയുടെ വിസ്മയിപ്പിക്കുന്നതും കാലത്തെ അതിജീവിച്ചതുമായ സ്മാരകസൗധങ്ങള് നിരവധിയാണ്.
ആദ്യ മുഗള് ചക്രവര്ത്തിയായ ബാബര് നാലുവര്ഷക്കാലം ഇന്ത്യ ഭരിച്ചു. ബാബറിന്റെ ഭരണകാലത്ത് അദ്ദേഹം ഉദ്യാനനിര്മാണത്തിലാണ് ശ്രദ്ധയൂന്നിയത്. ബാബര് ആഗ്രയില് നിര്മിച്ച ”അരംബാഗ്” ഉദ്യാനം വളരെ പ്രസിദ്ധമാണ്.
ബാബറുടെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രനായ ഹുമയൂണ് മുഗള് ചക്രവര്ത്തിയായി. നസിറുദ്ദീന് മിര്-സാ-മുഹമ്മദ് ഹുമയൂണ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവന് പേര്. അഫ്ഗാന്കാരേയും ഗുജറാത്തിലെ ബഹദൂര്ഷായെയും ഇദ്ദേഹം പരാജയപ്പെടുത്തി. ആഢംബരപ്രിയനും അലസനുമായിരുന്നു ഹുമയൂണ്.
അക്ബര് ഹുമയൂണിന്റെയും ഹമീദാബാനുവിന്റെയും മകനായി ജനിച്ചു. ജലാലുദ്ദീന് മുഹമ്മദ് അക്ബര് എന്നായിരുന്നു മുഴുവന് പേര്. പിതാവിന്റെ മരണത്തോടെ 13-ാമത്തെ വയസില് രാജ്യത്തിന്റെ അധിപനായി. ‘മഹാനായ മുഗള് ചക്രവര്ത്തി’യെന്ന പേരിന് അര്ഹനായിരുന്നു അക്ബര്. ഏറെ ജനക്ഷേമ തല്പ്പരനായ ഭരണാധികാരിയായിരുന്നു. മികച്ച നീതിന്യായ വ്യവസ്ഥ, സമര്ഥമായ സൈന്യം, മികച്ച ഭരണസമ്പ്രദായം എന്നിവയാണ് അക്ബറുടെ യശസ് ഉയര്ത്തിയത്. മതസഹിഷ്ണുതയ്ക്കു പേരുകേട്ട അക്ബര് സര്വമത സമ്മേളനങ്ങള് വിളിച്ചുകൂട്ടിയിരുന്നു. ”ദിന് ഇലാഹി” എന്നൊരു മതവും അക്ബര് സ്ഥാപിക്കുകയുണ്ടായി.
”അക്ബറിനു പലപ്പോഴും യുദ്ധം ചെയ്യേണ്ടിവന്നില്ല” എന്നൊരു വിശേഷണം കൂടിയുണ്ട്. കാരണം അദ്ദേഹത്തിന്റെ പേരുകേള്ക്കുമ്പോള് തന്നെ ശത്രുരാജാക്കന്മാര് കീഴടങ്ങുമായിരുന്നുവത്രെ. അക്ബറുടെ ആസ്ഥാന വിദ്വാനായിരുന്നു അബ്ദുള് ഫസല്. അക്ബറിന്റെ ഭരണത്തെക്കുറിച്ച് ”അക്ബര്നാമ”, ”അയ്നി അക്ബരി” എന്നീ ഗ്രന്ഥങ്ങള് ഫസല് രചിച്ചിട്ടുണ്ട്.
കലകളെ പ്രോത്സാഹിപ്പിക്കുന്നതില് മുന്പന്തിയിലായിരുന്നു അക്ബര്. സംഗീതാസ്വാദകനായിരുന്നു. അക്ബറിന്റെ കൊട്ടാരത്തില് താന്സെന്, ബാജ് ബഹാദൂര് തുടങ്ങിയ പ്രശസ്ത ഗായകരുണ്ടായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായിരുന്നു താന്സെന്. സംഗീതസാരം, രാഗമാല എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളാണ്. താന്സന് ”ദീപക്രാഗം” പാടി വിളക്കുകൊളുത്തുകയും പാട്ടുപാടി മഴപെയ്യിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
അക്ബറിനുശേഷം മുഗള്സാമ്രാജ്യം ഭരിച്ച ചക്രവര്ത്തിയാണ് ജഹാംഗീര്. മുഹമ്മദ് സുല്ത്താന് സലിം എന്നാണ് ജഹാംഗീറിന്റെ യഥാര്ഥ പേര്. അലസനും ആഢംബരപ്രിയനുമായിരുന്നു ജഹാംഗീര്. എങ്കിലും പണ്ഡിതനും മതവിശ്വാസിയുമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് കാര്യമായ വാസ്തുശില്പ്പ സൗധങ്ങളൊന്നും ഉണ്ടായില്ല. ജഹാംഗീറിന്റെ മകനായ ഷാജഹാന് നിത്യവിസ്മയങ്ങളായ നിരവധി പ്രൗഢഗംഭീര മനോഹര സൗധങ്ങള് പണിതുയര്ത്തി.
സലിം രാജകുമാരന് എന്ന ജഹാംഗീറിന്റെയും ജഗത് ഹുസൈന് റാണിയുടേയും മകനായി 1592 ജനുവരി അഞ്ചിന് ലാഹോറിലാണ് ഷാജഹാന് ജനിച്ചത്. ഷാജഹാന്റെ പിന്ഗാമിയായി രാജ്യം ഭരിച്ച ഔറംഗസീബ് അഹമ്മദാബാദിലെ ദൊഹാദിലാണ് ജനിച്ചത്. അദ്ദേഹം ചില മനോഹരമായ ചിത്രശില്പ്പ സൗധങ്ങള് നിര്മിച്ചിട്ടുണ്ട്. ഡല്ഹി കോട്ടയിലെ പേന്മോസ്ക് ചിത്രചാരുതയാര്ന്നതാണ്. ലാഹോറിലെ മനോഹാരിത മകുടം ചാര്ത്തുന്ന ബാദ്ഷാഹിമോസ്കാണ് മറ്റൊന്ന്. ഔറംഗസീബിന്റെ പത്നിയുടെ ശവകുടീരവും ശില്പ്പഭംഗിയോടെ നിര്മിച്ചതാണ്.(ഒന്നാം പേജില്നിന്ന്)
പ്രജകളില് അതൃപ്തി ഉളവാക്കുന്ന ഭരണമായിരുന്നു ഔറംഗസീബിന്റേത്. ക്ഷേത്രങ്ങള് നശിപ്പിക്കുകയും ഹിന്ദുക്കള്ക്ക് നികുതി ഏര്പ്പെടുത്തുകയും ചെയ്തു ഈ ഭരണാധികാരി. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില് ജനിച്ച നൂര്ജഹാന് എന്ന മെഹറുന്നീസ ബീഗം ആയിരുന്നു ഔറംഗസീബിന്റെ പത്നി. ഔറംഗസീബ് മരിച്ചതോടെ മുഗള് സാമ്രാജ്യം അശക്തമായി. ശക്തന്മാരായ ഭരണാധികാരികള് ഉണ്ടായില്ല. മുഗള് ചക്രവര്ത്തി ബഹദൂര്ഷാ രണ്ടാമനെ തോല്പ്പിച്ച് ബ്രിട്ടീഷുകാര് ഇന്ത്യയില് ആധിപത്യം സ്ഥാപിച്ചു.
പല വിദേശികള്ക്കും ഇന്ത്യയെന്നു കേട്ടാല് ആദ്യം ഓര്മയിലെത്തുന്നത് ”താജ്മഹലിന്റെ നാട്” എന്നാണ്. വെണ്ണക്കല്ലില് രചിച്ച കവിതയെന്നും ലോകാത്ഭുതങ്ങളില് ഏഴാമത്തേതാണ് എന്നും വിശേഷിപ്പിക്കപ്പെടുന്നു. ”കല്ലില് സ്നേഹം കൊത്തിവച്ചതെന്ന്” ഇംഗ്ലീഷ് കവിയായ എഡ്വിന് ആര്നോള്ഡ് വിശേഷിപ്പിച്ച സ്നേഹകുടീരം. പുകള്പെറ്റ മുഗള്കല.
ഗാഢമായ പ്രണയത്തിന്റെ മധുരിക്കുന്ന ഓര്മകളുണര്ത്തുന്ന നിത്യഹരിത വിസ്മയം! വെള്ളമാര്ബിളുകള് കൊണ്ട് വാസ്തുവിദ്യയുടെ ശില്പ്പരമണീയത സ്നേഹശിലാപാളികളാല് പ്രൗഢി തുടക്കുന്ന നയനാനന്ദ നിര്മിതിയാണത്. ഷാജഹാന് തന്റെ പ്രിയതമയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നുള്ളത് ലോകത്തെ ഓര്മപ്പെടുത്തുവാന് ഇതില്പ്പരം മറ്റെന്തു സ്മാരകമാണ് വേണ്ടത്.
”ഷാജഹാന്” എന്നാല് ”ലോകത്തിന്റെ ചക്രവര്ത്തി” എന്നാണ് അര്ഥം.
സ്നേഹിച്ചുകൊതിതീരും മുമ്പെ ജീവിതയാത്രയില് പാതിവഴിയില് തനിച്ചാക്കി കാലത്തിന്റെ കാണായ വനികക്കപ്പുറത്തേക്ക് നടന്നുപോയ ഹൃദയേശ്വരിക്ക് പ്രണാമമായി വിസ്മയ സ്മാരകം. 1631 ല് പണി തുടങ്ങി 1654 ലാണ് താജ്മഹലിന്റെ പണി പൂര്ത്തിയായത്! 360 വര്ഷങ്ങള്ക്ക് മുന്പ്, 2004 ല് രാജ്യം താജ്മഹലിന്റെ 350-ാം വാര്ഷികം ആഘോഷിച്ചു.
ജഹാംഗീര് ചക്രവര്ത്തിയുടെ മകനായ ഖുറം രാജകുമാരന് ആഗ്രയിലെ ചെങ്കോട്ടക്കു സമീപമുള്ള മീനാബാസാര് ഉല്സവച്ചന്തയില് വച്ച് അതിമനോഹരിയായ ഒരു പെണ്കുട്ടിയെ കണ്ടു. ജഹാംഗീര് ചക്രവര്ത്തിയുടെ പ്രധാനമന്ത്രി അസീഫ്ഖാന്റെ മകള് അര്ജുമന്ദ്ബാനു ബീഗമായിരുന്നു ഖുറം രാജകുമാരന്റെ മനം കവര്ന്ന ആ സുന്ദരി. ജഹാംഗീര് ചക്രവര്ത്തിയുടെ കാലശേഷം ചക്രവര്ത്തിയായപ്പോള് ”ഷാജഹാന്” എന്ന പേരില് പ്രസിദ്ധനായ ഖുറം രാജകുമാരനും, ”മുംതാസ്മഹല്” എന്ന് ഖ്യാതിനേടിയ അര്ജുമന്ദ്ബാനുബീഗവും തമ്മില് ആദ്യമായി കണ്ടുമുട്ടിയതിനേക്കുറിച്ച് ചരിത്രത്താളുകളില് രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.
കണ്ടുമുട്ടി അഞ്ച് വര്ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഖുറം രാജകുമാരന്റേയും അര്ജൂമന്ദ് ബാനുബീഗത്തിന്റെയും മോഹങ്ങള് പൂവണിഞ്ഞത്. 1612 ല് അവരുടെ നിക്കാഹ് നടന്നു.
”കൊട്ടാരത്തിന്റെ പ്രിയങ്കരി” എന്ന് അര്ഥംവരുന്ന ”മുംതാസ്മഹല്” എന്ന പേര് ഷാജഹാന് തന്നെയാണ് തന്റെ ഹൃദയം കവര്ന്ന സുന്ദരി അര്ജൂമന്ദ് ബാനു ബീഗത്തിനു നല്കിയത്. തന്റെ ഹൃദയേശ്വരിയെ അത്രമേല് സ്നേഹിച്ചിരുന്നു ഷാജഹാന്. ഒരുനിമിഷം പോലും പ്രിയസഖിയെ പിരിഞ്ഞിരിക്കുവാന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് യുദ്ധങ്ങള്ക്കു പോകുമ്പോള് പോലും രാജ്ഞിയെ കൂടെ കൊണ്ടുപോകുമായിരുന്നു.
ഷാജഹാന്റെ ഭരണകാര്യങ്ങളില് മുംതാസ്മഹല് വളരെയധികം സഹായിച്ചിരുന്നു. ജീവിതത്തിന് ആശയും ആവേശവും പ്രചോദനവുമായിരുന്നു മുംതാസ്മഹലിന്റെ സാന്നിധ്യം. ഏതൊരു പുരുഷന്റെയും ജീവിതവിജയത്തിനു പിന്നില് ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്ന ആപ്തവാക്യം അര്ഥപൂര്ണമാകുന്നു ഷാജഹാന് മുംതാസിന്റെ പ്രണയാര്ദ്ര നിമിഷങ്ങള് പ്രദാനം ചെയ്ത ജീവിതം.
ഷാജഹാനോടൊപ്പം സഞ്ചരിക്കവേ 1631 ല് ബെരാംപൂരില് വച്ചായിരുന്നു മുംതാസിന്റെ വേര്പാട്. ഖാനി-ജഹാന്ലോദിയുമായുള്ള യുദ്ധത്തിനായി ബെരാംപൂരില് തമ്പടിച്ച സമയമായിരുന്നു. അര്ദ്ധരാത്രിയോടെ മുംതാസ്മഹല് തന്റെ പതിനാലാമത്തെ കുഞ്ഞിനു ജന്മം നല്കി. അതോടെ റാണിയുടെ ആരോഗ്യനില വഷളായി. വിവരമറിഞ്ഞ് യുദ്ധരംഗത്തുനിന്നും ഓടിയെത്തിയ ഷാജഹാന് തന്റെ ഹൃദയേശ്വരിയുടെ കിടക്കയ്ക്കരുകിലിരുന്നു. പ്രണയിച്ചു കൊതിതീരാതെ നിറമിഴികളോടെ പ്രിയതമനെ അവസാനമായി കണ്ടുകൊണ്ട് മുംതാസ്മഹല് ഇഹലോകവാസം വെടിഞ്ഞു. 1631 ജൂണ് ഏഴിന്.
മരിക്കുംമുമ്പ് മുംതാസ്മഹല് ഷാജഹാനോട് നാലുകാര്യങ്ങള് ആവശ്യപ്പെട്ടു എന്നാണ് ചരിത്രം. തന്റെ ഓര്മയ്ക്കായി ഒരു സ്മാരകം പണിയണം! രണ്ട്. തന്റെ എല്ലാ ചരമവാര്ഷികദിനത്തിലും സ്മാരകം സന്ദര്ശിക്കണം! മൂന്ന്. മക്കളെയെല്ലാം നന്നായി സ്നേഹിക്കണം! നാല്. ചക്രവര്ത്തി വീണ്ടും വിവാഹം കഴിക്കണം.
മുംതാസ്മഹല് മരിച്ച സ്ഥലമായ ബെരാംപൂരില് തന്നെ സ്മാരകം പണിയുവാനാണ് ഷാജഹാന് ആദ്യം ആലോചിച്ചത്. പക്ഷേ അവിടേക്ക് മാര്ബിളുകള് എത്തിക്കുവാന് പ്രയാസമായിരുന്നു. അതിനാലാണ് ആഗ്രയില് യമുനാനദിയുടെ തീരത്ത് മഹാരാജ മാന്സിങിന്റെ ഒരു കൊട്ടാരം- നിന്നിടം മാന്സിങിന്റെ പൗത്രന് രാജാ ജയ്സിങിന് ഒരു പടുകൂറ്റന് മണിമന്ദിരം പകരം കൊടുത്ത് താജ്മഹല് നിര്മിക്കുവാനായി വാങ്ങിയത്.
തന്റെജീവിതേശ്വരിയുടെ വിയോഗം ആ പ്രേമശില്പ്പിയെ വല്ലാതെ തളര്ത്തി. യമുനാനദിയുടെ തീരത്ത്, മുംതാസ്മഹലിന്റെ ജഡം സംസ്ക്കരിച്ചിടത്ത് ഏറെ വൈകാതെ തന്നെ ലോകത്തിലിന്നുവരെ ആരും കാണാത്ത തരത്തിലുള്ള ഒരു അതിമനോഹര സ്നേഹസൗധം വെണ്ണക്കല്ലില് പണിതുയര്ത്തി.
താജ്മഹലിന്റെ നിര്മാണത്തിനായുള്ള കല്ലുകള് പല രാജ്യങ്ങളില് നിന്നുമാണ് കൊണ്ടുവന്നത്. വെണ്ണക്കല്ലുകള് രാജസ്ഥാനിലെ ജയ്പൂരില് നിന്നു എത്തിച്ചു. ഖാണ്ഡഹാര്, പേര്ഷ്യ, സിലോണ്, യമന് എന്നിവിടങ്ങളില് നിന്നും വിശിഷ്ടമായ 20 ഇനം കല്ലുകളും താജിന്റെ നിര്മിതിക്കായി ഉപയോഗിച്ചു. കാര്ണിയന് കല്ലുകള് ബാഗാദാദില് നിന്നും പവിഴക്കല്ലുകള് സൂറത്തില് നിന്നും കൊണ്ടുവന്നു. കുമ്മായക്കൂട്ടിനുളള നീലമണ്ണ് സിലോണില് നിന്നുമാണ് എത്തിച്ചത്. നീലക്കല്ലുകള് തിബത്തില് നിന്നും വജ്രക്കല്ലുകള് മധ്യേഷ്യയില് നിന്നും കണ്ണാടിക്കല്ലുകള് അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില് നിന്നും കൊണ്ടുവന്നു.
താജ്മഹലിന്റെ മുഖ്യശില്പ്പി ലാഹോറുകാരന് ഉസ്താദ് അഹമ്മദ് ഈസ ആണെന്ന് വിശ്വസിക്കപ്പെടുന്നു. തുര്ക്കിയില് നിന്നുള്ള ഉസ്താദ് ഈസ ആണ് രൂപകല്പ്പന നിര്വഹിച്ചതെന്ന് ചരിത്രഗവേഷകര് അനുമാനിക്കുന്നു. ”ദിവാന് ഇ അഫ്രദി” എന്ന ഗ്രന്ഥത്തിലാണ് താജ്മഹലിന്റെ നിര്മാണത്തില് പങ്കാളികളായ ശില്പ്പികളുടേയും കരകൗശല വിദഗ്ധരുടേയും പേരുകളുള്ളത്. മുക്കറമ്മത്ഖാന്, മീര് അബ്ദുള് കരിം എന്നീ ശില്പ്പികള് അവരില് പ്രമുഖരാണ്.
ഒട്ടോമന് സാമ്രാജ്യത്തില് നിന്നും യൂറോപ്പില് നിന്നും ധാരാളം വാസ്തുകലാ വിദഗ്ധര് താജ്മഹലിന്റെ നിര്മാണത്തില് പങ്കാളികളായിട്ടുണ്ട്. മുഗള് വാസ്തു ശില്പ ശൈലിക്കൊപ്പം പേര്ഷ്യന്, മധ്യേഷ്യന് ഇസ്ലാമിക് ശൈലികളും താജ്മഹലില് സംയോജിച്ചിട്ടുണ്ട്.
നാലു ദിക്കുകളില് നിന്നുനോക്കിയാലും താജ്മഹലിന് ഒരേ രൂപമാണ്. താജ്മഹലിനു മുന്നില് കൃത്രിമതടാകം സൃഷ്ടിച്ചിരിക്കുന്നു. ദൂരെ നിന്നുതന്നെ താജ്മഹല് കാണാം. വിശാലമായ പൂന്തോട്ടം. സൈപ്രസ് മരങ്ങള്. തടാകത്തില് താജ്മഹലിന്റെ നിഴല്ച്ചിത്രങ്ങള്. താജിനു പിന്നില് യമുനാനദി സ്വച്ഛന്ദമായൊഴുകുന്നു ഇടവപ്പാതിയില് നിറഞ്ഞും വേനലില് വറ്റിവരണ്ടും. യമുനാനദിയിലും താജ്മഹലിന്റെ പ്രതിബിംബം കാണാം.
താജ്മഹലിന്റെ നിര്മാണം പൂര്ത്തിയായ സമയം. ഇനി മറ്റാര്ക്കെങ്കിലും വേണ്ടി ശില്പ്പി ഇതുപോലൊരു രമ്യഹര്മ്യം പണിതേക്കുമെന്ന് ഷാജഹാനു തോന്നി. ലോകത്തെവിടെയങ്കിലും മറ്റൊരു താജ്മഹല് കൂടി നിര്മിക്കപ്പെട്ടാല് അത് തന്റെ പ്രണയ സ്മാരകത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് തോന്നി. അങ്ങനെ സംഭവിക്കാതിരിക്കാന് മുഖ്യശില്പ്പിയുടെ കൈകള് വെട്ടിമാറ്റിയെന്ന് വിശ്വസിക്കപ്പെടുന്നു.
താജ്മഹല് എന്നാല് ”കൊട്ടാരങ്ങളുടെ കിരീടം” എന്നാണ് അര്ഥം. മുംതാസ്മഹലിന്റെ ”റ്വോസാ” അഥവാ ശവകുടീരം എന്നാണ് കൊട്ടാരരേഖകളില് കാണുന്നത്. എങ്ങനെയാണ് താജ്മഹല് എന്ന പേരുവിളിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. ചരിത്രാന്വേഷകര്ക്കും തീര്ച്ചപ്പെടുത്തുവാന് കഴിയുന്നില്ല. ”മുംതാസ്മഹല്” ലോപിച്ച് താജ്മഹല് ആയതാണെന്ന് അനുമാനിക്കുവാനേ കഴിയൂ.
ഷാജഹാനും മുംതാസിനും പതിനാലു മക്കള് ഉണ്ടായതില് ഏഴുപേര് ബാല്യത്തിലേ മരിച്ചു. ജാരോസുക്കോ, ഷാഷൂജാ, ഔറംഗസീബ്, മുറാദ്ബഷ് എന്നീ പുത്രന്മാരും ജഹ്നാര, രോഷനാര, ഗോഹാരാ എന്നീ പുത്രിമാരുമാണ് ശേഷിച്ചത്. ഷാജഹാനു കൂടുതല് ഇഷ്ടം മൂത്തമകന് ദാരോസുക്കോയോടായിരുന്നു. മറ്റ് ആണ്മക്കളെ അത് അസ്വസ്ഥരാക്കി. പെണ്മക്കളില് കൂടുതല് ഇഷ്ടം ജഹനാരയോടും. അത് രോഷനാരയ്ക്കും ഗോഹാരയ്ക്കും ഷാജഹാനോട് ഇഷ്ടക്കേടുണ്ടാക്കി.പലകാരണങ്ങളും തെറ്റിധാരണകളും മൂലം ഷാജഹാനും ഔറംഗസീബും തമ്മിലുള്ള ബന്ധം വഷളായി. ഔറംഗസീബിനെ സംബന്ധിച്ചിടത്തോളം പിതാവ് എപ്പോഴും ശകാരിക്കുകയും എല്ലാകാര്യങ്ങളിലും കുറ്റങ്ങള് കണ്ടെത്തുകയും ശിക്ഷിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ശത്രുവിനേപ്പോലെയുളള ഒരു കഥാപാത്രമായിരുന്നു. വാര്ധക്യകാലത്ത് സ്വന്തം പിതാവിനെ തടവറക്കുള്ളിലടക്കുവാന് തക്കതായകാരണം വേണമല്ലോ.
ഷാജഹാന് തന്റെ അവസാന കാലം തള്ളിനീക്കിയത് യമുനാ നദിക്കരെ അദ്ദേഹം നേരത്തെ പണിതീര്ത്ത മുസമ്മന് ബര്ജിലാണ്. ഒരു കണ്ണാടിയില് കൂടി യമുനാനദിക്കക്കരെയുള്ള താജ്മഹലിന്റെ പ്രതിബിംബം കണ്ടാണ് മരണം വരെ കഴിഞ്ഞിരുന്നതെന്ന് കരുതപ്പെടുന്നു.
താജ്മഹല് നിര്മിക്കുമ്പോള് അത് തന്റെ പ്രിയതമയുടെ മാത്രം ശവകുടീരമായിരിക്കും എന്നാണ് ഷാജഹാന് വിശ്വസിച്ചിരുന്നത്. 74-ാം വയസില് 1666 ജനുവരി 22 നായിരുന്നു പ്രേമശില്പ്പിയുടെ മരണം. ചക്രവര്ത്തി നേരത്തെ തീരുമാനിക്കാതിരുന്ന ഒരുകാര്യം കൂടി താജ്മഹലില് സംഭവിച്ചു. മുംതാസ് മഹലിന്റെ ശവകുടീരത്തിനടുത്തുതന്നെയായി ഷാജഹാന്റേയും ശവകുടീരം. അന്ത്യനാളുകള് ഔറംഗസീബിന്റെ തടവറയിലായിരിക്കുമെന്നും തന്റെ മൃതദേഹം താജ്മഹലിനുള്ളില് തന്നെ അടക്കം ചെയ്യുമെന്നും ഷാജഹാന് നിനച്ചിരിക്കില്ല.
ഷാജഹാന്റെ ശവസംസ്ക്കാര ചടങ്ങുകള്ക്ക് പുത്രന് ഔറംഗസീബ് പങ്കെടുത്തില്ല. ഔദ്യോഗിക ബഹുമതികളോടുകൂടിയ കബറടക്കം അനുവദിച്ചതുമില്ല.
ചരിത്രസ്മാരകമായി മാറിയ താജ്മഹലിനുള്ളില് മഹാനായ ചക്രവര്ത്തി ഷാജഹാനും പ്രിയപത്നി മുംതാസ്മഹലും അന്ത്യവിശ്രമം കൊള്ളുന്നു, കാലങ്ങള്ക്കപ്പുറത്തെ ദീപ്തസ്മരണകളുണര്ത്തി. താജ്മഹല് വീണ്ടും സപ്താത്ഭുതങ്ങളില് ഒന്നാമതായിരിക്കുന്നു.
വര്ഷംതോറും ഇരുപത്തിയഞ്ചു ലക്ഷത്തിലധികം സഞ്ചാരികള് താജ്മഹല് കാണുവാനെത്തുന്നു, താജ്മഹലിന്റെ മായികഭാവം മനംകുളിര്ക്കെ കണ്ടാസ്വദിക്കുവാന്.
ഷാജഹാന്റേയും മുംതാസിന്റേയും അനുരാഗസുരഭിലമായ പ്രണയാര്ദ്രനിമിഷങ്ങള് പൂത്തുലഞ്ഞകാലം ഓര്മകളില് ഓടിയെത്തുകയാണിവിടെ.
താജ്മഹല് സമുച്ചയം ഉള്പ്പെടുന്ന പ്രദേശം സഞ്ചാരികള്ക്ക് ഒരു സ്വര്ഗീയാനന്ദം പകര്ന്നുനല്കുന്നു. ചിത്രസൗധങ്ങളും അനുബന്ധഗോപുരങ്ങളും കമനീയകവാടങ്ങളും ഉദ്യാനങ്ങളും പരമ്പരാഗത മുസ്ലിം വാസ്തുവിദ്യ തുടിച്ചുനില്ക്കുന്ന ചിത്രപ്പണികളിലെ വശ്യമനോഹാരിതയും സ്വര്ഗത്തേക്കാള് സുന്ദരമാണിവിടമെന്ന് വിളിച്ചോതുന്നു. കണ്ടുകൊതിതീരാതെ മടങ്ങുന്ന സഞ്ചാരികള്ക്ക് ഇവിടെ, യമുനാനദിയുടെ ഈ മനോഹരതീരത്ത് ഒരു വട്ടംകൂടി എത്തുവാന് മോഹമുണര്ത്തുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment