
കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയുക
വേനൽമഴ എല്ലാ വർഷവും ഉണ്ടാകുന്നത് കടലിലെ ന്യൂനമർദ്ദത്തിൽ നിന്നുതന്നെയാണ്. ഇത്തവണ അതിന്റെ രൂക്ഷത സംഹാരാത്മകമായി മാറുകയായിരുന്നു. ഏഴ് മുതൽ 13 സെന്റീമീറ്റർവരെ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. അതോടൊപ്പം വീശിയടിക്കുന്ന കാറ്റിന് 55 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. ഇടിമിന്നൽ ഈ വർഷം പതിവിൽ കൂടുതലായിരുന്നു. സംസ്ഥാനത്ത് പല ഭാഗത്തും അതു മരണം വിതച്ചു. ഇത്തരം പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾ എത്രമാത്രം അപര്യാപ്തമാണെന്ന് ഈ ദിനങ്ങളിൽ കേരളം വീണ്ടും അറിയുകയാണ്. ഐഎസ്ആർഒ തൊടുത്തുവിട്ട ഉപഗ്രഹനിരീക്ഷണങ്ങളിലൂടെ 48 മണിക്കൂർ മുൻകൂട്ടി ഇത്തരം പ്രതിഭാസങ്ങൾ അറിയാൻ ഇപ്പോൾ കഴിയും. എന്നാലും അവയെ ഫലപ്രദമായി നേരിടാനുള്ള സംവിധാനങ്ങളോ സന്നാഹങ്ങളോ കേരളത്തിൽ ഇല്ലെന്നുള്ള സത്യം നമ്മെ തുറിച്ചുനോക്കുന്നു.
വർഷത്തിൽ പകുതിയോളം മഴ പെയ്യുന്ന പ്രദേശമാണ് കേരളം. എന്നിട്ടും ഒരു മഴവന്നാൽ ജനജീവിതം സ്തംഭിക്കുന്നു. റോഡുകളെല്ലാം അപ്പോൾ തോടുകളായി മാറും. എങ്ങോട്ടും നീങ്ങാനാകാതെ ജനങ്ങൾ വലയും. നമ്മുടെ റോഡുകൾ പണിതവർ മഴവെള്ളം ഒഴുകിപ്പോകാൻ ഫലവത്തായ വഴിവേണമെന്ന് അറിയില്ലാത്തവരായിരുന്നോ? ടൗൺ പ്ളാനിങിന്റെയും റോഡ് നിർമാണത്തിന്റെയും ഭാവനാശൂന്യത കാണണമെങ്കിൽ മഴക്കാലത്ത് കേരളത്തിലെ റോഡുകൾ നോക്കിയാൽ മതിയാകും. വെള്ളം ഒഴുകിപ്പോകാനുള്ള എല്ലാ വഴികളും ഓടകളും ചാലുകളും തോടുകളും വയലുകളും തണ്ണീർത്തടങ്ങളുമെല്ലാം നികത്തുന്നതാണ് വികസനമെന്നു കണ്ടുപിടിച്ചവർ ഇവിടെയുണ്ട്. അവരുടെ വിവരക്കേടിന്റെ സാക്ഷ്യപത്രമാണ് മഴക്കാലത്തെ റോഡുകളും നഗരചത്വരങ്ങളുമെല്ലാം.
60 കോടിയിൽപ്പരം രൂപയുടെ കൃഷിനാശമാണത്രെ ഇതുവരെ ഉണ്ടായത്. 2.19 കോടി രൂപയുടെ വീടുകൾ പൂർണമായി തകർന്നു. ഭാഗികമായി തകർന്നത് 4.09 കോടി രൂപയുടേതും. ഇതെല്ലം സർക്കാർ കണക്കാണ്. വസ്തുത ഇതിനേക്കാളേറെയായിരിക്കും. ഈ മനുഷ്യർക്ക് തൃപ്തികരമായ നഷ്ടപരിഹാരം നൽകാൻ കഴിയണം. പ്രകൃതിക്ഷോഭത്തിന്റെ പട്ടികയിൽ ഏതെല്ലാം ദുരന്തങ്ങൾപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. അത്തരം കഥയില്ലാത്ത ചർച്ചകൾ അവസാനിപ്പിച്ച് നഷ്ടം നേരിട്ട എല്ലാവരേയും സഹായിക്കാൻ ഗവൺമെന്റ് അമാന്തം കാണിക്കരുത്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment