Pages

Monday, April 7, 2014

സഹിഷ്ണതയോടെ കേൾക്കണം

സഹിഷ്ണതയോടെ കേൾക്കണം


നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളും  സഹിഷ്ണതയോടെ  കേൾക്കാനും പ്രതികരിക്കാനും കഴിയണം. അസഹിഷ്ണത  കാണിക്കുകയോ  കായികമായി നേരിടുകയോ  ചെയ്യരുത് . ഒരു മതവും അക്രമം  ആഗ്രഹിക്കുന്നില്ല .

           മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മംകൊണ്ടു പവിത്രമായ മണ്ണാണ് തിരൂരിലെ തുഞ്ചന്പറമ്പ്. മലയാള ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ തീര്ഥാടനകേന്ദ്രം... മലയാളഭാഷയുടെ വളര്ച്ചയ്ക്കു കളമൊരുക്കിയ മറ്റൊരുനാടാണ് അക്ഷരനഗരിയെന്നു പേരെടുത്ത കോട്ടയം.അഭിപ്രായവ്യത്യാസങ്ങളുടെ പേരില് രണ്ടിടങ്ങളിലും കഴിഞ്ഞദിവസമുണ്ടായ അക്രമസംഭവങ്ങള് മലയാളികള്ക്കൊന്നടങ്കം അപമാനമുണ്ടാക്കുന്നതാണ്. തുഞ്ചന്പറമ്പില് സ്കൂള് ഓഫ് ഭഗവദ്ഗീതയുടെ സ്ഥാപകന് സ്വാമി സന്ദീപാനന്ദഗിരിയെ ഒരു സംഘം ആക്രമിച്ചപ്പോള് കോട്ടയത്ത് ഡി.സി. ബുക്സിന്റെ ഓഫീസിനും ഉടമ രവി ഡി.സിയുടെ വീടിനും നേരെയായിരുന്നു ആക്രമണം.തുഞ്ചന്പറമ്പില് സംഘടിപ്പിച്ച ഭാരതീയം- 2014 എന്ന പ്രഭാഷണപരമ്പരയുടെ വേദിയിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം സ്വാമി സന്ദീപാനന്ദഗിരിയെ മര്ദിക്കുകയായിരുന്നു. തങ്ങളുടെ അഭിപ്രായങ്ങളോടും വിശ്വാസങ്ങളോടും യോജിക്കാത്ത പരാമര്ശങ്ങള് സ്വാമി നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. അഭിപ്രായവ്യത്യാസങ്ങളെ കായികമായി നേരിടുന്ന രീതി നമ്മുടെ സംസ്ക്കാരത്തിനു ഭൂഷണമല്ല. അങ്ങേയറ്റം അപകടകരവുമാണ്. ആത്മീയ അന്വേഷണത്തിന്റെ വഴിയിലൂടെ നീങ്ങുന്ന സന്യാസിയാണ് സ്വാമി                                                                                       സന്ദീപാനന്ദഗിരി.ആത്മീയപ്രഭാഷണത്തില് പ്രശസ്തനുമാണ്. മതവും ആത്മീയതയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും മുന്പും പല സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിലെ ശരിതെറ്റുകളെപ്പറ്റിയല്ല ഇവിടെ ചര്ച്ച. ഒരാളുടെ ദര്ശനങ്ങളോടും നിലപാടുകളോടും യോജിക്കാനും വിയോജിക്കാനും ഏവര്ക്കും അവകാശമുണ്ട്. എന്നാല്, വിയോജിപ്പ് ജനാധിപത്യപരമായ രീതിയിലാണു രേഖപ്പെടുത്തേണ്ടത്. എതിരഭിപ്രായങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. കടുത്ത അസഹിഷ്ണുതയാല് പ്രേരിതമായ ഇത്തരം അക്രമങ്ങള്ക്കു പിന്നില് പലപ്പോഴും തീവ്രനിലപാടുള്ള മത സംഘടനകളായിരിക്കും. രാഷ്ട്രീയക്കാരും ഇക്കാര്യത്തില് പിന്നിലല്ല.

അമൃതാനന്ദമയി മഠത്തിലെ മുന് അന്തേവാസിയായ ഗെയ്ല് ട്രെഡ്വെല് എന്ന വിദേശവനിത എഴുതിയ വിശുദ്ധനരകം എന്ന പുസ്തകത്തില് മഠത്തെപ്പറ്റി നടത്തിയ പരാമര്ശങ്ങള് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പുസ്തകത്തെ എതിര്ത്തും അനുകൂലിച്ചുമുള്ള ചര്ച്ചകള് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗെയ്ല് ട്രെഡ്വെലുമായുള്ള അഭിമുഖമായ അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ഡി.സി. ബുക്സിനു നേരെ ആക്രമണം നടത്തിയത്. സംഭവത്തില് യാതൊരു പങ്കുമില്ലെന്ന് അറിയിച്ച അമൃതനാന്ദമയീ മഠം ആക്രമണത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും അവര് ആവശ്യപ്പെട്ടിട്ടുണ്ട്.അഭിപ്രായപ്രകടന സ്വാതന്ത്ര്യം മനുഷ്യാവകാശത്തിന്റെ ഭാഗമായാണ് രാജ്യാന്തരതലത്തില് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന് ഭരണഘടനയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ മൗലികാവകാശങ്ങളില് ഉള്പ്പെടുത്തിയിരിക്കുന്നു. വ്യത്യസ്തമായ ചിന്തകളും അഭിപ്രായങ്ങളുമാണ് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടു പോകുന്നത്. അതിനെ തടയുന്ന ഒരു നീക്കവും അനുവദിക്കാവുന്നതല്ല. സ്വതന്ത്രചിന്തയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെയുള്ള നീക്കങ്ങള് ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്. അതിനാല് തുഞ്ചന്പറമ്പിലും കോട്ടയത്തും ആക്രമണം നടത്തിയവരെ കണ്ടെത്തി മതൃകാപരമായി ശിക്ഷിക്കാന് അധികൃതര് തയാറാകണം.

                                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                                   

No comments: