പരിസ്ഥിതി സംരക്ഷണകാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യനില്ലേ ?
പരിസ്ഥിതി സംരക്ഷണകാര്യത്തിൽ
സർക്കാരിന് ഒന്നും ചെയ്യനില്ലേ ?
പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ല ? അധികാരകേന്ദ്രങ്ങളിലെ സ്വാധീനം ഉപയോഗിച്ചു മറികടന്നുകൊണ്ട് ആറന്മുളയില് വിമാനത്താവളം നിര്മിക്കാന് നടത്തിവന്ന നീക്കങ്ങള്ക്കേറ്റ തിരിച്ചടിയാണു വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണല് ചെന്നൈ ബെഞ്ചിന്റെ വിധി. ആറന്മുളക്കാര്ക്കു മാത്രമല്ല, പ്രകൃതിയില്ലാതെ മനുഷ്യനു നിലനില്പ്പും അതിജീവനുമില്ലെന്നു കരുതുന്ന എല്ലാ മലയാളികള്ക്കും ആശ്വാസമേകുന്നതാണ് ഈ വിധി.പാടം നികത്തി വിമാനത്താവളം നിര്മിക്കുന്നതിനെതിരേ വിവിധ തലങ്ങളില് നടക്കുന്ന പോരാട്ടങ്ങള്ക്കു കൂടുതല് വീര്യവും ധാര്മിക ബലവും നല്കുന്നതാണു നിയമയുദ്ധത്തിലെ ഈ വിജയം. ആറന്മുള വിമാനത്താവള പദ്ധതി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹരിത ട്രിബ്യൂണല് പാരിസ്ഥികാനുമതി റദ്ദാക്കിയത്. പദ്ധതിക്കു വേണ്ടി പരിസ്ഥിതി പഠനം നടത്തിയ എന്വിറോ കെയര് എന്ന ഏജന്സിക്ക് അതിനുള്ള യോഗ്യതയില്ല, പൊതുജനങ്ങളില്നിന്നു ശരിയായ രീതിയില് അഭിപ്രായം തേടിയില്ല, പാരിസ്ഥിതികാഘാതപഠനം നടത്തിയില്ല എന്നിവയാണു പാരിസ്ഥിതികാനുമതി റദ്ദാക്കാനുള്ള മറ്റു കാരണങ്ങളായി ട്രിബ്യൂണല് ചൂണ്ടിക്കാട്ടിയത്. 2013 നവംബര് 18നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിനു പാരിസ്ഥിതികാനുമതി നല്കിയത്.കേന്ദ്രപരിസ്ഥിതി മന്ത്രാലയം വിമാനത്താവള നിർമ്മാണത്തിന് എന്തുകൊണ്ട് അനുമതി നല്കി എന്ന കാര്യം പ്രത്യകം പരിശോധിക്കേണ്ടതുണ്ട് .ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി നിയമലംഘനങ്ങളും ക്രമക്കേടുകളും നടന്നതായാണു റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. പല നടപടിക്രമങ്ങളും ദുരൂഹം. വിവിധ കാരണങ്ങളാല് പ്രതിരോധ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ആദ്യഘട്ടത്തില് പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. പദ്ധതിപ്രദേശത്തെ 80 ശതമാനവും നെല്പ്പാടമാണെന്നും ഇതു നികത്തുന്നത് ദോഷം ചെയ്യുമെന്നും സംസ്ഥാന ജൈവവൈവിധ്യ ബോര്ഡും സംസ്ഥാന സര്ക്കാരിനു നിര്ദേശം നല്കിയിരുന്നു. സി.പി. മുഹമ്മദ് അധ്യക്ഷനായ സംസ്ഥാന നിയമസഭാ സമിതിയുടെ റിപ്പോര്ട്ടും പദ്ധതിക്ക് എതിരായിരുന്നു. ഈ റിപ്പോര്ട്ടുകളൊന്നും അര്ഹമായ രീതിയില് പരിഗണിക്കപ്പെട്ടില്ല. എല്ലാ വിലക്കുകളും മറികടന്നു കെ.ജി.എസ്. മുന്നോട്ടു പോയി. ഒടുവില് വിമാനത്താവള സംരംഭത്തില് സംസ്ഥാന സര്ക്കാര് പത്തുശതമാനം ഓഹരിയെടുക്കുന്ന സാഹചര്യവുമുണ്ടായി.
വിമാനത്താവളവുമായി ബന്ധപ്പെട്ട ഏറ്റവും ദുരൂഹവും ജനവിരുദ്ധമായ നടപടിയാണു പദ്ധതിപ്രദേശമുള്പ്പെട്ട മേഖലകളെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. ഭൂപരിധി നിയമം, നെല്വയല്-തണ്ണീര്ത്തട സംരക്ഷണ നിയമം തുടങ്ങിയവയെ മറികടക്കാന് സംരംഭകര് കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു പ്രദേശത്തെ വ്യവസായ മേഖലയാക്കുക എന്നത്. ഇതിനായി വ്യവസായ വകുപ്പിലെ ഉന്നതരില് അവര് സമ്മര്ദം ചെലുത്തി. വളരെ വേഗത്തില് കാര്യങ്ങള് നീങ്ങി. 2011 ഫെബ്രുവരി 24 ന് ആറന്മുളയെ വ്യവസായ മേഖലായി പ്രഖ്യാപിച്ചു. കമ്പനി കൊടുത്ത സര്വേ നമ്പരുകള് ഉള്പ്പെട്ട മേഖലകളെ യാതൊരു പരിശോധനയും കൂടാതെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയായിരുന്നു. വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കണമെന്നു സര്വകക്ഷിയോഗവും പരിസ്ഥിതി സമിതിയും ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്ക്കാര് അതിനു തയാറായിട്ടില്ല. എത്രയും വേഗം ഇതുസംബന്ധിച്ച വിജ്ഞാപനം റദ്ദാക്കുകയാണു വേണ്ടത്.വിമാനത്താവളത്തിന്റെ ഭാവി ഇനിയെന്തായാലും ഏക്കറുകണക്കിനു പുഞ്ചപ്പാടവും പമ്പയുടെ കൈവഴിയും മണ്ണിട്ടു നികത്തപ്പെട്ടു കഴിഞ്ഞു. ആറന്മുളയിൽ പ്രകൃതി നശിച്ചുകഴിഞ്ഞു . ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിന് ഒഴിഞ്ഞു നില്ക്കാനാവില്ല .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment