മരവിച്ചുപോയ മനുഷ്യമനസ്സ്
മരവിച്ചുപോയ മനുഷ്യമനസ്സ്
നാം മൂന്നാം സഹസ്രാബ്ദ ഘട്ടത്തിലാണെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിനില്ക്കുന്നുവെന്നും ഒക്കെ അഭിമാനിക്കുമ്പോഴും ആ അഭിമാനത്തെ വ്രണിതമാക്കുന്ന മനുഷ്യത്വരാഹിത്യത്തിന്റെ പ്രാകൃതമായ രാക്ഷസീയത ഇടയ്ക്കിടെ തലപൊക്കുന്നു എന്നത് കാണാതിരുന്നുകൂടാ. അത്തരത്തിലുള്ള നിഷ്ഠുരമായ കിരാതത്വമാണ് അസമില്മുതല് നൈജീരിയയില്വരെ നാമിന്ന് കാണുന്നത്. അസമില് വംശീയതയുടെ ഭീകരത 30 പേരെയാണ് കൊന്നൊടുക്കിയത്. കൊല്ലപ്പെട്ടവരില് ഭൂരിപക്ഷവും മുസ്ലിംസമുദായത്തില്പ്പെട്ടവര്, സ്ത്രീകള്, കുട്ടികള്. 2012 ആഗസ്തില് പൊട്ടിപ്പുറപ്പെട്ട ബോഡോ സമുദായവിഭാഗവും ഉര്ദു ഭാഷാ ന്യൂനപക്ഷവിഭാഗവും തമ്മിലുള്ള സംഘര്ഷമാണ് വംശോന്മൂലനത്തിന്റെ കിരാതവഴികളിലൂടെ കൂട്ടക്കൊലകള് സൃഷ്ടിച്ച് മുന്നേറുന്നത്. തുടക്കത്തില്ത്തന്നെ നൂറിലേറെ പേര് കൊല്ലപ്പെട്ടു; ലക്ഷക്കണക്കിനാളുകള്ക്ക് പലായനംചെയ്യേണ്ടിവന്നു. അടുത്തകാലത്ത് ഒന്നു തണുത്തുനിന്ന സംഘര്ഷം അസമില് നിയമവിരുദ്ധമായി കഴിയുന്ന കുടിയേറ്റക്കാരെയാകെ പുറത്താക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തോടെ ഭീകരമായ മാനങ്ങളാര്ജിച്ച് വിപല്ക്കരമായ സ്ഥിതിവിശേഷമുണ്ടാക്കി. ബിജെപി പ്രചാരണം കൃത്യമായ വര്ഗീയചേരിതിരിവുണ്ടാക്കുന്നതായിരുന്നു. മതപീഡനങ്ങളാല് വിഷമിച്ച് ഇന്ത്യയിലേക്കു കടന്നുവന്ന ഹിന്ദുക്കളെയും ബുദ്ധമത വിശ്വാസികളെയും പരിരക്ഷിക്കുമെന്നും അവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കാണില്ലെന്നും പ്രഖ്യാപിച്ചാണ് ബിജെപി ഈ വര്ഗീയ ചേരിതിരിവ് സൃഷ്ടിച്ചത്. മുസ്ലിങ്ങള്ക്കുമാത്രമേ നാടുവിടേണ്ടിവരൂ എന്ന് ചുരുക്കം. ഈ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് അസമില് വീണ്ടും വംശീയതയുടെ, വര്ഗീയതയുടെ തീ ആളിപ്പടര്ന്നത്. അതിലാണ് കഴിഞ്ഞ ദിവസങ്ങളിലായി 30 ജീവന് എരിഞ്ഞൊടുങ്ങിയത്. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് കളങ്കമായി ആളിപ്പടരുകയാണ് അവിടെ വംശീയകലാപം. മുസ്ലിം ന്യൂനപക്ഷം തുടരെ വേട്ടയാടപ്പെടുന്നു. സ്ത്രീകള്ക്കും കുഞ്ഞുങ്ങള്ക്കുംപോലും രക്ഷയില്ലാത്ത സ്ഥിതി. അടിക്കടി കലാപങ്ങളുണ്ടാകുമ്പോഴും നോക്കുകുത്തിയായി നില്ക്കുകയാണ് തരുണ് ഗോഗോയ് സര്ക്കാര്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടിട്ട് നാലുവര്ഷംകൂടിയായി. പുരോഗതി ശാസ്ത്ര- സാങ്കേതിക- വൈജ്ഞാനിക മേഖലകളിലല്ലാതെ മനുഷ്യമനസ്സുകളിലുണ്ടാകുന്നു എന്നു പറയാന് വയ്യ എന്നതാണ് അവസ്ഥ. ചൊവ്വയിലേക്കുള്ള വിക്ഷേപണത്തിലും ജനിതകഘടനയുടെ അപഗ്രഥനത്തിലും ക്ലോണിങ്ങിലും ഒക്കെ എത്തിനില്ക്കുന്നു നാം. എന്നാല്, അതേ ഘട്ടത്തില്ത്തന്നെയാണ് മതത്തിന്റെയും വംശത്തിന്റെയും പേരുപറഞ്ഞ് മനുഷ്യര് കൂട്ടത്തോടെ തമ്മില്ത്തല്ലി ചാവുന്നത്. മനുഷ്യരാശി പുരോഗമനത്തിന്റെ പാതയില്ത്തന്നെയാണെന്ന് എങ്ങനെ പറയാനാകും ഈ പശ്ചാത്തലത്തില്? വര്ഗീയതയും വംശീയതയും ലോകത്തിന്റെ ഏതുഭാഗത്തും മനുഷ്യനിലെ മനുഷ്യത്വത്തെ ചോര്ത്തിക്കളയുകയേയുള്ളൂ. നൈജീരിയയും അതേ കഥതന്നെ പറയുന്നു. അവിടെ 200 പെണ്കുട്ടികളെയാണ് ബോകോഹറാം തീവ്രവാദികള് തട്ടിക്കൊണ്ടുപോയത്. ഈ പെണ്കുട്ടികളെ ചന്തയില് കൊണ്ടുപോയി വില്ക്കുമെന്ന് ഭീകരര് പറയുന്നു. "ഞങ്ങളുടെ മക്കളെ തിരിച്ചുതരൂ" എന്ന നിലയ്ക്കാത്ത മുറവിളി അമ്മമാരില്നിന്ന് ഉയരുന്ന അതേ ഘട്ടത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന ഭീകരരുടെ പ്രഖ്യാപനം. ഈ പെണ്കുട്ടികളെ ചന്തയില് വില്ക്കാനാണ് തന്നോട് ദൈവം പറഞ്ഞിട്ടുള്ളത് എന്നാണ് വര്ഗീയ ഭീകരസംഘത്തലവന് അബൂബക്കര് ഷെകാവു പ്രഖ്യാപിച്ചത്. പെണ്കുട്ടികളെ ചന്തയില് വില്ക്കാന് പറയുന്ന ദൈവമോ? അതേത് ദൈവമെന്ന് മതനിരപേക്ഷവാദികള് മാത്രമല്ല, മതവാദികള്കൂടി സ്വയം ചോദിക്കേണ്ടതുണ്ട്. ആത്മീയത വിഷലിപ്തമായ വര്ഗീയതയ്ക്കും മനുഷ്യത്വരാഹിത്യത്തിനും കീഴടങ്ങുന്നതിനെതിരായി വിശ്വാസികള്ക്കിടയില്ത്തന്നെ ജാഗ്രതയുണ്ടാകേണ്ടതുണ്ട്; അസമിലായാലും നൈജീരിയയിലായാലും. പാശ്ചാത്യവിദ്യാഭ്യാസം വിലക്കണം, ഇസ്ലാമികരാജ്യം സ്ഥാപിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബോകോഹറാം തീവ്രവാദികള് ഒരു ഹൈസ്കൂളില്നിന്ന് ലോറികളില് കയറ്റി പെണ്കുട്ടികളെ കടത്തിക്കൊണ്ടുപോയത്. ഇവരുടെ നില എന്താണെന്ന് ആര്ക്കും ഒരു വിവരവുമില്ല. പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി ചന്തയില് വില്ക്കാന് ഏത്ദൈവം, ഏത് ദൈവതത്വം എവിടെ പറഞ്ഞിരിക്കുന്നു? നിരാധാരരായ മനുഷ്യരെ കൂട്ടത്തോടെ രാജ്യത്തുനിന്ന് ഓടിക്കാന് ഏത് ദൈവം എവിടെ പറഞ്ഞിരിക്കുന്നു? ഇതാണോ മതവിശ്വാസത്തിന്റെ വഴി? ഇതാണോ ആത്മീയതയുടെ വഴി? നൈജീരിയയിലെ ഇസ്ലാം ഭീകരപ്രവര്ത്തകരോടും ഇന്ത്യയിലെ ഹിന്ദുഭീകരപ്രവര്ത്തകരോടും യഥാര്ഥ ഇസ്ലാമുകളും ഹൈന്ദവരും അടക്കമുള്ള എല്ലാ ജനങ്ങളും ശബ്ദമുയര്ത്തി ചോദിക്കേണ്ടിയിരിക്കുന്നു. ആത്മീയതയെ കപട ആത്മീയത കീഴടക്കാതെ നോക്കാന് മതവിശ്വാസമില്ലാത്തവരും മതവിശ്വാസമുള്ളവരും ഒക്കെ ഒരുമിച്ചുനിന്ന് പൊതുതേണ്ടിയിരിക്കുന്നു. ആ പോരാട്ടം ഉണ്ടായില്ലെങ്കില് മഹാദുരന്തങ്ങളിലേക്കാവും മനുഷ്യരാശി ചെന്നുപതിക്കുക. മനുഷ്യത്വത്തിനുമേലേ പാറേണ്ടതല്ല മതവിശ്വാസത്തിന്റെ കൊടി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment